The Book of Revelation, Chapter 17 | വെളിപാട് പുസ്തകം, അദ്ധ്യായം 17 | Malayalam Bible | POC Translation

വി. യോഹന്നാനു ലഭിച്ച വെളിപാട്‌, അദ്ധ്യായം 17

കുപ്രസിദ്ധ വേശ്യയും മൃഗവും

1 ഏഴു പാത്രങ്ങള്‍ പിടിച്ചിരുന്ന ഏഴു ദൂതന്‍മാരില്‍ ഒരുവന്‍ വന്ന് എന്നോടു പറഞ്ഞു: വരുക, സമുദ്രങ്ങളുടെമേല്‍ ഉപവിഷ്ടയായിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ശിക്ഷാവിധി നിനക്കു ഞാന്‍ കാണിച്ചുതരാം.2 അവളോടുകൂടെ ഭൂമിയിലെ രാജാക്കന്‍മാര്‍ വ്യഭിചാരംചെയ്തു. അവളുടെ ദുര്‍വൃത്തിയുടെ വീഞ്ഞു കുടിച്ച് ഭൂവാസികള്‍ ഉന്‍മത്തരായി.3 ആദൂതന്‍ ആത്മാവില്‍ എന്നെ മരുഭൂമിയിലേക്കു നയിച്ചു. ദൈവദൂഷണപരമായ നാമങ്ങള്‍ നിറഞ്ഞതും, ഏഴു തലയും പത്തു കൊമ്പും കടുംചെമപ്പുനിറവുമുള്ളതുമായ ഒരു മൃഗത്തിന്റെ മേല്‍ ഇരിക്കുന്ന ഒരു സ്ത്രീയെ ഞാന്‍ കണ്ടു.4 ആ സ്ത്രീ ധൂമ്രവും കടുംചെമപ്പും നിറമുള്ള വസ്ത്രം ധരിച്ചിരുന്നു. സ്വര്‍ണവും വിലപിടിച്ച രത്‌നങ്ങളും മുത്തുകളുംകൊണ്ട് അലംകൃതയുമായിരുന്നു. വേശ്യാവൃത്തിയുടെ അശുദ്ധികളും മ്ലേച്ഛതകളുംകൊണ്ടു നിറഞ്ഞഒരു പൊന്‍ചഷകം അവളുടെ കൈയിലുണ്ടായിരുന്നു.5 അവളുടെ നെറ്റിത്തടത്തില്‍ ഒരു നിഗൂഢനാമം എഴുതപ്പെട്ടിരുന്നു: മഹാബാബിലോണ്‍- വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ്.6 ആ സ്ത്രീ വിശുദ്ധരുടെയും യേശുവിന്റെ സാക്ഷികളുടെയും രക്തം കുടിച്ച് ഉന്‍മത്തയായി ലഹരി പിടിച്ചിരിക്കുന്നതും ഞാന്‍ കണ്ടു.

അവളെ കണ്ടപ്പോള്‍ ഞാന്‍ അദ്ഭുതപര തന്ത്രനായി.

7 അപ്പോള്‍ ദൂതന്‍ എന്നോടു പറഞ്ഞു: നീ എന്തുകൊണ്ടു വിസ്മയിക്കുന്നു? ആ സ്ത്രീയുടെയും അവളെ വഹിക്കുന്ന ഏഴു തലയും പത്തുകൊമ്പുമുള്ള മൃഗത്തിന്റെയും രഹസ്യം ഞാന്‍ നിന്നോടു പറയാം.8 നീ കണ്ട ആ മൃഗം ഉണ്ടായിരുന്നു; എന്നാല്‍ ഇപ്പോള്‍ ഇല്ല. അതു പാതാളത്തില്‍നിന്നു കയറിവന്നു നാശത്തിലേക്കു പോകും. ലോകസ്ഥാപനംമുതല്‍ ജീവന്റെ പുസ്ത കത്തില്‍ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികള്‍, ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്ത തും വരാനിരിക്കുന്നതുമായ ആ മൃഗത്തെനോക്കി വിസ്മയിക്കും.9 ഇവിടെയാണു ജ്ഞാനമുള്ള മനസ്‌സിന്റെ ആവശ്യം. ഏഴു തലകള്‍ ആ സ്ത്രീ ഉപവിഷ്ടയായിരിക്കുന്ന ഏഴു മലകളാണ്. അവ ഏഴു രാജാക്കന്‍മാരുമാണ്.10 അഞ്ചുപേര്‍ വീണുപോയി. ഒരാള്‍ ഇപ്പോഴുണ്ട്. മറ്റൊരാള്‍ ഇനിയും വന്നിട്ടില്ല. അവന്‍ വരുമ്പോള്‍ ചുരുങ്ങിയ കാലത്തേക്കേ ഇവിടെ വസിക്കുകയുള്ളൂ.11 ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതുമായ മൃഗം എട്ടാമത്തേതും ഏഴില്‍പ്പെട്ടതുമാണ്. അതു നാശത്തിലേക്കു പോകുന്നു.12 നീ കണ്ട പത്തു കൊമ്പുകള്‍ പത്തു രാജാക്കന്‍മാരാണ്. അവര്‍ ഇനിയും രാജത്വം സ്വീകരിച്ചിട്ടില്ല. എന്നാല്‍, ഒരു മണിക്കൂര്‍ നേരത്തേക്കു മൃഗത്തോടൊത്തു രാജാക്കന്‍മാരുടെ അധികാരം സ്വീകരിക്കേണ്ടവരാണ് അവര്‍.13 അവര്‍ക്ക് ഒരേ മനസ്‌സാണുള്ളത്. തങ്ങളുടെ ശക്തിയും അധികാരവും അവര്‍ മൃഗത്തിന് ഏല്‍പിച്ചുകൊടുക്കുന്നു.14 ഇവര്‍ കുഞ്ഞാടിനോടുയുദ്ധം ചെയ്യും. കുഞ്ഞാട് അവരെ കീഴ്‌പ്പെടുത്തും. എന്തെന്നാല്‍, അവന്‍ നാഥന്‍മാരുടെ നാഥനും രാജാക്കന്‍മാരുടെ രാജാവുമാണ്. അവനോടുകൂടെയുള്ളവര്‍ വിളിക്കപ്പെട്ടവരും തെരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമാണ്.15 പിന്നെ അവന്‍ എന്നോടു പറഞ്ഞു: വേശ്യ ഇരിക്കുന്നതായി നീ കാണുന്ന ജലപ്പരപ്പ് ജനതകളും ജനസമൂഹങ്ങളും രാജ്യങ്ങളും ഭാഷകളുമാണ്.16 നീ കാണുന്ന പത്തു കൊമ്പുകളും മൃഗവും ആ വേശ്യയെ വെറുക്കും. അവളെ പരിത്യക്തയും നഗ്‌നയുമാക്കും. അവളുടെ മാംസം ഭക്ഷിക്കുകയും അവളെ അഗ്‌നിയില്‍ ദഹിപ്പിക്കുകയും ചെയ്യും.17 എന്തെന്നാല്‍, ദൈവത്തിന്റെ വചനം പൂര്‍ത്തിയാകുവോളം അവിടുത്തെ ഉദ്‌ദേശ്യം നടപ്പാക്കുന്നതിനും ഏകമനസ്‌സോടെ മൃഗത്തിനു തങ്ങളുടെ രാജത്വം നല്‍കുന്നതിനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു.18 നീ കാണുന്ന ആ സ്ത്രീ ഭൂമിയിലെ രാജാക്കന്‍മാരുടെമേല്‍ അധീശത്വമുള്ള മഹാനഗരമാണ്.

Advertisements
Advertisements
Advertisements
St. John
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s