ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 2
രക്ഷ ക്രിസ്തുവിലൂടെ
1 നാം കേട്ടിട്ടുള്ള കാര്യങ്ങളില്‍നിന്ന് അകന്നുപോകാതിരിക്കാന്‍ അവയില്‍ കൂടുതല്‍ ശ്രദ്ധിക്കുക ആവശ്യമാണ്.2 ദൂതന്‍മാര്‍ പറഞ്ഞവാക്കുകള്‍ സത്യമാവുകയും നിയമലംഘനത്തിനും അനുസരണമില്ലായ്മയ്ക്കും തക്ക ശിക്ഷ ലഭിക്കുകയും ചെയ്‌തെങ്കില്‍3 ഇത്ര മഹത്തായരക്ഷയെ അവഗണിക്കുന്ന നാം ശിക്ഷയില്‍നിന്ന് എങ്ങനെ ഒഴിവാക്കപ്പെടും? ആരംഭത്തില്‍ കര്‍ത്താവുതന്നെയാണ് അതു പ്രഖ്യാപിച്ചത്. അവിടുത്തെ വാക്കു ശ്രവിച്ചവര്‍ നമുക്ക് അതു സ്ഥിരീകരിച്ചുതന്നു.4 അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, പലവിധത്തിലുള്ള ശക്തമായ പ്രവൃത്തികള്‍ എന്നിവ കൊണ്ടും തന്റെ ഇഷ്ടത്തിനൊത്തു പരിശുദ്ധാത്മാവിനെ ദാനം ചെയ്തുകൊണ്ടും ദൈവംതന്നെ ഇതിനു സാക്ഷ്യം നല്‍കിയിരിക്കുന്നു.5 എന്തെന്നാല്‍, നാം പരാമര്‍ശിക്കുന്ന ഭാവിലോകത്തെ ദൂതന്‍മാര്‍ക്കല്ലല്ലോ അവിടുന്ന് അധീനമാക്കിയത്.6 ഇതെക്കുറിച്ച് ഒരിടത്ത് ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: അങ്ങു മനുഷ്യനെ ഓര്‍ക്കാന്‍ അവന്‍ ആരാണ്? അങ്ങു ശ്രദ്ധിക്കാന്‍ മനുഷ്യപുത്രന്‍ ആരാണ്?7 ദൂതന്‍മാരെക്കാള്‍ അല്‍പം താഴ്ന്നവനായി അങ്ങ് അവനെ സൃഷ്ടിച്ചു; മഹിമയും ബഹുമാനവുംകൊണ്ട് അവനെ കിരീടമണിയിച്ചു.8 സമസ്തവും അവന്റെ പാദങ്ങളുടെ കീഴിലാക്കി. എല്ലാം അവന്റെ അധീനതയിലാക്കിയപ്പോള്‍ അവനു കീഴ്‌പ്പെടാത്തതായി ഒന്നും അവിടുന്ന് അവശേഷിപ്പിച്ചില്ല. എന്നാല്‍, എല്ലാം അവന് അധീനമായതായി നാം കാണുന്നില്ല.9 മരണത്തെ ആശ്ലേഷിക്കാനായി ദൂതന്‍മാരെക്കാള്‍ അല്‍പം താഴ്ത്തപ്പെട്ടവനായ യേശു മരണത്തിന് അധീനനാവുകയും മഹത്വത്തിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി കാണപ്പെടുകയും ചെയ്തു.10 ആര്‍ക്കുവേണ്ടിയും ആരുമൂലവും എല്ലാം നിലനില്‍ക്കുന്നുവോ, ആര് അനേകം പുത്രന്‍മാരെ മഹത്വത്തിലേക്കു നയിക്കുന്നുവോ ആ രക്ഷയുടെ കര്‍ത്താവിനെ അവിടുന്നു സഹനംവഴി പരിപൂര്‍ണനാക്കുക തികച്ചും ഉചിതമായിരുന്നു.11 വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവരും ഉദ്ഭവിക്കുന്നത് ഒരുവനില്‍ നിന്നുതന്നെ. അതിനാല്‍ അവരെ സഹോദരര്‍ എന്നു വിളിക്കാന്‍ അവന്‍ ലജ്ജിച്ചില്ല.12 അവന്‍ പറയുന്നു: അങ്ങേനാമം എന്റെ സഹോദരരെ ഞാന്‍ അറിയിക്കും. സഭാമധ്യേ അങ്ങേക്കു ഞാന്‍ സ്തുതിഗീതം ആലപിക്കും.13 വീണ്ടും, ഞാന്‍ അവനില്‍ വിശ്വാസം അര്‍പ്പിക്കും എന്നും ഇതാ, ഞാനും എനിക്കുദൈവം നല്‍കിയ മക്കളും എന്നും അവന്‍ പറയുന്നു.14 മക്കള്‍ ഒരേ മാംസത്തിലും രക്തത്തിലും ഭാഗഭാക്കുകളാവുന്നതുപോലെ അവനും അവയില്‍ ഭാഗഭാക്കായി.15 അത് മരണത്തിന്‍മേല്‍ അധികാരമുള്ള പിശാചിനെ തന്റെ മരണത്താല്‍ നശിപ്പിച്ച് മരണ ഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്.16 എന്തെന്നാല്‍, അവന്‍ സ്വന്തമായി എടുത്തത് ദൈവദൂതന്‍മാരെയല്ല, അബ്രാഹത്തിന്റെ സന്തതിയെയാണ്.17 ജനങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരംചെയ്യുന്നതിനുവേണ്ടി ദൈവികകാര്യങ്ങളില്‍ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാന്‍ അവന്‍ എല്ലാകാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു.18 അവന്‍ പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവനു സാധിക്കുമല്ലോ.
