നോമ്പും നൊമ്പരവും നന്മകളും

നോമ്പും നൊമ്പരവും നന്മകളും
മാർച്ച് 21, 2022
————————
അപമാനത്തിന്റെ അടികളും തുപ്പലുകളും
————————

“അനന്തരം അവർ അവന്റെ മുഖത്തു തുപ്പുകയും അവനെ അടിക്കുകയും ചെയ്തു.” മത്താ:26:67

പീഡാനുഭവങ്ങളുടെ പ്രകടമായ തുടക്കത്തിലേക്ക് ഈശോയെ നയിക്കുകയാണവർ. താൻ സ്നേഹിച്ച, തന്നെ സ്നേഹിച്ച ജനത്തിനുമുന്നിൽവച്ച് ഈശോ ഏൽക്കേണ്ടി വന്ന അടിയും തുപ്പലുകലും അത്ര നിസ്സാരമല്ല; അപമാനത്തിന്റെ വലിയ ഭാരമുണ്ടതിന്.

ആരെയും അപമാനിക്കാൻ ശ്രമിക്കാതിരിക്കുക എന്നതും, അതിനു വഴിയൊരുക്കാതിരിക്കുക എന്നതും എത്രയോ കുലീനത്വമുള്ള സ്വഭാവരീതിയാണ്! പലപ്പോഴും നമ്മോട് അഹിതകരമായി എന്തെങ്കിലും പ്രവർത്തിക്കുന്നവരെയാണ് നാം സുഹൃത്വലയത്തിൽനിന്നും മാറ്റിനിർത്തുന്നത്. അതുകൊണ്ടുമായില്ല, അവസരം കിട്ടുമ്പോഴെല്ലാം അവർക്കെതിരെ വാക്കാലും പ്രവൃത്തിയാലും അപമാനശരങ്ങളെറിയാൻ താത്പര്യപ്പെടുകയും ചെയ്യും.

ഈശോയുടെ അനുഭവങ്ങളുടെ കാര്യം ഇതല്ല. ഈശോ ആരോടും അഹിതകരമായി ഒന്നും ചെയ്തില്ല. അവരെ ദൈവരാജ്യത്തിലേക്ക് വളർത്തുവാൻ മാത്രമേ ശ്രമിച്ചുള്ളു. എന്നാൽ, ഈശോയുടെ വളർച്ചയും സ്വാധീനവും കണ്ട് അസൂയപ്പെട്ട നേതൃത്വമാണ് ഈശോയ്ക്കെതിരെ തിരിയുന്നത്.

മറ്റാരും എത്ര വളർന്നാലും അത് നിന്റെ വളർച്ചയ്ക്ക് തടസ്സമല്ല എന്നറിയുന്നിടത്തേ, നിന്നിലെ വ്യക്തിത്വം തിളക്കമുള്ളതാകൂ. കാര്യകാരണങ്ങളില്ലാതെയും, സ്വന്തം അധികാരം സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടിയും നീ പ്രവർത്തിക്കാൻ ഇടയായിട്ടുണ്ടെങ്കിൽ, അത് ഈശോയ്ക്കു നേരെ അവർ നൽകിയ അടിയും തുപ്പലും ആവർത്തിച്ചിട്ടുണ്ടെന്നു മനസ്സിലാക്കുക. ഈശോയെ അടിച്ചവരോ തുപ്പിയവരോ ആരും ചരിത്രത്തിന്റെ ഭാഗമായില്ല, അവരാരും ഒന്നും നേടിയതുമില്ല. വലുതാകാൻ വേണ്ടി കാട്ടിക്കൂട്ടുന്ന അബദ്ധങ്ങൾ ഒരുപാടുപേരെ നശിപ്പിച്ചെന്നു വരും; സ്വയം ഒന്നും നേടാൻ ഇടയാക്കുകയുമില്ല.

ആരും നിനക്ക് എതിരല്ല, നീ അവരെ എതിരാളികളായി കാണാൻ ശ്രമിക്കാത്തിടത്തോളം. ആരുടെയും സ്വാധീനമോ വളർച്ചയോ നിന്റെ സ്വപ്നങ്ങളെ കെടുത്തില്ല, നീ അവരെ നശിപ്പിക്കാൻ ശ്രമിക്കാത്തിടത്തോളം.

നോമ്പുകാലത്തിൽ ധ്യാനിക്കേണ്ടത് ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചാണ്. ആ അറിവ് അന്യമാകുന്നിടത്താണ് സ്വന്തം കാര്യലാഭത്തിനായി മറ്റുള്ളവരെ തകർത്തുകളയുന്ന പ്രവർത്തനങ്ങളിലേക്ക് സ്വയം നയിക്കപ്പെടുക. അനേകം ജീവിതങ്ങളിലേക്ക് സുകൃത അനുഭവമായി ഇറങ്ങാൻ കഴിയുന്നിടത്തോളം വളരുന്നതിലാണ് നോമ്പുകാലത്തിന്റെ നന്മ.
———————————-

✍🏼 വചനജീവിതം : ഫാ ജിയോ കണ്ണൻ‌കുളം CMI

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s