ആമുഖം
‘പൗലോസിന്റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍ ഇവ കാതോലികാ ലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. യൂദാസ് എഴുതിയ ലേഖനം യാക്കോബിന്റെ സഹോദരനായ യൂദാസാണ് ഈ ലേഖനം എഴുതിയതെന്ന് ഒന്നാംവാക്യത്തില്‍തന്നെ പറഞ്ഞിരുന്നു. ലേഖന കര്‍ത്താവിന് അപ്പസ്‌തോലനായ യൂദാസുമായി പാരമ്പര്യം ബന്ധപ്പെടുത്തുന്നില്ല. അപ്പസ്‌തോലന്മാരുടെ കാലംകഴിഞ്ഞുവെന്ന സൂചന പതിനേഴാം വാക്യത്തില്‍ കാണുന്നുമുണ്ട്. ഒന്നാംനൂറ്റാണ്ടിന്റെ അവസാനത്തിലായിരിക്കണം ലേഖനം എഴുതപ്പെട്ടത്. പ്രതിപാദ്യത്തില്‍ പത്രോസിന്റെ രണ്ടാംലേഖനവുമായി ഇതിന് വളരെ സാമ്യമുണ്ട്. വ്യാജപ്രബോധകര്‍ക്കെതിരെ, വിശ്വാസികള്‍ക്ക് മുന്നറിയിപ്പു നല്‍കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
അഭിവാദനം
1 യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാസ്, പിതാവായ ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നവരും യേശുക്രിസ്തുവിനുവേണ്ടി കാത്തു സൂക്ഷിക്കപ്പെടുന്നവരുമായ വിളിക്കപ്പെട്ട വര്‍ക്ക് എഴുതുന്നത്:2 നിങ്ങളില്‍ കരുണയും സമാധാനവും സ്‌നേഹവും സമൃദ്ധമായിഉണ്ടാകട്ടെ!
വ്യാജോപദേഷ്ടാക്കള്‍
3 പ്രിയപ്പെട്ടവരേ, നമുക്കു പൊതുവായി ലഭിച്ചിരിക്കുന്ന രക്ഷയെക്കുറിച്ചു നിങ്ങള്‍ക്ക് എഴുതുവാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ്, വിശുദ്ധര്‍ക്ക് എന്നന്നേക്കുമായി ഏല്‍പിച്ചുകൊടുത്തിരിക്കുന്ന വിശ്വാസത്തിനുവേണ്ടി പോരാടണമെന്ന് ഉപദേശിച്ചുകൊണ്ടു നിങ്ങള്‍ക്ക് എഴുതേണ്ടിവന്നിരിക്കുന്നത്.4 പണ്ടുതന്നെ ശിക്ഷയ്ക്കായി നിശ്ചയിക്കപ്പെട്ടിരുന്ന ചില ദുഷ്ടമനുഷ്യര്‍ നിങ്ങളുടെയിടയില്‍ കയറിക്കൂടിയിട്ടുണ്ട്. അവര്‍ നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു.5 നിങ്ങള്‍ക്ക് എല്ലാകാര്യങ്ങളും നല്ലപോലെ അറിയാമെങ്കിലും, ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തണമെന്നു ഞാനാഗ്രഹിക്കുന്നു. ഈജിപ്തുദേശത്തുനിന്ന് ഇസ്രായേല്‍ ജനത്തെ രക്ഷിച്ച കര്‍ത്താവ്, വിശ്വസിക്കാതിരുന്നവരെ പിന്നീടു നശിപ്പിച്ചു.6 സ്വന്തം നില മറന്നു തങ്ങളുടേതായ വാസസ്ഥാനം ഉപേക്ഷിച്ചുകളഞ്ഞദൂതന്‍മാരെ, മഹാദിനത്തിലെ വിധിവരെ അവിടുന്ന് അന്ധകാരത്തില്‍ നിത്യബന്ധനത്തില്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന് ഓര്‍ക്കുക.7 അതുപോലെ തന്നെ, സോദോമിനെയും ഗൊമോറായെയും അവയെ അനുകരിച്ചു ഭോഗാസക്തിയിലും വ്യഭിചാരത്തിലും മുഴുകിയ ചുറ്റുമുള്ള പട്ടണങ്ങളെയും നിത്യാഗ്‌നിയുടെ ശിക്ഷയ്ക്കു വിധേയമാക്കി അവിടുന്ന് എല്ലാവര്‍ക്കും ദൃഷ്ടാന്തം നല്‍കിയിരിക്കുന്നു.8 സ്വപ്നങ്ങളില്‍ നിമഗ്‌നരായിരിക്കുന്ന ഈ മനുഷ്യര്‍ ശരീരത്തെ അശുദ്ധമാക്കുകയും അധികാരത്തെ തള്ളിപ്പറയുകയും മഹിമയണിഞ്ഞവരെ നിന്ദിക്കുകയും ചെയ്യുന്നു.9 പ്രധാനദൂതനായ മിഖായേല്‍ മോശയുടെ ശരീരത്തെച്ചൊല്ലി, പിശാചിനോടു തര്‍ക്കിച്ചപ്പോള്‍ അവനെ കുറ്റപ്പെടുത്തി ഒരു നിന്ദാവചനംപോലും ഉച്ചരിക്കാന്‍ തുനിഞ്ഞില്ല; പിന്നെയോ, കര്‍ത്താവ് നിന്നെ ശാസിക്കട്ടെ എന്നുമാത്രം പറഞ്ഞു.10 ഈ മനുഷ്യരാകട്ടെ, തങ്ങള്‍ക്കു മനസ്‌സിലാകാത്ത എല്ലാകാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷ ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജന്‍മവാസനകൊണ്ടു മനസ്‌സിലാക്കുന്ന കാര്യങ്ങള്‍ വഴി അവര്‍ മലിനരാവുകയുംചെയ്യുന്നു.11 അവര്‍ക്കു ദുരിതം! എന്തുകൊണ്ടെന്നാല്‍, അവര്‍ കായേന്റെ മാര്‍ഗത്തിലൂടെ നടക്കുകയും ലാഭേച്ഛകൊണ്ട് ബാലാമിന്റെ തെറ്റില്‍ ചെന്നു വീഴുകയും കോ റായുടെ പ്രക്‌ഷോഭത്തില്‍ നശിക്കുകയും ചെയ്യുന്നു.12 തങ്ങളുടെ കാര്യംമാത്രം നോക്കി നിര്‍ഭയം തിന്നുകുടിച്ചു മദിക്കുന്ന അവര്‍ നിങ്ങളുടെ സ്‌നേഹവിരുന്നുകള്‍ക്കു കളങ്ക മാണ്; അവര്‍ കാറ്റിനാല്‍ തുരത്തപ്പെടുന്ന ജലശൂന്യമായ മേഘങ്ങളാണ്; ഉണങ്ങി കട പുഴകിയ ഫലശൂന്യമായ ശരത്കാലവൃക്ഷം പോലെയാണ്.13 അവര്‍ തങ്ങളുടെ തന്നെ ലജ്ജയുടെ നുരയുയര്‍ത്തുന്ന ഉന്‍മത്ത തരംഗങ്ങളാണ്; വഴിതെറ്റിപ്പോകുന്ന നക്ഷത്രങ്ങളാണ്. അവര്‍ക്കുവേണ്ടി അന്ധകാരഗര്‍ത്തങ്ങള്‍ എന്നേക്കും തയ്യാറാക്കപ്പെട്ടിരിക്കുന്നു.14 ആദത്തില്‍നിന്ന് ഏഴാംതലമുറക്കാരനായ ഹെനോക്ക് പ്രവചിച്ചത് ഇവരെക്കുറിച്ചാണ്: കണ്ടാലും, കര്‍ത്താവ് തന്റെ വിശുദ്ധരുടെ പതിനായിരങ്ങളോടുകൂടെ ആഗ തനായിരിക്കുന്നു.15 എല്ലാവരുടെയും മേല്‍ വിധി നടത്താനും സകല ദുഷ്ടരെയും, അവര്‍ ചെയ്ത സകല ദുഷ്‌കര്‍മങ്ങളുടെ പേരിലും തനിക്ക് എതിരായി പറഞ്ഞഎല്ലാ ക്രൂരവാക്കുകളുടെ പേരിലും, കുറ്റം വിധിക്കാനും അവിടുന്നു വന്നു.16 അവര്‍ പിറുപിറുക്കുന്നവരും അസംതൃപ്തരും തങ്ങളുടെ ദുരാശ കള്‍ക്കൊത്തവിധം നടക്കുന്നവരും വമ്പുപറയുന്നവരും കാര്യസാധ്യത്തിനുവേണ്ടി മുഖ സ്തുതി പറയുന്നവരും ആണ്.
താക്കീതും ഉപദേശവും
17 എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ അപ്പസ്‌തോലന്‍മാരാല്‍ മുന്‍കൂട്ടി പറയപ്പെട്ട വചനങ്ങള്‍ ഓര്‍ക്കുവിന്‍.18 അവര്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്: തങ്ങളുടെ ദുഷ്ടമായ അ ധമവികാരങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്ന പരദൂഷകര്‍ അവസാനനാളുകളില്‍ വരും.19 പരിശുദ്ധാത്മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്.20 എന്നാല്‍, പ്രിയപ്പെട്ടവരേ, നിങ്ങള്‍ പരിശുദ്ധാത്മാവില്‍ പ്രാര്‍ഥിച്ചുകൊണ്ട്, നിങ്ങളുടെ പവിത്രമായ വിശ്വാസത്തില്‍ അഭിവൃദ്ധി പ്രാപിക്കുവിന്‍.21 നിത്യജീവിതത്തിനായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട് ദൈവസ്‌നേഹത്തില്‍ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിന്‍.22 ചഞ്ചലചിത്തരോട് അ നുകമ്പ കാണിക്കുവിന്‍.23 അഗ്‌നിയില്‍ അകപ്പെട്ടവരെ പിടിച്ചുകയറ്റുവിന്‍. മാംസദാഹത്താല്‍ കളങ്കിതരായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ട് ഭയത്തോടെ അവരോടു കരുണ കാണിക്കുവിന്‍.24 വീഴാതെ നിങ്ങളെ കാത്തുകൊള്ളാനും തന്റെ മഹത്വത്തിന്റെ സന്നിധിയില്‍ നിങ്ങളെ കളങ്കരഹിതരായി സന്തോഷത്തോടെ നിറുത്താനും കഴിവുള്ള25 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നമ്മുടെ രക്ഷ കനായ ഏക ദൈവത്തിനു സ്തുതിയും മഹത്വവും ശക്തിയും ആധിപത്യവും സര്‍വകാലത്തിനുമുന്‍പും ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ. ആമേന്‍.


