The Book of Revelation, Chapter 7 | വെളിപാട് പുസ്തകം, അദ്ധ്യായം 7 | Malayalam Bible | POC Translation

വി. യോഹന്നാനു ലഭിച്ച വെളിപാട്‌, അദ്ധ്യായം 7

സംരക്ഷണമുദ്ര

1 ഇതിനുശേഷം ഭൂമിയുടെ നാലുകോണുകളില്‍ നാലു ദൂതന്‍മാര്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. കരയിലോകടലിലോ വൃക്ഷങ്ങളിലോ വീശാതിരിക്കാന്‍ ഭൂമിയിലെ നാലുകാറ്റുകളെയും അവര്‍ പിടിച്ചുനിര്‍ത്തിയിരുന്നു.2 വേറൊരു ദൂതന്‍ ജീവിക്കുന്ന ദൈവത്തിന്റെ മുദ്രയുമായി സൂര്യനുദിക്കുന്ന ദിക്കില്‍നിന്ന് ഉയര്‍ന്നു വരുന്നതു ഞാന്‍ കണ്ടു. കരയ്ക്കും കടലിനും നാശം ചെയ്യാന്‍ അധികാരം നല്‍കപ്പെട്ട ആ നാലു ദൂതന്‍മാരോട് അവന്‍ ഉറച്ചസ്വരത്തില്‍3 വിളിച്ചുപറഞ്ഞു: ഞങ്ങള്‍ നമ്മുടെ ദൈവത്തിന്റെ ദാസരുടെ നെറ്റിത്തടത്തില്‍ മുദ്രകുത്തിത്തീരുവോളം നിങ്ങള്‍ കരയോ കടലോ വൃക്ഷങ്ങളോ നശിപ്പിക്കരുത്.4 മുദ്രിതരുടെ എണ്ണം ഞാന്‍ കേട്ടു: ഇസ്രായേല്‍മക്കളുടെ എല്ലാ ഗോത്രങ്ങളിലുംനിന്ന് ആകെ നൂറ്റിനാല്‍പത്തിനാലായിരം;5 യൂദാഗോത്രത്തില്‍നിന്നു മുദ്രിതര്‍ പന്തീരായിരം; റൂബന്‍ ഗോത്രത്തില്‍ നിന്നു പന്തീരായിരം; ഗാദ് ഗോത്രത്തില്‍നിന്നു പന്തീരായിരം;6 ആഷേര്‍ ഗോത്രത്തില്‍നിന്നു പന്തീരായിരം; നഫ്ത്താലി ഗോത്രത്തില്‍നിന്നു പന്തീരായിരം; മനാസ്‌സെ ഗോത്രത്തില്‍നിന്നു പന്തീരായിരം;7 ശിമയോന്‍ഗോത്രത്തില്‍നിന്നു പന്തീരായിരം; ലേവിഗോത്രത്തില്‍നിന്നു പന്തീരായിരം; ഇസ്‌സാക്കര്‍ ഗോത്രത്തില്‍നിന്നു പന്തീരായിരം;8 സെബുലൂണ്‍ ഗോത്രത്തില്‍നിന്നു പന്തീരായിരം;ജോസഫ്‌ഗോത്രത്തില്‍നിന്നു പന്തീരായിരം; ബഞ്ചമിന്‍ ഗോത്രത്തില്‍നിന്നു മുദ്രിതര്‍ പന്തീരായിരം.

വിശുദ്ധരുടെ പ്രതിഫലം

9 ഇതിനുശേഷം ഞാന്‍ നോക്കിയപ്പോള്‍ ഇതാ, എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം. അവര്‍ സകല ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ളവര്‍. അവര്‍ വെള്ളയങ്കിയണിഞ്ഞു കൈകളില്‍ കുരുത്തോലയുമായി സിംഹാസനത്തിനുമുമ്പിലും കുഞ്ഞാടിന്റെ മുമ്പിലും നിന്നിരുന്നു.10 അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: സിംഹാസനാരൂഢനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും പക്കലാണു രക്ഷ.11 ദൂതന്‍മാരെല്ലാം സിംഹാസനത്തിനും ശ്രേഷ്ഠന്‍മാര്‍ക്കും നാലുജീവികള്‍ക്കും ചുറ്റും നിന്നു. അവര്‍ സിംഹാസനത്തിനുമുമ്പില്‍ കമിഴ്ന്നു വീണ്, ദൈവത്തെ ആരാധിച്ചുകൊണ്ടു പറഞ്ഞു:12 ആമേന്‍, നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.13 ശ്രേഷ്ഠന്‍മാരിലൊരുവന്‍ എന്നോടു ചോദിച്ചു: വെള്ളയങ്കിയണിഞ്ഞഇവര്‍ ആരാണ്? ഇവര്‍ എവിടെനിന്നു വരുന്നു?14 ഞാന്‍ മറുപടി പറഞ്ഞു: പ്രഭോ, അങ്ങേക്കറിയാമല്ലോ. അപ്പോള്‍ അവന്‍ പറഞ്ഞു: ഇവരാണു വലിയ ഞെരുക്കത്തില്‍നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി വെളുപ്പിച്ചവര്‍.15 അതുകൊണ്ട് ഇവര്‍ ദൈവത്തിന്റെ സിംഹാസനത്തിനുമുമ്പില്‍ നില്‍ക്കുകയും, അവിടുത്തെ ആല യത്തില്‍ രാപകല്‍ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. സിംഹാസനസ്ഥന്‍ തന്റെ സാന്നിധ്യത്തിന്റെ കൂടാരത്തില്‍ അവര്‍ക്ക് അഭയം നല്‍കും.16 ഇനിയൊരിക്ക ലും അവര്‍ക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല. വെയിലോ ചൂടോ അവരുടെമേല്‍ പതിക്കുകയില്ല.17 എന്തെന്നാല്‍, സിംഹാസനമധ്യത്തിലിരിക്കുന്ന കുഞ്ഞാട് അവരെ മേയിക്കുകയും ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണുകളില്‍നിന്നു കണ്ണീര്‍ തുടച്ചു നീക്കും.

Advertisements
Advertisements
Advertisements
St. John
Advertisements

Leave a comment