St. Paul’s Letter to the Galatians | വി. പൗലോസ് ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം | Malayalam Bible | POC Translation

ആമുഖം

ആധുനിക തുര്‍ക്കിയുടെ ഒരു ഭാഗമാണ് ഏഷ്യാമൈനറില്‍ ഗലാത്തിയാ എന്നറിയപ്പെടുന്ന റോമന്‍ പ്രവിശ്യ. ഇതിലുള്‍പ്പെട്ടിരുന്ന പ്രദേശങ്ങള്‍ രാഷ്ട്രീയ വ്യതിയാനങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തങ്ങളായിരുന്നതുകൊണ്ട്, പൗലോസിന്റെ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഗലാത്തിയാ ഏതെന്നു സൂക്ഷ്മമായിപ്പറയുക പ്രയാസമാണ്. പൗലോസ് തന്റെ രണ്ടാം പ്രേഷിതയാത്രയ്ക്കിടയില്‍ ഇവിടെ സ്ഥാപിച്ച സഭകളെ മൂന്നാമത്തെയാത്രയിലും സന്ദര്‍ശിക്കുകയുണ്ടായി. അതിനുശേഷം, എ.ഡി. 53-നും 58-നും ഇടയ്ക്ക എഫേസോസിലോ മക്കെതോനിയായിലോ വച്ചായിരിക്കണം, പൗലോസ് ഗലാത്തിയായിലെ സഭകള്‍ക്ക് ഈ ലേഖനം എഴുതിയതെന്നാണ് പ്രബലമായ അഭിപ്രായം. ഗലാത്തിയായിലെ സഭ മിക്കവാറുംയഹൂദേതര ക്രിസ്ത്യാനികള്‍ മാത്രം അടങ്ങിയതായിരുന്നു. പൗലോസ് ഗലാത്തിയാ വിട്ടതിനുശേഷം, യഹൂദക്രിസ്ത്യാനികള്‍ അവിടം സന്ദര്‍ശിച്ച്, അബദ്ധ പ്രബോധനങ്ങള്‍ വഴി സഭയില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാനിടയാക്കി (1,7). വിജാതീയനായ ഒരാള്‍ ക്രിസ്ത്യാനിയാകണമെങ്കില്‍, മോശയുടെ നിയമങ്ങള്‍ അനുസരിക്കണമെന്നും യഹൂദാചാരങ്ങളൊക്കെയും പാലിക്കണമെന്നും (3, 2; 5, 4) പരിച്ഛേദനത്തിനു വിധേയനാകണമെന്നും (5, 2; 6, 12-13) ചുരുക്കത്തില്‍ ഒരു യഹൂദനാകണമെന്നും അവര്‍ നിര്‍ബന്ധിച്ചു. ഇവരുടെ സ്വാധീനത്താലും സമ്മര്‍ദത്താലും പരിച്ഛേദനം സ്വീകരിച്ച ഗലാത്തിയാക്കാര്‍ മറ്റുള്ളവരെയും അതിനു പ്രേരിപ്പിച്ചുകൊണ്ടിരുന്നു. യഹൂദാചാരവാദികളാകട്ടെ പൗലോസിന്റെ അധികാരത്തെത്തന്നെയും ചോദ്യംചെയ്യാന്‍ തുടങ്ങി. മോശയുടെ നിയമത്തിന്റെ അനുഷ്ഠാനത്തിനു പ്രാധാന്യം നല്‍കാതെ, വിജാതീയ ക്രിസ്ത്യാനികള്‍ക്കുവേണ്ടി സുവിശേഷത്തെ ലാഘവപ്പെടുത്തിയെന്നും തന്‍മൂലം പൗലോസിന് അപ്പസ്‌തോലാധികാരമില്ലെന്നും അവര്‍ വാദിച്ചു. മുഖ്യമായും ഇത്തരക്കാര്‍ക്കെതിരായാണ് പൗലോസ് ഗലാത്തിയാക്കാര്‍ക്കുള്ള ലേഖനം രചിച്ചത്. ലേഖനത്തിന്റെ ആദ്യഭാഗത്തു പൗലോസ് തന്റെ അപ്പസ്‌തോലാധികാരത്തിനു തെളിവുകള്‍ നിരത്തുന്നു. (1, 11; 2, 21) തുടര്‍ന്ന്, യഹൂദാചാരങ്ങളില്‍ നിന്നും മോശയുടെ നിയമത്തില്‍ നിന്നും വിജാതീയര്‍ സ്വതന്ത്രരായിരിക്കുകയെന്നതിന്റെ ആവശ്യകതയാണ് അദ്ദേഹം ഊന്നിപ്പറയുന്നത് ( 3, 1-4, 31). നിയമാനുഷ്ഠാനംവഴിയല്ല, വിശ്വാസംമൂലമാണ് മനുഷ്യന്‍ ദൈവതിരുമുമ്പില്‍ നീതിമാനായി പരിഗണിക്കപ്പെടുക; ജീവിതാനുഭവങ്ങളും (3, 1-15) അബ്രാഹത്തിന്റെ മാതൃകയും അതാണു വ്യക്തമാക്കുന്നത്. നിയമത്തിന്റെ ആധിപത്യകാലം അവസാനിച്ചു; ദൈവത്തില്‍ നിന്നുള്ള പുത്രത്വസ്വീകാരത്തിന്റെ അനന്തരഫലമായ സ്വാതന്ത്ര്യത്തിന്റെ കാലം ആരംഭിക്കുകയും ചെയ്തിരിക്കുന്നു (3, 25; 4, 7). പരിശുദ്ധാത്മാവിനോടു വിധേയരായി ജീവിക്കാനും ദൈവത്തിന്റെ കൃപാവരങ്ങള്‍ കാത്തുസൂക്ഷിക്കാനും ഗലാത്തിയാക്കാരെ പ്രത്യേകം അനുസ്മരിച്ചുകൊണ്ടാണു പൗലോസ് തന്റെ ലേഖനം ഉപസംഹരിക്കുന്നത്  (5, 1-6, 10).

Advertisements

അദ്ധ്യായം 1

അഭിവാദനം

1 മനുഷ്യരില്‍നിന്നോ മനുഷ്യന്‍മുഖേനയോ അല്ല, യേശുക്രിസ്തുമുഖേനയും അവനെ മരിച്ചവരില്‍നിന്നുയിര്‍പ്പിച്ച പിതാവുമുഖേനയും അപ്പസ്‌തോലനായിരിക്കുന്ന പൗലോസായ ഞാനും2 എന്നോടുകൂടെയുള്ള എല്ലാ സഹോദരരും, ഗലാത്തിയായിലെ സഭകള്‍ക്ക് എഴുതുന്നത്:3 നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.4 തിന്‍മനിറഞ്ഞഈയുഗത്തില്‍നിന്നു നമ്മെ മോചിപ്പിക്കേണ്ടതിന്, നമ്മുടെ പിതാവായ ദൈവത്തിന്റെ അഭീഷ്ടമനുസരിച്ച് നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി അവന്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചു.5 ദൈവത്തിന് എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേന്‍.

മറ്റൊരു സുവിശേഷമില്ല

6 ക്രിസ്തുവിന്റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്ര പെട്ടെന്ന് ഉപേക്ഷിക്കുകയും വ്യത്യസ്തമായ ഒരു സുവിശേഷത്തിലേക്കു തിരിയുകയും ചെയ്യുന്നതില്‍ എനിക്ക് ആശ്ചര്യം തോന്നുന്നു.7 വാസ്തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്.8 ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!9 ഞങ്ങള്‍ നേരത്തേനിങ്ങളോടു പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!10 ഞാന്‍ ഇപ്പോള്‍ മനുഷ്യരുടെ പ്രീതിയാണോ അന്വേഷിക്കുന്നത്? അതോ, ദൈവത്തിന്‍േറതാണോ? അഥവാ, മനുഷ്യരെ പ്രസാദിപ്പിക്കാന്‍ ഞാന്‍ യത്‌നിക്കുകയാണോ? ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ ക്രിസ്തുവിന്റെ ദാസനാവുകയില്ലായിരുന്നു.

അപ്പസ്‌തോലനാകാനുള്ള വിളി

11 സഹോദരരേ, ഞാന്‍ പ്രസംഗിച്ച സുവിശേഷം മാനുഷികമല്ല എന്നു നിങ്ങളെ ഞാന്‍ അറിയിക്കുന്നു.12 എന്തെന്നാല്‍, മനുഷ്യനില്‍ നിന്നല്ല ഞാന്‍ അതു സ്വീകരിച്ചത്. ആരും അതെന്നെ പഠിപ്പിച്ചതുമില്ല. യേശുക്രിസ്തുവിന്റെ വെളിപാടിലൂടെയാണ് അത് എനിക്കു ലഭിച്ചത്.13 മുമ്പ് യഹൂദമതത്തില്‍ ആയിരുന്നപ്പോഴത്തെ എന്റെ ജീവിതത്തെപ്പറ്റി നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ. ഞാന്‍ ദൈവത്തിന്റെ സഭയെ കഠിനമായി പീഡിപ്പിക്കുകയും അതിനെ ഉന്‍മൂലനം ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്തിരുന്നു.14 എന്റെ വംശത്തില്‍പ്പെട്ട സമപ്രായക്കാരായ അനേകരെക്കാള്‍ യഹൂദമത കാര്യങ്ങളില്‍ ഞാന്‍ മുന്‍പന്തിയിലായിരുന്നു; എന്റെ പിതാക്കന്‍മാരുടെ പാരമ്പര്യങ്ങളില്‍ അത്യധികം തീക്ഷ്ണമതിയുമായിരുന്നു.15 എന്നാല്‍, ഞാന്‍ മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ദൈവം എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തന്റെ കൃപയാല്‍ അവിടുന്ന് എന്നെ വിളിച്ചു.16 അത് അവിടുത്തെ പുത്രനെപ്പറ്റി വിജാതീയരുടെയിടയില്‍ പ്രസംഗിക്കാന്‍ അവനെ എനിക്കു വെളിപ്പെടുത്തിത്തരേണ്ടതിനായിരുന്നു. ഞാന്‍ ഒരു മനുഷ്യന്റെയും ഉപദേശം തേടാന്‍ നിന്നില്ല.17 എനിക്കുമുമ്പേ അപ്പസ്‌തോലന്‍മാരായവരെ കാണാന്‍ ഞാന്‍ ജറുസലെമിലേക്കു പോയതുമില്ല. മറിച്ച്, ഞാന്‍ അറേബ്യായിലേക്കു പോവുകയും ദമാസ്‌ക്കസിലേക്കു തിരിച്ചുവരുകയും ചെയ്തു.18 മൂന്നു വര്‍ഷത്തിനുശേഷം കേപ്പായെ കാണാന്‍ ഞാന്‍ ജറുസലെമിലേക്കുപോയി. അവനോടൊത്തു പതിനഞ്ചു ദിവസം താമസിക്കുകയും ചെയ്തു.19 കര്‍ത്താവിന്റെ സഹോദരനായ യാക്കോബിനെയല്ലാതെ അപ്പസ്‌തോലന്‍മാരില്‍ മറ്റാരെയും ഞാന്‍ കണ്ടില്ല.20 ഞാന്‍ നിങ്ങള്‍ക്കെഴുതുന്ന ഇക്കാര്യങ്ങള്‍ വ്യാജമല്ല എന്നതിനു ദൈവം സാക്ഷി!21 തുടര്‍ന്ന് ഞാന്‍ സിറിയാ, കിലിക്യാ എന്നീ പ്രദേശങ്ങളിലേക്കു പോയി.22 യൂദയായിലുള്ള, ക്രിസ്തുവിന്റെ സഭകള്‍ അപ്പോഴും എന്നെ നേരിട്ട് അറിഞ്ഞിരുന്നില്ല.23 ഒരിക്കല്‍ നമ്മെ പീഡിപ്പിച്ചിരുന്നവന്‍ താന്‍ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിച്ചവിശ്വാസം ഇപ്പോള്‍ പ്രസംഗിക്കുന്നു എന്നുമാത്രം അവര്‍ കേട്ടിരുന്നു.24 എന്നെപ്രതി അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.

Advertisements

അദ്ധ്യായം 2

പൗലോസിന് അംഗീകാരം

1 പിന്നീട് പതിന്നാലു വര്‍ഷത്തിനുശേഷം ബാര്‍ണബാസിനോടുകൂടെ ഞാന്‍ വീണ്ടും ജറുസലെമിലേക്കു പോയി. തീത്തോസിനെയും കൂടെക്കൊണ്ടുപോയിരുന്നു.2 ഒരു വെളിപാടനുസരിച്ചാണ് ഞാന്‍ പോയത്. അവിടത്തെ പ്രധാനികളുടെ മുമ്പില്‍, ഞാന്‍ വിജാതീയരുടെയിടയില്‍ പ്രസംഗിക്കുന്ന സുവിശേഷം സ്വകാര്യമായി അവതരിപ്പിച്ചു. ഇത്, ഞാന്‍ ഓടുന്നതും ഓടിയതും വ്യര്‍ഥമാകാതിരിക്കാന്‍ വേണ്ടിയായിരുന്നു.3 എന്നോടുകൂടെയുണ്ടായിരുന്നതീത്തോസ് ഒരു ഗ്രീക്കുകാരനായിരുന്നിട്ടും പരിച്‌ഛേദനത്തിനു നിര്‍ബന്ധിക്കപ്പെട്ടില്ല.4 എന്നാല്‍, യേശുക്രിസ്തുവിലുള്ള ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ചൂഷണംചെയ്ത്, ഞങ്ങളെ അടിമത്തത്തില്‍ കൊണ്ടുചെന്നെത്തിക്കുന്നതിന് വ്യാജസഹോദരന്‍മാര്‍ രഹസ്യത്തില്‍ കടന്നുകൂടി.5 അവര്‍ക്കു ഞങ്ങള്‍ നിമിഷനേരത്തേക്കുപോലും വശപ്പെട്ടില്ല. അത് സുവിശേഷത്തിന്റെ സത്യം നിങ്ങള്‍ക്കായി നില നിറുത്തേണ്ടതിനാണ്.6 തങ്ങള്‍ എന്തോ ആണെന്നു ഭാവിക്കുന്ന അവരില്‍നിന്ന് എനിക്കു കൂടുതലായി ഒന്നും ലഭിച്ചില്ല. അവര്‍ എന്താണെന്ന് ഞാന്‍ ഗൗനിക്കുന്നേയില്ല. ദൈവം മുഖംനോക്കുന്നവനല്ലല്ലോ.7 പരിച്‌ഛേദിതര്‍ക്കുള്ള സുവിശേഷം പത്രോസിന് എന്നതുപോലെ, അപരിച്‌ഛേദിതര്‍ക്കുള്ള സുവിശേഷം എനിക്ക് ഏല്‍പിക്കപ്പെട്ടിരിക്കുന്നു എന്ന് അവര്‍ മനസ്‌സിലാക്കി.8 എന്തെന്നാല്‍, പരിച്‌ഛേദിതര്‍ക്കുളള പ്രേഷിതത്വം പത്രോസിലൂടെ നിറവേറ്റുന്നവന്‍ തന്നെ വിജാതീയര്‍ക്കുവേണ്ടി എന്നിലൂടെ പ്രവര്‍ത്തിക്കുന്നു.9 നേതൃസ്തംഭങ്ങളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും കേപ്പായും യോഹന്നാനും ദൈവത്തിന്റെ കൃപ എനിക്കു ലഭിച്ചിരിക്കുന്നുവെന്ന് കണ്ട് തങ്ങളുടെ കൂട്ടായ്മയുടെ വലത്തുകരം എനിക്കും ബാര്‍ണ ബാസിനും നീട്ടിത്തന്നു. അങ്ങനെ വിജാതീയരുടെ അടുത്തേക്ക് ഞങ്ങളും പരിച്‌ഛേദിതരുടെ അടുത്തേക്ക് അവരും പോകാന്‍ തീരുമാനമായി.10 പാവങ്ങളെപ്പറ്റി ചിന്തവേണം എന്നുമാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടുള്ളു. അതുതന്നെയാണ് എന്റെ തീവ്ര മായ താത്പര്യം.

അഭിപ്രായഭിന്നത

11 എന്നാല്‍, കേപ്പാ അന്ത്യോക്യായില്‍ വന്നപ്പോള്‍ അവനില്‍ കുറ്റം കണ്ടതുകൊണ്ട്, ഞാന്‍ അവനെ മുഖത്തുനോക്കി എതിര്‍ത്തു.12 യാക്കോബിന്റെ അടുത്തുനിന്നു ചിലര്‍ വരുന്നതുവരെ അവന്‍ വിജാതീയരോടൊപ്പമിരുന്ന് ഭക്ഷിച്ചിരുന്നു. അവര്‍ വന്നുകഴിഞ്ഞപ്പോഴാകട്ടെ, പരിച്‌ഛേദിതരെ ഭയന്ന് അവന്‍ പിന്‍മാറിക്കളഞ്ഞു.13 അവനോടൊത്ത് ബാക്കി യഹൂദന്‍മാരും കപടമായിപെരുമാറി. അവരുടെ കാപട്യത്താല്‍ ബാര്‍ണബാസ് പോലും വഴിതെറ്റിക്കപ്പെട്ടു.14 അവരുടെ പെരുമാറ്റം സുവിശേഷസത്യവുമായി പൊരുത്തപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ എല്ലാവരുടെയും മുമ്പില്‍വച്ച് ഞാന്‍ കേപ്പായോട് പറഞ്ഞു: യഹൂദനായ നീ യഹൂദനെപ്പോലെയല്ല, വിജാതീയനെപ്പോലെയാണു ജീവിക്കുന്നതെങ്കില്‍, യഹൂദരെപ്പോലെ ജീവിക്കാന്‍ വിജാതീയരെ പ്രേരിപ്പിക്കുന്നതിന് നിനക്ക് എങ്ങനെ സാധിക്കും?

വിശ്വാസത്തിലൂടെ നീതീകരണം

15 നാംതന്നെ യഹൂദരായി ജനിച്ചവരാണ്. വിജാതീയരിലെ പാപികളായിട്ടല്ല.16 എന്നിരിക്കിലും, നിയമത്തിന്റെ അനുഷ്ഠാനത്തിലൂടെയല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് ഒരുവന്‍ നീതീകരിക്കപ്പെടുന്നതെന്നു നമുക്ക് അറിയാം. നിയമാനുഷ്ഠാനം വഴിയല്ല, ക്രിസ്തുവിലുള്ള വിശ്വാസംവഴി നീതീകരിക്കപ്പെടേണ്ടതിനാണ് നാംതന്നെയും യേശുക്രിസ്തുവില്‍ വിശ്വസിച്ചത്. എന്തെന്നാല്‍, നിയമാനുഷ്ഠാനംവഴി ഒരുവനും നീതീകരിക്കപ്പെടുകയില്ല.17 എന്നാല്‍, ക്രിസ്തുവില്‍ നീതീകരിക്കപ്പെടാനുള്ള പരിശ്രമത്തില്‍ത്തന്നെ നമ്മള്‍ പാപികളായി കാണപ്പെട്ടുവെങ്കില്‍ ക്രിസ്തു പാപത്തിന്റെ ശുശ്രൂഷകനാണോ?18 തീര്‍ച്ചയായും അല്ല! ഞാന്‍ നശിപ്പിച്ചവ ഞാന്‍ തന്നെ വീണ്ടും പണിതുയര്‍ത്തുന്നുവെങ്കില്‍ ഞാന്‍ അതിക്രമം കാണിക്കുകയാണ്.19 എന്തെന്നാല്‍, ദൈവത്തിനായി ജീവിക്കേണ്ടതിന് ഞാന്‍ നിയമത്തിലൂടെ നിയമത്തിനു മൃതനായി.20 ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. എന്റെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്‌നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്ത ദൈവപുത്രനില്‍ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്.21 ദൈവത്തിന്റെ കൃപ ഞാന്‍ നിരാകരിക്കുന്നില്ല. നിയമത്തിലൂടെയാണ് നീതികൈവരുന്നതെങ്കില്‍ ക്രിസ്തുവിന്റെ മരണത്തിനു നീതീകരണമൊന്നുമില്ല.

Advertisements

അദ്ധ്യായം 3

നിയമമോ വിശ്വാസമോ?

1 ഭോഷന്‍മാരായ ഗലാത്തിയാക്കാരേ, യേശുക്രിസ്തു നിങ്ങളുടെ കണ്‍മുമ്പില്‍ ക്രൂശിതനായി ചിത്രീകരിക്കപ്പെട്ടിരിക്കേ നിങ്ങളെ ആരാണ് ആഭിചാരം ചെയ്തത്?2 ഇതുമാത്രം നിങ്ങളില്‍നിന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: നിങ്ങള്‍ ആത്മാവിനെ സ്വീകരിച്ചത് നിയമത്തിന്റെ അനുഷ്ഠാനത്താലോ, അതോ വിശ്വാസത്തിന്റെ അനുസരണം നിങ്ങളോടു പ്രഘോഷിക്കപ്പെട്ടത് വിശ്വസിച്ചതുകൊണ്ടോ?3 ആത്മാവില്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ശരീരത്തില്‍ അവസാനിപ്പിക്കുവാന്‍മാത്രം ഭോഷന്‍മാരാണോ നിങ്ങള്‍?4 നിങ്ങള്‍ സഹിച്ചവയത്രയും വ്യര്‍ഥമായിരുന്നുവോ-തീര്‍ത്തും വ്യര്‍ഥം?5 നിങ്ങള്‍ക്ക് ആത്മാവിനെ നല്‍കുകയും, നിങ്ങളുടെ ഇടയില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ അങ്ങനെ ചെയ്യുന്നത്, നിങ്ങളുടെ നിയമാനുഷ്ഠാനം നിമിത്തമോ, അതോ നിങ്ങളോടു പ്രഘോഷിക്കപ്പെട്ടതു വിശ്വസിച്ചതുകൊണ്ടോ?6 അബ്രാഹം തന്നെയും ദൈവത്തെ വിശ്വസിച്ചു. അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു.7 അതിനാല്‍, വിശ്വാസമുള്ളവരാണ് അബ്രാഹത്തിന്റെ മക്കള്‍ എന്നു നിങ്ങള്‍ മന സ്‌സിലാക്കണം.8 വിജാതീയരെ വിശ്വാസംവഴി ദൈവം നീതീകരിക്കുമെന്നു മുന്‍കൂട്ടിക്കണ്ടുകൊണ്ട് വിശുദ്ധഗ്രന്ഥം, നിന്നില്‍ ജനതകളെല്ലാം അനുഗൃഹീതരാകും എന്ന സദ്‌വാര്‍ത്ത നേരത്തെതന്നെ അബ്രാഹത്തെ അറിയിച്ചിട്ടുണ്ട്.9 ആകയാല്‍, വിശ്വാസമുള്ളവര്‍ വിശ്വാസിയായ അബ്രാഹത്തോടൊത്ത് അനുഗ്രഹം പ്രാപിക്കുന്നു.10 നിയമാനുഷ്ഠാനത്തില്‍ ആശ്രയമര്‍പ്പിക്കുന്ന എല്ലാവരും ശാപത്തിന് വിധേയരാണ്. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: നിയമഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതെല്ലാം അനുസരിക്കാതെയും പ്രവര്‍ത്തിക്കാതെയും ഇരിക്കുന്നവന്‍ ശപിക്കപ്പെട്ടവനാണ്.11 ഒരുവനും ദൈവസന്നിധിയില്‍ നിയമംവഴി നീതീകരിക്കപ്പെടുന്നില്ല എന്നു വ്യക്തമാണ്. എന്തെന്നാല്‍, നീതിമാന്‍ വിശ്വാസംവഴിയാണു ജീവിക്കുക.12 നിയമത്തിന്റെ അടിസ്ഥാനം വിശ്വാസമല്ല; എന്തെന്നാല്‍, അവ അനുഷ്ഠിക്കുന്നവന്‍ അവവഴി ജീവിക്കും.13 ക്രിസ്തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുകൊണ്ടു നിയമത്തിന്റെ ശാപത്തില്‍നിന്നു നമ്മെ രക്ഷിച്ചു. എന്തെന്നാല്‍, മരത്തില്‍ തൂക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാണ് എന്ന് എഴുതിയിരിക്കുന്നു.14 അബ്രാഹത്തിനു ലഭിച്ച അനുഗ്രഹം യേശുക്രിസ്തുവഴി വിജാതീയരിലേക്കും വ്യാപിക്കേണ്ടതിനും ആത്മാവിന്റെ വാഗ്ദാനം വിശ്വാസം വഴി നമ്മള്‍ പ്രാപിക്കേണ്ടതിനും ആണ് ഇപ്രകാരം സംഭവിച്ചത്.

നിയമവും വാഗ്ദാനവും

15 സഹോദരരേ, മനുഷ്യസാധാരണമായ ഒരു ഉദാഹരണം പറഞ്ഞാല്‍, ഒരുവന്റെ ഉടമ്പടി ഒരിക്കല്‍ സ്ഥിരീകരിച്ചതിനുശേഷം ആരും അത് അസാധുവാക്കുകയോ, അതില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാറില്ല.16 വാഗ്ദാനങ്ങള്‍ ലഭിച്ചത് അബ്രാഹത്തിനും അവന്റെ സന്തതിക്കുമായിട്ടാണ്. പലരെ ഉദ്‌ദേശിച്ച് സന്തതികള്‍ക്ക് എന്ന് അതില്‍ പറഞ്ഞിട്ടില്ല; പ്രത്യുത, ഒരുവനെ ഉദ്‌ദേശിച്ച് നിന്റെ സന്തതിക്ക് എന്നാണ് പറഞ്ഞിരിക്കുന്നത്. അത് ക്രിസ്തുവിനെ ഉദ്‌ദേശിച്ചാണ്.17 ഞാന്‍ പറയുന്നത് ഇതാണ്: നാനൂറ്റിമുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം നിലവില്‍ വന്ന നിയമം ദൈവം പണ്ടുതന്നെ സ്ഥിരീകരിച്ച ഉടമ്പടിയെ, വാഗ്ദാനത്തെ, നീക്കിക്കളയത്തക്കവിധം, അസാധുവാക്കുകയില്ല.18 എന്തെന്നാല്‍, പാരമ്പര്യാവകാശം നിയമത്തില്‍ നിന്നാണു ലഭിക്കുന്നതെങ്കില്‍ അത് ഒരിക്കലും വാഗ്ദാനത്തില്‍നിന്നായിരിക്കുകയില്ല. എന്നാല്‍, ദൈവം അബ്രാഹത്തിന് അതു നല്‍കിയതു വാഗ്ദാനം വഴിയാണ്. പിന്നെന്തിനാണ് നിയമം?19 വാഗ്ദാനം സിദ്ധിച്ചവനു സന്തതി ലഭിക്കുന്നതുവരെ പാപങ്ങള്‍ നിമിത്തം നിയമം നല്‍കപ്പെട്ടു. ദൈവദൂതന്‍മാര്‍വഴി ഒരു മധ്യവര്‍ത്തിയിലൂടെ അതു വിളംബരം ചെയ്യപ്പെട്ടു.20 ഒന്നില്‍ക്കൂടുതല്‍ പേരുണ്ടെങ്കിലേ മധ്യവര്‍ത്തി വേണ്ടൂ; എന്നാല്‍, ദൈവം ഏകനാണ്.

നിയമത്തിന്റെ ഉദ്‌ദേശ്യം

21 അങ്ങനെയെങ്കില്‍ നിയമം ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമാണോ? ഒരിക്കലുമല്ല. എന്തെന്നാല്‍, ജീവദായകമായ ഒരു നിയമം നിലവിലുണ്ടായിരുന്നെങ്കില്‍ നീതി തീര്‍ച്ചയായും ആ നിയമം വഴി ഉണ്ടാകുമായിരുന്നു.22 എന്നാല്‍, യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി വിശ്വാസികള്‍ വാഗ്ദാനം പ്രാപിക്കേണ്ടതിന് എല്ലാവരും പാപത്തിന ധീനരാണെന്ന് വിശുദ്ധഗ്രന്ഥം പ്രഖ്യാപിച്ചു.23 വിശ്വാസം ആവിര്‍ഭവിക്കുന്നതിനുമുമ്പ് നമ്മള്‍ നിയമത്തിന്റെ കാവലിലായിരുന്നു; വിശ്വാസം വെളിപ്പെടുന്നതുവരെ നിയന്ത്രണാധീനരായി കഴിയുകയും ചെയ്തു.24 തന്നിമിത്തം നമ്മള്‍ വിശ്വാസത്താല്‍ നീതീകരിക്കപ്പെടേണ്ടതിന്, ക്രിസ്തുവിന്റെ ആഗമനംവരെ നിയമം നമ്മുടെ പാലകനായിരുന്നു.25 ഇപ്പോഴാകട്ടെ, വിശ്വാസം സമാഗതമായ നിലയ്ക്ക് നമ്മള്‍ പാലകന് അധീനരല്ല.

പുത്രത്വവും അവകാശവും

26 യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രന്‍ മാരാണ്.27 ക്രിസ്തുവിനോട് ഐക്യപ്പെടാന്‍വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.28 യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവില്‍ ഒന്നാണ്.29 നിങ്ങള്‍ ക്രിസ്തുവിനുള്ളവരാണെങ്കില്‍ അബ്രാഹത്തിന്റെ സന്തതികളാണ്; വാഗ്ദാന മനുസരിച്ചുള്ള അവകാശികളുമാണ്.

Advertisements

അദ്ധ്യായം 4

1 ഇതാണു ഞാന്‍ വിവക്ഷിക്കുന്നത്: പിന്തുടര്‍ച്ചാവകാശി വസ്തുവിന്റെ ഉടമയാണെന്നിരിക്കിലും, ബാലനായിരിക്കുന്നിടത്തോളംകാലം അടിമയില്‍നിന്നു വിഭിന്നനല്ല.2 പിതാവ് നിശ്ചയിച്ച കാലാവധിവരെ അവന്‍ രക്ഷാകര്‍ത്താക്കളുടെയും കാര്യസ്ഥന്‍മാരുടെയും സംരക്ഷണത്തിലായിരിക്കും.3 നമ്മുടെ കാര്യവും ഇതുപോലെതന്നെ; നമ്മള്‍ ശിശുക്കളായിരുന്നപ്പോള്‍ പ്രകൃതിയുടെ ശക്തികള്‍ക്ക് അടിമപ്പെട്ടിരുന്നു.4 എന്നാല്‍, കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍നിന്നു ജാതനായി; നിയമത്തിന് അധീനനായി ജനിച്ചു.5 അങ്ങനെ, നമ്മെ പുത്രന്‍മാരായി ദത്തെടുക്കേണ്ടതിന് അവന്‍ നിയമത്തിന് അധീനരായിക്കഴിഞ്ഞവരെ വിമുക്തരാക്കി.6 നിങ്ങള്‍ മക്കളായതുകൊണ്ട് ആബ്ബാ!-പിതാവേ! എന്നു വിളിക്കുന്നതന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു.7 ആകയാല്‍, നീ ഇനിമേല്‍ ദാസനല്ല, പിന്നെയോ പുത്രനാണ്; പുത്രനെങ്കില്‍ ദൈവഹിതമനുസരിച്ച് അവകാശിയുമാണ്.

ഗലാത്തിയരെക്കുറിച്ചു വ്യഗ്രത

8 ദൈവത്തെ അറിയാതിരുന്ന അന്ന് നിങ്ങള്‍യഥാര്‍ഥത്തില്‍ ദൈവമല്ലാത്തവയെ സേവിച്ചു.9 എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ ദൈവത്തെ അറിയുന്നു; അതിലുപരി ദൈവം നിങ്ങളെ അറിയുന്നു. ആകയാല്‍, ബലഹീനങ്ങളും വ്യര്‍ഥങ്ങളുമായ ആ പ്രപഞ്ചശക്തികളുടെ അടുത്തേക്കു വീണ്ടും തിരിച്ചുപോകാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും? എന്ത്! ഒരിക്കല്‍ക്കൂടി അവയുടെ സേവകരാകാന്‍ നിങ്ങള്‍ ഇച്ഛിക്കുന്നുവോ?10 നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും!11 നിങ്ങളുടെയിടയില്‍ ഞാന്‍ അധ്വാനിച്ചതു വൃഥാവിലായോ എന്നു ഞാന്‍ ഭയപ്പെടുന്നു.12 സഹോദരരേ, ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു, നിങ്ങള്‍ എന്നെപ്പോലെ ആകുവിന്‍. ഞാന്‍ തന്നെയും നിങ്ങളെപ്പോലെയാണല്ലോ. നിങ്ങള്‍ എന്നോടുയാതൊരു തിന്‍മയും പ്രവര്‍ത്തിച്ചിട്ടില്ല.13 ഞാന്‍ ആദ്യമേ നിങ്ങളോടു സുവിശേഷം പ്രസംഗിച്ചത് എനിക്കു ശാരീരികാസ്വാസ്ഥ്യം ഉള്ള അവസരത്തിലാണെന്നു നിങ്ങള്‍ക്കറിയാമല്ലോ.14 എന്റെ ശരീരസ്ഥിതി നിങ്ങള്‍ക്കൊരു പരീക്ഷയായിരുന്നിട്ടും നിങ്ങള്‍ എന്നെ നിന്ദിക്കുകയോ വെറുക്കുകയോ ചെയ്തില്ല. മറിച്ച്, എന്നെ ഒരു ദൈവദൂതനെപ്പോലെ, യേശുക്രിസ്തുവിനെപ്പോലെതന്നെ, നിങ്ങള്‍ സ്വീകരിച്ചു.15 നിങ്ങളുടെ ആ സന്തോഷം ഇന്ന് എവിടെ? സാധിക്കുമായിരുന്നെങ്കില്‍ നിങ്ങള്‍ സ്വന്തം കണ്ണുകള്‍പോലും ചൂഴ്‌ന്നെടുത്തു തരുമായിരുന്നെന്ന് എനിക്കു ബോധ്യമുണ്ട്.16 അങ്ങനെയിരിക്കേ, നിങ്ങളോടു സത്യം തുറന്നുപറഞ്ഞതുകൊണ്ട് ഞാന്‍ നിങ്ങളുടെ ശത്രുവായി എന്നോ?17 അവര്‍ നിങ്ങളില്‍ താത്പര്യം കാണിക്കുന്നത് സദുദ്‌ദേശ്യത്തോടെയല്ല; മറിച്ച്, നിങ്ങള്‍ അവരില്‍ താത്പര്യം കാണിക്കേണ്ടതിന് നിങ്ങളെ ഒറ്റപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം.18 നല്ല കാര്യത്തില്‍ താത്പര്യം കാണിക്കുന്നത് ഞാന്‍ നിങ്ങളോടൊത്ത് ഉണ്ടായിരിക്കുമ്പോള്‍ മാത്രമല്ല, എല്ലായ്‌പോഴും നല്ലതുതന്നെ.19 എന്റെ കുഞ്ഞുമക്കളേ, ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്ടും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവ് അനുഭവിക്കുന്നു.20 ഇപ്പോള്‍ നിങ്ങളുടെയിടയില്‍ സന്നിഹിതനായിരിക്കാനും എന്റെ സംസാരരീതിതന്നെ മാറ്റാനും സാധിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. എന്തെന്നാല്‍, നിങ്ങളെക്കുറിച്ച് ഞാന്‍ അസ്വസ്ഥനാണ്.

ഹാഗാറും സാറായും

21 നിയമത്തിനു വിധേയരായിരിക്കാന്‍ അഭിലഷിക്കുന്ന നിങ്ങള്‍ എന്നോടു പറയുവിന്‍, നിങ്ങള്‍ നിയമം അനുസരിക്കുകയില്ലേ?22 എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അബ്രാഹത്തിന് രണ്ടു പുത്രന്‍മാരുണ്ടായിരുന്നു – ഒരുവന്‍ ദാസിയില്‍നിന്ന്, ഇതരന്‍ സ്വതന്ത്രയില്‍നിന്ന്.23 ദാസിയുടെ പുത്രന്‍ ശാരീരികരീതിയിലും സ്വതന്ത്രയുടെ പുത്രന്‍ വാഗ്ദാനപ്രകാരവും ജനിച്ചു.24 ആ ലങ്കാരികമായി പറഞ്ഞാല്‍ ഈ സ്ത്രീകള്‍ രണ്ട് ഉടമ്പടികളാണ്. ഒരുവള്‍ സീനായ്മലയില്‍ നിന്നുള്ളവള്‍. അവള്‍ ദാസ്യവൃത്തിക്കായി മക്കളെ ജനിപ്പിക്കുന്നു. അവളാണ് ഹാഗാര്‍.25 ഹാഗാര്‍ അറേബ്യായിലെ സീനായ്മലയാണ്. അവള്‍ ഇന്നത്തെ ജറുസലെമിന്റെ പ്രതീകമത്രേ. എന്തെന്നാല്‍, അവള്‍ തന്റെ മക്കളോടൊത്ത് ദാസ്യവൃത്തിചെയ്യുന്നു.26 എന്നാല്‍, സ്വര്‍ഗീയ ജറുസലെം സ്വതന്ത്രയാണ്. അവളാണ് നമ്മുടെ അമ്മ.27 എന്തുകൊണ്ടെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അല്ലയോ പ്രസവിക്കാത്ത വന്‌ധ്യേ, നീ ആഹ്ലാദിക്കുക. പ്രസവവേദനയനുഭവിക്കാത്തനീ ആനന്ദിച്ച് ആര്‍പ്പുവിളിക്കുക. എന്തെന്നാല്‍, ഭര്‍തൃമതിക്കുള്ളതിനെക്കാള്‍ കൂടുതല്‍ മക്കള്‍ പരിത്യക്തയ്ക്കാണുള്ളത്.28 സഹോദരരേ, നമ്മളാകട്ടെ ഇസഹാക്കിനെപ്പോലെ വാഗ്ദാനത്തിന്റെ മക്കളാണ്.29 എന്നാല്‍, ശാരീരികരീതിയില്‍ ജനിച്ചവന്‍ ആത്മാവിന്റെ ശക്തിയാല്‍ ജനിച്ചവനെ അന്നു പീഡിപ്പിച്ചു. ഇന്നും അതുപോലെതന്നെയാണ്.30 വിശുദ്ധ ലിഖിതം എന്താണു പറയുന്നത്? ദാസിയെയും അവളുടെ പുത്രനെയും നിഷ്‌കാസനം ചെയ്യുവിന്‍; എന്തെന്നാല്‍, ദാസിയുടെ പുത്രന്‍ സ്വതന്ത്രയുടെ പുത്രനോടൊപ്പം അവ കാശിയാകാന്‍ പാടില്ല.31 31സഹോദരരേ, അതുകൊണ്ട് നമ്മള്‍ ദാസിയുടെ മക്കളല്ല, സ്വതന്ത്രയുടേതാണ്.

Advertisements

അദ്ധ്യായം 5

ക്രിസ്തീയ സ്വാതന്ത്ര്യം

1 സ്വാതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങള്‍ സ്ഥിരതയോടെ നില്‍ക്കുവിന്‍. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങള്‍ വിധേയരാകരുത്.2 പൗലോസായ ഞാന്‍, നിങ്ങളോടു പറയുന്നു, നിങ്ങള്‍ പരിച്‌ഛേദനം സ്വീകരിക്കുന്നെങ്കില്‍ ക്രിസ്തു നിങ്ങള്‍ക്ക് ഒന്നിനും പ്രയോജനപ്പെടുകയില്ല.3 പരിച്‌ഛേദനം സ്വീകരിക്കുന്ന ഓരോ മനുഷ്യനോടും ഞാന്‍ വീണ്ടും ഉറപ്പിച്ചു പറയുന്നു, അവന്‍ നിയമം മുഴുവനും പാലിക്കാന്‍ കടപ്പെട്ടവനാണ്.4 നിയമത്തിലാണു നിങ്ങള്‍ നീതീകരിക്കപ്പെടുന്നത് എന്നു കരുതുന്നെങ്കില്‍ ക്രിസ്തുവിനോടുള്ള നിങ്ങളുടെ ബന്ധം വിച്‌ഛേദിക്കപ്പെട്ടിരിക്കുന്നു. കൃപാവരത്തില്‍നിന്നു നിങ്ങള്‍ വീണുപോവുകയും ചെയ്തിരിക്കുന്നു.5 ഞങ്ങളാകട്ടെ പരിശുദ്ധാത്മാവിലൂടെ വിശ്വാസംവഴി നീതി ലഭിക്കുമെന്ന പ്രത്യാശയോടെ കാത്തിരിക്കുന്നു.6 എന്തെന്നാല്‍, യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു പരിച്‌ഛേദനമോ അപരിച്‌ഛേദനമോ കാര്യമല്ല. സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതമായ വിശ്വാസമാണ് സുപ്രധാനം.7 നിങ്ങള്‍ നന്നായി മുന്നേറിക്കൊണ്ടിരുന്നു. സത്യത്തെ അനുസരിക്കുന്നതില്‍നിന്നു നിങ്ങളെ തടഞ്ഞത് ആരാണ്?8 ഈ പ്രേരണ ഉണ്ടായത് ഏതായാലും നിങ്ങളെ വിളച്ചവനില്‍നിന്നല്ല.9 അല്‍പം പുളിപ്പ് മുഴുവന്‍മാവിനെയും പുളിപ്പിക്കുന്നു.10 എന്റെ വീക്ഷണത്തില്‍നിന്നു വ്യത്യസ്തമായയാതൊന്നും നിങ്ങള്‍ ചിന്തിക്കുകയില്ലെന്ന് കര്‍ത്താവില്‍ എനിക്കു നിങ്ങളെക്കുറിച്ച് ഉത്തമ വിശ്വാസമുണ്ട്. നിങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുന്നവന്‍ ആരുതന്നെയായാലും അവനു ശിക്ഷ ലഭിക്കും.11 എന്നാല്‍ സഹോദരരേ, ഞാന്‍ ഇനിയും പരിച്‌ഛേദനത്തിന് അനുകൂലമായിപ്രസംഗിക്കുന്നെങ്കില്‍ എന്തിനാണു ഞാന്‍ ഇപ്പോഴും പീഡിപ്പിക്കപ്പെടുന്നത്? അങ്ങനെ ഞാന്‍ പ്രസംഗിച്ചിരുന്നെങ്കില്‍ കുരിശിന്റെ പേരിലുള്ള ഇടര്‍ച്ച ഉണ്ടാകുമായിരുന്നില്ല.12 നിങ്ങളെ അസ്വസ്ഥരാക്കുന്നവര്‍ പൂര്‍ണമായും അംഗവിച്‌ഛേദനം ചെയ്തിരുന്നെങ്കില്‍ എന്നു ഞാനാശിക്കുന്നു.13 സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്; ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്നുമാത്രം. പ്രത്യുത, സ്‌നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്പരം സേവിക്കുവിന്‍.14 എന്തെന്നാല്‍, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന ഒരേയൊരു കല്‍പനയില്‍ നിയമം മുഴുവനും അടങ്ങിയിരിക്കുന്നു.15 എന്നാല്‍, നിങ്ങള്‍ അന്യോന്യം കടിച്ചുകീറുകയും വിഴുങ്ങുകയും ചെയ്ത് പരസ്പരം നശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍.

ജഡത്തിന്റെ വ്യാപാരങ്ങളും ആത്മാവിന്റെ ഫലങ്ങളും

16 നിങ്ങളോടു ഞാന്‍ പറയുന്നു, ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്.17 എന്തെന്നാല്‍, ജഡമോഹങ്ങള്‍ ആത്മാവിന് എതിരാണ്; ആത്മാവിന്റെ അഭിലാഷങ്ങള്‍ ജഡത്തിനും എതിരാണ്. അവ പരസ്പരം എതിര്‍ക്കുന്നതു നിമിത്തം ആഗ്രഹിക്കുന്നതു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കു സാധിക്കാതെ വരുന്നു.18 ആത്മാവ് നിങ്ങളെ നയിക്കുന്നെങ്കില്‍ നിങ്ങള്‍ നിയമത്തിനു കീഴല്ല.19 ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി,20 വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത,21 വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈ ദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു.22 എന്നാല്‍, ആത്മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്‍മ, വിശ്വസ്തത,23 സൗമ്യത, ആത്മസംയമനം ഇവയാണ്. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല.24 യേശുക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു.25 നമ്മള്‍ ആത്മാവിലാണ് ജീവിക്കുന്നതെങ്കില്‍ നമുക്കു ആത്മാവില്‍ വ്യാപരിക്കാം.26 നാം പരസ്പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ഥാഭിമാനികളും ആകാതിരിക്കട്ടെ!

Advertisements

അദ്ധ്യായം 6

പരസ്പരം സഹായിക്കുക

1 സഹോദരരേ, ഒരുവന്‍ എന്തെങ്കിലും തെറ്റിലകപ്പെട്ടാല്‍ ആത്മീയരായ നിങ്ങള്‍ സൗമ്യതയോടെ അവനെ വീണ്ടെടുക്കുവിന്‍. നിങ്ങളും പ്രലോഭിതരാകാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍.2 പരസ്പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ നിയമം പൂര്‍ത്തിയാക്കുവിന്‍.3 ഒരുവന്‍ താന്‍ ഒന്നുമല്ലാതിരിക്കേ, എന്തോ ആണെന്നു ഭാവിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ വഞ്ചിക്കുന്നു.4 എന്നാല്‍, ഓരോ വ്യക്തിയും സ്വന്തം ചെയ്തികള്‍ വിലയിരുത്തട്ടെ. അപ്പോള്‍ അഭിമാനിക്കാനുള്ള വക അവനില്‍ത്തന്നെയായിരിക്കും, മറ്റുള്ളവരിലായിരിക്കുകയില്ല.5 എന്തെന്നാല്‍ ഓരോരുത്തരും സ്വന്തം ഭാരം വഹിച്ചേ മതിയാവൂ.6 വചനം പഠിക്കുന്നവന്‍ തനിക്കുള്ള എല്ലാ നല്ല വസ്തുക്കളുടെയും പങ്ക് തന്റെ അധ്യാപകനു നല്‍കണം.7 നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്ക്കുന്നതുതന്നെ കൊയ്യും.8 എന്തെന്നാല്‍, സ്വന്തം ജഡത്തിനായി വിതയ്ക്കുന്നവന്‍ ജഡത്തില്‍നിന്ന് നാശം കൊയ്‌തെടുക്കും. ആത്മാവിനായി വിതയ്ക്കുന്നവനാകട്ടെ ആത്മാവില്‍നിന്നു നിത്യജീവന്‍ കൊയ്‌തെടുക്കും.9 നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.10 ആകയാല്‍, നമുക്ക് അവസരം ലഭിച്ചിരിക്കുന്നതുകൊണ്ട് സകല മനുഷ്യര്‍ക്കും, പ്രത്യേകിച്ച്, വിശ്വാസത്താല്‍ ഒരേ കുടുംബത്തില്‍ അംഗങ്ങളായവര്‍ക്ക്, നന്‍മ ചെയ്യാം.

അന്തിമ നിര്‍ദേശങ്ങള്‍

11 എന്റെ സ്വന്തം കൈപ്പടയില്‍ എത്ര വലിയ അക്ഷരങ്ങളിലാണ് ഞാന്‍ എഴുതിയിരിക്കുന്നതെന്നു നോക്കൂ!12 ശാരീരികമായ ബാഹ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവരാണ് പരിച്‌ഛേദനകര്‍മത്തിനു നിങ്ങളെ നിര്‍ബന്ധിക്കുന്നത്. ക്രിസ്തുവിന്റെ കുരിശിനെപ്രതി പീഡിപ്പിക്കപ്പെടാതിരിക്കാന്‍വേണ്ടി മാത്രമാണ് അവര്‍ അങ്ങനെ ചെയ്യുന്നത്.13 എന്തെന്നാല്‍, പരിച്‌ഛേദനം സ്വീകരിച്ച അവര്‍പോലും നിയമം അനുസരിക്കുന്നില്ല. എന്നാല്‍, നിങ്ങളുടെ ശരീരത്തെക്കുറിച്ച് അവര്‍ക്ക് മേന്‍മ ഭാവിക്കാന്‍ കഴിയേണ്ടതിനു നിങ്ങളും പരിച്‌ഛേദിതരായിക്കാണാന്‍ അവര്‍ ആഗ്രഹിക്കുന്നു.14 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്‍മ ഭാവിക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ. അവനെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.15 പരിച്‌ഛേദനകര്‍മം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോകാര്യമില്ല. പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം.16 ഈ നിയമം അനുസരിച്ച് വ്യാപരിക്കുന്ന എല്ലാവര്‍ക്കും, അതായത്, ദൈവത്തിന്റെ ഇസ്രായേലിന് സമാധാനവും കാരുണ്യവും ഉണ്ടാകട്ടെ.17 ഇനിമേല്‍ ആരും എന്നെ ബുദ്ധിമുട്ടിക്കരുത്. എന്തെന്നാല്‍, ഞാന്‍ എന്റെ ശരീരത്തില്‍ യേശുവിന്റെ അടയാളങ്ങള്‍ ധരിക്കുന്നു.18 സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഉണ്ടായിരിക്കട്ടെ. ആമേന്‍.

Advertisements
Advertisements
Advertisements
St. Paul
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s