ഹെബ്രായര്‍ക്കുള്ള ലേഖനം, അദ്ധ്യായം 6
1 അതിനാല്‍, ക്രിസ്തുവിന്റെ വചനത്തിന്റെ പ്രഥമ പാഠങ്ങള്‍ പിന്നിട്ടു നമുക്കു പക്വതയിലേക്കു വളരാം. നിര്‍ജീവപ്രവൃത്തികളില്‍നിന്നുള്ള തിരിച്ചുവരവ്, ദൈവത്തിലുള്ള വിശ്വാസം,2 ജ്ഞാനസ്‌നാനത്തെ സംബന്ധിക്കുന്ന പ്രബോധനം, കൈവയ്പ്, മരിച്ചവരുടെ ഉയിര്‍പ്പ്, നിത്യവിധി ഇവയ്ക്കു വീണ്ടും ഒരടിസ്ഥാനം ഇടേണ്ടതില്ല.3 ദൈവം അനുവദിക്കുന്നെങ്കില്‍ നമുക്കു മുന്നോട്ടു പോകാം.4 ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവില്‍ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്‍മയും5 വരാനിരിക്കുന്നയുഗത്തിന്റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവര്‍ വീണുപോവുകയാണെങ്കില്‍, അവരെ അനുതാപത്തിലേക്ക് പുനരാനയിക്കുക അസാധ്യമാണ്.6 കാരണം, അവര്‍ ദൈവപുത്രനെ സ്വമനസ്‌സാ അധിക്‌ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്ക്കുകയും ചെയ്തു.7 കൂടെക്കൂടെ പെയ്യുന്ന മഴവെളളം കുടിക്കുകയും, ആര്‍ക്കുവേണ്ടി കൃഷിചെയ്യപ്പെടുന്നുവോ അവരുടെ പ്രയോജനത്തിനായി സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്യുന്ന ഭൂമി ദൈവത്തില്‍നിന്ന് അനുഗ്രഹം പ്രാപിക്കുന്നു.8 ഞെരിഞ്ഞിലുകളും മുള്ളുകളുമാണ് പുറപ്പെടുവിക്കുന്നതെങ്കിലോ അതു പരിത്യക്തമാണ്. അതിന്‍മേല്‍ ശാപം ആസന്നവുമാണ്. ദഹിപ്പിക്കപ്പെടുക എന്നതായിരിക്കും അതിന്റെ അവസാനം.9 പ്രിയപ്പെട്ടവരേ, ഞങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നുവെങ്കിലും ഉത്തമവും രക്ഷാകരവുമായ ഗുണങ്ങള്‍ നിങ്ങളിലുണ്ടെന്നു ഞങ്ങള്‍ക്കു ബോധ്യമുണ്ട്.10 നിങ്ങളുടെ പ്രവൃത്തികളും, വിശുദ്ധര്‍ക്കു നിങ്ങള്‍ ചെയ്തതും ചെയ്യുന്നതുമായ ശുശ്രൂഷയിലൂടെ തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും വിസ്മരിക്കാന്‍മാത്രം നീതിരഹിതനല്ലല്ലോ ദൈവം.11 നിങ്ങളില്‍ ഓരോരുത്തരും നിങ്ങളുടെ പ്രത്യാശയുടെ പൂര്‍ത്തീകരണത്തിനായി അവസാനംവരെ ഇതേ ഉത്‌സാഹം തന്നെ കാണിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.12 അങ്ങനെ, നിരുത്‌സാഹരാകാതെ വിശ്വാസവും ദീര്‍ഘക്ഷമയുംവഴി വാഗ്ദാനത്തിന്റെ അവകാശികളായവരെ അനുകരിക്കുന്നവരാകണം നിങ്ങള്‍.
ദൈവത്തിന്റെ വാഗ്ദാനം
13 ദൈവം അബ്രാഹത്തിനു വാഗ്ദാനം നല്‍കിയപ്പോള്‍, തന്നെക്കാള്‍ വലിയവനെക്കൊണ്ടു ശപഥം ചെയ്യാന്‍ ആരുമില്ലാതിരുന്നതിനാല്‍ , തന്നെക്കൊണ്ടു തന്നെ ശപഥംചെയ്തു14 പറഞ്ഞു: നിശ്ചയമായും നിന്നെ ഞാന്‍ അനുഗ്രഹിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യും.15 അബ്രാഹം ദീര്‍ഘക്ഷമയോടെ കാത്തിരുന്ന് ഈ വാഗ്ദാനം പ്രാപിച്ചു.16 മനുഷ്യര്‍ തങ്ങളെക്കാള്‍ വലിയവനെക്കൊണ്ടാണല്ലോ ശപഥം ചെയ്യുന്നത്. ശപഥ മാണ് അവരുടെ എല്ലാ തര്‍ക്കങ്ങളും തീരുമാനിക്കുന്നതില്‍ അവസാനവാക്ക്.17 ദൈവം തന്റെ തീരുമാനത്തിന്റെ അചഞ്ചലത വാഗ്ദാനത്തിന്റെ അവകാശികള്‍ക്കു കൂടുതല്‍ വ്യക്തമാക്കിക്കൊടുക്കാന്‍ നിശ്ചയിച്ചപ്പോള്‍ ഒരു ശപഥത്താല്‍ ഈ തീരുമാനം ഉറപ്പിച്ചു.18 മാറ്റമില്ലാത്തതും ദൈവത്തെ സംബന്ധിച്ചു വ്യാജമാകാത്തതുമായ ഈ രണ്ടു കാര്യങ്ങളിലൂടെ നമ്മുടെ മുന്‍പില്‍ വയ്ക്കപ്പെട്ടിരിക്കുന്ന പ്രത്യാശയെ മുറുകെപ്പിടിക്കുന്നതിനുയത്‌നിക്കുന്ന നമുക്കു വലിയ പ്രോത്‌സാഹനം ലഭിക്കുന്നു.19 ഈ പ്രത്യാശ നമ്മുടെ ആത്മാവിന്റെ സുരക്ഷിതവും സുസ്ഥിരവുമായ നങ്കൂരംപോലെയാണ്.20 നമ്മുടെ മുന്നോടിയായി യേശു മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനായിക്കൊണ്ട്, ഏതുവിരിക്കുള്ളില്‍ പ്രവേശിച്ചുവോ അതേ വിരിക്കുള്ളിലേക്ക് ഈ പ്രത്യാശ കടന്നുചെല്ലുന്നു.
