Letter to the Romans Chapter 4 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 4 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 4

അബ്രാഹത്തിന്റെ മാതൃക

1 ആകയാല്‍, ജഡപ്രകാരം നമ്മുടെ പൂര്‍വ പിതാവായ അബ്രാഹത്തെക്കുറിച്ച് എന്താണു പറയേണ്ടത്?2 അബ്രാഹം പ്രവൃത്തികളാലാണു നീതീകരിക്കപ്പെട്ടതെങ്കില്‍ അവന് അഭിമാനത്തിനു വകയുണ്ട് – ദൈവസന്നിധിയിലല്ലെന്നുമാത്രം.3 വിശുദ്ധലിഖിതം പറയുന്നതെന്താണ്? അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു; അത് അവനു നീതിയായി പ രിഗണിക്കപ്പെട്ടു.4 ജോലി ചെയ്യുന്നവന്റെ കൂലി കണക്കാക്കപ്പെടുന്നതു ദാനമായിട്ടല്ല, അവകാശമായിട്ടാണ്.5 പ്രവൃത്തികള്‍ കൂടാതെതന്നെ പാപിയെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടുന്നു.6 പ്രവൃത്തികള്‍നോക്കാതെതന്നെ നീതിമാനെന്നു ദൈവം പരിഗണിക്കുന്നവന്റെ ഭാഗ്യം ദാവീദ് വര്‍ണിക്കുന്നു:7 അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍.8 കര്‍ത്താവ് കുറ്റം ചുമത്താത്തവന്‍ ഭാഗ്യവാന്‍.9 പരിച്‌ഛേദിതര്‍ക്കു മാത്രമുള്ളതാണോ ഈ ഭാഗ്യം? അതോ, അപരിച്‌ഛേദിതര്‍ക്കുമുള്ളതോ? അബ്രാഹത്തിനു വിശ്വാസം നീതിയായി പരിഗണിക്കപ്പെട്ടു എന്നാണല്ലോ നാം പറയുന്നത്.10 എങ്ങനെയാണ തു പരിഗണിക്കപ്പെട്ടത്? അവന്‍ പരിച്‌ഛേദിതനായിരുന്നപ്പോഴോ? അപരിച്‌ഛേദിതനായിരുന്നപ്പോഴോ? പരിച്‌ഛേദിതനായിരുന്നപ്പോഴല്ല, അപരിച്‌ഛേദിതനായിരുന്നപ്പോള്‍.11 അപരിച്‌ഛേദിതനായിരുന്നപ്പോള്‍ വിശ്വാസംവഴി ലഭിച്ച നീതിയുടെ മുദ്രയായി പരിച്‌ഛേദനം എന്ന അടയാളം അവന്‍ സ്വീകരിച്ചു. ഇത് പരിച്‌ഛേദനം കൂടാതെ വിശ്വാസികളായിത്തീര്‍ന്ന എല്ലാവര്‍ക്കും അവന്‍ പിതാവാകേണ്ടതിനും അങ്ങനെ അത് അവര്‍ക്കു നീതിയായി പരിഗണിക്കപ്പെടേണ്ടതിനും ആയിരുന്നു.12 മാത്രമല്ല, അതുവഴി അവന്‍ പരിച്‌ഛേദിതരുടെ, പരിച്‌ഛേദനം ഏല്‍ക്കുക മാത്രമല്ല, നമ്മുടെ പിതാവായ അബ്രാഹത്തിനു പരിച്‌ഛേദനത്തിനുമുമ്പുണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുകകൂടിചെയ്തവരുടെ പിതാവായി.

വാഗ്ദാനവും വിശ്വാസവും.

13 ലോകത്തിന്റെ അവകാശിയാകും എന്ന വാഗ്ദാനം അബ്രാഹത്തിനോ അവന്റെ സന്തതിക്കോ ലഭിച്ചത് നിയമത്തിലൂടെയല്ല, വിശ്വാസത്തിന്റെ നീതിയിലൂടെയാണ്.14 നിയമത്തെ ആശ്രയിക്കുന്നവര്‍ക്കാണ് അവകാശമെങ്കില്‍ വിശ്വാസം നിരര്‍ഥകവും വാഗ്ദാനം നിഷ്ഫലവുമായിത്തീരും.15 എന്തെന്നാല്‍, നിയമം ക്രോധത്തിനു ഹേതുവാണ്. നിയമമില്ലാത്തിടത്തു ലംഘനമില്ല.16 അതിനാല്‍, വാഗ്ദാനം നല്‍കപ്പെട്ടത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. അത് ഒരു ദാനമായിരിക്കുന്നതിനും അങ്ങനെ അബ്രാഹത്തിന്റെ എല്ലാ സന്തതിക്കും – നിയമം ലഭിച്ച സന്തതിക്കു മാത്രമല്ല, അബ്രാഹത്തിന്റെ വിശ്വാസത്തില്‍ പങ്കുചേ രുന്ന സന്തതിക്കും-ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുന്നതിനും വേണ്ടിയാണ്. അവന്‍ നമ്മളെല്ലാവരുടെയും പിതാവാണ്.17 ഞാന്‍ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ. മരിച്ചവര്‍ക്കു ജീവനും അസ്തിത്വമില്ലാത്തവയ്ക്ക് അസ്തിത്വവും നല്‍കുന്നവന്റെ മുമ്പില്‍, അവന്‍ വിശ്വാസമര്‍പ്പിച്ചദൈവത്തിന്റെ സന്നിധിയില്‍, ഉറപ്പുള്ളതായിരുന്നു ഈ വാഗ്ദാനം.18 നിന്റെ സന്തതി ഇപ്രകാരമായിരിക്കും എന്നു പറയപ്പെട്ടിരുന്നതനുസരിച്ച് താന്‍ അനേകം ജനതകളുടെ പിതാവാകും എന്ന്, പ്രതീക്ഷയ്ക്ക് സാധ്യത ഇല്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അവന്‍ വിശ്വസിച്ചു.19 നൂറു വയസ്‌സായ തന്റെ ശരീരം മൃതപ്രായമായിരിക്കുന്നെന്നും സാറായുടെ ഉദരം വന്ധ്യമാണെന്നും അറിയാമായിരുന്നിട്ടും അവന്റെ വിശ്വാസം ദുര്‍ബലമായില്ല.20 വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്റെ വാഗ്ദാനത്തിനെതിരായി അവന്‍ ചിന്തിച്ചില്ല. മറിച്ച്, ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അവന്‍ വിശ്വാസത്താല്‍ ശക്തിപ്രാപിച്ചു.21 വാഗ്ദാനം നിറവേറ്റാന്‍ ദൈവത്തിനു കഴിയുമെന്ന് അവനു പൂര്‍ണബോധ്യമുണ്ടായിരുന്നു.22 അതുകൊണ്ടാണ് അവന്റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്.23 അവന് അതു നീതിയായി പരിഗണിക്കപ്പെട്ടു എന്നെഴുതിയിരിക്കുന്നത് അവനെ സംബന്ധിച്ചു മാത്രമല്ല,24 നമ്മെ സംബന്ധിച്ചുകൂടിയാണ്. നമ്മുടെ പാപങ്ങളുടെ മോചനത്തിനായി മരണത്തിന് ഏല്‍പിക്കപ്പെടുകയും25 നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിക്കപ്പെടുകയും ചെയ്ത നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവനില്‍ വിശ്വസിക്കുന്ന നമുക്കും അത് നീതിയായി പരിഗണിക്കപ്പെടും.

Advertisements
Advertisements
Advertisements
Advertisements
Advertisements

Leave a comment