Letter to the Romans Chapter 14 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 14 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 14

സഹോദരനെ വിധിക്കരുത്.

1 വിശ്വാസത്തില്‍ ഉറപ്പില്ലാത്തവനെ സ്വീകരിക്കുവിന്‍; അത് അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചു തര്‍ക്കിക്കാനാകരുത്.2 ഒരുവന്‍ തനിക്ക് എന്തും ഭക്ഷിക്കാമെന്നു വിശ്വസിക്കുന്നു. ദുര്‍ബലനായ മറ്റൊരുവനാകട്ടെ, സസ്യം മാത്രം ഭക്ഷിക്കുന്നു.3 ഭക്ഷിക്കുന്നവന്‍ ഭക്ഷിക്കാത്തവനെ നിന്ദിക്കരുത്; ഭക്ഷിക്കാത്തവന്‍ ഭക്ഷിക്കുന്നവനെ വിധിക്കുകയുമരുത്. എന്തെന്നാല്‍, ദൈവം അവനെ സ്വീകരിച്ചിരിക്കുന്നു.4 മറ്റൊരാളുടെ സേവകനെ വിധിക്കാന്‍ നീ ആരാണ്? സ്വന്തംയജമാനന്റെ സന്നിധിയിലാണ് അവന്‍ നില്‍ക്കുകയോ വീഴുകയോ ചെയ്യുന്നത്. അവനെ താങ്ങിനിര്‍ത്താന്‍യജമാനനു കഴിവുള്ളതുകൊണ്ട് അവന്‍ നില്‍ക്കുകതന്നെചെയ്യും.5 ഒരുവന്‍ ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാള്‍ വിലമതിക്കുന്നു. വേറൊരുവന്‍ എല്ലാ ദിവസങ്ങളെയും ഒരുപോലെ മതിക്കുന്നു. ഓരോരുത്തര്‍ക്കും താന്താങ്ങളുടെ മനസ്‌സില്‍ ഉത്തമബോധ്യമുണ്ടായിരിക്കട്ടെ.6 ഏതെങ്കിലും ദിവസം ആചരിക്കുന്നവന്‍ കര്‍ത്താവിന്റെ സ്തുതിക്കായി അത് ആചരിക്കുന്നു. ഭക്ഷിക്കുന്നവന്‍ ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുന്നതുകൊണ്ട് കര്‍ത്താവിന്റെ സ്തുതിക്കായി ഭക്ഷിക്കുന്നു. ഭക്ഷണം ഉപേക്ഷിക്കുന്നവന്‍ കര്‍ത്താവിന്റെ സ്തുതിക്കായി അതുപേക്ഷിക്കുകയും ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്യുന്നു.7 നമ്മിലാരും തനിക്കുവേണ്ടിമാത്രം ജീവിക്കുന്നില്ല; തനിക്കുവേണ്ടിമാത്രം മരിക്കുന്നുമില്ല.8 നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍, ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്.9 എന്തെന്നാല്‍, മരിച്ചവരുടെയും ജീവിക്കുന്നവരുടെയും കര്‍ത്താവായിരിക്കുന്നതിനു വേണ്ടിയാണ് ക്രിസ്തു മരിച്ചതും പുനര്‍ജീവിച്ചതും.10 നീ എന്തിനു നിന്റെ സഹോദരനെ വിധിക്കുന്നു? അഥവാ നീ എന്തിനു നിന്റെ സഹോദരനെ നിന്ദിക്കുന്നു? നാമെല്ലാവരും ദൈവത്തിന്റെന്യായാസനത്തിന്‍മുമ്പാകെ നില്‍ക്കേണ്ടവരാണല്ലോ.11 ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: എല്ലാ മുട്ടുകളും എന്റെ മുമ്പില്‍ മടങ്ങും; എല്ലാ നാവുകളും ദൈവത്തെ പുകഴ്ത്തുകയും ചെയ്യും എന്നു കര്‍ത്താവു ശപഥപൂര്‍വം അരുളിച്ചെയ്യുന്നു.12 ആകയാല്‍, നാം ഓരോരുത്തരും ദൈവത്തിന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടിവരും.

ഇടര്‍ച്ചവരുത്തരുത്.

13 തന്‍മൂലം, മേലില്‍ നമുക്കു പരസ്പരം വിധിക്കാതിരിക്കാം. സഹോദരന് ഒരിക്കലും മാര്‍ഗതടസ്‌സമോ ഇടര്‍ച്ചയോ സൃഷ്ടിക്കുകയില്ല എന്നു നിങ്ങള്‍ പ്രതിജ്ഞ ചെയ്യുവിന്‍.14 സ്വതേ അശുദ്ധമായി ഒന്നുമില്ലെന്നു കര്‍ത്താവായ യേശുവിലുള്ള വിശ്വാസംവഴി ഞാന്‍ അറിയുകയും എനിക്കു ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ഒരു വസ്തു അശുദ്ധമാണെന്നു കരുതുന്നവന് അത് അശുദ്ധമായിരിക്കും.15 ഭക്ഷണം നിമിത്തം നിന്റെ സഹോദരന്റെ മനസ്‌സു വിഷമിക്കുന്നെങ്കില്‍ നിന്റെ പെരുമാറ്റം സ്‌നേ ഹത്തിനു ചേര്‍ന്നതല്ല. ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുത്.16 അതിനാല്‍, നിങ്ങളുടെ നന്‍മ തിന്‍മയായി നിന്ദിക്കപ്പെടാതിരിക്കട്ടെ.17 കാരണം, ദൈവരാജ്യമെന്നാല്‍ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്.18 ഇപ്രകാരം ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നവന്‍ ദൈവത്തിനു സ്വീകാര്യനും മനുഷ്യര്‍ക്കു സുസമ്മതനുമാണ്.19 ആകയാല്‍, സമാധാനത്തിനും പരസ്പരോത്കര്‍ഷത്തിനും ഉതകുന്നവനമുക്ക് അനുവര്‍ത്തിക്കാം.20 ഭക്ഷണത്തിന്റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രവൃത്തി നിഷ്ഫലമാക്കരുത്. എല്ലാ വസ്തുക്കളും ശുദ്ധമാണ്. എന്നാല്‍, അപരനു വീഴ്ചയ്ക്കു കാരണമാകത്തക്കവിധം ഭക്ഷിക്കുന്നവന് അതു തിന്‍മയായിത്തീരുന്നു.21 മാംസം ഭക്ഷിക്കാതെയും വീഞ്ഞു കുടിക്കാതെയും നിന്റെ സഹോദരനു പാപകാരണമാകുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലത്.22 ഇക്കാര്യത്തിലുള്ള നിന്റെ വിശ്വാസം ദൈവസന്നിധിയില്‍ പരിരക്ഷിക്കുക. താന്‍ അംഗീകരിക്കുന്ന കാര്യങ്ങളില്‍ മനസ്‌സാക്ഷി കുറ്റപ്പെടുത്താത്തവന്‍ ഭാഗ്യവാനാണ്.23 സംശയത്തോടെ ഭക്ഷിക്കുന്നവന്‍ ശിക്ഷിക്കപ്പെടും. എന്തെന്നാല്‍, വിശ്വാസമനുസരിച്ചല്ല അവന്‍ പ്രവര്‍ത്തിക്കുന്നത്. വിശ്വാസത്തില്‍നിന്നല്ലാതെ ഉദ്ഭവിക്കുന്നതെന്തും പാപമാണ്.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s