St. Paul’s Letter to the Philippians | വി. പൗലോസ് ഫിലിപ്പിയർക്ക് എഴുതിയ ലേഖനം | Malayalam Bible | POC Translation

ആമുഖം

പൗലോസ് തന്റെ രണ്ടാമത്തെ പ്രേഷിതയാത്രാവേളയില്‍ ഫിലിപ്പിയിലെ സഭയ്ക്ക് അടിസ്ഥാനമിട്ടു (അപ്പ16, 12-40). ഫിലിപ്പിയിലെ ക്രൈസ്തവര്‍ പൗലോസിനു പലപ്പോഴും സഹായമെത്തിച്ചുകൊടുക്കുമായിരുന്നു (ഫിലി 4, 16; 2 കൊറി 11,9). അതിനെല്ലാം നന്ദി രേഖപ്പെടുത്തുകയും, ഫിലിപ്പിയിലെ വിശ്വാസികളുടെ ജീവതരീതകളില്‍ പൗലോസിനുള്ള സംതൃപ്തിയും താത്പര്യവും അവരെ അറിയിക്കുകയുമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.എഫേസോസുകാര്‍ക്കും കൊളോസോസുകാര്‍ക്കും ഫിലെമോനും ഉള്ള ലേഖനങ്ങളെപ്പോലെ ഫിലിപ്പിയര്‍ക്കുള്ള ലേഖനത്തെയും ബന്ധനകാലലേഖനമായാണ് കരുതിപ്പോരുന്നത്. കാരാഗൃഹത്തില്‍വച്ചാണെഴുതുന്നതെന്നു പൗലോസ് ഈ ലേഖനത്തിലും ആവര്‍ത്തിച്ചു പറയുന്നുണ്ട് (1,7; 12-17). റോമായിലെ കാരാഗൃഹവാസമാണോ, അതോ എഫേസോസിലേതാണോ ഇവിടെ വിവക്ഷിക്കപ്പെടുന്നത് എന്ന് ഖണ്ഡിതമായി പറയാനാവില്ലെങ്കിലും, ആദ്യത്തേതാകാനാണു കൂടുതല്‍ സാധ്യത. അങ്ങനെയെങ്കില്‍, എ.ഡി. 58വനും 60വനും ഇടയ്ക്കായിരിക്കണം ഈ ലേഖനം രചിക്കപ്പെട്ടത്., കൃതജ്ഞത, പ്രാര്‍ത്ഥന, സുവിശേഷപ്രചാരണത്തെ സംബന്ധിച്ചവാര്‍ത്തകള്‍ (1, 1-27) എന്നിവയ്ക്കുശേഷം, ക്രിസ്തുവിശ്വാസം സ്വീകരിച്ചവര്‍ക്കുണ്ടായിരിക്കേണ്ട സ്ഥിരത, ഐക്യം എന്നീ കാര്യങ്ങളെക്കുറിച്ചുള്ള ഉപദേശങ്ങളാണു കാണുക (1, 28-2, 2). തുടര്‍ന്ന്, സമകാലീന ക്രിസ്തുവിജ്ഞാനീയത്തിന്റെ രത്‌നച്ചുരുക്കം അപ്പസ്‌തോലന്‍ അവതരിപ്പിക്കുന്നു (2, 3-49). യേശു തന്നെത്തന്നെ ശൂന്യനാക്കി, പിതാവിനോടുള്ള പരിപൂര്‍ണ്ണവിധേയത്വത്തില്‍, കേവലം ഒരു അടിമയെപ്പോലെ കുരിശുമരണത്തിനുപോലും സന്നദ്ധനായതുകൊണ്ട് പിതാവായ ദൈവം അവിടുത്തെ മഹത്വപ്പെടുത്തി. ഈ മാതൃകയാവണം ഓരോ ക്രൈസ്തവനും സമൂഹത്തിനുവേണ്ടി തന്റെ അവകാശങ്ങളെ ബലികഴിക്കാനും തന്നെതന്നെ സമര്‍പ്പിക്കാനും പ്രചോദനം നല്കുന്നത്  (2, 3-11). നിസ്‌സ്വാര്‍ത്ഥസേവനത്തിലൂടെ ലോകത്തിന്റെ പ്രകാശമായിരിക്കാനുള്ള ആഹ്വാനവും (2, 12-18) തന്റെ സഹപ്രവര്‍ത്തകരെ സംബന്ധിച്ചവാര്‍ത്തകളും (2, 19-3, 1) നല്കിയതിനുശേഷം പരിച്ഛേദനവാദികളെ അകറ്റി നിര്‍ത്തേണ്ടതിന്റെയും (3, 2-7) ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലെ പുതുജീവനിലേക്കു പ്രവേശിക്കാന്‍ വേണ്ടി അവിടുത്തെ സഹനത്തിലും മരണത്തിലും പങ്കുചേരേണ്ടതിന്റെയുംആവശ്യകതയാണ് അപ്പസ്‌തോലന്‍ ഊന്നിപ്പറയുന്നത്. യേശുവിന്റെ ആത്മാവും ദൈവത്തോടും മനുഷ്യരോടും കൂടുതല്‍ അടുക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ക്രിസ്തീയ സന്തോഷവും സമാധാനവും എന്നും നിലനിര്‍ത്താന്‍ നാം ശ്രമിക്കേണ്ടതാണ്  (3, 12-4, 9). ഫിലിപ്പിയിലെ വിശ്വാസികള്‍ അപ്പസ്‌തോലനു നല്കിയ സഹായത്തനു കൃതജ്ഞതയും അവര്‍ക്കെല്ലാവര്‍ക്കും അഭിവാദനങ്ങളും അര്‍പ്പിച്ചുകൊണ്ടു (4, 10-23) ലേഖനം ഉപസംഹരിക്കുന്നു.

Advertisements

അദ്ധ്യായം 1

അഭിവാദനം
1 യേശുക്രിസ്തുവിന്റെ ദാസന്‍മാരായ പൗലോസും തിമോത്തേയോസും ഫിലിപ്പിയിലെ മെത്രാന്‍മാരും ഡീക്കന്‍മാരും ഉള്‍പ്പെടെ യേശുക്രിസ്തുവിലുള്ള സകല വിശുദ്ധര്‍ക്കും എഴുതുന്നത്.2 നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.

കൃതജ്ഞതയും പ്രാര്‍ഥനയും

3 ഞാന്‍ നിങ്ങളെ ഓര്‍മിക്കുമ്പോഴെല്ലാം എന്റെ ദൈവത്തിനു നന്ദിപറയുന്നു;4 എപ്പോഴും എന്റെ എല്ലാ പ്രാര്‍ഥനകളിലും നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി സന്തോഷത്തോടെയാചിക്കുന്നു;5 ആദ്യദിവസംമുതല്‍ ഇന്നുവരെയും സുവിശേഷപ്രചാരണത്തിലുള്ള നിങ്ങളുടെ കൂട്ടായ്മയ്ക്കു ഞാന്‍ നന്ദി പറയുന്നു.6 നിങ്ങളില്‍ സത്പ്രവൃത്തി ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്റെ ദിനമാകുമ്പോഴേക്കും അതു പൂര്‍ത്തിയാക്കുമെന്ന് എനിക്കു ബോധ്യമുണ്ട്.7 നിങ്ങളെ എന്റെ ഹൃദയത്തില്‍ സംവഹിക്കുന്നതുകൊണ്ട്, നിങ്ങളെല്ലാവരെയുംകുറിച്ച് ഞാന്‍ അപ്രകാരം വിചാരിക്കുന്നതുയുക്തമാണ്. കാരണം, നിങ്ങളെല്ലാവരും കൃപയില്‍ എന്റെ പങ്കുകാരാണ്; അതുപോലെ തന്നെ, എന്റെ ബന്ധനത്തിലും സുവിശേഷസംരക്ഷണത്തിലും സ്ഥിരീകരണത്തിലും.8 യേശുക്രിസ്തുവിന്റെ വാത്‌സല്യത്തോടെ നിങ്ങളെല്ലാവരെയും കാണാന്‍ ഞാന്‍ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നതിനു ദൈവംതന്നെ സാക്ഷി.9 നിങ്ങളുടെ സ്‌നേഹം ജ്ഞാനത്തിലും എല്ലാത്തരത്തിലുമുള്ള വിവേചനാശക്തിയിലും ഉത്തരോത്തരം വര്‍ധിച്ചുവരട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.10 അങ്ങനെ, ഉത്തമമായവ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കു കഴിയും.11 ദൈവത്തിന്റെ മഹത്വത്തിനും സ്തുതിക്കുംവേണ്ടി യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന നീതിയുടെ ഫലങ്ങള്‍കൊണ്ടു നിറഞ്ഞ് നിങ്ങള്‍ ക്രിസ്തുവിന്റെ ദിനത്തിലേക്ക് നിഷ്‌കളങ്കരും നിര്‍ദോഷരുമായി ഭവിക്കട്ടെ.

എനിക്കു ജീവിതം ക്രിസ്തു

12 സഹോദരരേ, എനിക്കു സംഭവിച്ചതെല്ലാം സുവിശേഷത്തിന്റെ പുരോഗതിക്കു കാരണമായെന്ന് നിങ്ങള്‍ അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.13 കാരണം, ഞാന്‍ ക്രിസ്തുവിനുവേണ്ടിയാണ് ബന്ധനസ്ഥനായതെന്നു പ്രത്തോറിയം മുഴുവനിലുംശേഷം എല്ലാവര്‍ക്കും സുവിദിതമാണ്.14 മിക്കസഹോദരര്‍ക്കും എന്റെ ബന്ധനംനിമിത്തം കര്‍ത്താവില്‍ ആത്മധൈര്യം ലഭിച്ചതുകൊണ്ട് ഭയംകൂടാതെ ദൈവവചനം പ്രസംഗിക്കാന്‍ അവര്‍ കൂടുതല്‍ സന്നദ്ധരായിരിക്കുന്നു.15 ചിലര്‍ അസൂയയും മാത്‌സര്യവും നിമിത്തം ക്രിസ്തുവിനെ പ്രസംഗിക്കുന്നു. മറ്റു ചിലര്‍ സന്‍മനസ്‌സോടെതന്നെ പ്രസംഗിക്കുന്നു.16 ഇവര്‍ സ്‌നേഹത്തിന്റെ പേരിലാണ് അങ്ങനെ ചെയ്യുന്നത്. കാരണം, സുവിശേഷത്തിന്റെ സംരക്ഷണത്തിനു ഞാന്‍ നിയുക്ത നാണെന്ന് അവര്‍ക്കറിയാം.17 ആദ്യത്തെ കൂട്ടര്‍ കക്ഷിമാത്‌സര്യംമൂലം, എന്റെ ബന്ധ നത്തില്‍ എനിക്കു ദുഃഖം വര്‍ധിപ്പിക്കാമെന്നു വിചാരിച്ചുകൊണ്ട് ആത്മാര്‍ഥത കൂടാതെ ക്രിസ്തുവിനെ പ്രസംഗിക്കുന്നു.18 എന്നാലെന്ത്? ആത്മാര്‍ഥതയോടെയാണെങ്കിലും കാപട്യത്തോടെയാണെങ്കിലും എല്ലാവിധത്തിലും ക്രിസ്തുവാണല്ലോ പ്രസംഗിക്കപ്പെടുന്നത്. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനി സന്തോഷിക്കുകയും ചെയ്യും.19 നിങ്ങളുടെ പ്രാര്‍ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ ദാനത്താലും ഇത് എനിക്കു മോചനത്തിനായി പരിണമിക്കുമെന്നു ഞാന്‍ അറിയുന്നു.20 ആകയാല്‍, എനിക്ക് ഒന്നിലും ലജ്ജിക്കേണ്ടിവരുകയില്ലെന്നും, മറിച്ച്, പൂര്‍ണധൈര്യത്തോടെ എപ്പോഴും എന്നപോലെ ഇപ്പോഴും ക്രിസ്തു എന്റെ ശരീരത്തില്‍ – ജീവിതംവഴിയോ മരണംവഴിയോ – മഹത്വപ്പെടണമെന്നും എനിക്കു തീവ്രമായ ആഗ്രഹ വും പ്രതീക്ഷയുമുണ്ട്.21 എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്.22 ശാരീരികമായി ഇനിയും ഞാന്‍ ജീവിക്കുകയാണെങ്കില്‍, ഫലപ്രദമായി ജോലിചെയ്യാന്‍ സാധിക്കും. എങ്കിലും, ഏതാണു തെരഞ്ഞെടുക്കേണ്ടതെന്ന് എനിക്ക് അറിഞ്ഞുകൂടാ.23 ഇവ രണ്ടിനുമിടയില്‍ ഞാന്‍ ഞെരുങ്ങുന്നു. എങ്കിലും, എന്റെ ആഗ്രഹം, മരിച്ച് ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ്. കാരണം, അതാണു കൂടുതല്‍ ശ്രേഷ്ഠം.24 പക്‌ഷേ, ഞാന്‍ ശരീരത്തില്‍ തുടരുക നിങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ആവ ശ്യമാണ്.25 നിങ്ങളുടെ അഭിവൃദ്ധിക്കും വിശ്വാസത്തിലുള്ള സന്തോഷത്തിനുമായി ഞാന്‍ തുടര്‍ന്നു ജീവിക്കുമെന്നും നിങ്ങളെല്ലാവരുടെയുംകൂടെ ആയിരിക്കുമെന്നും എനിക്കറിയാം.26 നിങ്ങളുടെ അടുത്തേക്കുള്ള എന്റെ തിരിച്ചുവരവ് യേശുക്രിസ്തുവില്‍ ഞാന്‍ മൂലമുള്ള നിങ്ങളുടെ അഭിമാനത്തെ വര്‍ധിപ്പിക്കും.

വിശ്വാസത്തെപ്രതി പോരാട്ടം

27 ഞാന്‍ നിങ്ങളെ വന്നുകണ്ടാലും നിങ്ങളില്‍നിന്നു ദൂരസ്ഥനായിരുന്നാലും, നിങ്ങള്‍ ഒരേ ആത്മാവോടും ഒരേ മനസ്‌സോടുംകൂടെ ഉറച്ചുനിന്നു സുവിശേഷത്തിലുള്ള വിശ്വാസത്തിനുവേണ്ടി പോരാടുന്നുവെന്ന് നിങ്ങളെക്കുറിച്ചു കേള്‍ക്കുവാന്‍ തക്കവിധം, ക്രിസ്തുവിന്റെ സുവിശേഷത്തിനു യോഗ്യമായരീതിയില്‍ നിങ്ങള്‍ ജീവിക്കണമെന്നുമാത്രം.28 നിങ്ങളുടെ എതിരാളികളില്‍നിന്നുണ്ടാകുന്നയാതൊന്നിനെയും ഭയപ്പെടേണ്ടാ. ദൈവത്തില്‍നിന്നുള്ള അടയാളമാണത് – അവര്‍ക്കു നാശത്തിന്റെയും നിങ്ങള്‍ക്കു രക്ഷയുടെയും.29 ക്രിസ്തുവില്‍ വിശ്വസിക്കാന്‍മാത്രമല്ല, അവനുവേണ്ടി സഹിക്കാന്‍കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു.30 ഒരിക്കല്‍ ഞാന്‍ ചെയ്തതായി കണ്ടതും ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതായി നിങ്ങള്‍ കേള്‍ക്കുന്നതുമായ അതേ പോരാട്ടത്തില്‍ത്തന്നെയാണല്ലോ നിങ്ങളും ഏര്‍പ്പെട്ടിരിക്കുന്നത്.

Advertisements

അദ്ധ്യായം 2

തന്നെത്തന്നെ ശൂന്യനാക്കിയ ക്രിസ്തു

1 ആകയാല്‍ ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍2 നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ള വരായി എന്റെ സന്തോഷം പൂര്‍ണമാക്കുവിന്‍.3 മാത്‌സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം.4 ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്‍പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം.5 യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.6 ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;7 തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്,8 ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി.9 ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു.10 ഇത്, യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും,11 യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്.

ലോകത്തിന്റെ വെളിച്ചം

12 എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്‍ത്തിച്ചിട്ടുള്ള തുപോലെ, എന്റെ സാന്നിധ്യത്തില്‍മാത്ര മല്ല, ഞാന്‍ അകന്നിരിക്കുന്ന ഈ സമയത്തും പൂര്‍വാധികം ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ സ്വന്തം രക്ഷയ്ക്കുവേണ്ടി അധ്വാനിക്കുവിന്‍.13 എന്തെന്നാല്‍, തന്റെ അഭീഷ്ടമനുസരിച്ച് ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നതു ദൈവമാണ്.14 എല്ലാകാര്യങ്ങളും മുറുമുറുപ്പും തര്‍ക്കവുംകൂടാതെ ചെയ്യുവിന്‍.15 അങ്ങനെ, നിങ്ങള്‍ നിര്‍ദോഷരും നിഷ്‌കളങ്കരുമായിത്തീര്‍ന്ന്, വഴിപിഴച്ചതും വക്രതയുള്ളതുമായ തലമുറയുടെയിടയില്‍ കുറ്റമറ്റ ദൈവ മക്കളാവട്ടെ; അവരുടെ മധ്യേ ലോകത്തില്‍ നിങ്ങള്‍ വെളിച്ചമായി പ്രകാശിക്കുകയും ചെയ്യട്ടെ.16 നിങ്ങള്‍ ജീവന്റെ വചനത്തെ മുറുകെപ്പിടിക്കുവിന്‍. അപ്പോള്‍ ഞാന്‍ ഓടിയതും അധ്വാനിച്ചതും വ്യര്‍ഥമായില്ലെന്ന് ക്രിസ്തുവിന്റെ ദിനത്തില്‍ എനിക്കഭിമാനിക്കാം.17 നിങ്ങളുടെ ബലിയുടെയും വിശ്വാസത്തില്‍ നിന്നുള്ള ശുശ്രൂഷയുടെയുംമേല്‍ ഒരു നൈവേദ്യമായി എന്റെ ജീവന്‍ ചൊരിയേണ്ടിവന്നാല്‍ത്തന്നെയും, ഞാന്‍ അതില്‍ സന്തോഷിക്കുകയും നിങ്ങളെല്ലാവരോടുംകൂടെ ആ നന്ദിക്കുകയും ചെയ്യും.18 ഇപ്രകാരംതന്നെ നിങ്ങളും എന്നോടുകൂടെ സന്തോഷിക്കുകയും എന്റെ ആനന്ദത്തില്‍ പങ്കുകൊള്ളുകയും ചെയ്യുവിന്‍.

തിമോത്തേയോസ്

19 നിങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞ് എനിക്കു സന്തോഷിക്കാന്‍വേണ്ടി, തിമോത്തേയോസിനെ ഉടനെ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കാമെന്നു കര്‍ത്താവായ യേശുവില്‍ ഞാന്‍ പ്രത്യാശിക്കുന്നു.20 അവനെപ്പോലെ നിങ്ങളുടെ കാര്യത്തില്‍ ആത്മാര്‍ഥമായി താത്പര്യമുള്ള വേറൊരാള്‍ എനിക്കില്ല.21 എല്ലാവരും അന്വേഷിക്കുന്നതു സ്വന്തം കാര്യമാണ്. യേശുക്രിസ്തുവിന്റെ കാര്യമല്ല.22 എന്നാല്‍, തിമോത്തേയോസിന്റെ സ്വഭാവഗുണം നിങ്ങള്‍ക്കറിയാമല്ലോ. പുത്രന്‍ പിതാവിനോടൊത്ത് എന്നതുപോലെ അവന്‍ എന്നോടൊത്തു സുവിശേഷത്തിനു ശുശ്രൂ ഷ ചെയ്തു.23 എന്റെ കാര്യം എങ്ങനെയാകുമെന്ന് അറിഞ്ഞാലുടനെ അവനെ അയയ്ക്കാമെന്നു പ്രതീക്ഷിക്കുന്നു.24 എനിക്കു വേഗം വരാന്‍ സാധിക്കുമെന്നു കര്‍ത്താവില്‍ ഞാന്‍ പ്രത്യാശിക്കുന്നു.

എപ്പഫ്രോദിത്തോസ്

25 എന്റെ സഹോദരനും സഹപ്രവര്‍ത്ത കനും സഹയോദ്ധാവും നിങ്ങളുടെ അപ്പസ്‌തോലനും എന്റെ ആവശ്യങ്ങളില്‍ ശുശ്രൂഷകനുമായ എപ്പഫ്രോദിത്തോസിനെ നിങ്ങളുടെ അടുത്തേക്ക് അയയ്‌ക്കേണ്ടതാണെന്ന് ഞാന്‍ കരുതുന്നു.26 നിങ്ങളെ എല്ലാവരെയും കാണാന്‍ അവന്‍ അതീവ തത്പരനാണ്. കൂടാതെ, താന്‍ രോഗിയാണെന്നു നിങ്ങള്‍കേട്ട തില്‍ അവന്‍ വളരെ അസ്വസ്ഥനായിരിക്കുകയുമാണ്.27 അതേ, അവന്‍ രോഗബാധിത നായി മരണത്തോളം എത്തി. എങ്കിലും ദൈവം അവനോടു കരുണ കാണിച്ചു. അവനോടു മാത്രമല്ല എന്നോടും-എനിക്കു ദുഃഖത്തിന്‍മേല്‍ ദുഃഖം ഉണ്ടാകാതിരിക്കാന്‍വേണ്ടി.28 അവനെ നിങ്ങള്‍ വീണ്ടും കണ്ട് സന്തോഷിക്കാനും അങ്ങനെ, എന്റെ ദുഃഖം കുറയാനുംവേണ്ടി അവനെ അയയ്ക്കാന്‍ ഞാന്‍ അ തീവതത്പരനാണ്.29 അതുകൊണ്ട്, പൂര്‍ണ സന്തോഷത്തോടെ നിങ്ങള്‍ കര്‍ത്താവില്‍ അവനെ സ്വീകരിക്കുവിന്‍. അവനെപ്പോലെയുള്ളവരെ നിങ്ങള്‍ ബഹുമാനിക്കണം.30 കാരണം, ക്രിസ്തുവിനുവേണ്ടിയുള്ള ശുശ്രൂഷയില്‍ അവന്‍ മരണത്തിന്റെ വക്കുവരെ എത്തി. എനിക്കുവേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു പരിഹരിക്കാന്‍ സ്വന്തം ജീവന്‍തന്നെ അവന്‍ അപകടത്തിലാക്കി.

Advertisements

അദ്ധ്യായം 3

യഥാര്‍ഥ നീതി

1 എന്റെ സഹോദരരേ, നിങ്ങള്‍ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍. ഒരേ കാര്യം വീണ്ടും എഴുതുന്നതില്‍ എനിക്കു മടുപ്പു തോന്നുന്നില്ല; നിങ്ങള്‍ക്ക് അതു കൂടുതല്‍ സുര ക്ഷിതത്വം നല്‍കും.2 നായ്ക്കളെയും തിന്‍മ കള്‍ പ്രവര്‍ത്തിക്കുന്നവരെയും പരിച്‌ഛേദന വാദികളെയും സൂക്ഷിച്ചുകൊള്ളുവിന്‍.3 നമ്മളാണ്‌യഥാര്‍ഥ പരിച്‌ഛേദിതര്‍വദൈവത്തെ ആത്മാവില്‍ ആരാധിക്കുകയും യേശുക്രിസ്തുവില്‍ അഭിമാനം കൊള്ളുകയും ജഡത്തില്‍ ശരണം വയ്ക്കാതിരിക്കുകയും ചെയ്യുന്ന നമ്മള്‍.4 എന്നാല്‍, എനിക്കു ശരീരത്തിലും പ്രത്യാശ വയ്ക്കാന്‍ കഴിയും. ശരീരത്തില്‍ പ്രത്യാശയുണ്ട് എന്നു വിചാരിക്കുന്ന ആരെയുംകാള്‍ കൂടുതലായി അതിനുള്ള അവകാശം എനിക്കുണ്ട്.5 കാരണം, എട്ടാംദിവസം പരിച്‌ഛേദനം ചെയ്യപ്പെട്ടവനാണു ഞാന്‍; ഇസ്രായേല്‍വംശത്തിലും ബഞ്ചമിന്‍ഗോത്രത്തിലും പിറന്നവന്‍; ഹെബ്രായരില്‍നിന്നു ജനിച്ച ഹെബ്രായന്‍; നിയമപ്രകാരം ഫരിസേയന്‍.6 തീക്ഷ്ണതകൊണ്ട് സഭയെ പീഡിപ്പിച്ചവന്‍; നീതിയുടെ കാര്യത്തില്‍ നിയമത്തിന്റെ മുമ്പില്‍ കുറ്റമില്ലാത്തവന്‍. എന്നാല്‍, എനിക്കു ലാഭമായിരുന്ന7 ഇവയെല്ലാം ക്രിസ്തുവിനെപ്രതി നഷ്ടമായി ഞാന്‍ കണക്കാക്കി.8 ഇവ മാത്രമല്ല, എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സക ലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്.9 ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ. എനിക്കു നിയമത്തില്‍നിന്നു ലഭിക്കുന്ന നീതിയല്ല ഉള്ളത്; പിന്നെയോ ക്രിസ്തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്ന നീതിയാണ്. അതായത്, വിശ്വാസത്തെ ആസ്പദമാക്കി ദൈവത്തില്‍നിന്നുള്ള നീതി.10 അത്, അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും ഞാന്‍ അറിയുന്നതിനും അവന്റെ സഹനത്തില്‍ പങ്കുചേരുന്നതിനും അവന്റെ മരണത്തോടു താദാത്മ്യപ്പെടുന്നതിനും വേണ്ടിയാണ്.11 അങ്ങനെ മരിച്ചവരില്‍നിന്നുള്ള ഉയിര്‍പ്പ് പ്രാപിക്കാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

ലക്ഷ്യത്തിലേക്ക്

12 ഇത് എനിക്കു കിട്ടിക്കഴിഞ്ഞെന്നോ, ഞാന്‍ പരിപൂര്‍ണനായെന്നോ അര്‍ഥമില്ല. ഇതു സ്വന്തമാക്കാന്‍വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണ്; യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു.13 സഹോദരരേ, ഞാന്‍ തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍, ഒരുകാര്യം ഞാന്‍ ചെയ്യുന്നു. എന്റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു.14 യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്കു പ്രയാണംചെയ്യുന്നു.15 അതിനാല്‍, നമ്മില്‍ പൂര്‍ണതപ്രാപിച്ചവര്‍ ഇങ്ങനെതന്നെ ആഗ്രഹിക്കട്ടെ. ആരെങ്കിലും ഏതെങ്കിലും കാര്യത്തില്‍ ഭിന്നമായി ചിന്തിക്കുന്നെങ്കില്‍ ദൈവം നിങ്ങള്‍ക്ക് അതു വ്യക്തമാക്കിത്തരും.16 എന്നാല്‍, നേടിയെടുത്തതിനെ മുറുകെപ്പിടിച്ചുകൊണ്ടുതന്നെയാവണം നമ്മുടെ പ്രവര്‍ത്തനം.17 സഹോദരരേ, നിങ്ങള്‍ എന്നെ അനുകരിക്കുന്നവരുടെകൂടെ ചേരുവിന്‍. ഞങ്ങളുടെ മാതൃകയനുസരിച്ചു ജീവിക്കുന്നവരെ കണ്ടുപഠിക്കുവിന്‍.18 എന്നാല്‍, പലരും ക്രിസ്തുവിന്റെ കുരിശിന്റെ ശത്രുക്കളായി ജീവിക്കുന്നു എന്ന് പലപ്പോഴും നിങ്ങളോടു ഞാന്‍ പറഞ്ഞിട്ടുള്ളതുതന്നെ ഇപ്പോള്‍ കണ്ണീരോടെ ആവര്‍ത്തിക്കുന്നു.19 നാശമാണ് അവരുടെ അവസാനം; ഉദരമാണ് അവരുടെ ദൈവം. ലജ്ജാകരമായതില്‍ അവര്‍ അഭിമാനംകൊ ള്ളുന്നു.20 ഭൗമികമായതുമാത്രം അവര്‍ ചിന്തിക്കുന്നു. എന്നാല്‍, നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്; അവിടെനിന്ന് ഒരു രക്ഷകനെ, കര്‍ത്താവായ യേശുക്രിസ്തുവിനെ, നാം കാത്തിരിക്കുന്നു.21 സകലത്തെയും തനിക്കു കീഴ്‌പ്പെടുത്താന്‍ കഴിയുന്ന ശക്തിവഴി അവന്‍ നമ്മുടെ ദുര്‍ബലശരീരത്തെ തന്റെ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും.

Advertisements

അദ്ധ്യായം 4

1 ആകയാല്‍ പ്രിയപ്പെട്ടവരേ, ഞാന്‍ കാണാനാഗ്രഹിക്കുന്ന, എന്റെ സന്തോഷവും കിരീടവുമായ വത്‌സലസഹോദരരേ, നിങ്ങള്‍ കര്‍ത്താവില്‍ ഉറച്ചുനില്‍ക്കുവിന്‍.

ഉപദേശങ്ങള്‍

2 കര്‍ത്താവില്‍ ഏകമനസ്‌സോടെയായിരിക്കാന്‍ ഞാന്‍ എവോദിയായോടും സിന്തിക്കെയോടും അഭ്യര്‍ഥിക്കുന്നു.3 കൂടാതെ, എന്റെ ആത്മസുഹൃത്തേ, ക്ലെമന്റിനോടും എന്റെ മറ്റു സഹപ്രവര്‍ത്തകരോടുംകൂടെ സുവിശേഷത്തിനുവേണ്ടി എന്നോടൊപ്പം പ്രയത്‌നിച്ച ആ സ്ത്രീകളെ സഹായിക്കണമെന്ന് ഞാന്‍ നിന്നോട് അഭ്യര്‍ഥിക്കുന്നു. അവരുടെ നാമം ജീവന്റെ പുസ്തകത്തിലുണ്ട്.4 നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍.5 നിങ്ങളുടെ ക്ഷമാശീലം എല്ലാവരും അറിയട്ടെ. കര്‍ത്താവ് അടുത്തെത്തിയിരിക്കുന്നു.6 ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.7 അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും.8 അവസാനമായി, സഹോദരരേ, സത്യവും വന്ദ്യവും നീതിയുക്തവും പരിശുദ്ധവും സ്‌നേഹാര്‍ഹവും സ്തുത്യര്‍ഹവും ഉത്തമ വും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയുംകുറിച്ചു ചിന്തിക്കുവിന്‍.9 എന്നില്‍നിന്നു പഠിച്ചതും സ്വീകരിച്ചതും കേട്ടതും എന്നില്‍ കണ്ടതും നിങ്ങള്‍ ചെയ്യുവിന്‍. അപ്പോള്‍ സമാധാനത്തിന്റെ ദൈവം നിങ്ങളു ടെകൂടെയുണ്ടായിരിക്കും.

സഹായത്തിനു നന്ദി

10 നിങ്ങള്‍ ഇപ്പോള്‍ വീണ്ടും എന്നോടു താത്പര്യം കാണിക്കുന്നതിനാല്‍ , ഞാന്‍ കര്‍ത്താവില്‍ വളരെ സന്തോഷിക്കുന്നു. ഈ താത്പര്യം നിങ്ങള്‍ക്കു പണ്ടും ഉണ്ടായിരുന്നതാണ്; എന്നാല്‍, അതു പ്രകടിപ്പിക്കാന്‍ അവസരം ഇല്ലായിരുന്നല്ലോ.11 എനിക്ക് എന്തെങ്കിലും കുറവുള്ളതുകൊണ്ടല്ല ഞാന്‍ ഇതു പറയുന്നത്. കാരണം, ഏതു സാഹചര്യത്തിലും സംതൃപ്തിയോടെ കഴിയാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്.12 താഴ്ന്നനിലയില്‍ ജീവിക്കാന്‍ എനിക്കറിയാം; സമൃദ്ധിയില്‍ ജീവിക്കാനും ഏതു സാഹചര്യത്തിലും കഴിയാനും എനിക്കു പരിശീലനം ലഭിച്ചിട്ടുണ്ട് – അതേ, സുഭിക്ഷത്തിലും ദുര്‍ഭിക്ഷത്തിലും സമൃദ്ധിയിലും ദാരിദ്ര്യത്തിലുമെല്ലാം.13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.14 എങ്കിലും, എന്റെ ഞെരുക്കങ്ങളില്‍ സൗമനസ്യത്തോടെ നിങ്ങള്‍ പങ്കുചേര്‍ന്നു. 15 ഫിലിപ്പിയരേ, സുവിശേഷപ്രചാരണത്തിന്റെ ആരംഭത്തില്‍ ഞാന്‍ മക്കെദോനിയാ വിട്ടപ്പോള്‍ നിങ്ങളൊഴികെ മറ്റൊരു സഭയും എന്നോടു കൊടുക്കല്‍വാങ്ങലില്‍ പങ്കു ചേര്‍ന്നില്ലെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ.16 ഞാന്‍ തെസലോനിക്കായില്‍ ആയിരുന്നപ്പോള്‍പോലും, എന്റെ ആവശ്യത്തിന് ഒന്നുരണ്ടു പ്രാവശ്യം നിങ്ങള്‍ സഹായം അയച്ചുതന്നു.17 ഞാന്‍ ദാനം ആഗ്രഹിക്കുന്നുവെന്നു വിചാരിക്കരുത്; പിന്നെയോ, നിങ്ങള്‍ക്കു പ്രതിഫലം വര്‍ധിക്കണമെന്നാണ് എന്റെ ആഗ്രഹം.18 എനിക്ക് ആവശ്യത്തിനും അതിലധികവും ലഭിച്ചു. എനിക്ക് എല്ലാം തികഞ്ഞിരിക്കുന്നു; കാരണം, എപ്പഫ്രോദിത്തോസിന്റെ യടുത്തുനിന്ന് നിങ്ങളുടെ ദാനം, ദൈവത്തിനു പ്രസാദിച്ച തും സുരഭിലവും സ്വീകാര്യവുമായ ബലി, ഞാന്‍ സ്വീകരിച്ചു.19 എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.20 നമ്മുടെ പിതാവായ ദൈവത്തിന് എന്നും എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ! ആമേന്‍.21 നിങ്ങള്‍ യേശുക്രിസ്തുവില്‍ സകല വിശുദ്ധരെയും അഭിവാദനംചെയ്യുവിന്‍. എന്റെ കൂടെയുള്ള സഹോദരര്‍ നിങ്ങളെ അഭിവാദനം ചെയ്യുന്നു.22 എല്ലാ വിശുദ്ധരും പ്രത്യേകിച്ച് സീസറിന്റെ ഭവനത്തില്‍പ്പെട്ടവര്‍, നിങ്ങളെ അഭിവാദനംചെയ്യുന്നു.23 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഉണ്ടായിരിക്കട്ടെ.

Advertisements
Advertisements
Advertisements
St. Paul
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s