പുറപ്പാട് പുസ്തകം, അദ്ധ്യായം 4
മോശയെ ശക്തിപ്പെടുത്തുന്നു
1 മോശ പറഞ്ഞു: അവര്‍ എന്നെ വിശ്വസിക്കുകയില്ല. എന്റെ വാക്കു കേള്‍ക്കുകയുമില്ല. കര്‍ത്താവു നിനക്കു പ്രത്യക്ഷപ്പെട്ടില്ല എന്ന് അവര്‍ പറയും.2 കര്‍ത്താവ് അവനോടു ചോദിച്ചു: നിന്റെ കൈയിലിരിക്കുന്നത് എന്താണ്? അവന്‍ പറഞ്ഞു: ഒരു വടി.3 അവിടുന്നു കല്‍പിച്ചു: അതു നിലത്തിടുക. അവന്‍ വടി നിലത്തിട്ടപ്പോള്‍ അതു സര്‍പ്പമായിത്തീര്‍ന്നു.4 മോശ അതു കണ്ട് അകന്നുമാറി. കര്‍ത്താവ് അരുളിച്ചെയ്തു: കൈനീട്ടി അതിന്റെ വാലില്‍പിടിക്കുക. അവന്‍ കൈനീട്ടി അതിനെ പിടിച്ചപ്പോള്‍ അതു വീണ്ടും വടിയായിത്തീര്‍ന്നു.5 ഇത് തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നിനക്കു പ്രത്യക്ഷപ്പെട്ടുവെന്ന് അവര്‍ വിശ്വസിക്കാന്‍ വേണ്ടിയാണ്.6 കര്‍ത്താവ് വീണ്ടും അരുളിച്ചെയ്തു: നിന്റെ കൈ മാറിടത്തില്‍ വയ്ക്കുക. അവന്‍ അപ്രകാരം ചെയ്തു. കൈ തിരിച്ചെടുത്തപ്പോള്‍ അതു മഞ്ഞുപോലെ വെളുത്തു കുഷ്ഠമുള്ളതായി കാണപ്പെട്ടു.7 അവിടുന്നു കല്‍പിച്ചു: കൈ വീണ്ടും മാറിടത്തില്‍ വയ്ക്കുക. അവന്‍ അപ്രകാരം ചെയ്തു. മാറിടത്തില്‍നിന്ന് കൈ തിരിച്ചെ ടുത്തപ്പോള്‍ അതു പൂര്‍വസ്ഥിതിയിലായി. ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍പോലെ കാണപ്പെട്ടു.8 അവര്‍ നിന്നെ വിശ്വസിക്കാതിരിക്കുകയും നിന്റെ ആദ്യത്തെ അടയാളത്തിന്റെ സാക്ഷ്യം സ്വീകരിക്കാതിരിക്കുകയും ചെയ്താല്‍, രണ്ടാമത്തേതിന്റെ സാക്ഷ്യം സ്വീകരിച്ചേക്കും.9 ഈ രണ്ട് അടയാളങ്ങളും അവര്‍ വിശ്വസിക്കാതിരിക്കുകയും നിന്റെ സാക്ഷ്യം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം, നീ നദിയില്‍നിന്നു കുറെവെള്ളമെടുത്തു കരയില്‍ ഒഴിക്കുക; നദിയില്‍നിന്നു നീയെടുക്കുന്ന ജലം കരയില്‍ രക്തമായി മാറും.
അഹറോന്റെ നിയമനം
10 മോശ കര്‍ത്താവിനോടു പറഞ്ഞു: കര്‍ത്താവേ, ഞാന്‍ ഒരിക്കലും വാക്ചാതുരിയുള്ളവനായിരുന്നില്ല. അങ്ങു ദാസനോടു സംസാരിച്ചതിനുശേഷവും അങ്ങനെ തന്നെ. സംസാരിക്കുമ്പോള്‍ നാവിനു തട സ്‌സമുള്ളവനാണു ഞാന്‍.11 കര്‍ത്താവ് അവനോടു ചോദിച്ചു: ആരാണു മനുഷ്യനു സംസാരശക്തി നല്‍കിയത്? ആരാണ് അവനെ മൂകനോ ബധിരനോ കാഴ്ചയുള്ളവനോ കുരുടനോ ആക്കുന്നത്? കര്‍ത്താവായ ഞാനല്ലേ?12 ആകയാല്‍ നീ പുറപ്പെടുക. സംസാരിക്കാന്‍ ഞാന്‍ നിന്നെ സഹായിക്കും. നീ പറയേണ്ടതെന്തെന്നു ഞാന്‍ പഠിപ്പിച്ചു തരും.13 എന്നാല്‍ അവന്‍ അപേക്ഷിച്ചു: കര്‍ത്താവേ, ദയ ചെയ്ത് മറ്റാരെയെങ്കിലും അയയ്‌ക്കേണമേ!14 അപ്പോള്‍ കര്‍ത്താവുമോശയോടു കോപിച്ചു പറഞ്ഞു: നിനക്കുലേവ്യനായ അഹറോന്‍ എന്നൊരു സഹോദരനുണ്ടല്ലോ. അവന്‍ നന്നായി സംസാരിക്കുമെന്ന് എനിക്കറിയാം. ഇതാ, അവന്‍ നിന്നെ കാണാന്‍ വരുന്നു.15 നിന്നെ കാണുമ്പോള്‍ അവന്‍ സന്തോഷിക്കും. പറയേണ്ട വാക്കുകള്‍ നീ അവനു പറഞ്ഞുകൊടുക്കുക. ഞാന്‍ നിന്റെയും അവന്റെയും നാവിനെ ശക്തിപ്പെടുത്തും. നിങ്ങള്‍ ചെയ്യേണ്ടതു നിങ്ങള്‍ക്കു ഞാന്‍ പഠിപ്പിച്ചുതരുകയുംചെയ്യും.16 അവന്‍ നിനക്കു പകരം ജനത്തോടു സംസാരിക്കും; അവന്‍ നിന്റെ വക്താവായിരിക്കും;നീ അവനു ദൈവത്തെപ്പോലെയും.17 ഈ വടി കൈയിലെടുത്തുകൊള്ളുക. നീ അതുകൊണ്ട് അദ്ഭുതങ്ങള്‍പ്രവര്‍ത്തിക്കും.
മോശ ഈജിപ്തിലേക്ക്
18 മോശ അമ്മായിയപ്പനായ ജത്രോയുടെ അടുക്കല്‍ തിരികെച്ചെന്നു പറഞ്ഞു: ഈജിപ്തിലുള്ള എന്റെ സഹോദരര്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയുന്നതിന് അങ്ങോട്ടു മടങ്ങിപ്പോകാന്‍ എന്നെ അനുവദിക്കണം. ജത്രോ പറഞ്ഞു: നീ സമാധാനത്തോടെ പോവുക.19 മിദിയാനില്‍വച്ചു കര്‍ത്താവു മോശയോടു പറഞ്ഞു: നീ ഈജിപ്തിലേക്കു മടങ്ങിപ്പോവുക, നിന്നെ കൊല്ലാന്‍ കാത്തിരുന്നവര്‍ മരിച്ചുകഴിഞ്ഞു.20 മോശ ഭാര്യയെയും പുത്രന്‍മാരെയും കഴുതപ്പുറത്ത് കയറ്റി ഈജിപ്തിലേക്കു തിരിച്ചു. അവന്‍ ദൈവത്തിന്റെ വടിയും കൈയിലെടുത്തു.21 കര്‍ത്താവു മോശയോടു പറഞ്ഞു: നീ ഈജിപ്തിലേക്കു മടങ്ങുകയാണ്. അവിടെയെത്തുമ്പോള്‍ ഞാന്‍ നിനക്കു വശമാക്കിത്തന്നിരിക്കുന്ന അദ്ഭുതങ്ങള്‍ ഫറവോയു ടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിക്കണം. എന്നാല്‍ ഞാന്‍ അവനെ കഠിനചിത്തനാക്കും; അവന്‍ ജനത്തെ വിട്ടയയ്ക്കുകയില്ല.22 നീ ഫറവോയോടു പറയണം. കര്‍ത്താവു പറയുന്നു, ഇസ്രായേല്‍ എന്റെ പുത്രനാണ്, എന്റെ ആദ്യജാതന്‍.23 ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു, എന്നെ ആരാധിക്കാന്‍വേണ്ടി എന്റെ പുത്രനെ വിട്ടയയ്ക്കുക. നീ അവനെ വിട്ടയയ്ക്കുന്നില്ലെങ്കില്‍ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെത്തന്നെ ഞാന്‍ വധിക്കും.24 യാത്രാമധ്യേ അവര്‍ താമസിച്ചിരുന്ന സ്ഥലത്ത് കര്‍ത്താവു പ്രത്യക്ഷനായി മോശയെ വധിക്കാനൊരുങ്ങി.25 ഉടനെ സിപ്പോറാ ഒരു കല്‍ക്കത്തിയെടുത്ത് തന്റെ പുത്രന്റെ അഗ്രചര്‍മം ഛേദിച്ചു. അതുകൊണ്ട് മോശയുടെ പാദങ്ങളില്‍ സ്പര്‍ശിച്ചിട്ട് അവള്‍ പറഞ്ഞു: നീ എനിക്കു രക്തഭര്‍ത്താവാകുന്നു.26 അപ്പോള്‍ അവിടുന്നു അവനെ വിട്ടുപോയി. അവള്‍ പറഞ്ഞു: പരിച്‌ഛേ ദനം നിമിത്തം നീ എനിക്കും രക്തഭര്‍ത്താവാകുന്നു.27 കര്‍ത്താവ് അഹറോനോടു പറഞ്ഞു: നീ മരുഭൂമിയിലേക്കു പോയി മോശയെ കാണുക. അതനുസരിച്ച് അഹറോന്‍ പോയി. ദൈവത്തിന്റെ മലയില്‍വച്ച് അവനെ കണ്ടുമുട്ടി ചുംബിച്ചു.28 തന്നെ അയച്ച കര്‍ത്താവു കല്‍പിച്ച എല്ലാക്കാര്യങ്ങളും താന്‍ പ്രവര്‍ത്തിക്കണമെന്ന് അവിടുന്നു ഭരമേല്‍പിച്ച അടയാളങ്ങളും മോശ അഹറോനോടു വിവരിച്ചുപറഞ്ഞു.29 അനന്തരം, മോശയും അഹറോനും ചെന്ന് ഇസ്രായേല്‍ ശ്രേഷ്ഠന്‍മാരെയെല്ലാം വിളിച്ചുകൂട്ടി.30 കര്‍ത്താവു മോശയോടു പറഞ്ഞകാര്യങ്ങളെല്ലാം അഹറോന്‍ ജനത്തോടു വിവരിക്കുകയും അവരുടെ മുന്‍പില്‍ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ജനം വിശ്വസിച്ചു.31 കര്‍ത്താവ് ഇസ്രായേല്‍മക്കളെ സന്ദര്‍ശിക്കുന്നുവെന്നും അവരുടെ കഷ്ടതകള്‍ കണ്ടിരിക്കുന്നുവെന്നും കേട്ടപ്പോള്‍, അവര്‍ തല കുനിച്ച് അവിടുത്തെ ആരാധിച്ചു.
The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

