നോമ്പുകാല
വചനതീർത്ഥാടനം – 20
1 കോറിന്തോസ് 3 : 7
” നടുന്നവനോ നനയ്ക്കുന്നവനോ അല്ല വളർത്തുന്നവനായ ദൈവത്തിനാണ് പ്രാധാന്യം.”
ഒരുവൻ ക്രിസ്ത്യാനിയാകുന്നതും ആകേണ്ടതും ക്രിസ്തുവിനെ നാഥനും കർത്താവുമായി സ്വീകരിച്ചുകൊണ്ടും, സുവിശേഷത്തിൽ വിശ്വസിച്ചുകൊണ്ടും, ക്രിസ്തുവിനു ചേർന്നവിധം ജീവിച്ചുകൊണ്ടുമാണ്. കോറിന്തോസിലെ വിശ്വാസികൾ ഇതിൽ ആദ്യത്തെ രണ്ടുകാര്യവും ചെയ്തെങ്കിലും മൂന്നാമത്തെ കാര്യത്തിൽ ശ്രദ്ധാലുക്കളായിരുന്നില്ല. വി.പൗലോസിന്റെയും അപ്പോളോസിന്റെയും സുവിശേഷവേലയെത്തുടർന്നാണ് അവർ ക്രൈസ്തവരായിത്തീർന്നതെങ്കിലും ഏറെ വർഷങ്ങൾക്കുശേഷവും അവർ വിശ്വാസജീവിതത്തിൽ ശൈശവാവസ്ഥയിൽത്തന്നെയാണ് നിലനിന്നുപോന്നത്. അവർ ആത്മീയരും പക്വമതികളുമാകേണ്ടതിനുപകരം ജഡികമനുഷ്യരായിത്തന്നെ ജീവിച്ചുപോന്നു.അവർ ദൈവരാജ്യത്തിന്റെ ശക്തിയിലല്ല ഭൗതികശക്തിയിലാണ് തങ്ങളുടെ കരുത്തു കണ്ടെത്താൻ ശ്രമിച്ചത്. ഇക്കാരണത്താലാണ് അവരുടെയിടയിൽ അസൂയയും തർക്കവും കക്ഷിതിരിഞ്ഞുള്ള ചിന്താഗതിയുമൊക്കെ ഉടലെടുത്തത്. ദൈവത്തിങ്കലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു ജീവിക്കേണ്ടതിനു പകരം മനുഷ്യവ്യക്തികളെ ആശ്രയിക്കാനിടയായതാണ് അവർക്കു സംഭവിച്ച പരാജയം. കർത്താവ് തങ്ങളെ ഏൽപ്പിച്ച ശുശ്രൂഷ മാത്രമാണ് പൗലോസും അപ്പോളോസും ചെയ്തതെന്നും അവർ ദൈവകരങ്ങളിലെ ഉപകരണങ്ങൾ മാത്രമായിരുന്നെന്നും കോറിന്തോസുകാർ മനസ്സിലാക്കാൻ മറന്നുപോയി. യഥാർത്ഥത്തിൽ ദൈവമാണ് അവരെ രക്ഷയിലേക്ക് ക്ഷണിച്ചതും രക്ഷ സാധ്യമാക്കിയതും. അതുകൊണ്ടാണ് പൗലോസ് പ്രതീകാത്മകമായി കോറിന്തോസുകാരോട് പറഞ്ഞത്: നടുന്നവനോ നനയ്ക്കുന്നവനോ അല്ല, വളർത്തുന്നവനായ ദൈവത്തിനാണ് പ്രാധാന്യമെന്ന്. ഓരോരുത്തരുടെയും ജോലി അത്ര പ്രധാനമല്ല. അവരവരെ ഏൽപ്പിച്ചത് അവരവർ ചെയ്യുന്നു. ദൈവമാണ് എല്ലാം വളർത്തുന്നത്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ മനസ്സിലാക്കിയിരിക്കേണ്ട ഒരു വസ്തുതയുണ്ട്. അതായതു്, നമ്മൾ ചെയ്യുന്ന പ്രവൃത്തികളുടെ ഫലം നമ്മുടെ നിയന്ത്രണത്തിലല്ലെന്നും അത് ദൈവത്തിന്റെ പദ്ധതിയനുസരിച്ച് മാത്രമേ സംഭവിക്കുകയുള്ളുവെന്നും അറിഞ്ഞിരിക്കണം. ഓരോരുത്തരും അവനവന് ഏൽപ്പിക്കപ്പെട്ട ജോലി ചെയ്യുക. അതിനു ഉചിതമായ പ്രതിഫലം തക്കസമയത്തു ദൈവം തന്നുകൊള്ളും. ഈ കാഴ്ചപ്പാടിൽ ഉറച്ചുനിന്നുകൊണ്ട് നമുക്ക് നമ്മുടെ ജീവിതത്തെ ക്രമീകരിക്കാം.
ഫാ. ആന്റണി പൂതവേലിൽ
21.03.2022