1 Corinthians Chapter 10 | 1 കോറിന്തോസ്, അദ്ധ്യായം 10 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം, അദ്ധ്യായം 10

വിഗ്രഹാരാധനയ്‌ക്കെതിരേ

1 സഹോദരരേ, നമ്മുടെ പിതാക്കന്‍മാരെല്ലാവരും മേഘത്തണലില്‍ ആയിരുന്നുവെന്നും കടലിലൂടെ കടന്നുവെന്നും നിങ്ങള്‍ മനസ്‌സിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.2 അവരെല്ലാവരും മേഘത്തിലും കട ലിലും സ്‌നാനമേറ്റ് മോശയോടു ചേര്‍ന്നു.3 എല്ലാവരും ഒരേ ആത്മീയഭക്ഷണം കഴിച്ചു.4 എല്ലാവരും ഒരേ ആത്മീയപാനീയം കുടിച്ചു. തങ്ങളെ അനുഗമിച്ച ആത്മീയശിലയില്‍നിന്നാണ് അവര്‍ പാനം ചെയ്തത്. ആ ശില ക്രിസ്തുവാണ്.5 എന്നാല്‍, അവരില്‍ മിക്കവരിലും ദൈവം പ്രസാദിച്ചില്ല. അവരെല്ലാം മരുഭൂമിയില്‍വച്ചു ചിതറിക്കപ്പെട്ടു.6 അവരെപ്പോലെ നാം തിന്‍മ ആഗ്രഹിക്കാതിരിക്കാന്‍ ഇതു നമുക്ക് ഒരു പാഠമാണ്.7 അവരില്‍ ചിലരെപ്പോലെ നിങ്ങള്‍ വിഗ്രഹാരാധ കര്‍ ആകരുത്. തിന്നാനും കുടിക്കാനുമായി ജനം ഇരിക്കുകയും, നൃത്തം ചെയ്യാനായി എഴുന്നേല്‍ക്കുകയും ചെയ്തു എന്ന് അവരെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നു.8 അവരില്‍ ചിലര്‍ വ്യഭിചാരം ചെയ്തതുപോലെ നമ്മള്‍ ഒരിക്കലും വ്യഭിചാരം ചെയ്യരുത്. അവരില്‍ ഇരുപത്തിമൂവായിരം പേര്‍ ഒറ്റ ദിവസംകൊണ്ടു നാശമടഞ്ഞു.9 അവരില്‍ ചിലര്‍ ചെയ്തതുപോലെ നാം കര്‍ത്താവിനെ പരീക്ഷിക്കരുത്. അവരെല്ലാവരും പാമ്പുകടിയേറ്റു മരിച്ചു.10 അവരില്‍ ചിലര്‍ പിറുപിറുത്തതുപോലെ നാം പിറുപിറുക്കയുമരുത്. സംഹാരകന്‍ അവരെ നശിപ്പിച്ചുകളഞ്ഞു.11 ഇതെല്ലാം അവര്‍ക്ക് ഒരു താക്കീതായിട്ടാണു സംഭവിച്ചത്. നമുക്ക് ഒരു പാഠമാകേണ്ടതിന് അവയെല്ലാം എഴുതപ്പെട്ടിരിക്കുന്നു. യുഗങ്ങളുടെ അന്തിമഘട്ടം നമ്മിലാണല്ലോ വന്നെത്തിയിരിക്കുന്നത്.12 ആകയാല്‍, നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ.13 മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭ നവും നിങ്ങള്‍ക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീത മായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ട ശക്തി അവിടുന്ന് നിങ്ങള്‍ക്കു നല്‍കും.14 ആകയാല്‍ പ്രിയപ്പെട്ടവരേ, വിഗ്രഹാരാധനയില്‍നിന്ന് ഓടിയകലുവിന്‍.15 വിവേക മതികളോടെന്നപോലെ ഞാന്‍ നിങ്ങളോടു പറയുന്നു: ഞാന്‍ പറയുന്നതു നിങ്ങള്‍തന്നെ വിധിക്കുവിന്‍.16 നാം ആശീര്‍വ്വദിക്കുന്ന അ നുഗ്രഹത്തിന്റെ പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ?17 അപ്പം ഒന്നേയുള്ളു. അതിനാല്‍, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാല്‍, ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്.18 ജനനം കൊണ്ടുമാത്രം ഇസ്രായേല്‍ക്കാരായവരെ നോക്കുവിന്‍. ബലിവസ്തുക്കള്‍ ഭക്ഷിക്കുന്നവര്‍ക്കല്ലേ ബലിപീഠത്തിലെ ഭാഗഭാഗിത്വം?19 വിഗ്രഹത്തിനു സമര്‍പ്പിച്ച ആഹാരപദാര്‍ഥമോ വിഗ്രഹംതന്നെയോ എന്തെങ്കിലും ആണെന്നു ഞാന്‍ ഉദ്‌ദേശിക്കുന്നുണ്ടോ?20 ഇല്ല. വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്. നിങ്ങള്‍ പിശാചുക്കളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.21 ഒരേ സമയം കര്‍ത്താവിന്റെ പാനപാത്ര വും പിശാചുക്കളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. കര്‍ത്താവിന്റെ മേശയിലും പിശാചുക്കളുടെമേശയിലും ഭാഗഭാക്കുകളാകാനും സാധിക്കുകയില്ല.22 കര്‍ത്താവില്‍ നാം അസൂയ ഉണര്‍ത്തണമോ? നാം അവിടുത്തെക്കാള്‍ ശക്തരാണോ?

എല്ലാം ദൈവമഹത്വത്തിന്

23 എല്ലാം നിയമാനുസൃതമാണ്; എന്നാല്‍, എല്ലാം പ്രയോജനകരങ്ങളല്ല. എല്ലാം നിയമാനുസൃതമാണ്; എന്നാല്‍, എല്ലാം പടുത്തുയര്‍ത്തുന്നില്ല.24 ഏതൊരുവനും സ്വന്തം നന്‍മ കാംക്ഷിക്കാതെ അയല്‍ക്കാരന്റെ നന്മ കാംക്ഷിക്കട്ടെ.25 ചന്തയില്‍ വില്‍ക്കപ്പെടുന്ന ഏതുതരം മാംസവും വാങ്ങി മനശ് ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുവിന്‍.26 കാരണം, ഭൂമിയും അതിലുള്ള സര്‍വവും കര്‍ത്താവിന്‍േറതാണ്.27 അവിശ്വാസിയായ ഒരുവന്‍ നിന്നെ ഭക്ഷണത്തിനു ക്ഷണിക്കുകയും പോകാന്‍ നീ ആഗ്രഹിക്കുകയും ചെയ്താല്‍ വിളമ്പിത്തരുന്നതെന്തും മനശ് ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക.28 എന്നാല്‍, ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ചവസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനസ്‌സാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്.29 നിന്റെ മനസ്‌സാക്ഷിയല്ല അവന്‍േറതാണ് ഞാന്‍ ഉദ്‌ദേശിക്കുന്നത്. എന്റെ സ്വാതന്ത്ര്യം മറ്റൊരുവന്റെ മനസ്‌സാക്ഷികൊണ്ട് എന്തിനു വിധിക്കപ്പെടണം?30 കൃതജ്ഞതയോടൊണ് ഞാന്‍ അതില്‍ ഭാഗഭാക്കാകുന്നതെങ്കില്‍, ഞാന്‍ കൃതജ്ഞതയര്‍പ്പിക്കുന്ന ഒന്നിനുവേണ്ടി എന്തിന് എന്നെ കുറ്റപ്പെടുത്തണം?31 അതിനാല്‍, നിങ്ങള്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവ മഹത്വത്തിനായി ചെയ്യുവിന്‍.32 യഹൂദര്‍ക്കോ ഗ്രീക്കുകാര്‍ക്കോ ദൈവത്തിന്റെ സഭയ്‌ക്കോ നിങ്ങള്‍ ദ്രോഹമൊന്നും ചെയ്യരുത്.33 ഞാന്‍ തന്നെയും എല്ലാവരുടെയും രക്ഷയെപ്രതി അനേകരുടെ പ്രയോജനത്തിനായി എന്റെ പ്രയോജനം നോക്കാതെ എല്ലാ കാര്യങ്ങളിലും എല്ലാവരെയും പ്രീതിപ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Leave a comment