ആമുഖം
തിമോത്തേയോസിനുള്ള രണ്ടു ലേഖനങ്ങള്‍, തീത്തോസിനുള്ള ലേഖനം എന്നിവ അജപാലകര്‍ക്കുള്ള ലേഖനങ്ങള്‍ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. പൗലോസ് തന്റെ പ്രേഷിതയാത്രകളില്‍ സഹായികളായിരുന്ന തിമോത്തേയോസിനെയും തീത്തോസിനെയും സംബോധന ചെയ്തുകൊണ്ടാണ് ലേഖനങ്ങള്‍ എഴുതിയിരിക്കുന്നതെങ്കിലും സഭയിലെ ഉന്നത സ്ഥാനീയരെ പൊതുവെ ഉദ്ദേശിച്ചുള്ള നിര്‍ദേശങ്ങളാണ് ഈ ലേഖനങ്ങളുടെ ഉള്ളടക്കം. പൗലോസ് അറിയിച്ച സുവിശേഷത്തില്‍ നിന്ന് വ്യത്യസ്തമായ പ്രബോധനങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരേ നടപടികള്‍ സ്വീകരിക്കാന്‍ തിമേത്തേയോസിനോടു ആവശ്യപ്പെടുകയാണ്, അദ്ദേഹത്തിന് എഴുതിയ ഒന്നാംലേഖനത്തിന്റെ പ്രധാന ഉദ്ദേശം ( 1, 3-30, 4,1-5). കൂടാതെ സമൂഹപ്രാര്‍ത്ഥന, സഭാസമ്മേളനങ്ങളില്‍ സ്ത്രീകള്‍ പാലിക്കേണ്ട അച്ചടക്കം എന്നിവയെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ (2, 1-15), മെത്രാന്മാരുടെയും ഡീക്കന്‍മാരുടെയും കടമകള്‍ (3, 1-13), വിധവകള്‍, അടിമകള്‍ തുടങ്ങിയവര്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ( 5, 3-6, 20) എന്നിങ്ങനെയുള്ള കാര്യങ്ങളും ഈ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. തിമേത്തേയോസിനെഴുതിയരണ്ടാമത്തെ ലേഖനം പൗലോസ് റോമായിലെ കാരാഗൃഹത്തില്‍നിന്ന്, തന്റെ മരണത്തിന് തൊട്ടുമുമ്പായി എഴുതിയതാവണം ( 1, 8, 16; 2, 9). സുവിശേഷ പ്രഘോഷണമാണ് കാരാഗൃഹവാസത്തിന് കാരണമായതെന്നും തനിക്ക് എന്താണു സംഭവിക്കാനിരിക്കുന്നതെന്നും പൗലോസിന് ബോധ്യമുണ്ടായിരുന്നു ( 4, 3-8; 16 – 18). അപ്പസ്‌തോലന്‍ തന്റെ ജീവിതാനുഭവങ്ങള്‍ തന്നെ ഉദാഹരണമായി എടുത്തുകാണിച്ചുകൊണ്ട് ( 2, 1-13) വ്യാജപ്രബോധനങ്ങള്‍ക്കെതിരേ പോരാടാനും എതിര്‍പ്പുകളെ ഭയപ്പെടാതെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാനും തിമോത്തേയോസിനെ പ്രോത്സാഹിപ്പിക്കുണ്ട്, ഈ ലേഖനത്തില്‍ (3, 1-17). ക്രേത്തേയിലെ ക്രിസ്തീയ സമൂഹത്തിന്റെ നേതാവായാണ് പൗലോസ് തീത്തോസിനെ അദ്ദേഹത്തിന് എഴുതിയ ലേഖനത്തില്‍ ചിത്രീകരിക്കുന്നത് (1,5). സാഹചര്യങ്ങള്‍ക്ക് യോജിച്ചവരും സല്‍ഗുണ സമ്പന്നരുമായ വ്യക്തികളെ മാത്രമേ സഭയിലെ ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കാവൂ എന്ന് അപ്പസ്‌തോലന്‍ പ്രത്യേകം നിഷ്‌കര്‍ശിക്കുന്നു (1, 6-9). വ്യാജപ്രബോധകര്‍ക്കെതിരേ കര്‍ശനമായ നിലപാടു സ്വീകരിക്കാനും ( 1, 10-16) ജീവിതത്തിന്റെ വിവിധ തുറകള്‍ക്കാവശ്യമായ പ്രായോഗിക നിര്‍ദേശങ്ങള്‍ നല്കാനും തീത്തോസിനെ ഉപദേശിക്കുന്നുമുണ്ട് (2,1-10). വിദ്വേഷം, വിഭാഗീയ ചിന്താഗതി തുടങ്ങിയ ഒഴിവാക്കി, സ്‌നേഹത്തോടും സമാധാനത്തോടുംകൂടെ വിശ്വാസികള്‍ ക്രിസ്തീയ കൂട്ടായ്മയില്‍ കഴിയേണ്ടെതെങ്ങനെയെന്ന് അവരെ പഠിപ്പിക്കാനുള്ള ആഹ്വാനവും (3, 1- 11) ഈ ലേഖനത്തില്‍ കാണാം.
അദ്ധ്യായം 1
അഭിവാദനം
1 ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനുമായ പൗലോസില്‍നിന്ന്:2 ദൈവം തെരഞ്ഞെടുത്തവരുടെ വിശ്വാസത്തെയും ദൈവഭക്തിക്കുചേര്‍ന്ന സത്യത്തിന്റെ ജ്ഞാനത്തെയും നിത്യജീവന്റെ പ്രത്യാശയില്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.3 ഈ പ്രത്യാശ, വ്യാജം പറയാത്തവനായ ദൈവംയുഗങ്ങള്‍ക്കുമുമ്പു വാഗ്ദാനം ചെയ്തിട്ടുള്ളതും തക്കസമയത്ത് തന്റെ വചനത്തിന്റെ പ്രഘോഷണംവഴി വെളിപ്പെടുത്തിയിട്ടുള്ളതുമാണ്.4 നമ്മുടെ രക്ഷകനായദൈവത്തിന്റെ കല്‍പനയാല്‍ ഈ പ്രഘോ ഷണത്തിനു നിയുക്തനായിരിക്കുന്ന ഞാന്‍, നാം പങ്കുചേരുന്ന വിശ്വാസം വഴിയഥാര്‍ഥത്തില്‍ എന്റെ പുത്രനായ തീത്തോസിന് എഴുതുന്നത്. പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവില്‍നിന്നും കൃപയും കാരുണ്യവും സമാധാനവും.
ക്രേത്തേയിലെ ദൗത്യം
5 ഞാന്‍ നിന്നെ ക്രേത്തേയില്‍ വിട്ടിട്ടുപോന്നത്, നീ അവിടത്തെ കുറവുകളെല്ലാം പരിഹരിക്കുന്നതിനും ഞാന്‍ നിര്‍ദേശിച്ചവിധം എല്ലാ പട്ടണങ്ങളിലും ശ്രേഷ്ഠന്‍മാരെ നിയമിക്കുന്നതിനും വേണ്ടിയാണ്.6 ശ്രേഷ്ഠന്‍ കുറ്റമറ്റ സ്വഭാവമുള്ളവനും ഏകഭാര്യയുടെ ഭര്‍ത്താവുമായിരിക്കണം. അവന്റെ സന്താനങ്ങള്‍ വിശ്വാസികളും, ദുര്‍വൃത്തരെന്നോ അനുസരണമില്ലാത്തവരെന്നോ ദുഷ്‌കീര്‍ത്തി സമ്പാദിച്ചിട്ടില്ലാത്തവരും, ആയിരിക്കണം.7 മെത്രാന്‍ ദൈവത്തിന്റെ കാര്യസ്ഥന്‍ എന്ന നിലയ്ക്കു കുറ്റമറ്റവനായിരിക്കണം. അഹങ്കാരിയോ ക്ഷിപ്രകോപിയോ മദ്യപനോ അക്രമാസക്തനോ ലാഭക്കൊതിയനോ ആയിരിക്കരുത്;8 മറിച്ച്, അവന്‍ അതിഥിസത്കാരപ്രിയനും നന്‍മയോടു പ്രതിപത്തിഉള്ളവനും വിവേകിയും നീതിനിഷ്ഠനും പുണ്യശീലനും ആത്മനിയന്ത്രണം പാലിക്കുന്നവനും ആയിരിക്കണം.9 അന്യൂനമായ വിശ്വാസസംഹിതയില്‍ പ്രബോധനം നല്‍കാനും അതിനെ എതിര്‍ക്കുന്നവരില്‍ ബോധ്യം ജനിപ്പിക്കാനും കഴിയേണ്ടതിന് അവന്‍ , താന്‍ പഠിച്ചറിഞ്ഞസത്യവചനത്തെ മുറുകെപ്പിടിക്കണം.10 എന്തെന്നാല്‍, വിധേയത്വമില്ലാത്തവരും അര്‍ഥശൂന്യമായി സംസാരിക്കുന്നവരും വഞ്ചകരുമായ ഒട്ടേറെ ആളുകള്‍ അവിടെയുണ്ട്; പ്രത്യേകിച്ച് പരിച്‌ഛേദനവാദികള്‍.11 അവരെ നിശബ്ദരാക്കേണ്ടിയിരിക്കുന്നു; നീചമായ ലാഭത്തെ ഉന്നംവച്ചുകൊണ്ട് പഠിപ്പിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പഠിപ്പിക്കുന്നതുമുഖേന കുടുംബങ്ങളെ അവര്‍ ഒന്നാകെ തകിടംമറിക്കുന്നു.12 അവരുടെ കൂട്ടത്തിലൊരാള്‍ – അവരുടെതന്നെ ഒരു പ്രവാചകന്‍- ഇപ്രകാരം പറയുകയുണ്ടായി: ക്രേത്തേയിലെ ആളുകള്‍ എല്ലായ്‌പോഴും നുണയരും ദുഷ്ടമൃഗങ്ങളും അലസരും ഭോജനപ്രിയരുമാണ്.13 ഈ പ്രസ്താവം സത്യമാണ്.14 അതിനാല്‍, യഹൂദരുടെ കെട്ടുകഥകള്‍ക്കും സത്യത്തെനിഷേധിക്കുന്നവരുടെ നിര്‍ദേശങ്ങള്‍ക്കും ചെവികൊടുക്കാതെ, അവര്‍ ശരിയായ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നതിനുവേണ്ടി നീ അവരെ നിര്‍ദാക്ഷിണ്യം ശാസിക്കുക.15 നിര്‍മലഹൃദയര്‍ക്ക് എല്ലാം നിര്‍മലമാണ്; എന്നാല്‍, മലിനഹൃദയര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നും നിര്‍മലമല്ല. അവരുടെ ഹൃദയവും മനഃസാക്ഷിയും ദുഷിച്ചതാണ്.16 തങ്ങള്‍ ദൈവത്തെ അറിയുന്നു എന്ന് അവര്‍ ഭാവിക്കുന്നു; എന്നാല്‍, പ്രവൃത്തികള്‍ വഴി അവിടുത്തെനിഷേധിക്കുകയും ചെയ്യുന്നു. അവര്‍ വെറുക്കപ്പെടേണ്ടവരും അനുസരണമില്ലാത്തവരും ഒരു സത്പ്രവൃത്തിക്കും കഴിവില്ലാത്തവരുമാണ്.
അദ്ധ്യായം 2
നിര്‍ദേശങ്ങള്‍
1 നീ ശരിയായ വിശ്വാസസംഹിതയനുസരിച്ചുള്ള കാര്യങ്ങള്‍ പഠിപ്പിക്കുക.2 പ്രായംചെന്ന പുരുഷന്‍മാര്‍ മിതത്വം പാലിക്കുന്നവരും ഗൗരവബുദ്ധികളും വിവേകികളും വിശ്വാസത്തിലും സ്‌നേഹത്തിലും സഹനത്തിലും ദൃഢതയുള്ളവരും ആയിരിക്കാന്‍ നീ ഉപദേശിക്കുക.3 പ്രായം ചെന്ന സ്ത്രീകള്‍ ആദരപൂര്‍വം പെരുമാറുകയും പരദൂഷണം ഒഴിവാക്കുകയും മദ്യപാനത്തിന് അടിമകളാകാതിരിക്കുകയും ചെയ്യാന്‍ അവരെ ഉപദേശിക്കുക. അവര്‍ നല്ല കാര്യങ്ങള്‍ പഠിപ്പിക്കട്ടെ.4 ഭര്‍ത്താക്കന്‍മാരെയും കുട്ടികളെയും സ്‌നേഹിക്കാനും, വിവേകവും ചാരിത്രശുദ്ധിയും കുടുംബജോലികളില്‍ താത്പര്യവും ദയാശീലവും ഭര്‍ത്താക്കന്‍മാരോടു വിധേയത്വവും ഉള്ളവരാകാനുംയുവതികളെ അവര്‍ പരിശീലിപ്പിക്കട്ടെ.5 അങ്ങനെ, ദൈവവചനത്തെ അപകീര്‍ത്തിയില്‍നിന്ന് ഒഴിവാക്കാന്‍ അവര്‍ക്കു കഴിയും. ഇപ്രകാരംതന്നെ, ആത്മനിയന്ത്രണം പാലിക്കാന്‍യുവാക്കന്‍മാരെ ഉദ്‌ബോധിപ്പിക്കുക.6 നീ എല്ലാവിധത്തിലും സത്പ്രവൃത്തികള്‍ക്കു മാതൃകയായിരിക്കുക; നിന്റെ പ്രബോധനങ്ങളില്‍ സത്യസന്ധതയും ഗൗരവബോധവും,7 ആരും കുറ്റം പറയാത്തവിധം നിര്‍ദോഷമായ സംസാരരീതിയും പ്രകടമാക്കുക.8 അങ്ങനെയായാല്‍ എതിരാളികള്‍ നമ്മെപ്പറ്റി ഒരു കുറ്റവും പറയാന്‍ അവസരമില്ലാത്തതിനാല്‍ ലജ്ജിക്കും.9 അടിമകളോട് യജമാനന്‍മാര്‍ക്കു കീഴ്‌പ്പെട്ടിരിക്കാനും എല്ലാകാര്യങ്ങളിലും അവരെപ്രീതിപ്പെടുത്താനും നിര്‍ദേശിക്കുക.10 അവര്‍ എതിര്‍ത്തു സംസാരിക്കരുത്; ഒന്നും അപഹരിക്കുകയുമരുത്; എല്ലാകാര്യങ്ങളിലും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ പ്രബോധനങ്ങള്‍ക്കു ഭൂഷണമായിരിക്കത്തക്കവിധം പൂര്‍ണവും ആത്മാര്‍ഥവുമായ വിശ്വസ്തത പുലര്‍ത്തണം.11 എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിന്റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.12 നിര്‍മതത്വവും ലൗകികമോഹങ്ങളും ഉപേക്ഷിക്കാനും ഈ ലോകത്തില്‍ സമചിത്തതയും നീതിനിഷ്ഠയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാനും അതു നമ്മെ പരിശീലിപ്പിക്കുന്നു.13 അതേസമയം, നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍ കൈവരാന്‍പോകുന്ന അനുഗ്രഹപൂര്‍ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു.14 യേശുക്രിസ്തു എല്ലാ തിന്‍മകളിലുംനിന്നു നമ്മെ മോചിപ്പിക്കുന്നതിനും, സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ തീക്ഷണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ബലിയര്‍പ്പിച്ചു.15 ഇക്കാര്യങ്ങള്‍ നീ പ്രഖ്യാപിക്കുക; തികഞ്ഞഅധികാരത്തോടെ നീ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയും ശാസിക്കുകയും ചെയ്യുക. ആരും നിന്നെ അവഗണിക്കാതിരിക്കട്ടെ.
അദ്ധ്യായം 3
ക്രിസ്തീയ ജീവിതചര്യ
1 ഭരണകര്‍ത്താക്കള്‍ക്കും മറ്റധികാരികള്‍ക്കും കീഴ്‌പ്പെട്ടിരിക്കാനും അനുസരണമുള്ള വരായിരിക്കാനും സത്യസന്ധമായ ഏതൊരു ജോലിക്കും സന്നദ്ധരായിരിക്കാനും നീ ജനങ്ങളെ ഓര്‍മിപ്പിക്കുക.2 ആരെയുംപറ്റി തിന്‍മ പറയാതിരിക്കാനും കലഹങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും സൗമ്യരായിരിക്കാനും എല്ലാ മനുഷ്യരോടും തികഞ്ഞമര്യാദപ്രകടിപ്പിക്കാനും നീ അവരെ ഉദ്‌ബോധിപ്പിക്കുക.3 എന്തെന്നാല്‍, നാംതന്നെയും ഒരു കാലത്തു മൂഢന്‍മാരും അനുസരണമില്ലാത്തവരും തെറ്റായ മാര്‍ഗത്തിലൂടെ നയിക്കപ്പെട്ടവരും പലതരം മോഹങ്ങള്‍ക്കും സുഖേച്ഛകള്‍ക്കും അടിമപ്പെട്ടവരും ദ്രോഹബുദ്ധിയിലും അസൂയയിലും ദിവസങ്ങള്‍ കഴിച്ചവരും മനുഷ്യരാല്‍ വെറുക്കപ്പെട്ടവരും പരസ്പരം വെറുക്കുന്നവരും ആയിരുന്നു.4 എന്നാല്‍, നമ്മുടെ രക്ഷകനായ ദൈവത്തിന്റെ നന്‍മയും സ്‌നേഹം നിറഞ്ഞകാരുണ്യവും വെളിപ്പെട്ടപ്പോള്‍ അവിടുന്നു നമുക്കു രക്ഷ നല്‍കി;5 അതു നമ്മുടെ നീതിയുടെ പ്രവൃത്തികള്‍കൊണ്ടല്ല; പിന്നെയോ, അവിടുത്തെ കാരുണ്യംമൂലം പരിശുദ്ധാത്മാവില്‍ അവിടുന്ന് നിര്‍വഹിച്ച പുനരുജ്ജീവനത്തിന്റെയും നവീകരണത്തിന്റെയും സ്‌നാനത്താലത്രേ.6 ദൈവം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് പരിശുദ്ധാത്മാവിനെ നമ്മുടെമേല്‍ സമൃദ്ധമായി വര്‍ഷിച്ചത്.7 അവിടുത്തെ കൃപാവരത്താല്‍ നാം നീതികരിക്കപ്പെടുന്നതിനും നിത്യജീവനെപ്പറ്റിയുള്ള പ്രത്യാശയില്‍ നാം അവകാശികളാകുന്നതിനുംവേണ്ടിയാണ് ഇങ്ങനെ ചെയ്തത്.8 ഇപ്പറഞ്ഞതു സത്യമാണ്. ദൈവത്തില്‍ വിശ്വസിച്ചവര്‍ സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ ജാഗരൂകരായിരിക്കാന്‍ വേണ്ടി ഇക്കാര്യങ്ങളില്‍ നീ സമ്മര്‍ദം ചെലുത്തണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇവയെല്ലാം ശ്രേഷ്ഠവും മനുഷ്യര്‍ക്കു പ്രയോജനകരവുമാണ്.9 അതുപോലെ, അര്‍ഥശൂന്യമായ വാഗ്വാദങ്ങളിലും വംശാവലികളെക്കുറിച്ചുള്ള ചര്‍ച്ചകളിലും കലഹങ്ങളിലും നിയമത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളിലുംനിന്ന് ഒഴിഞ്ഞുനില്‍ക്കുക. അവ പ്രയോജനരഹിതവും നിഷ്ഫലവുമാണ്.10 വിഘടിച്ചു നില്‍ക്കുന്ന ഒരുവനെ ഒന്നോ രണ്ടോ പ്രാവശ്യം ശാസിച്ചതിനുശേഷം അനുസരിക്കാത്തപക്ഷം അവനുമായുള്ള ബന്ധം വിടര്‍ത്തുക.11 അവന്‍ നേര്‍വഴിക്കു നടക്കാത്തവനും പാപത്തില്‍ മുഴുകിയവനുമാണ്. അവന്‍ തന്നെത്തന്നെ കുറ്റവാളിയെന്നു വിധിച്ചിരിക്കുന്നു.12 ഞാന്‍ അര്‍ത്തേമാസിനെയോ തിക്കിക്കോസിനെയോ നിന്റെ അടുത്തേക്ക് അയയ്ക്കുമ്പോള്‍, നിക്കോപ്പോളിസില്‍ എന്റെ അടുത്തുവരാന്‍ നീ ഉത്‌സാഹിക്കണം. മഞ്ഞുകാലം അവിടെ ചെലവഴിക്കാനാണു ഞാന്‍ നിശ്ചയിച്ചിരിക്കുന്നത്.13 നിയമജ്ഞനായ സേനാസിനെയും അപ്പോളോസിനെയും വേഗംയാത്രയാക്കാന്‍ നീ കഴിവുള്ളതെല്ലാംചെയ്യണം; അവര്‍ക്ക് ഒന്നിലും പോരായ്മയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.14 നമ്മുടെ ജനങ്ങള്‍ അടിയന്തിരാവശ്യങ്ങളില്‍പ്പെട്ടവരെ സഹായിക്കുന്നതിനും പ്രയോജനരഹിതരാകാതിരിക്കുന്നതിനുംവേണ്ടി സത്പ്രവൃത്തികളില്‍ വ്യാപരിക്കാന്‍ പഠിക്ക ട്ടെ.15 എന്റെ കൂടെയുള്ളവരെല്ലാം നിനക്ക് അഭിവാദനങ്ങളയയ്ക്കുന്നു. വിശ്വാസത്തില്‍ ഞങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം അഭിവാദനങ്ങളര്‍പ്പിക്കുക. നിങ്ങള്‍ക്കെല്ലാവര്‍ക്കും ദൈവകൃപ ഉണ്ടായിരിക്കട്ടെ!
