നോമ്പുകാല വചനതീർത്ഥാടനം 17

നോമ്പുകാല വചനതീർത്ഥാടനം – 17

പ്രഭാഷകൻ 25 : 1
” എന്റെ ഹൃദയം മൂന്നു കാര്യങ്ങളിൽ ആനന്ദം കൊള്ളുന്നു….. സഹോദരന്മാർ തമ്മിലുള്ള യോജിപ്പ്, അയൽക്കാർ തമ്മിലുള്ള സൗഹൃദം, ഭാര്യാഭർത്താക്കന്മാർക്കു പരസ്പരമുളള ലയം.”

ആരോഗ്യകരമായ കുടുംബജീവിതത്തിനും അച്ചടക്കമുളള സാമൂഹ്യജീവിതത്തിനും അത്യന്താപേക്ഷിതമാണ് ഈ മൂന്നു കാര്യങ്ങളും. ഏറെ അംഗങ്ങളുള്ള ഒരു കുടുംബത്തിൽ സഹോദരങ്ങൾ തമ്മിൽ സ്നേഹത്തിലും സൗഹൃദത്തിലും കഴിയുന്നത് മാതാപിതാക്കൾക്കും നാട്ടുകാർക്കും മറ്റെല്ലാവർക്കും ഹൃദ്യമായ അനുഭവമാണ്. ഇതിനു കോട്ടം വരുത്താതെ ജീവിക്കുന്ന അനേകം കുടുംബങ്ങൾ നമ്മുടെ പരിചയത്തിലുണ്ടാകാം. എന്നാൽ, കാലക്രമേണ അമ്മാതിരി സൗഹൃദത്തിൽ കഴിയുന്ന പല കുടുംബങ്ങളും പല കാരണങ്ങളാൽ താറുമാറായി പോകുന്ന കാഴ്ചയും നമുക്ക് അന്യമല്ല. സഹോദരങ്ങൾ തമ്മിലുളള തെറ്റിദ്ധാരണകൾ, മാതാപിതാക്കൾ കാണിക്കുന്ന തരംതിരിവുകൾ, സ്വത്തു വിഭജനത്തിലുളള പക്ഷപാതിത്വം. മരുമക്കളുടെ പെരുമാറ്റദൂഷ്യം, സമ്പത്തിലും സ്ഥാനമാനങ്ങളിലും മക്കൾ തമ്മിലുളള ഉച്ചനീചത്വങ്ങൾ തുടങ്ങിയ ഒട്ടേറെ കാരണങ്ങളാൽ സഹോദരങ്ങൾ തമ്മിലുള്ള യോജിപ്പിന് ക്ഷതം സംഭവിക്കാറുണ്ട്. മേൽപ്പറഞ്ഞ മേഖലകളിൽ ദൈവികചിന്തയോടും മാനുഷിക പരിഗണനയോടും കൂടി ഇടപെട്ടു കഴിഞ്ഞാൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും.
രണ്ടാമത്, അയൽവാസികൾ തമ്മിലുണ്ടായിരിക്കേണ്ട സൗഹൃദം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ടതാണ്. ഒരു വീടുപോലെ കഴിയുന്ന ഒട്ടേറെ കുടുംബങ്ങളെ നമുക്ക് എവിടെയും കാണാൻ കഴിയും. പരസ്പരം കണ്ടറിഞ്ഞ് എല്ലാം ചെയ്യുന്ന അയൽവാസികൾ ഒരനുഗ്രഹംതന്നെയാണ്. അയൽപക്കബന്ധങ്ങൾ തകർന്നുപോകുന്ന പല സാഹചര്യങ്ങൾ സംജാതമാകാറുണ്ട്. അതിർത്തി തർക്കം, പൊങ്ങച്ചം, രാഷട്രീയ-മത വ്യത്യാസങ്ങൾ, പരദൂഷണം, മോഷണം, സാമ്പത്തിക അസമത്വം തുടങ്ങിയ കാരണങ്ങൾ അവയിൽ ചിലതാണ്.ഒരു കാര്യം നമ്മൾ മനസ്സിലാക്കണം. അകലെ താമസിക്കുന്ന ബന്ധുവിനെക്കാൾ ഉപകാരപ്പെടുന്നത് തൊട്ടടുത്തു താമസിക്കുന്ന അയൽവാസികളാണ്. അതിനാൽ പരസ്പരം ക്ഷമിച്ചും രമ്യതപ്പെട്ടും അയൽപക്കബന്ധങ്ങൾക്ക് കോട്ടംവരാതെ സൂക്ഷിക്കേണ്ടത് ആരുടെയും ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണ്.
മൂന്നാമത്, ഭാര്യാഭർത്താക്കന്മാർ തമ്മിൽ അവശ്യം പുലർത്തേണ്ട ആത്മബന്ധമാണ്. ഇരുവരും തമ്മിൽ സ്വഭാവത്തിലും ശീലങ്ങളിലും മറ്റ് ഗുണഗണങ്ങളിലും ഒട്ടേറെ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും അവരുടെ ദാമ്പത്യബന്ധത്തെയോ കുടുംബബന്ധങ്ങളെയോ അതൊന്നും ദോഷകരമായി ബാധിക്കാൻ ഇടവരുത്താതിരിക്കണം. സംഗീതത്തിൽ സംഗീതോപകരണങ്ങളുടെ ശബ്ദവും പാടുന്നയാളുടെ സ്വരവും ഇഴുകിച്ചേരുമ്പോഴാണ് സംഗീതത്തിന് ലയമുണ്ടാവുക. ഈ ലയം ഉളളപ്പോഴാണ് ഏത് സംഗീതവും ഏത് ഗാനവും ഇമ്പമുള്ളതാകുന്നതു്. ഇതുപോലെയായിരിക്കണം ഭാര്യാഭർത്തൃ ബന്ധവും.നമ്മുടെ കുടുംബങ്ങളിൽ സന്തോഷവും സൗഭാഗ്യവും എന്നെന്നും നിറഞ്ഞു നില്ക്കുവാൻ തക്കവിധംഎല്ലാ താളപ്പിഴകളും ത്യാഗപൂർവ്വം പരിഹരിച്ച് ഈ നോമ്പുകാലം നമുക്ക് ധന്യമക്കാം.

ഫാ.ആന്റണി പൂതവേലിൽ
18.03.2022

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s