വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം, അദ്ധ്യായം 16
വിശുദ്ധര്‍ക്കുള്ള ധര്‍മശേഖരണം
1 ഇനി വിശുദ്ധര്‍ക്കുവേണ്ടിയുള്ള സംഭാവനയെപ്പറ്റി പ്രതിപാദിക്കാം. ഗലാത്തിയായിലെ സഭകളോടു ഞാന്‍ നിര്‍ദേശിച്ചതുപോലെ നിങ്ങളും ചെയ്യുവിന്‍.2 ഞാന്‍ വരുമ്പോള്‍ പിരിവൊന്നും നടത്താതിരിക്കുന്നതിന് നിങ്ങള്‍ ഓരോരുത്തരും കഴിവനുസരിച്ചുള്ള തുക ആഴ്ചയിലെ ആദ്യദിവസം നീക്കിവയ്ക്കണം.3 ഞാന്‍ വരുമ്പോള്‍, നിങ്ങളുടെ സംഭാവന കൊണ്ടുപോകുന്നതിനുവേണ്ടി നിങ്ങള്‍ അംഗീകരിക്കുന്ന വ്യക്തികളെ എഴുത്തുമായി ജറുസലെമിലേക്കയച്ചുകൊള്ളാം.4 ഞാന്‍ കൂടെ പോകേണ്ട ആവശ്യമുണ്ടെങ്കില്‍ അവര്‍ എന്നോടൊപ്പം പോരട്ടെ.
യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍
5 ഞാന്‍ മക്കെദോനിയായില്‍ പോയിട്ട് നിങ്ങളെ സന്ദര്‍ശിക്കുന്നതാണ്. എനിക്ക് അവിടെ പോകേണ്ടതുണ്ട്.6 ഞാന്‍ നിങ്ങളുടെ കൂടെ കുറെനാള്‍, ഒരുപക്‌ഷേ ശീതകാലം മുഴുവന്‍, ചെലവഴിച്ചെന്നുവരാം. തദവസരത്തില്‍, എന്റെ തുടര്‍ന്നുള്ള എല്ലായാത്ര കള്‍ക്കും വേണ്ട സഹായം ചെയ്തുതരാന്‍ നിങ്ങള്‍ക്കു കഴിഞ്ഞേക്കും.7 നിങ്ങളെ തിടുക്കത്തില്‍ സന്ദര്‍ശിച്ചുപോരാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കര്‍ത്താവ് അനുവദിക്കുമെങ്കില്‍ കുറെനാള്‍ നിങ്ങളോടൊത്തു കഴിയാമെന്ന് ഞാന്‍ ആശിക്കുന്നു.8 പന്തക്കുസ്താവരെ ഞാന്‍ എഫേസോസില്‍ താമസിക്കും.9 ഫലപ്രദമായ പ്രവര്‍ത്തനത്തിനുള്ള ഒരു വലിയ വാതില്‍ എനിക്കു തുറന്നുകിട്ടിയിട്ടുണ്ട്. പ്രതിയോഗികളും വളരെയാണ്.10 തിമോത്തേയോസ് നിങ്ങളുടെ അടുത്തുവരുമ്പോള്‍ നിങ്ങളുടെയിടയില്‍ നിര്‍ഭയനായി കഴിയാന്‍ അവനു സാഹചര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കണം. അവനും എന്നെപ്പോലെ കര്‍ത്താവിന്റെ ജോലിയില്‍ വ്യാപൃതനാണല്ലോ.11 ആകയാല്‍, ആരും അവനെ നിന്ദിക്കാന്‍ ഇടയാകരുത്. എന്റെ അടുത്തു വേഗം മടങ്ങിവരേണ്ടതിന് സമാധാനത്തില്‍ അവനെയാത്രയാക്കണം. സഹോദരരോടൊപ്പം അവനെ ഞാന്‍ പ്രതീ ക്ഷിക്കുന്നു.12 മറ്റു സഹോദരരോടൊത്ത് നിങ്ങളെ സന്ദര്‍ശിക്കണമെന്ന് ഞാന്‍ നമ്മുടെ സഹോദരന്‍ അപ്പോളോസിനെ വളരെ നിര്‍ബന്ധിച്ചതാണ്. എന്നാല്‍, ഈ അവസരത്തില്‍ നിങ്ങളുടെ അടുത്തുവരാന്‍ അവന് ഒട്ടും മനസ്‌സില്ലായിരുന്നു; സൗകര്യപ്പെടുമ്പോള്‍ വന്നുകൊള്ളും.
അഭ്യര്‍ഥന, അഭിവാദനം
13 നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുവിന്‍; പൗരുഷ വും കരുത്തും ഉള്ളവരായിരിക്കുവിന്‍.14 നിങ്ങളുടെ സകല കാര്യങ്ങളും സ്‌നേഹത്തോടെ നിര്‍വഹിക്കുവിന്‍.15 സഹോദരരേ, സ്‌തേഫാനാസിന്റെ കുടുംബാംഗങ്ങളാണ് അക്കായിയായിലെ ആദ്യഫലങ്ങളെന്നും അവര്‍ വിശുദ്ധരുടെ ശുശ്രൂഷയ്ക്കായി തങ്ങളെത്തന്നെ സമര്‍പ്പിച്ചുവെന്നും നിങ്ങള്‍ അറിഞ്ഞിരിക്കണമെന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു.16 ഇപ്രകാരമുള്ളവരെയും എന്നോടു സഹകരിച്ച് അധ്വാനിക്കുന്ന എല്ലാവരെയും നിങ്ങള്‍ അനുസരിക്കണമെന്ന് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു.17 സ്‌തേഫാനാസും ഫൊര്‍ത്തുനാത്തൂസും ആകായിക്കോസും വന്നതില്‍ ഞാന്‍ ആഹ്ലാദിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ അസാന്നിധ്യം അവര്‍ പരിഹരിച്ചു.18 അവര്‍ എന്റെയും നിങ്ങളുടെയും ആത്മാവിനെ ഉന്‍മേഷപ്പെടുത്തി. ഇങ്ങനെയുള്ളവരെ നിങ്ങള്‍ അംഗീകരിക്കണം.19 ഏഷ്യയിലെ സഭകള്‍ നിങ്ങളെ അഭിവാദനം ചെയ്യുന്നു. അക്വീലായും പ്രിസ്‌ക്കായും അവരുടെ വീട്ടിലുള്ള സഭയും കര്‍ത്താവില്‍ നിങ്ങളെ ഹൃദയപൂര്‍വം അഭിവാദനംചെയ്യുന്നു.20 സകല സഹോദരരും നിങ്ങളെ അഭിവാദനം ചെയ്യുന്നു. നിങ്ങള്‍ വിശുദ്ധ ചുംബനത്താല്‍ അന്യോന്യം അഭിവാദനം ചെയ്യുവിന്‍.21 പൗലോസായ ഞാന്‍ സ്വന്തം കൈപ്പടയില്‍ അഭിവാദനം രേഖപ്പെടുത്തുന്നു.22 ആരെങ്കിലും കര്‍ത്താവിനെ സ്‌നേഹിക്കുന്നില്ലെങ്കില്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഞങ്ങളുടെ കര്‍ത്താവേ, വന്നാലും!23 കര്‍ത്താവായ യേശുവിന്റെ കൃപ നിങ്ങളോടു കൂടെ ഉണ്ടായിരിക്കട്ടെ!24 യേശുക്രിസ്തുവില്‍ എന്റെ സ്‌നേഹം നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!
