വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 4
മണ്‍പാത്രത്തിലെ നിധി
1 ദൈവകൃപയാല്‍ ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഈ ശുശ്രൂഷയില്‍ ഞങ്ങള്‍ ഭഗ്നാശ രല്ല.2 ലജ്ജാകരങ്ങളായരഹസ്യനടപടികള്‍ ഞങ്ങള്‍ വര്‍ജിച്ചിരിക്കുന്നു. ഞങ്ങള്‍ ആരെയും വഞ്ചിക്കുകയോ ദൈവവചനം തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്യുന്നില്ല; പ്രത്യുത, സത്യം വെളിവായി പ്രഖ്യാപിച്ചുകൊണ്ട് ഓരോരുത്തരുടെയും മനസ്‌സാക്ഷിക്കു ഞങ്ങളെ ദൈവസമക്ഷം സമര്‍പ്പിക്കുന്നു.3 ഞങ്ങളുടെ സുവിശേഷം നിഗൂഢമായിരിക്കുന്നെങ്കില്‍ അതു നാശത്തിലേക്കു പോകുന്നവര്‍ക്കു മാത്രമാണ്.4 ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ അവരുടെ മന സ്‌സിനെ അന്ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല.5 ഞങ്ങള്‍ ഉദ്‌ഘോഷിക്കുന്നത് ഞങ്ങളെക്കുറിച്ചല്ല, പ്രത്യുത, യേശുക്രിസ്തുവിനെ കര്‍ത്താവായും യേശുവിനുവേണ്ടി ഞങ്ങളെ നിങ്ങളുടെ ദാസന്‍മാരായും ആണ്.6 അന്ധകാരത്തില്‍നിന്നു പ്രകാശം ഉദിക്കട്ടെ എന്ന് അരുളിച്ചെയ്ത ദൈവം തന്നെയാണ്, ക്രിസ്തുവിന്റെ മുഖത്തു വെളിവാക്കപ്പെട്ട ദൈവതേജ സ്‌സിനെപ്പറ്റിയുള്ള അറിവിന്റെ പ്രകാശം ഞങ്ങള്‍ക്കു തരേണ്ടതിനു ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചിരിക്കുന്നത്.7 എന്നാല്‍, പരമമായ ശക്തി ദൈവത്തിന്‍േറതാണ്, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന് ഈ നിധി മണ്‍പാത്രങ്ങളിലാണ് ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ളത്.8 ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്‌നാശരാകുന്നില്ല.9 പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും ന ശിപ്പിക്കപ്പെടുന്നില്ല.10 യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്‌പോഴും ശരീരത്തില്‍ സംവഹിക്കുന്നു.11 ഞങ്ങളുടെ മര്‍ത്യശരീരത്തില്‍ യേശുവിന്റെ ജീവന്‍ പ്രത്യക്ഷമാകേണ്ടതിന് ഞങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ യേശുവിനെ പ്രതി സദാ മരണത്തിന് ഏല്‍പിക്കപ്പെടുന്നു.12 തന്നിമിത്തം, ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും പ്രവര്‍ത്തിക്കുന്നു.13 ഞാന്‍ വിശ്വസിച്ചു; അതിനാല്‍ ഞാന്‍ സംസാരിച്ചു എന്ന് എഴുതിയവന്റെ വിശ്വാസ ചൈതന്യംതന്നെ ഞങ്ങള്‍ക്കുള്ളതുകൊണ്ട് ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയും ചെയ്യുന്നു.14 കര്‍ത്താവായ യേശുവിനെ ഉയിര്‍പ്പിച്ചവന്‍ യേശുവിനോടുകൂടെ ഞങ്ങളെയും ഉയിര്‍പ്പിക്കുമെന്നും നിങ്ങളോടൊപ്പം അവിടുത്തെ സന്നിധിയില്‍ കൊണ്ടുവരുമെന്നും ഞങ്ങള്‍ അറിയുന്നു. ഇതെല്ലാം നിങ്ങള്‍ക്കുവേണ്ടിയാണ്.15 അങ്ങനെ കൂടുതല്‍ കൂടുതല്‍ ആളുകളില്‍ കൃപ സമൃദ്ധമാകുന്നതുവഴി ദൈവ മഹത്വത്തിനു കൂടുതല്‍ കൃതജ്ഞത അര്‍പ്പിക്കപ്പെടുന്നു.
അനശ്വരതയിലുള്ള പ്രത്യാശ
16 ഞങ്ങള്‍ ഭഗ്‌നാശരാകുന്നില്ല. ഞങ്ങളിലെ ബാഹ്യമനുഷ്യന്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരിക മനുഷ്യന്‍ അനുദിനം നവീകരിക്കപ്പെടുന്നു.17 ഞങ്ങളുടെ ക്ലേശങ്ങള്‍ നിസ്‌സാരവും ക്ഷണിക വുമാണ്; അവയുടെ ഫലമോ അനുപമമായ മഹത്വവും.18 ദൃശ്യമായവയല്ല, അദൃശ്യമായവയാണ് ഞങ്ങളുടെ ലക്ഷ്യം. ദൃശ്യങ്ങള്‍ നശ്വരങ്ങളാണ്, അദൃശ്യങ്ങള്‍ അനശ്വരങ്ങളും.
