നോമ്പുകാല വചനതീർത്ഥാടനം – 05

നോമ്പുകാല
വചനതീർത്ഥാടനം – 05

വി.മത്തായി 5 : 3
” ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്.”

ക്രൈസ്തവലോകം ഒന്നാകെ ഏറെ പ്രാധാന്യം നൽകിവരുന്ന തിരുവചനഭാഗമാണ് യേശുവിന്റെ മലയിലെ പ്രസംഗം. പഴയനിയമത്തിൽ ദൈവം മോശയ്ക്ക് സീനായ് മലമുകളിൽവച്ച് കൈമാറിയ പത്തുകല്പനകളെ അടിസ്ഥാനമാക്കി പുതിയനിയമത്തിലെ മോശയായ യേശു ലോകത്തിനു നൽകിയ ധാർമ്മിക പ്രമാണങ്ങളുടെ സാരസംഗ്രഹമാണിത്. മനുഷ്യജീവിതത്തിന്റെ പരിവർത്തനം ലക്ഷ്യംവച്ചുകൊണ്ട് രൂപം കൊടുത്ത വിമോചന സംരംഭത്തിന്റെ ഭാഗമായാണ് അഷ്ടസൗഭാഗ്യങ്ങൾ വിളംബരം ചെയ്തത്.ഈ സംരംഭത്തിൽ പങ്കാളികളാകുന്നവർക്ക് ഉണ്ടായിരിക്കേണ്ട സന്തോഷം, പ്രത്യാശ, സ്നേഹം, ലാളിത്യം എന്നീ സൃഷ്ടിപരമായ നാലു വീക്ഷണങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നുണ്ട്. യഹൂദ ഗുരുക്കന്മാർ പഠിപ്പിച്ച ധാർമ്മികതയെ അതിശയിക്കുന്ന യേശുവിന്റെ അഷ്ടസൗഭാഗ്യ പ്രബോധനങ്ങൾ ഓരോന്നും അത്യന്തം ആത്മീയപ്രബുദ്ധത മുറ്റി നിൽക്കുന്ന തേജസ്ഫുരണങ്ങളാണ്.ദാരിദ്ര്യം അനുഭവിക്കുന്നവർ ഭാഗ്യവാന്മാരാണെന്നാണല്ലോ യേശു പറയുന്നത്. ഇവിടെ ആരെയാണ് നമ്മൾ ദരിദ്രരായി കാണേണ്ടത്? സാമ്പത്തികമായി അവശതയനുഭവിക്കുന്നവർ ദരിദ്രരാണെങ്കിലും വേദ പുസ്തകഭാഷയിൽ ചിന്തിച്ചാൽ അങ്ങനെയുളളവരെ മാത്രമല്ല ദരിദ്രരായി കാണേണ്ടത്. സത്യസന്ധരും നീതിനിഷ്ഠതയോടെ പ്രവർത്തിക്കുന്നവരും ഹൃദയലാളിത്യമുള്ളവരും സർവ്വോപരി ദൈവത്തോട് തുറവിയുള്ളവരുമാണ് യഥാർത്ഥത്തിൽ ദരിദ്രരായവർ. അവർ എല്ലായിപ്പോഴും അനീതിയിൽനിന്ന് അകന്നു ജീവിക്കുന്നവരായിക്കും. ഇത്തരുണത്തിൽ ജർമ്മൻ താപസനായ വില്യം എക്കാർട്ട് ആരാണ് ദരിദ്രർ എന്ന ചോദ്യത്തിന് നൽകുന്ന വ്യാഖ്യാനം ഏറെ ചിന്തനീയമാണ്. ഒന്നും ആവശ്യമില്ലാത്തവരും ഒന്നും അറിയാത്തവരും ഒന്നുമില്ലാത്തവരുമാണ് യഥാർത്ഥ ദരിദ്രർ എന്നാണ് അദ്ദേഹം പറയുന്നത്. ഏതൊരു മനുഷ്യന്റെയും നിലനിൽപ്പിന് ആഹാരവും വസ്ത്രവും പാർപ്പിടവും അനിവാര്യമാണ്. മൗലികമായ ഈ ആവശ്യങ്ങളൊന്നും വേണ്ടായെന്ന അർത്ഥത്തിലല്ല അദ്ദേഹം വ്യാഖ്യാനിക്കുന്നത്. മറിച്ച് അവയോട് ആർത്തിനിറഞ്ഞ അമിതാവേശം പാടില്ലെന്നുളളതാണ്. എന്തിനോടും ഏതിനോടുമുള്ള അമിതമായ ആഗ്രഹങ്ങളാണല്ലോ നമ്മെ ആപത്തിൽ കൊണ്ടുചെന്നെത്തിക്കുന്നത്. സുവിശേഷങ്ങളിൽ പരാമർശിതനാകുന്ന ദരിദ്രൻ ആർത്തിയുടെ മനോഭാവം വെടിഞ്ഞവനായിരിക്കണം. എങ്കിലേ അവൻ സൗഭാഗ്യവാനായിത്തീരുകയുള്ളൂ. ഒന്നുമറിയാത്തവനായിരിക്കണം ഒരു ദരിദ്രൻ എന്നു പറയുമ്പോൾ അറിവില്ലായ്മയായിരിക്കണം അവന്റെ മുഖമുദ്ര എന്നല്ല നമ്മൾ അർത്ഥമാക്കേണ്ടത്. ഒരുവൻ അറിവിന്റെ ഔന്നത്യത്തിൽ എത്രമാത്രം എത്തിപ്പെട്ടാലും അതു പോലും തനിക്കു അറിഞ്ഞുകൂട എന്ന ഭാവത്തിൽ വ്യാപരിക്കുന്നവനായിരിക്കണം. അതായത്, തനിക്ക് അറിവുണ്ടെന്ന അഹങ്കാരം ഒട്ടുമേ ഇല്ലാത്തവനായിരിക്കണം. അങ്ങനെയുള്ളവർക്കു മാത്രമേ ദൈവസന്നിധിയിൽ സൗഭാഗ്യമനുഭവിക്കാൻ കഴിയൂ. ഒന്നുമില്ലാത്തവനാണ് ദരിദ്രൻ എന്നു പറയുമ്പോൾ അക്ഷരാർത്ഥത്തിൽ ശരിയാണെങ്കിലും ആന്തരാർത്ഥത്തിൽ ദൈവത്തോട് തുറവിയും ആശ്രയബോധവുമുള്ളവനായിരിക്കണം ഒരു ദരിദൻ . ആ ദരിദ്രന്റെ സന്തോഷവും സൗഭാഗ്യവും അവർണ്ണനീയമായിരിക്കും.
ചുരുക്കത്തിൽ ഒന്നിനോടും ആർത്തി തോന്നാതെയും ഒന്നിലും അഹങ്കരിക്കാതെയും ഒന്നുമില്ലായ്മയിൽപ്പോലും ദൈവാശ്രയബോധം നഷ്ടപ്പെടുത്താതെയും ജീവിക്കുന്നവനാരോ അവനാണ് സുവിശേഷാധിഷ്ഠിത ദരിദ്രൻ . ഈ ചിന്തകളോടെ ഈ നോമ്പുകാലം മുഴുവൻ നമുക്കും ആത്മാവിൽ ദരിദ്രരായിക്കൊണ്ട് കർത്താവിൽ സൗഭാഗ്യമനുഭവിക്കാൻ ശ്രമിക്കാം.

ഫാ. ആന്റണി പൂതവേലിൽ
06.03.2022

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s