ഉല്പത്തി പുസ്തകം, അദ്ധ്യായം 17
പരിച്‌ഛേദനം
1 അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയ സ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക.2 നീയുമായി ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെസന്തതികളെ നല്‍കും.3 അപ്പോള്‍ അബ്രാം സാഷ്ടാംഗംപ്രണമിച്ചു. ദൈവം അവനോട് അരുളിച്ചെയ്തു:4 ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും.5 ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു.6 നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍ നിന്നു ജനതകള്‍ പുറപ്പെടും.7 രാജാക്കന്‍മാരും നിന്നില്‍നിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കുശേഷം നിന്റെ സന്തതികളും തമ്മില്‍ തലമുറതലമുറയായി എന്നേക്കും ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും; ഞാന്‍ എന്നേക്കും നിനക്കും നിന്റെ സന്തതികള്‍ക്കും ദൈവമായിരിക്കും.8 നീ പരദേശിയായി പാര്‍ക്കുന്ന ഈ കാനാന്‍ദേശം മുഴുവന്‍ നിനക്കും നിനക്കുശേഷം നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അത് അവരുടേതായിരിക്കും. ഞാന്‍ അവര്‍ക്കുദൈവമായിരിക്കുകയും ചെയ്യും.9 ദൈവം അബ്രാഹത്തോടു കല്‍പിച്ചു: നീയും നിന്റെ സന്താനങ്ങളും തലമുറതോറും എന്റെ ഉടമ്പടി പാലിക്കണം.10 നിങ്ങള്‍ പാലിക്കേണ്ട ഉടമ്പടി ഇതാണ്: നിങ്ങളില്‍ പുരുഷന്‍മാരെല്ലാവരും പരിച്‌ഛേദനം ചെയ്യണം.11 നിങ്ങള്‍ അഗ്രചര്‍മ്മം ഛേദിക്കണം. ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെ അടയാളമായിരിക്കും അത്.12 നിങ്ങളില്‍ എട്ടുദിവസം പ്രായമായ ആണ്‍കുട്ടിക്കു പരിച്‌ഛേ ദനം ചെയ്യണം. നിന്റെ വീട്ടില്‍ പിറന്നവനോ, നിന്റെ സന്താനങ്ങളില്‍പെടാത്ത വിലയ്ക്കു വാങ്ങിയ പരദേശിയോ ആകട്ടെ, തലമുറതോറും എല്ലാ പുരുഷന്‍മാര്‍ക്കും പരിച്‌ഛേദനംചെയ്യണം.13 നിന്റെ വീട്ടില്‍ പിറന്നവനും നീ വിലയ്ക്കു വാങ്ങിയവനും പരിച്‌ഛേദനം ചെയ്യപ്പെടണം. അങ്ങനെ എന്റെ ഉടമ്പടി നിന്റെ മാംസത്തില്‍ ശാശ്വതമായ ഒരുടമ്പടിയായി നിലനില്‍ക്കും.14 പരിച്‌ഛേ ദനം ചെയ്യപ്പെടാത്ത പുരുഷനെ സമൂഹത്തില്‍നിന്നു പുറന്തള്ളണം. അവന്‍ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.
ഇസഹാക്ക്
15 ദൈവം അബ്രാഹത്തോട് അരുളിച്ചെയ്തു: നിന്റെ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്. അവളുടെ പേര് സാറാ എന്നായിരിക്കും.16 ഞാന്‍ അവളെ അനുഗ്രഹിക്കും. അവളില്‍നിന്നു ഞാന്‍ നിനക്ക് ഒരു പുത്രനെ തരും. അവളെ ഞാന്‍ അനുഗ്രഹിക്കും; അവള്‍ ജനതകളുടെ മാതാവാകും. അവളില്‍നിന്നു ജനതകളുടെ രാജാക്കന്‍മാര്‍ ഉദ്ഭവിക്കും.17 അപ്പോള്‍ അബ്രാഹം കമിഴ്ന്നുവീണു ചിരിച്ചുകൊണ്ട് ആത്മഗതംചെയ്തു: നൂറു വയസ്സു തികഞ്ഞവനു കുഞ്ഞുജനിക്കുമോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമോ?18 അബ്രാഹം ദൈവത്തോടു പറഞ്ഞു: ഇസ്മായേല്‍ അങ്ങയുടെ തിരുമുമ്പില്‍ ജീവിച്ചിരുന്നാല്‍ മതി.19 ദൈവം അരുളിച്ചെയ്തു: നിന്റെ ഭാര്യ സാറാതന്നെ നിനക്കൊരു പുത്രനെപ്രസവിക്കും. നീ അവനെ ഇസഹാക്ക് എന്നു വിളിക്കണം. അവനുമായും അവന്റെ സന്തതികളുമായും ഞാന്‍ നിത്യമായ ഒരു ഉടമ്പടി സ്ഥാപിക്കും.20 ഇസ്മായേലിനുവേണ്ടിയുള്ള നിന്റെ പ്രാര്‍ഥനയും ഞാന്‍ ചെവിക്കൊണ്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിച്ചിരിക്കുന്നു. ഞാനവനെ സന്താനപുഷ്ടിയുള്ളവനാക്കി, അവന്റെ സന്തതികളെ വര്‍ധിപ്പിക്കും. അവന്‍ പന്ത്രണ്ടു രാജാക്കന്‍മാര്‍ക്കു പിതാവായിരിക്കും. അവനില്‍നിന്നു ഞാനൊരു വലിയ ജനതയെ പുറപ്പെടുവിക്കും.21 എന്നാല്‍, സാറായില്‍നിന്ന് അടുത്ത വര്‍ഷം ഈ സമയത്ത് നിനക്കു ജനിക്കാന്‍പോകുന്ന ഇസഹാക്കുമായിട്ടാണ് എന്റെ ഉടമ്പടി ഞാന്‍ സ്ഥാപിക്കുക.22 അബ്രാഹത്തോടു സംസാരിച്ചു കഴിഞ്ഞു ദൈവം അവനെ വിട്ടുപോയി.23 ദൈവം കല്‍പിച്ചതുപോലെ ആദിവസം തന്നെ അബ്രാഹം മകന്‍ ഇസ്മായേലിനെയും തന്റെ വീട്ടില്‍പിറന്നവരും താന്‍ വില കൊടുത്തു വാങ്ങിയവരുമായ സകല പുരുഷന്‍മാരെയും പരിച്‌ഛേദനം ചെയ്തു.24 പരിച് ഛേദനസമയത്ത് അബ്രാഹത്തിനു തൊണ്ണൂറ്റൊമ്പതു വയസ്സും25 ഇസ്മായേലിനു പതിമ്മൂന്നു വയസ്സുമുണ്ടായിരുന്നു.26 അന്നുതന്നെ അബ്രാഹവും മകന്‍ ഇസ്മായേലും പരിച്‌ഛേദനം ചെയ്യപ്പെട്ടു.27 അബ്രാഹത്തിന്റെ വീട്ടിലെ എല്ലാ പുരുഷന്‍മാരും വീട്ടില്‍ പിറന്നവരും പരദേശികളില്‍നിന്നു വിലയ്ക്കു വാങ്ങിയവരുമായ എല്ലാവരും അവനോടൊപ്പം പരിച്‌ഛേദനം ചെയ്യപ്പെട്ടു.

