വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 6
സമ്പൂര്‍ണമായ ശുശ്രൂഷ
1 നിങ്ങള്‍ക്കു കൈവന്നിരിക്കുന്ന ദൈവ കൃപ വ്യര്‍ഥമാക്കരുതെന്ന് അവിടുത്തെ സഹപ്രവര്‍ത്തകരെന്നനിലയില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു.2 അവിടുന്ന് അരുളിച്ചെയ്യുന്നു: സ്വീകാര്യമായ സമയത്ത് ഞാന്‍ നിന്റെ പ്രാര്‍ഥന കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്ഷയുടെ ദിവസം.3 ഞങ്ങളുടെ ശുശ്രൂഷയില്‍ ആരും കുറ്റം കാണാതിരിക്കേണ്ടതിന് ഞങ്ങള്‍ ആര്‍ക്കും ഒന്നിനും പ്രതിബന്ധം ഉണ്ടാക്കുന്നില്ല.4 മറിച്ച്, എല്ലാവിധത്തിലും ദൈവത്തിന്റെ ദാസന്‍മാരാണെന്ന് ഞങ്ങള്‍ അഭിമാനിക്കുന്നു; വലിയ സഹനത്തില്‍, പീഡകളില്‍, ഞെരുക്കങ്ങളില്‍, അത്യാഹിതങ്ങളില്‍,5 മര്‍ദനങ്ങളില്‍, കാരാഗൃഹങ്ങളില്‍, ലഹളകളില്‍, അധ്വാനങ്ങളില്‍, ജാഗരണത്തില്‍, വിശപ്പില്‍,6 ശുദ്ധതയില്‍, ജ്ഞാനത്തില്‍, ക്ഷമയില്‍, ദയയില്‍, പരിശുദ്ധാത്മാവില്‍, നിഷ്‌കളങ്കസ്‌നേഹത്തില്‍;7 സത്യസന്ധമായ വാക്കില്‍, ദൈവത്തിന്റെ ശക്തിയില്‍, വലത്തുകൈയിലും ഇടത്തുകൈയിലുമുള്ള നീതിയുടെ ആയുധത്തില്‍;8 ബഹുമാനത്തിലും അവമാനത്തിലും, സത്കീര്‍ത്തിയിലും ദുഷ്‌കീര്‍ത്തിയിലും ഞങ്ങള്‍ അഭിമാനിക്കുന്നു. വഞ്ചകരെപ്പോലെ ഞങ്ങള്‍ കരുതപ്പെടുന്നു; എങ്കിലും ഞങ്ങള്‍ സത്യസന്ധരാണ്.9 ഞങ്ങള്‍ അറിയപ്പെടാത്തവരെപ്പോലെയാണെങ്കിലും അറിയപ്പെടുന്നവരാണ്; മരിക്കുന്നവരെപ്പോലെയാണെങ്കിലും ഇതാ, ഞങ്ങള്‍ ജീവിക്കുന്നു. ശിക്ഷിക്കപ്പെട്ടവരെപ്പോലെയാണെങ്കിലും വധിക്കപ്പെട്ടിട്ടില്ല.10 ഞങ്ങള്‍ ദുഃഖിതരെപ്പോലെയാണെങ്കിലും സദാ സന്തോഷിക്കുന്നു; ദരിദ്രരെപ്പോലെയാണെങ്കിലും അനേകരെ സമ്പന്നരാക്കുന്നു; ഒന്നുമില്ലാത്ത വരെപ്പോലെയാണെങ്കിലും എല്ലാം ആര്‍ജിച്ചിരിക്കുന്നു.11 കോറിന്തോസുകാരേ, ഞങ്ങള്‍ നിങ്ങളോടു വളരെ തുറന്നു സംസാരിക്കുന്നു. ഞങ്ങളുടെ ഹൃദയം നിങ്ങളെ തുറന്നുകാണിക്കുകയും ചെയ്യുന്നു.12 ഞങ്ങള്‍ മുഖാന്ത രമല്ല നിങ്ങള്‍ ഞെരുങ്ങുന്നത്; നിങ്ങള്‍ നിങ്ങളില്‍ത്തന്നെയാണു ഞെരുങ്ങുന്നത്.13 മക്കളോട് എന്നതുപോലെ ഞാന്‍ പറയുന്നു, നിങ്ങളും ഞങ്ങളോട് ഹൃദയം തുറന്നു പെരുമാറുവിന്‍.
ദൈവത്തിന്റെ ആലയം
14 നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്?പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്?15 ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്?16 ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും.17 ആ കയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയുംചെയ്യുവിന്‍ എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും;18 ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്‍മാരും പുത്രികളും ആയിരിക്കും എന്നു സര്‍വശക്തനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
