The Book of Genesis, Chapter 31 | ഉല്പത്തി, അദ്ധ്യായം 31 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 31

യാക്കോബ് ഒളിച്ചോടുന്നു

1 ലാബാന്റെ മക്കള്‍ ഇങ്ങനെ പറയുന്നതു യാക്കോബു കേട്ടു: നമ്മുടെ പിതാവിന്റെ സ്വത്തെല്ലാം യാക്കോബ് കൈവശപ്പെടുത്തി. നമ്മുടെ പിതാവിന്റെ മുതലുകൊണ്ടാണ് അവന്‍ ഈ സ്വത്തൊക്കെസമ്പാദിച്ചത്.2 ലാബാനു തന്നോടു പണ്ടത്തെപ്പോലെ താത്പര്യമില്ലെന്ന് അവന്റെ മുഖഭാവത്തില്‍നിന്നു യാക്കോബിനു മന സ്‌സിലായി.3 കര്‍ത്താവു യാക്കോബിനോട് അരുളിച്ചെയ്തു: നിന്റെ പിതാക്കന്‍മാരുടെയും ചാര്‍ച്ചക്കാരുടെയും നാട്ടിലേക്കു തിരിച്ചുപോവുക. ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും.4 യാക്കോബ് റാഹേലിനെയുംലെയായെയും താന്‍ ആടുമേയ്ച്ചിരുന്ന വയ ലിലേക്കു വിളിപ്പിച്ചു.5 അവന്‍ അവരോടു പറഞ്ഞു: മുമ്പത്തെപ്പോലെയല്ല നിങ്ങളുടെ പിതാവിന് എന്നോടുള്ള മനോഭാവം. എന്നാല്‍, എന്റെ പിതാവിന്റെ ദൈവം എന്റെ കൂടെ ഉണ്ടായിരുന്നു.6 എന്റെ കഴിവു മുഴുവനും ഉപയോഗിച്ച് നിങ്ങളുടെ പിതാവിനുവേണ്ടി ഞാന്‍ പണിയെടുത്തിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ.7 എന്നിട്ടും നിങ്ങളുടെ പിതാവ് എന്നെ ചതിക്കുകയും പത്തുതവണ എന്റെ കൂലിയില്‍ മാറ്റം വരുത്തുകയും ചെയ്തു. പക്‌ഷേ, എന്നെ ദ്രോഹിക്കാന്‍ ദൈവം അവനെ അനുവദിച്ചില്ല.8 പുള്ളിയുള്ള ആടുകളായിരിക്കും നിന്റെ കൂലി എന്ന് അവന്‍ പറഞ്ഞാല്‍ എല്ലാ ആടും പുള്ളിയുള്ളതിനെ പ്രസവിക്കും. അതല്ല, വരയുള്ള ആടുകളായിരിക്കും നിനക്കു കൂലി എന്ന് അവന്‍ പറഞ്ഞാല്‍, ആടുകളൊക്കെ വരയുള്ളതിനെ പ്രസവിക്കും.9 അങ്ങനെദൈവം നിങ്ങളുടെ പിതാവിന്റെ ആടുകളെ അവനില്‍ നിന്നെടുത്ത് എനിക്കു തന്നിരിക്കുന്നു.10 ആടുകള്‍ ഇണചേരുന്നകാലത്ത് എനിക്കുണ്ടായ സ്വപ്നത്തില്‍ ഞാന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ ഇണചേരുന്ന മുട്ടാടുകളൊക്കെ പൊട്ടും പുള്ളിയും വരയുമുള്ളവയായിരുന്നു.11 അപ്പോള്‍ ദൈവത്തിന്റെ ദൂതന്‍ സ്വപ്നത്തില്‍യാക്കോബേ എന്നു വിളിച്ചു. ഇതാ ഞാന്‍, എന്നു ഞാന്‍ വിളികേട്ടു.12 ദൂതന്‍ പറഞ്ഞു: തലയുയര്‍ത്തി നോക്കുക. ഇണചേരുന്ന മുട്ടാടുകളെല്ലാം പൊട്ടും പുള്ളിയും വരയുമുള്ളവയാണ്. ലാബാന്‍ നിന്നോടു ചെയ്യുന്നതൊക്കെ ഞാന്‍ കാണുന്നുണ്ട്.13 നീ കല്‍ത്തൂണിന് അഭിഷേകം ചെയ്യുകയും വ്രതമെടുക്കുകയും ചെയ്ത സ്ഥലമായ ബേഥേലിലെ ദൈവമാണ് ഞാന്‍. എഴുന്നേറ്റ് ഇവിടം വിട്ടു നിന്റെ ചാര്‍ച്ചക്കാരുടെ നാട്ടിലേക്കു തിരിച്ചുപോവുക.14 റാഹേലും ലെയായും പറഞ്ഞു: നമ്മുടെ പിതാവിന്റെ വീട്ടില്‍ നമുക്ക് എന്തെങ്കിലും ഓഹരിയോ അവകാശമോ ഉണ്ടോ?15 നമ്മളെ അന്യരായിട്ടല്ലേ അവന്‍ കരുതുന്നത്? നമ്മെ വില്‍ക്കുകയും കിട്ടിയ പണം തിന്നു നശിപ്പിക്കുകയുമല്ലേ ചെയ്തത്?16 നമ്മുടെ പിതാവില്‍നിന്നു ദൈവം എടുത്തുമാറ്റിയ സ്വത്തെല്ലാം നമുക്കും നമ്മുടെ മക്കള്‍ക്കും അവകാശപ്പെട്ടതാണ്. അതിനാല്‍, ദൈവം അങ്ങയോടു കല്‍പിച്ചതു ചെയ്യുക.17 യാക്കോബ് മക്കളെയും ഭാര്യമാരെയും ഒട്ടകപ്പുറത്തു കയറ്റി.18 അവര്‍ കാലികളെയും ആടുമാടുകളെയും തെളിച്ചുകൊണ്ട് പാദാന്‍ ആരാമില്‍ വച്ചു സമ്പാദിച്ച സകല സ്വത്തുക്കളുമായി കാനാന്‍ദേശത്തു തന്റെ പിതാവായ ഇസഹാക്കിന്റെ അടുത്തേക്കു പുറപ്പെട്ടു. ലാബാന്‍ ആടുകളുടെ രോമം വെട്ടാന്‍ പോയിരിക്കുകയായിരുന്നു.19 റാഹേല്‍ തന്റെ പിതാവിന്റെ കുലദേവന്‍മാരുടെ വിഗ്രഹങ്ങളെല്ലാം കട്ടെടുത്തു.20 അരമായ നായ ലാബാനെ യാക്കോബ് കബളിപ്പിച്ചു സ്ഥലംവിട്ടുപോകാന്‍ ഉദ്‌ദേശിക്കുന്ന കാര്യം അവനെ അറിയിച്ചില്ല.21 തനിക്കുള്ളതെല്ലാം എടുത്തുകൊണ്ടാണ് അവന്‍ സ്ഥലം വിട്ടത്. അവന്‍ നദികടന്നു മലമ്പ്രദേശമായ ഗിലയാദിനു നേരെ തിരിഞ്ഞു.

ലാബാന്‍ പിന്‍തുടരുന്നു

22 യാക്കോബ് ഒളിച്ചുപോയ കാര്യം മൂന്നാംദിവസമാണു ലാബാന്‍ അറിഞ്ഞത്.23 തന്റെ സഹോദരന്‍മാരെയും കൂട്ടി ലാബാന്‍ ഏഴു ദിവസം യാക്കോബിനെ പിന്‍തുടര്‍ന്ന് മലമ്പ്രദേശമായ ഗിലയാദില്‍ വെച്ച് അവന്റെ അടുക്കല്‍ എത്തിച്ചേര്‍ന്നു.24 എന്നാല്‍ ദൈവം രാത്രി ഒരു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അരമായനായ ലാബാനോടു പറഞ്ഞു: നല്ലതോ ചീത്തയോ ആയ ഒരു വാക്കുപോലും യാക്കോബിനോടു പറയാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.25 യാക്കോബ് മലമ്പ്രദേശത്തു കൂടാരമടിച്ചിരിക്കേ ലാബാന്‍ അവന്റെ മുന്‍പില്‍ കടന്നു. തന്റെ ചാര്‍ച്ചക്കാരുമൊത്തു ലാബാനും ഗിലയാദിലെ മലമ്പ്രദേശത്തു കൂടാരമടിച്ചു.26 ലാബാന്‍ യാക്കോബിനോടു ചോദിച്ചു: നീ എന്താണ് ഈ ചെയ്തത്? എന്നെ കബളിപ്പിച്ചു വാളാല്‍നേടിയ തടവുകാരെപ്പോലെ എന്റെ പെണ്‍മക്കളെ കൊണ്ടുപോകുന്നതെന്തുകൊണ്ട്?27 എന്നെ കബളിപ്പിച്ച് എന്നോടു പറയാതെ ഒളിച്ചോടിയത് എന്തിനാണ്? ഞാന്‍ ആഹ്ലാദത്തോടെ പാട്ടുപാടി കിന്നരവും വീണയും വായിച്ചു നിങ്ങളെയാത്രയാക്കുമായിരുന്നല്ലോ.28 എനിക്ക് എന്റെ പുത്രന്‍മാരെയും പുത്രിമാരെയും ചുംബിക്കുന്നതിന് അവസരം തരാഞ്ഞതെന്ത്? നീ ബുദ്ധിശൂന്യമായിട്ടാണു പ്രവര്‍ത്തിച്ചത്. നിന്നെ ഉപദ്രവിക്കാന്‍ എനിക്കു കഴിയും.29 എന്നാല്‍, നല്ലതോ ചീത്തയോ ആയിയാതൊന്നും യാക്കോബിനോടു പറയാതിരിക്കാന്‍ സൂക്ഷിക്കുക എന്ന് നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞരാത്രി എന്നോടു പറഞ്ഞു.30 പിതാവിന്റെ വീട്ടിലെത്താനുള്ള തീവ്രമായ ആഗ്രഹംകൊണ്ടാണു നീ പോന്നതെങ്കില്‍ എന്റെ കുലദേവന്‍മാരെ കട്ടെടുത്തത് എന്തിന്?31 യാക്കോബു ലാബാനോടു പറഞ്ഞു: അങ്ങയുടെ പുത്രിമാരെ അങ്ങു ബലം പ്രയോഗിച്ച് എന്നില്‍ നിന്നു പിടിച്ചെടുക്കുമെന്നു ഞാന്‍ ഭയപ്പെട്ടു.32 അങ്ങയുടെ ദേവന്‍മാര്‍ ആരുടെ കൈയില്‍ കാണുന്നുവോ അയാള്‍ മരിക്കട്ടെ. അങ്ങയുടേത് എന്തെങ്കിലും എന്റെ കൈവശമുണ്ടെങ്കില്‍ നമ്മുടെ സഹോദരങ്ങളെ സാക്ഷി നിര്‍ത്തി തിരിച്ചെടുത്തുകൊള്ളുക. റാഹേല്‍ ദേവന്‍മാരെ മോഷ്ടിച്ചവിവരം യാക്കോബ് അറിഞ്ഞിരുന്നില്ല.33 ലാബാന്‍ യാക്കോബിന്റെയും ലെയായുടെയും രണ്ടു പരിചാരികമാരുടെയും കൂടാരങ്ങളില്‍ പരിശോധിച്ചു. അവ അവിടെയെങ്ങും കണ്ടില്ല. ലെയായുടെ കൂടാരത്തില്‍ നിന്നു പുറത്തുകടന്ന് അവന്‍ റാഹേലിന്റെ കൂടാരത്തിലേക്കു ചെന്നു.34 റാഹേല്‍ വിഗ്രഹങ്ങളെടുത്ത് ഒരു ഒട്ടകഭാണ്ഡത്തിലൊളിച്ച് അതിന്‍മേല്‍ കയറിരുന്നു. കൂടാരത്തിലെല്ലാം തിരഞ്ഞിട്ടും അവന്‍ ഒന്നും കണ്ടെണ്ടത്തിയില്ല.35 റാഹേല്‍ പിതാവിനോടു പറഞ്ഞു: അങ്ങയുടെ മുന്‍പില്‍ എനിക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്തതില്‍ അങ്ങു കോപിക്കരുതേ! എനിക്കിപ്പോള്‍ മാസമുറയാണ്. അവന്‍ തിരഞ്ഞെങ്കിലും വിഗ്രഹങ്ങള്‍ കണ്ടെണ്ടത്തിയില്ല.36 അപ്പോള്‍ രോഷാകുലനായ യാക്കോബ് ലാബാനോടു കയര്‍ത്തു. അവന്‍ ചോദിച്ചു: എന്റെ പേരിലുള്ള കുറ്റം എന്താണ്? ഇത്ര ആവേശത്തോടെ എന്റെ പിന്നാലെ പാഞ്ഞുവരാന്‍ എന്തുതെറ്റാണ് ഞാന്‍ ചെയ്തത്?37 എന്റെ സാധനങ്ങളൊക്കെ പരിശോധിച്ചില്ലേ? അങ്ങയുടെ വീട്ടുവക കളില്‍ എന്താണ് അതില്‍ കണ്ടെണ്ടത്തിയത്? അങ്ങയുടെയും എന്റെയും സഹോദരങ്ങളുടെ മുന്‍പില്‍ അവയൊക്കെ നിരത്തിവയ്ക്കുക. അവര്‍ വിധിപറയട്ടെ.38 ഇരുപതുകൊല്ലം ഞാന്‍ അങ്ങയുടെകൂടെയായിരുന്നു. അങ്ങയുടെ ചെമ്മരിയാടുകള്‍ക്കും കോലാടുകള്‍ക്കും ഗര്‍ഭച്ഛിദ്രം സംഭവിച്ചിട്ടില്ല. അങ്ങയുടെ മുട്ടാടുകളെ ഞാന്‍ കൊന്നുതിന്നിട്ടില്ല.39 കാട്ടുമൃഗങ്ങള്‍ കടിച്ചുകീറിയവയെ ഞാന്‍ അങ്ങയുടെയടുത്തു കൊണ്ടു വന്നിട്ടില്ല. ആ നഷ്ടം ഞാന്‍ തന്നെ സഹിച്ചു. രാത്രിയിലോ പകലോകളവു പോയവയ്ക്കും അങ്ങ് എന്നില്‍നിന്നു നഷ്ടപരിഹാരം ഈടാക്കിയിരുന്നു.40 അതായിരുന്നു എന്റെ സ്ഥിതി. പകല്‍ ചൂടും രാത്രി തണുപ്പും എന്നെ കാര്‍ന്നുതിന്നു. ഉറക്കം എന്റെ കണ്ണുകളില്‍നിന്ന് ഓടിയകന്നു.41 ഇരുപതുകൊല്ലം ഞാന്‍ അങ്ങയുടെ വീട്ടിലായിരുന്നു. പതിന്നാലുകൊല്ലം അങ്ങയുടെ രണ്ടുപെണ്‍ മക്കള്‍ക്കു വേണ്ടിയും ആറുകൊല്ലം ആടുകള്‍ക്കുവേണ്ടിയും ഞാന്‍ വേലചെയ്തു. പത്തുതവണ അങ്ങ് എന്റെ കൂലിയില്‍ മാറ്റം വരുത്തി.42 എന്റെ പിതാവായ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ഭയവുമായവന്‍ എന്റെ ഭാഗത്തില്ലായിരുന്നെങ്കില്‍ അങ്ങ് എന്നെ വെറുംകൈയോടെ പറഞ്ഞുവിടുമായിരുന്നു. എന്റെ കഷ്ടപ്പാടും ദേഹാ ധ്വാനവും ദൈവം കണ്ടു. അതു കൊണ്ടാണു കഴിഞ്ഞരാത്രി അവിടുന്ന് അങ്ങയെ ശകാരിച്ചത്.

ലാബാനുമായി ഉടമ്പടി

43 ലാബാന്‍ യാക്കോബിനോടു പറഞ്ഞു: ഈ പെണ്‍മക്കള്‍ എന്റെ പുത്രിമാരാണ്, ഈ കുട്ടികള്‍ എന്റെ കുട്ടികളും. ഈ ആ ട്ടിന്‍കൂട്ടവും എന്‍േറതുതന്നെ. ഈ കാണുന്നതൊക്കെ എന്‍േറതാണ്. എന്റെ ഈപെണ്‍മക്കള്‍ക്കും അവര്‍ക്കുണ്ടായ കുട്ടികള്‍ക്കും വേണ്ടി എന്താണ് എനിക്കിന്നു ചെയ്യാന്‍ കഴിയുക?44 നമുക്കൊരു ഉടമ്പടിയുണ്ടാക്കാം. എനിക്കും നിനക്കും മധ്യേ അതൊരു സാക്ഷ്യമായിരിക്കട്ടെ.45 അപ്പോള്‍ യാക്കോബ് ഒരു കല്ലെടുത്ത് തൂണായി കുത്തിനിര്‍ത്തി.46 കല്ലുപെറുക്കിക്കൂട്ടുക, യാക്കോബ് തന്റെ ചാര്‍ച്ചക്കാരോടു പറഞ്ഞു. അവര്‍ കല്ലെടുത്ത് ഒരു കൂമ്പാരം കൂട്ടി. ആ കൂമ്പാരത്തിന്‍മേല്‍ ഇരുന്ന് അവര്‍ ഭക്ഷണം കഴിച്ചു.47 ലാബാന്‍ അതിനെ യേഗാര്‍സഹ ദൂത്ത എന്നുവിളിച്ചു, യാക്കോബ് അതിനെ ഗലേദ് എന്നും.48 ഈ കല്‍ക്കൂമ്പാരം എനിക്കും നിനക്കും മധ്യേ സാക്ഷ്യമായിരിക്കും എന്നു ലാബാന്‍ പറഞ്ഞു. അതുകൊണ്ടാണ്, ഗലേദ് എന്ന് അതിനു പേരു ലഭിച്ചത്. തൂണിനു മിസ്പ എന്നു പേരിട്ടു.49 കാരണം, ലാബാന്‍ പറഞ്ഞു: നാം പരസ്പരം പിരിഞ്ഞിരിക്കുമ്പോള്‍ കര്‍ത്താവ് എനിക്കും നിനക്കും മധ്യേ കാവലായിരിക്കട്ടെ.50 എന്റെ പുത്രിമാരോടു നീ അപമര്യാദയായി പെരുമാറുകയോ എന്റെ പുത്രിമാര്‍ക്കുപുറമേ നീ ഭാര്യമാരെ സ്വീകരിക്കുകയോ ചെയ്താല്‍ ആരും നമ്മുടെ കൂടെയില്ലെങ്കിലും ദൈവം നമുക്കു മധ്യേ സാക്ഷിയാണെന്ന് ഓര്‍ക്കുക.51 ലാബാന്‍ യാക്കോബിനോടു പറഞ്ഞു: എനിക്കും നിനക്കും മധ്യേ ഞാന്‍ ഉയര്‍ത്തിയിരിക്കുന്ന ഈ തൂണും കല്‍ക്കൂമ്പാരവും കാണുക.52 നിന്നെ ഉപദ്രവിക്കാന്‍ ഈ കൂമ്പാരത്തിന് അപ്പുറത്തേക്കു ഞാനും എന്നെ ഉപദ്രവിക്കാന്‍ ഈ കൂമ്പാരത്തിനും തൂണിനും ഇപ്പുറത്തേക്കു നീയും കടക്കുകയില്ല എന്നതിന് ഈ കൂമ്പാരവും തൂണും സാക്ഷിയായിരിക്കട്ടെ.53 അബ്രാഹത്തിന്റെയും നാഹോറിന്റെയും അവരുടെ പിതാവിന്റെയും ദൈവം നമുക്കു മധ്യേ വിധിയാളനായിരിക്കട്ടെ. യാക്കോബും തന്റെ പിതാവായ ഇസഹാക്കു ഭയപ്പെട്ടിരുന്ന ദൈവത്തിന്റെ നാമത്തില്‍ സത്യംചെയ്തു.54 മല മുകളില്‍ യാക്കോബു ബലിയര്‍പ്പിക്കുകയും അപ്പം ഭക്ഷിക്കാന്‍ തന്റെ ചാര്‍ച്ചക്കാരെ ക്ഷണിക്കുകയും ചെയ്തു. അവര്‍ അപ്പം ഭക്ഷിച്ച്, രാത്രിമുഴുവന്‍മലമുകളില്‍ കഴിച്ചുകൂട്ടി.55 ലാബാന്‍ അതിരാവിലെ എഴുന്നേറ്റ് തന്റെ മക്കളെയും മക്കളുടെ മക്കളെയും ചുംബിക്കുകയും അനുഗ്രഹിക്കുകയുംചെയ്തിട്ട് വീട്ടിലേക്കു മടങ്ങി.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Garden of Eden
Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s