വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 14
കുഞ്ഞാടും അനുയായികളും
1 ഒരു കുഞ്ഞാടു സീയോന്‍മലമേല്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു; അവനോടുകൂടെ നൂറ്റിനാല്‍പത്തിനാലായിരം പേരും. അവരുടെ നെറ്റിയില്‍ അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവും എഴുതിയിട്ടുണ്ട്.2 വെള്ളച്ചാട്ടത്തിന്റെ ഇരമ്പല്‍പോലെയും വലിയ ഇടിനാദംപോലെയും സ്വര്‍ഗത്തില്‍ നിന്ന് ഒരു സ്വരം ഞാന്‍ കേട്ടു- വീണക്കാര്‍ വീണമീട്ടുന്നതുപോലൊരു സ്വരം.3 അവര്‍ സിംഹാസനത്തിന്റെയും നാലു ജീവികളുടെയും ശ്രേഷ്ഠന്‍മാരുടെയും മുമ്പാകെ ഒരു പുതിയ ഗാനം ആലപിച്ചു. ഭൂമിയില്‍നിന്നു വിലയ്ക്കുവാങ്ങപ്പെട്ട നൂറ്റിനാല്‍പത്തിനാ ലായിരം പേരൊഴികെ ആര്‍ക്കും ആ ഗാനം പഠിക്കാന്‍ കഴിഞ്ഞില്ല.4 അവര്‍ സ്ത്രീകളോടു ചേര്‍ന്നു മലിനരാകാത്തവരാണ്. അവര്‍ബ്രഹ്‌മചാരികളുമാണ്. അവരാണു കുഞ്ഞാടിനെ അതു പോകുന്നിടത്തെല്ലാം അനുഗമിക്കുന്നവര്‍. അവര്‍ ദൈവത്തിനും കുഞ്ഞാടിനുമുള്ള ആദ്യഫലമായി മനുഷ്യരില്‍നിന്നു വിലയ്ക്കു വാങ്ങപ്പെട്ടവരാണ്.5 അവരുടെ അധരങ്ങളില്‍ വ്യാജം കാണപ്പെട്ടില്ല; അവര്‍ നിഷ്‌കളങ്കരാണ്.
മൂന്നു ദൂതന്‍മാര്‍
6 മധ്യാകാശത്തില്‍ പറക്കുന്ന വേറൊരു ദൂതനെ ഞാന്‍ കണ്ടു. ഭൂമിയിലുള്ളവരോടും സകല ജനതകളോടും ഗോത്രങ്ങളോടും ഭാഷകളോടും രാജ്യങ്ങളോടും വിളംബരം ചെയ്യാനുള്ള ഒരു സനാതന സുവിശേഷം അവന്റെ പക്കലുണ്ട്.7 അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ദൈവത്തെ ഭയപ്പെടുകയും അവിടുത്തേക്കു മഹത്വം നല്‍കുകയും ചെയ്യുവിന്‍. എന്തെന്നാല്‍, അവിടുത്തെ വിധിയുടെ സമയം വന്നുകഴിഞ്ഞു. ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും നീരുറവകളെയും സൃഷ്ടിച്ചവനെ ആരാധിക്കുവിന്‍.8 രണ്ടാമതൊരു ദൂതന്‍ വന്നു പറഞ്ഞു: മഹാബാബിലോണ്‍ വീണുപോയി. ഭോഗാസക്തിയുടെ വീഞ്ഞ് സകല ജനതകളെയും കുടിപ്പിച്ചിരുന്ന അവള്‍ നിലംപതിച്ചു.9 മൂന്നാമതൊരു ദൂതന്‍ വന്ന് ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ആരെങ്കിലും മൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ മുദ്രസ്വീകരിക്കുകയോ ചെയ്താല്‍10 അവന്‍ ദൈവകോപത്തിന്റെ പാത്രത്തില്‍ അവിടുത്തെ ക്രോധത്തിന്റെ വീഞ്ഞ് കലര്‍പ്പില്ലാതെ പകര്‍ന്നുകുടിക്കും. വിശുദ്ധദൂതന്‍മാരുടെയും കുഞ്ഞാടിന്റെയും മുമ്പാകെ അഗ്‌നിയാലും ഗന്ധകത്താലും അവന്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യും.11 അവരുടെ പീഡനത്തിന്റെ പുക എന്നെന്നും ഉയര്‍ന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്റെ പ്രതിമയെയും ആ രാധിക്കുന്നവര്‍ക്കും അതിന്റെ നാമമുദ്രസ്വീകരിക്കുന്നവര്‍ക്കും രാപകല്‍ ഒരാശ്വാസവും ഉണ്ടായിരിക്കയില്ല.12 ഇവിടെയാണ് ദൈവത്തിന്റെ കല്‍പനകള്‍ പാലിക്കുന്ന വിശുദ്ധരുടെ സഹനശക്തിയും യേശുവിലുള്ള വിശ്വാസവും വേണ്ടത്.13 അനന്തരം, സ്വര്‍ഗത്തില്‍നിന്നു പറയുന്ന ഒരു സ്വരം ഞാന്‍ കേട്ടു: എഴുതുക, ഇപ്പോള്‍മുതല്‍ കര്‍ത്താവില്‍ മൃതിയടയുന്നവര്‍ അനുഗൃഹീതരാണ്. അതേ, തീര്‍ച്ചയായും. അവര്‍ തങ്ങളുടെ അധ്വാനങ്ങളില്‍നിന്നു വിരമിച്ചു സ്വസ്ഥരാകും; അവരുടെ പ്രവൃത്തികള്‍ അവരെ അനുഗമിക്കുന്നു എന്ന് ആത്മാവ് അരുളിച്ചെയ്യുന്നു.
വിളവെടുപ്പ്
14 പിന്നെ ഞാന്‍ കണ്ടു: ഇതാ, ഒരുവെണ്‍മേഘം; മേഘത്തിന്‍മേല്‍ മനുഷ്യപുത്രനെപ്പോലെയുള്ള ഒരുവന്‍ , അവന്റെ ശിരസ് സില്‍ സ്വര്‍ണകിരീടവും കൈയില്‍ മൂര്‍ച്ചയുള്ള അരിവാളുമുണ്ട്.15 ദേവാലയത്തില്‍നിന്നു മറ്റൊരു ദൂതന്‍ പുറത്തുവന്നു മേഘത്തിന്‍മേല്‍ ഇരിക്കുന്നവനോട് ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: അരിവാള്‍ എടുത്തുകൊയ്യുക. കൊയ്ത്തിനു കാലമായി. ഭൂമിയിലെ വിളവു പാകമായിക്കഴിഞ്ഞു.16 അപ്പോള്‍, മേഘത്തില്‍ ഇരിക്കുന്നവന്‍ തന്റെ അരിവാള്‍ ഭൂമിയിലേക്കെറിയുകയും ഭൂമികൊയ്യപ്പെടുകയും ചെയ്തു.17 സ്വര്‍ഗത്തിലെ ദേവാലയത്തില്‍നിന്നു മൂര്‍ച്ചയുള്ള ഒരു അരിവാളുമായി മറ്റൊരു ദൂതന്‍ ഇറങ്ങിവന്നു.18 വേറൊരു ദൂതന്‍ ബലിപീഠത്തില്‍നിന്നു പുറത്തുവന്നു. അവന് അ ഗ്‌നിയുടെമേല്‍ അധികാരം ഉണ്ടായിരുന്നു. മൂര്‍ച്ചയുള്ള അരിവാളുള്ളവനോട് അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: നിന്റെ അരിവാളിറക്കി ഭൂമിയിലെ മുന്തിരിക്കുലകള്‍ ശേഖരിക്കുക; മുന്തിരിപ്പഴം പാകമായിരിക്കുന്നു.19 അപ്പോള്‍ ദൂതന്‍ അരിവാള്‍ ഭൂമിയിലേക്കെറിഞ്ഞു. ഭൂമിയിലെ മുന്തിരിവിള ശേ ഖരിച്ച് ദൈവത്തിന്റെ ക്രോധമാകുന്ന വലിയ മുന്തിരിച്ചക്കിലിട്ടു.20 പട്ടണത്തിനുവെളിയിലുള്ള ചക്കിലിട്ടു മുന്തിരിപ്പഴം ആട്ടി. ചക്കില്‍നിന്ന്, കുതിരകളുടെ കടിഞ്ഞാണ്‍വരെ ഉയരത്തില്‍ ആയിരത്തിയറുനൂറു സ്താദിയോണ്‍ നീളത്തില്‍ രക്തപ്രവാഹം ഉണ്ടായി.
