The Book of Genesis, Chapter 12 | ഉല്പത്തി, അദ്ധ്യായം 12 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 12

അബ്രാമിനെ വിളിക്കുന്നു

1 കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക.2 ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും.3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും.4 കര്‍ത്താവു കല്‍പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു. ലോത്തും അവന്റെ കൂടെ തിരിച്ചു. ഹാരാന്‍ ദേശത്തോടു വിടപറഞ്ഞപ്പോള്‍ അബ്രാമിന് എഴുപത്തഞ്ചു വയസ്സു പ്രായമായിരുന്നു.5 അബ്രാം ഭാര്യ സാറായിയെയും സഹോദരപുത്രന്‍ ലോത്തിനെയും കൂടെക്കൊണ്ടുപോയി. ഹാരാനില്‍ തങ്ങള്‍ നേടിയ സമ്പത്തും ആളുകളുമായി അവര്‍ കാനാന്‍ ദേശത്തേക്കു പുറപ്പെട്ട്, അവിടെ എത്തിച്ചേര്‍ന്നു.6 അബ്രാം ആ ദേശത്തിലൂടെ സഞ്ചരിച്ച് ഷെക്കെമില്‍, മോറെയുടെ ഓക്കുമരം വരെ എത്തി. അക്കാലത്തു കാനാന്‍കാര്‍ അവിടെ പാര്‍ത്തിരുന്നു.7 കര്‍ത്താവ് അബ്രാമിനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്തു: ഈ നാടു നിന്റെ സന്തതികള്‍ക്കു ഞാന്‍ കൊടുക്കും. തനിക്കു പ്രത്യക്ഷപ്പെട്ട കര്‍ത്താവിന് അബ്രാം അവിടെ ഒരു ബലിപീഠം പണിതു.8 അവിടെനിന്ന് അവന്‍ ബഥേലിനു കിഴക്കുള്ള മലമ്പ്രദേശത്തേക്കു കടന്ന്, അവിടെ ബഥേലിനു കിഴക്കും ആയിക്കു പടിഞ്ഞാറുമായി താവളമടിച്ചു. അവിടെ ഒരു ബലിപീഠം പണിത്, കര്‍ത്താവിന്റെ നാമം വിളിച്ചു.9 അവിടെനിന്ന് അബ്രാം നെഗെബിനു നേരേയാത്ര തുടര്‍ന്നു.

അബ്രാം ഈജിപ്തില്‍

10 അവിടെ ഒരു ക്ഷാമമുണ്ടായി. കടുത്ത ക്ഷാമമായിരുന്നതിനാല്‍ ഈജിപ്തില്‍ പോയി പാര്‍ക്കാമെന്നു കരുതി അബ്രാം അങ്ങോട്ടു തിരിച്ചു.11 ഈജിപ്തിലെത്താറായപ്പോള്‍ ഭാര്യ സാറായിയെ വിളിച്ച് അവന്‍ പറഞ്ഞു: നീ കാണാന്‍ അഴകുള്ളവളാണെന്ന് എനിക്കറിയാം.12 നിന്നെ കാണുമ്പോള്‍ ഈജിപ്തുകാര്‍ പറയും: ഇവള്‍ അവന്റെ ഭാര്യയാണ്. എന്നിട്ട് എന്നെ അവര്‍ കൊന്നുകളയും. നിന്നെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യും.13 നീ മൂലം എനിക്കാപത്തുണ്ടാകാതിരിക്കാന്‍, നിന്നെപ്രതി അവര്‍ എന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി, നീ എന്റെ സഹോദരിയാണെന്നു പറയണം.14 അവര്‍ ഈജിപ്തിലെത്തി. അവള്‍ കാണാന്‍ വളരെ അഴകുള്ളവളാണെന്ന് ഈജിപ്തുകാര്‍ക്കു മനസ്സിലായി.15 അവളെ കണ്ടപ്പോള്‍ ഫറവോയുടെ സേവകന്‍മാര്‍ അവളെപ്പറ്റി ഫറവോയോടു പുകഴ്ത്തിപ്പറഞ്ഞു. അവള്‍ ഫറവോയുടെ കൊട്ടാരത്തിലേക്ക് ആനയിക്കപ്പെട്ടു.16 ഫറവോ അവളെപ്രതി അബ്രാമിനോടു നന്നായി പെരുമാറി. അവന് ആടുകള്‍, കാളകള്‍, കഴുതകള്‍, ഒട്ടകങ്ങള്‍, വേലക്കാര്‍, വേലക്കാരികള്‍ എന്നിവ ലഭിച്ചു.17 പക്‌ഷേ, അബ്രാമിന്റെ ഭാര്യ സാറായിയെപ്രതി കര്‍ത്താവ് ഫറവോയെയും കുടുംബത്തെയും മഹാമാരികളാല്‍ പീഡിപ്പിച്ചു.18 തന്‍മൂലം ഫറവോ അബ്രാമിനെ വിളിച്ചു പറഞ്ഞു: നീ ഈ ചെയ്തത് എന്താണ്?19 അവള്‍ നിന്റെ ഭാര്യയാണെന്ന് എന്നോടു പറയാതിരുന്നത് എന്തുകൊണ്ട്? അവള്‍ സഹോദരിയാണ് എന്നു നീ പറഞ്ഞതെന്തിന്? അതുകൊണ്ടല്ലേ ഞാനവളെ ഭാര്യയായി സ്വീകരിച്ചത്? ഇതാ നിന്റെ ഭാര്യ. അവളെയുംകൊണ്ട് സ്ഥലം വിടുക.20 ഫറവോ തന്റെ ആള്‍ക്കാര്‍ക്ക് അബ്രാമിനെക്കുറിച്ചു കല്‍പന കൊടുത്തു. അവര്‍ അവനെയും ഭാര്യയെയും അവന്റെ വസ്തുവകകളോടുകൂടെയാത്രയാക്കി.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Garden of Eden
Advertisements
Advertisements

Leave a comment