The Book of Genesis, Chapter 19 | ഉല്പത്തി, അദ്ധ്യായം 19 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 19

സോദോമിന്റെ പാപം

1 വൈകുന്നേരമായപ്പോള്‍ ആ രണ്ടു ദൂതന്‍മാര്‍ സോദോമില്‍ ചെന്നു. ലോത്ത് നഗരവാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു. അവരെക്കണ്ടപ്പോള്‍ ലോത്ത് അവരെ എതിരേല്‍ക്കാനായി എഴുന്നേറ്റുചെന്ന് നിലംപറ്റെ താണുവണങ്ങി.2 അവന്‍ പറഞ്ഞു:യജമാനന്‍മാരേ, ദാസന്റെ വീട്ടിലേക്കു വന്നാലും. കാല്‍ കഴുകി രാത്രി ഇവിടെ തങ്ങുക. രാവിലെ എഴുന്നേറ്റുയാത്ര തുടരാം. അവര്‍ മറുപടി പറഞ്ഞു:വേണ്ടാ, രാത്രി ഞങ്ങള്‍ തെരുവില്‍ കഴിച്ചുകൊള്ളാം.3 അവന്‍ വളരെ നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ അവന്റെ വീട്ടിലേക്കുപോയി. അവന്‍ അവര്‍ക്കൊരു വിരുന്നൊരുക്കി; പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കി. അവര്‍ അതു ഭക്ഷിച്ചു.4 അവര്‍ കിടക്കുംമുമ്പേ സോദോം നഗരത്തിന്റെ എല്ലാ ഭാഗത്തും നിന്നുയുവാക്കന്‍മാര്‍ മുതല്‍ വൃദ്ധന്‍മാര്‍വരെയുള്ള എല്ലാവരും വന്നു വീടുവളഞ്ഞു.5 അവര്‍ ലോത്തിനെ വിളിച്ചുപറഞ്ഞു: രാത്രി നിന്റെ യടുക്കല്‍ വന്നവരെവിടെ? ഞങ്ങള്‍ക്ക് അവരുമായി സുഖഭോഗങ്ങളിലേര്‍പ്പെടേണ്ടതിന് അവരെ പുറത്തുകൊണ്ടുവരുക.6 ലോത്ത് പുറത്തി റങ്ങി, കതകടച്ചിട്ട് അവരുടെ അടുത്തേക്കുചെന്നു.7 അവന്‍ പറഞ്ഞു: സഹോദരരേ, ഇത്തരം മ്ലേച്ഛത കാട്ടരുതെന്ന് ഞാന്‍ നിങ്ങളോടുയാചിക്കുന്നു.8 പുരുഷസ്പര്‍ശമേല്‍ക്കാത്ത രണ്ടു പെണ്‍മക്കള്‍ എനിക്കുണ്ട്. അവരെ നിങ്ങള്‍ക്കു വിട്ടുതരാം. ഇഷ്ടംപോലെ അവരോടു ചെയ്തുകൊള്ളുക. പക്‌ഷേ, ഈ പുരുഷന്‍മാരെ മാത്രം ഒന്നും ചെയ്യരുത്. എന്തെന്നാല്‍, അവര്‍ എന്റെ അതിഥികളാണ്. മാറിനില്‍ക്കൂ, അവര്‍ അട്ടഹസിച്ചു.9 പരദേശിയായി വന്നവന്‍ന്യായം വിധിക്കുവാന്‍ ഒരുങ്ങുന്നു! അവരോടെന്നതിനെക്കാള്‍ മോശമായി നിന്നോടും ഞങ്ങള്‍ പെരുമാറും. അവര്‍ ലോത്തിനെ ശക്തിയായി തള്ളിമാറ്റി വാതില്‍തല്ലിപ്പൊളിക്കാന്‍ ചെന്നു.10 പ ക്‌ഷേ, ലോത്തിന്റെ അതിഥികള്‍ കൈനീട്ടി അവനെ വലിച്ചു വീട്ടിനുള്ളിലാക്കിയിട്ട് വാതിലടച്ചു.11 വാതില്‍ക്കലുണ്ടായിരുന്ന എല്ലാവരെയും അവര്‍ അന്ധരാക്കി. അവര്‍ വാതില്‍ തപ്പിത്തടഞ്ഞു വലഞ്ഞു.

ലോത്ത് സോദോം വിടുന്നു

12 ആ രണ്ടുപേര്‍ ലോത്തിനോടു പറഞ്ഞു: ഇവരെക്കൂടാതെ നിനക്ക് ആരെങ്കിലും ഇവിടെയുണ്ടോ? പുത്രന്‍മാരോ പുത്രികളോ മരുമക്കളോ മറ്റാരെങ്കിലുമോ നഗരത്തില്‍ ഉണ്ടെങ്കില്‍ എല്ലാവരെയും ഉടന്‍ പുറത്തു കടത്തിക്കൊള്ളുക.13 ഈ സ്ഥലം ഞങ്ങള്‍ നശിപ്പിക്കാന്‍ പോവുകയാണ്. ഇവിടത്തെ ജനങ്ങള്‍ക്കെതിരേ രൂക്ഷമായ നിലവിളി കര്‍ത്താവിന്റെ മുമ്പില്‍ എത്തിയിരിക്കുന്നു. ഇവിടം നശിപ്പിക്കാന്‍ കര്‍ത്താവു ഞങ്ങളെ അയച്ചിരിക്കുകയാണ്.14 ഉടനെ ലോത്ത് തന്റെ പുത്രിമാരെ വിവാഹം ചെയ്യാനിരുന്നവരുടെ അടുത്തുചെന്നുപറഞ്ഞു: എഴുന്നേറ്റ് ഉടനെ സ്ഥലം വിട്ടുപോവുക. കര്‍ത്താവ് ഈ നഗരം നശിപ്പിക്കാന്‍ പോവുകയാണ്. എന്നാല്‍ അവന്‍ തമാശ പറയുകയാണ് എന്നത്രേ അവര്‍ക്കു തോന്നിയത്.15 നേരം പുലര്‍ന്നപ്പോള്‍ ദൂതന്‍മാര്‍ ലോത്തിനോടു പറഞ്ഞു: എഴുന്നേറ്റു ഭാര്യയെയും പെണ്‍മക്കള്‍ രണ്ടുപേരെയും കൂട്ടി വേഗം പുറപ്പെടുക. അല്ലെങ്കില്‍ നഗരത്തോടൊപ്പം നിങ്ങളും നശിച്ചുപോകും.16 എന്നാല്‍, അവന്‍ മടിച്ചുനിന്നു. കര്‍ത്താവിന് അവനോടു കരുണ തോന്നിയതുകൊണ്ട് ആ മനുഷ്യര്‍ അവനെയും ഭാര്യയെയും മക്കളെയും കൈക്കുപിടിച്ചു നഗരത്തിനു പുറത്തുകൊണ്ടുപോയി വിട്ടു.17 അവരെ പുറത്തുകൊണ്ടുചെന്നു വിട്ടതിനുശേഷം അവരിലൊരുവന്‍ പറഞ്ഞു: ജീവന്‍ വേണമെങ്കില്‍ ഓടിപ്പോവുക. പിന്‍തിരിഞ്ഞു നോക്കരുത്. താഴ്‌വരയിലെങ്ങും തങ്ങുകയുമരുത്. മലമുകളിലേക്ക് ഓടി രക്ഷപെടുക. അല്ലെങ്കില്‍ നിങ്ങള്‍ വെന്തുനശിക്കും.18 ലോത്ത് പറഞ്ഞു:യജമാനനേ, അങ്ങനെ പറയരുതേ!19 ഞാന്‍ അങ്ങയുടെ പ്രീതിക്കു പാത്രമായല്ലോ. എന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ അവിടുന്നു വലിയ കാരുണ്യമാണു കാണിച്ചിരിക്കുന്നത്. എന്നാല്‍, മലയില്‍ ഓടിക്കയറി രക്ഷപെടാന്‍ എനിക്കു വയ്യാ. അപ കടം എന്നെ പിടികൂടി ഞാന്‍ മരിച്ചേക്കുമെന്നു ഭയപ്പെടുന്നു.20 ഇതാ, ആ കാണുന്ന പട്ടണം ഓടി രക്ഷപെടാവുന്നത്ര അടുത്താണ്, ചെറുതുമാണ്. ഞാന്‍ അങ്ങോട്ട് ഓടി രക്ഷപെട്ടുകൊള്ളട്ടെ? – അതു ചെറുതാണല്ലോ – അങ്ങനെ എനിക്ക് ജീവന്‍ രക്ഷിക്കാം.21 അവന്‍ പറഞ്ഞു: ശരി, അക്കാര്യവും ഞാന്‍ സ്വീകരിച്ചിരിക്കുന്നു. നീ പറഞ്ഞപട്ടണത്തെ ഞാന്‍ നശിപ്പിക്കുകയില്ല. വേഗമാവട്ടെ; അങ്ങോട്ട് ഓടി രക്ഷപെടുക.22 നീ അവിടെയെത്തുംവരെ എനിക്കൊന്നും ചെയ്യാനാവില്ല. ആ പട്ടണത്തിനു സോവാര്‍ എന്നു പേരുണ്ടായി.

സോദോം – ഗൊമോറാ നശിക്കുന്നു

23 ലോത്ത് സോവാറില്‍ എത്തിയപ്പോള്‍ സൂര്യന്‍ ഉദിച്ചുകഴിഞ്ഞിരുന്നു.24 കര്‍ത്താവ് ആകാശത്തില്‍ നിന്നു സോദോമിലും ഗൊമോറായിലും അഗ്‌നിയും ഗന്ധകവും വര്‍ഷിച്ചു.25 ആ പട്ടണങ്ങളെയും താഴ്‌വരകളെയും അവയിലെ നിവാസികളെയും സസ്യലതാദികളെയും അവിടുന്നു നാമാവശേഷമാക്കി.26 ലോത്തിന്റെ ഭാര്യ അവന്റെ പിറകേ വരുകയായിരുന്നു. അവള്‍ പിന്‍തിരിഞ്ഞു നോക്കിയതുകൊണ്ട് ഒരു ഉപ്പുതൂണായിത്തീര്‍ന്നു.27 അബ്രാഹം അതിരാവിലെ എഴുന്നേറ്റ്, താന്‍ കര്‍ത്താവിന്റെ മുമ്പില്‍ നിന്ന സ്ഥലത്തേക്കുചെന്നു.28 അവന്‍ സോദോമിനുംഗൊമോറായ്ക്കും താഴ്‌വരപ്രദേശങ്ങള്‍ക്കും നേരേനോക്കി. തീച്ചൂളയില്‍ നിന്നെന്ന പോലെ ആ പ്രദേശത്തുനിന്നെല്ലാം പുകപൊങ്ങുന്നതു കണ്ടു.29 താഴ്‌വരകളിലെ നഗരങ്ങള്‍ നശിപ്പിച്ചപ്പോള്‍ ദൈവം അബ്രാഹത്തെ ഓര്‍ത്തു. ലോത്ത് പാര്‍ത്തിരുന്ന ഈ നഗരങ്ങളെ നശിപ്പിച്ചപ്പോള്‍ അവിടുന്നു ലോത്തിനെ നാശത്തില്‍നിന്നു രക്ഷിച്ചു.

മൊവാബ്യര്‍, അമ്മോന്യര്‍

30 സോവാറില്‍ പാര്‍ക്കാന്‍ ലോത്തിനു ഭയമായിരുന്നു. അതുകൊണ്ട് അവന്‍ തന്റെ രണ്ടു പെണ്‍മക്കളോടുകൂടെ അവിടെനിന്നു പുറത്തു കടന്ന് മലയില്‍ ഒരു ഗുഹയ്ക്കുള്ളില്‍ പാര്‍ത്തു.31 മൂത്തവള്‍ ഇളയവളോടു പറഞ്ഞു: നമ്മുടെ പിതാവിനു പ്രായമായി. ലോകനടപ്പനുസരിച്ചു നമ്മോടു സംഗമിക്കുവാന്‍ ഭൂമിയില്‍ വേറൊരു പുരുഷനുമില്ല.32 അപ്പനെ വീഞ്ഞുകുടിപ്പിച്ച് നമുക്ക് അവനോടൊന്നിച്ചു ശയിക്കാം; അങ്ങനെ അപ്പന്റെ സന്താനപരമ്പര നിലനിര്‍ത്താം.33 അന്നുരാത്രി പിതാവിനെ അവര്‍ വീഞ്ഞു കുടിപ്പിച്ചു; മൂത്തവള്‍ പിതാവിന്റെ കൂടെ ശയിച്ചു. അവള്‍ വന്നുകിടന്നതോ, എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല.34 പിറ്റേന്നു മൂത്തവള്‍ ഇളയവളോടുപറഞ്ഞു: ഞാന്‍ ഇന്നലെ അപ്പനോടൊന്നിച്ചു ശയിച്ചു. ഇന്നും നമുക്കവനെ വീഞ്ഞുകുടിപ്പിക്കാം. ഇന്നു നീ പോയി അവനോടുകൂടെ ശയിക്കുക. അങ്ങനെ അപ്പന്റെ സന്താന പരമ്പര നമുക്കു നിലനിര്‍ത്താം.35 അന്നുരാത്രിയിലും അവര്‍ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു; ഇളയവള്‍ അവനോടൊന്നിച്ചു ശയിച്ചു. അവള്‍ വന്നു കിടന്നതോ എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല.36 അങ്ങനെലോത്തിന്റെ രണ്ടു പുത്രിമാരും തങ്ങളുടെ പിതാവില്‍ നിന്നു ഗര്‍ഭിണികളായി.37 മൂത്ത വള്‍ക്ക് ഒരു മകന്‍ ജനിച്ചു. മൊവാബ് എന്ന് അവനുപേരിട്ടു. ഇന്നുവരെയുണ്ടായിട്ടുള്ളമൊവാബ്യരുടെയെല്ലാം പിതാവാണ് അവന്‍ .38 ഇളയവള്‍ക്കും ഒരു മകന്‍ ജനിച്ചു. ബന്‍അമ്മി എന്ന് അവനു പേരിട്ടു. ഇന്നുവരെയുണ്ടായിട്ടുള്ള അമ്മോന്യരുടെയെല്ലാം പിതാവാണ് അവന്‍

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Garden of Eden
Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s