ശാലോമിന്റെ പ്രിയപ്പെട്ടവർ അറിയാൻ

#ശാലോമിന്റെ #പ്രിയപ്പെട്ടവർ
#അറിയാൻ

ശാലോമിനെ അപകീര്‍ത്തിപ്പെടുത്താനും വായനക്കാര്‍ക്കിടയില്‍ സംശയങ്ങള്‍ ജനിപ്പിക്കാനും ചില സംഘടനകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. കാല്‍ നൂറ്റാണ്ടോളമായി സഭയില്‍ ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന സണ്‍ഡേ ശാലോമിന്റെ പ്രതിബദ്ധത എന്നും കര്‍ത്താവിനോടും അവിടുത്തെ സഭയോടും മാത്രമാണ്. വ്യക്തമായ ദര്‍ശനത്തോടും എഡിറ്റോറിയല്‍ പോളിസികളോടെയുമാണ് ഇക്കാലമത്രയും നാം പ്രവര്‍ത്തിച്ചത്. തുടര്‍ന്നും അതേ ദര്‍ശനത്തില്‍ത്തന്നെ യാതൊരു മാറ്റവും ഇല്ലാതെ തുടരുകയും ചെയ്യും.

21 വര്‍ഷങ്ങള്‍ക്കു മുമ്പ് സണ്‍ഡേ ശാലോം പ്രസിദ്ധീകരണം ആരംഭിച്ചത് ഒന്നുമില്ലാതെയാണ്. എല്ലാ ജോലികളും മറ്റു സ്ഥാപനങ്ങളെ ആശ്രയിച്ചാണ് നിര്‍വഹിച്ചിരുന്നതും. ഒരു പത്രം സാധാരണ പ്രസ്സില്‍ അച്ചടിക്കുവാന്‍ കഴിയുകയില്ല. പത്രങ്ങള്‍ അച്ചടിക്കുന്ന ഇടങ്ങളില്‍ മാത്രമേ അതു സാധ്യമാകൂ. അതിനാല്‍ കോഴിക്കോടു ജില്ലയിലെ എല്ലാ പത്രങ്ങളുടെയും ഓഫിസുകളുമായി ബന്ധപ്പെട്ടു. പ്രമുഖപത്രസ്ഥാപനങ്ങളൊന്നും അന്ന് പുറത്തുനിന്നുള്ള വര്‍ക്കുകള്‍ ഏറ്റെടുക്കുമായിരുന്നില്ല. ഒടുവില്‍ മാധ്യമം പ്രസ്സ്, അവരുടെ പ്രിന്റിംഗ് മെഷീന്‍ ഫ്രീയുള്ള സമയത്ത് സണ്‍ഡേ ശാലോം പ്രിന്റുചെയ്ത് തരാമെന്നു സമ്മതിച്ചു. അങ്ങനെ 21 വര്‍ഷത്തോളമായി സണ്‍ഡേ ശാലോം മാധ്യമം പ്രസ്സില്‍ അച്ചടിച്ചു വരുന്നു. മാര്‍ക്കറ്റ് റേറ്റ് അനുസരിച്ചുള്ള പ്രിന്റിംഗ് ചാര്‍ജ്ജും നമ്മള്‍ കൊടുത്തുവരുന്നു. ഇത് ഒരു രഹസ്യമല്ല. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റോ അധാര്‍മ്മികതയോ ഉള്ളതായി ഞങ്ങള്‍ക്കോ മറ്റാര്‍ക്കുമോ ഇത്രയും കാലം തോന്നിയിട്ടുമില്ല. ഇതര മതസ്ഥര്‍ നടത്തുന്ന സ്ഥാപനങ്ങളുടെ സേവനം പണം കൊടുത്തു വാങ്ങുന്നത് തെറ്റാണെന്ന് ബൈബിളോ സഭയോ പഠിപ്പിക്കുന്നില്ലല്ലോ. അക്കാലത്ത് ലൗ ജിഹാദ് പോലുള്ള പ്രശ്‌നങ്ങളോ ഇന്നത്തേതുപോലുള്ള വര്‍ഗ്ഗീയ ധ്രുവീകരണമോ കേരളത്തില്‍ വ്യാപകമായിരുന്നില്ല. അതുകൊണ്ടുതന്നെ ജാതിയോ മതമോ രാഷ്ട്രീയ പശ്ചാത്തലമോ നോക്കിയല്ല നമ്മള്‍ ഒരു സ്ഥാപനത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയിരുന്നതും. നമ്മളെ സംബന്ധിച്ചിടത്തോളം അച്ചടിയുടെ ഗുണമേന്മ, ന്യൂസ് പ്രിന്റിന്റെ ലഭ്യത, ശാലോമിന്റെ ഓഫിസുമായുള്ള ദൂരം, പായ്ക്കിംഗ്-വിതരണ-സംവിധാനങ്ങള്‍ വേഗത്തിലാക്കാനുള്ള സൗകര്യം ഇവയൊക്കെയാണ് അന്ന് തീരുമാനമെടുക്കാന്‍ അടിസ്ഥാനമാക്കിയ ഘടകങ്ങള്‍. അതിനേക്കാളുപരി, വേറൊരു സാധ്യതയും അന്ന് ശാലോമിനില്ലായിരുന്നു. ശാലോം മാസിക ആദ്യം അച്ചടിച്ചിരുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലുള്ള ഒരു പ്രസ്സിലായിരുന്നു. അതിന്റെ അര്‍ത്ഥം നമ്മള്‍ മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണോ? നമ്മള്‍ പറയുന്നതുപോലെ അവര്‍ അച്ചടിച്ചു തരുന്നു. നാം പണവും നല്കുന്നു. അതിനപ്പുറം പ്രസ്സിന്റെ മാനേജ്‌മെന്റുമായി നമുക്ക് എന്ത് ബന്ധമാണുള്ളത്? വന്‍കിട പത്രങ്ങള്‍പോലും പുതിയ സ്ഥലങ്ങളില്‍ പുതിയ എഡിഷനുകള്‍ തുടങ്ങുമ്പോള്‍ മറ്റുള്ളവരുടെ പ്രസ്സുകളിലാണ് അച്ചടിക്കാറുള്ളത്.(ഉദാഹരണം- ദീപിക ദിനപത്രംതന്നെ).
മാസത്തില്‍ 4 ഇഷ്യുകള്‍ മാത്രമുള്ള സണ്‍ഡേ ശാലോം പ്രിന്റ് ചെയ്യുന്നതിനുവേണ്ടിമാത്രം സ്വന്തമായി ഒരു പ്രിന്റിംഗ് പ്രസ്സ് ആരംഭിക്കണമെങ്കില്‍, കോടിക്കണക്കിനു രൂപ ഒരുമിച്ച് ഇന്‍വെസ്റ്റ് ചെയ്യണം. പ്രത്യേകം ടെക്‌നിക്കല്‍ സ്റ്റാഫിനെ നിയമിക്കണം. വീണ്ടും കോടികള്‍ മുടക്കി കാലാകാലങ്ങളില്‍ ടെക്‌നോളജി അപ്‌ഡേറ്റ് ചെയ്യണം. ശാലോമിനെ സ്‌നേഹിക്കുന്നവരുടെ സംഭാവനകളിലൂടെയാണല്ലോ ശാലോമിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നത്. അതിനാല്‍, ഇവയെക്കാളെല്ലാം കൂടുതല്‍ പ്രായോഗികവും ചെലവു കുറഞ്ഞതും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പ്രസ്സുകളുടെ സേവനം ഉപയോഗപ്രദമാക്കുകയാണല്ലോ.

വാസ്തവം ഇതായിരിക്കെ, മാധ്യമം പ്രസ്സില്‍ പ്രിന്റ് ചെയ്തു എന്ന ഒറ്റ കാരണത്താല്‍ സണ്‍ഡേ ശാലോമിനെ മാധ്യമം പ്രസ്സിന്റെ മാനേജ്‌മെന്റുമായി ബന്ധമുള്ള മതസംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി ദുഷ്പ്രചരണം നടത്തുന്നതിന്റെ പിന്നില്‍ മറ്റെന്തോ അജണ്ടയുണ്ട് എന്നത് വ്യക്തമാണ്. ശാലോം എന്താണെന്നും അത് എന്തിനുവേണ്ടി നിലകൊള്ളുന്നുവെന്നും ശാലോമിനെ അറിയുന്നവര്‍ക്കെല്ലാം അറിയാം. അതിനാല്‍, ശാലോമിനെ സ്‌നേഹിക്കുന്നവര്‍ അര്‍ഹമായ അവജ്ഞയോടെ ഈ ദുഷ്പ്രചരണത്തെ തള്ളിക്കളയുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

ഇതിനോടൊപ്പം കൂട്ടിച്ചേര്‍ക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. മാധ്യമം പ്രസ്സിലെ അച്ചടി അവസാനിപ്പിക്കുവാന്‍ ഞങ്ങള്‍ നോട്ടീസ് കൊടുക്കുകയും കുറേക്കൂടി സാങ്കേതിക മേന്മയും ന്യൂസ്പ്രിന്റിന്റെ ലഭ്യതയുമുള്ള പുതിയൊരു പ്രസ്സിലേക്ക് അച്ചടി മാറ്റുവാനുമുള്ള എഗ്രിമെന്റ് ഒപ്പിടുകയും ചെയ്തതിനുശേഷമാണ് ഈ വിവാദം ഉണ്ടായത്. പുതിയ പ്രസ്സിലേക്ക് പ്രിന്റിംഗ് മാറ്റുമ്പോള്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകളും പേപ്പര്‍ വര്‍ക്കുകളും എഗ്രിമെന്റുകളുമെല്ലാം അനിവാര്യമാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ആര്‍ എന്‍ ഐ രജിസ്‌ട്രേഷനുള്ള പ്രസിദ്ധീകരണങ്ങളുടെ പ്രിന്റിംഗ് പ്രസ്സുകള്‍ മാറ്റണമെങ്കില്‍ ആര്‍ എന്‍ ഐയില്‍ അപേക്ഷകള്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ അനുവാദം ലഭിക്കേണ്ടതുണ്ട്. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഡിക്ലറേഷന്‍ ഫയല്‍ ചെയ്യണം. ഇതിനെല്ലാം കാലതാമസമെടുക്കുമെന്ന് നമുക്ക് അറിയാമല്ലോ. ഒരു രജിസ്റ്റേര്‍ഡ് ന്യൂസ്‌പേപ്പറിന്റെ അച്ചടി നമുക്ക് തനിയെ ഒരു ദിവസംകൊണ്ട് മാറ്റാന്‍ കഴിയുന്ന കാര്യമല്ല. അതുകൊണ്ടുതന്നെ മനപ്പൂര്‍വം ശാലോമിനെ അപകീര്‍ത്തിപ്പെടുത്തുക എന്നതു മാത്രമായിരുന്നു ഇവരുടെ ഉദ്ദേശ്യം. എങ്കില്‍ ഇതിന്റെ പിന്നില്‍ ആരാണ്? ചിന്തിച്ചു നോക്കുക.

വ്യാജം പ്രചരിപ്പിക്കുകയും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും നയിക്കപ്പെടുന്നത് ഏത് അരൂപിയാലായിരിക്കും? വിദ്വേഷവും വെറുപ്പും വളര്‍ത്തുന്നതെന്തും ക്രിസ്തുവിന്റേതല്ല. ആത്യന്തികമായി അത് സഭയ്ക്കും സമൂഹത്തിനും ദൂഷ്യംമാത്രമേ ചെയ്യൂ. നമുക്ക് ജാഗ്രതയുള്ളവരായിരിക്കാം.

സണ്‍ഡേ ശാലോം ഏപ്രില്‍ ലക്കം മുതല്‍ എല്ലാ പേജുകളും ഫോര്‍കളറില്‍ പുതിയ പ്രസ്സില്‍നിന്നും പ്രസിദ്ധീകരണം ആരംഭിക്കുകയാണ്. ഈ പുതിയ പ്രസ്സ് മാതൃഭൂമി കമ്പനിയുടെ ആഭിമുഖ്യത്തിലുള്ളതാണ്. ഈ പ്രസിന്റെ മാനേജ്‌മെന്റിനും അവരുടേതായ മതവിശ്വാസങ്ങളും രാഷ്ട്രീയ സങ്കല്പങ്ങളും ഉണ്ട്. അവയുമായി ശാലോം ബന്ധപ്പെടുന്നു, പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളും ശത്രുക്കള്‍ ഉന്നയിക്കാന്‍ ഇടയുണ്ട്. ഇവയെല്ലാം അവഗണിച്ചുകൊണ്ട് ദൈവം നമ്മെ ഏല്പിച്ച ദൗത്യത്തിലേക്ക് നമുക്ക് മനസ്സ് ഏകാഗ്രമാക്കാം.

ശാലോമിനെ എന്നും നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന നിങ്ങള്‍ക്ക് നന്ദി.

ടീം ശാലോം

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s