നോമ്പുകാല വചന തീർത്ഥാടനം – 10

നോമ്പുകാല
വചനതീർത്ഥാടനം – 10

സങ്കീർത്തനങ്ങൾ 127 : 1
” കർത്താവ് വീടു പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അദ്ധ്വാനം വ്യർഥമാണ്. കർത്താവ് നഗരം കാക്കുന്നില്ലെങ്കിൽ കാവൽക്കാർ ഉണർന്നിരിക്കുന്നതും വ്യർഥം.”

ഇസ്രായേൽ ജനത്തിന്റെ ജീവിത സാഹചര്യങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ പ്രാർത്ഥനാഗീതങ്ങളാണ് പൊതുവെ സങ്കീർത്തനങ്ങൾ. ദൈവവും ഇസ്രായേൽജനവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്റെ സ്വഭാവം സങ്കീർത്തനങ്ങളിൽ പ്രകടമാണ്. ജ്ഞാനസാഹിത്യരൂപത്തിലുള്ളതാണ് ഇവിടെ പരാമർശിതമായ സങ്കീർത്തനം. നമ്മുടെ അദ്ധ്വാനത്തെ ദൈവം അനുഗ്രഹിക്കുമ്പോഴാണ് നമുക്ക് ജീവിതവിജയം ഉണ്ടാകുന്നത്. ആരും അദ്ധ്വാനിക്കുന്നതുകൊണ്ടുമാത്രം അഭിവൃദ്ധിയിലേക്ക് ഉയരുന്നില്ല. അനേകവർഷങ്ങൾ കഠിനാദ്ധ്വാനം ചെയ്തിട്ടും ഒരു പുരോഗതിയും കൈവരിക്കാത്തവരെയും ഏതാനും വർഷങ്ങൾകൊണ്ട് പുരോഗതി നേടിയവരെയും നമുക്ക് പരിചയമുണ്ടാകും. അപ്പോൾ അദ്ധ്വാനംകൊണ്ട് മാത്രം ആരും രക്ഷപ്പെടുന്നില്ലെന്നും ദൈവാനുഗ്രഹംകൂടി വേണമെന്നും സാരം. ദൈവത്തിനു നിരക്കാത്ത പ്രവൃത്തികൾ ചെയ്തുകൂട്ടിയും സമ്പന്നരാകുന്നവരുമുണ്ട് എന്ന കാര്യവും വിസ്മരിക്കുന്നില്ല. എന്നാൽ ദൈവാനുഗ്രഹത്തോടുകൂടിയ സൽപ്രവൃത്തികളിലൂടെ ആർജ്ജിക്കുന്ന വിജയം ശാശ്വതവും സന്തോഷകരവുമായിരിക്കും. വേദപുസ്തക കഥാപാത്രമായ അബ്രാഹവും ഇസഹാക്കും ദൈവഹിതമനുസരിച്ചു പ്രവർത്തിച്ചതു കൊണ്ടാണ് അവരുടെ തലമുറകൾ അനുഗൃഹീതരായത്. മനുഷ്യന്റെ അദ്ധ്വാനമോ പ്രയത്നമോ അല്ല, ദൈവകാരുണ്യമാണ് എല്ലാത്തിന്റെയും അടിസ്ഥാനമെന്ന് വി. ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത് ഈ സാഹചര്യത്തിലാണ്.

നമ്മുടെ പാപങ്ങളാണ് ദൈവാനുഗ്രഹത്തിന്റെ തണലിൽനിന്ന് നമ്മെ അകറ്റി നിർത്തുന്നത്. ഒരുകാലത്ത് സമൃദ്ധവും സമ്പന്നവുമായിരുന്ന സോദോം ഗൊമോറ പ്രദേശങ്ങൾ നാശഗർത്തമായി മാറിയതിന്റെ പിന്നിൽ അവിടെ വസിച്ചിരുന്ന ജനതതിയുടെ തിന്മനിറഞ്ഞ ജീവിതമായിരുന്നു. പാപമുള്ളിടത്ത് ദൈവാനുഗ്രഹം അകന്നു പോകുന്നു. നമ്മുടെ വ്യക്തി ജീവിതത്തിലെ വാശി, വൈരാഗ്യം, പ്രതികാരചിന്ത തുടങ്ങിയ തിന്മകളും , പല പ്രകാരേണ ദൈവത്തോട് നമ്മൾ കാട്ടുന്ന അവിശ്വസ്തത നിറഞ്ഞ പ്രവൃത്തികളും അനുഗ്രഹാനുഭവത്തെ തടസ്സപ്പെടുത്തുന്ന സാഹചര്യങ്ങളാണ്. ഇതിനെല്ലാം പരിഹാരം കാണേണ്ട കാലയളവാണ് നോമ്പുകാലമെന്ന ചിന്ത നമ്മെ ഓരോരുത്തരെയും നയിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു

ഫാ. ആന്റണി പൂതവേലിൽ.
11.03.2022

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s