നോമ്പുകാല വചനതീർത്ഥാടനം 14

നോമ്പുകാല
വചനതീർത്ഥാടനം-14

റോമ 7 : 19
” ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണു ഞാൻ പ്രവർത്തിക്കുന്നത്.”

പാപവും പാപവാസനകളും മനുഷ്യ ജീവിതത്തെ മാരകമാംവിധം സ്വാധീനിക്കുന്ന നശീകരണ ശക്തികളാണ്. നന്മ ചെയ്യാൻ ഉദ്യമിക്കുമ്പോൾ അതു് ചെയ്യിക്കാതെ തിന്മ ചെയ്യാൻ പ്രേരിപ്പിക്കുന്ന അനിയന്ത്രിതമായ പാപത്തിന്റെ ഒരു ശക്തി തന്നിലുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് വി.പൗലോസ് ശ്ലീഹ സംസാരിക്കുന്നത്. നന്മയുടെയും തിന്മയുടെയും ഈ വാസനാവികാരങ്ങൾ സൃഷ്ടിക്കുന്ന വേലിയേറ്റങ്ങളും വേലിയിറക്കങ്ങളുമാണ് മനുഷ്യൻ നേരിടുന്ന അസ്തിത്വ സംഘർഷമെന്നു പറയാം. മനുഷ്യനായി ജീവിക്കുന്ന ആരുംതന്നെ ഈ സംഘർഷത്തിൽനിന്ന് ഒഴിഞ്ഞുനില്ക്കുന്നില്ല. ആദ്യദമ്പതികളിൽനിന്ന് ആരംഭിച്ച പാപത്തിന്റെ ഈ പ്രയാണം മനുഷ്യവർഗ്ഗത്തിന്റെ ചിന്തയേയും ഭാവനയേയും മലീമസമാക്കിയപ്പോഴാണ് ലോകത്തെയാകെ ശുദ്ധീകരിക്കാൻ ദൈവം ജലപ്രളയം അനുവദിച്ചത്. അല്ലാതെ അതു് മനുഷ്യവർഗ്ഗത്തെ നശിപ്പിക്കാനായിരുന്നില്ല. ഒരു പ്രവൃത്തി തെറ്റാണെന്നറിഞ്ഞിട്ടും പ്രതിരോധിക്കാനാവാതെ അതിനു കീഴടങ്ങിക്കൊടുക്കേണ്ടി വന്നപ്പോഴാണ് താൻ ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണ് പ്രവർത്തിക്കുന്നതെന്ന് വി പൗലോസിനു പറയേണ്ടി വന്നത്. തന്റെ ഈ ദുർഭഗാവസ്ഥയിൽനിന്ന് യേശുക്രിസ്തുവിനല്ലാതെ മറ്റാർക്കും തന്നെ രക്ഷിക്കാനാവില്ലെന്ന് വി. പൗലോസ് നന്നായി മനസ്സിലാക്കിയിരുന്നു. പശ്ചാത്താപംകൊണ്ടു മാത്രം ഇതിന് പരിഹാരമാവില്ലെന്നും യേശു ചെയ്തതുപോലെ പാപത്തിനു സ്വന്തം ശരീരത്തിൽ മരണമാകുന്ന ശിക്ഷ വിധിച്ചുകൊണ്ടു മാത്രമേ മോചനം സാധ്യമാകൂ എന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. ഈ നോമ്പുകാലത്തു നമ്മൾ നടത്തുന്ന ധർമ്മദാനങ്ങളും പ്രാർത്ഥനകളും , ഉപവാസവും മറ്റ് ത്യാഗപ്രവൃത്തികളും പാപമോചനത്തിനായി നമ്മുടെ ശരീരത്തിൽ നമ്മൾ ഏൽപ്പിക്കുന്ന ശിക്ഷണ നടപടികളാണ്. ഇതുവഴിയാണ് യേശുവിന്റെ ബലിയിൽ പങ്കുകാരായി നമ്മൾ പാപത്തിന്റെ ദുർഭഗാവസ്ഥയിൽനിന്ന് മോചിതരാകുന്നത്.

ഫാ.ആന്റണി പൂതവേലിൽ
15.03.2022.

Advertisements

Leave a comment