The Book of Exodus, Chapter 5 | പുറപ്പാട്, അദ്ധ്യായം 5 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 5

ഫറവോയുടെ പ്രതികരണം

1 മോശയും അഹറോനും ഫറവോയുടെ മുന്‍പില്‍ച്ചെന്നു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു കല്‍പിക്കുന്നു: മരുഭൂമിയില്‍വന്ന് എന്റെ ബഹുമാനാര്‍ഥം പൂജാമഹോത്‌സവം ആഘോഷിക്കാന്‍ എന്റെ ജനത്തെ വിട്ടയയ്ക്കുക.2 അപ്പോള്‍, ഫറവോ ചോദിച്ചു: ആരാണീ കര്‍ത്താവ്? അവന്റെ വാക്കുകേട്ടു ഞാന്‍ എന്തിന് ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കണം? ഞാന്‍ കര്‍ത്താവിനെ അറിയുന്നില്ല, ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കുകയുമില്ല.3 അപ്പോള്‍, അവര്‍ പറഞ്ഞു: ഹെബ്രായരുടെ ദൈവം ഞങ്ങളെ സന്ദര്‍ശിച്ചിരിക്കുന്നു. ആകയാല്‍, മൂന്നു ദിവസത്തെയാത്രചെയ്ത് മരുഭൂമിയില്‍ച്ചെന്നു ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ഞങ്ങളെ അനുവദിക്കുക. അല്ലാത്തപക്ഷം, അവിടുന്നു മഹാമാരികൊണ്ടോ വാള്‍കൊണ്ടോ ഞങ്ങളെ ശിക്ഷിക്കും.4 അപ്പോള്‍ ഈജിപ്തുരാജാവ് അവരോടു പറഞ്ഞു: മോശേ, അഹറോനേ, നിങ്ങള്‍ ജനത്തിന്റെ ജോലിക്കു മുടക്കം വരുത്തുന്നതെന്തിന്? പോയി നിങ്ങളുടെ കാര്യം നോക്കുവിന്‍.5 അവന്‍ തുടര്‍ന്നു: നാട്ടില്‍ നിങ്ങളുടെ ജനം ഏറെയുണ്ട്. അവരുടെ ജോലിക്കു നിങ്ങള്‍ മുടക്കം വരുത്തുകയോ?6 ഫറവോ അന്നുതന്നെ ജനത്തിന്റെ മേല്‍നോട്ടക്കാരോടും അവരുടെ മേലധികാരികളോടും കല്‍പിച്ചു:7 ഇഷ്ടികയുണ്ടാക്കാന്‍ വേണ്ട വയ്‌ക്കോല്‍ മുന്‍പെന്നപോലെ ഇനി ജനത്തിന് എത്തിച്ചുകൊടുക്കേണ്ടാ; അവര്‍തന്നെ പോയി ആവശ്യമുള്ള വയ്‌ക്കോല്‍ ശേഖരിക്കട്ടെ.8 എന്നാല്‍ ഇതുവരെ ഉണ്ടാക്കിയിരുന്നത്ര ഇഷ്ടികയുണ്ടാക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും വേണം. അതില്‍ കുറവു വരരുത്. അവര്‍ അലസരാണ്. അതുകൊണ്ടാണ്, ഞങ്ങളുടെ ദൈവത്തിന് ബലിയര്‍പ്പിക്കാന്‍ ഞങ്ങള്‍ പോകട്ടെ എന്ന് അവര്‍ മുറവിളി കൂട്ടുന്നത്.9 അവരെക്കൊണ്ട് കൂടുതല്‍ ജോലി ചെയ്യിക്കുക. അങ്ങനെ അവര്‍ അധ്വാനിക്കുകയും വ്യാജ വാക്കുകളില്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യട്ടെ.10 മേല്‍നോട്ടക്കാരും മേസ്തിരികളും ചെന്ന് ജനത്തോടു പറഞ്ഞു: ഇനി നിങ്ങള്‍ക്കു വയ്‌ക്കോല്‍ തരുകയില്ല എന്നു ഫറവോ പറയുന്നു.11 നിങ്ങള്‍തന്നെ പോയി കിട്ടാവുന്നിടത്തുനിന്നെല്ലാം വയ്‌ക്കോല്‍ ശേഖരിക്കുവിന്‍. എന്നാല്‍, പണിയില്‍യാതൊരു കുറവും വരരുത്.12 ജനം വയ്‌ക്കോല്‍ശേഖരിക്കുന്നതിന് ഈജിപ്തിന്റെ നാനാഭാഗങ്ങളിലേക്കും പോയി.13 മേല്‍നോട്ടക്കാര്‍ കര്‍ശനമായി നിര്‍ദേശിച്ചു: ദിവസംതോറുമുള്ള വേല, വയ്‌ക്കോല്‍ തന്നിരുന്നപ്പോള്‍ എന്നപോലെ ചെയ്തു തീര്‍ക്കുവിന്‍.14 ഫറവോയുടെ ഉദ്യോഗസ്ഥന്‍മാര്‍ ജോലിയുടെമേല്‍നോട്ടത്തിനു നിയമിച്ചിരുന്ന ഇസ്രായേല്‍ക്കാരെ പ്രഹരിച്ചുകൊണ്ടു ചോദിച്ചു: നിങ്ങള്‍ ഇതുവരെ ഉണ്ടാക്കിക്കൊണ്ടിരുന്നത്ര ഇഷ്ടികകള്‍ ഇന്നലെയും ഇന്നും ഉണ്ടാക്കാഞ്ഞതെന്ത്?15 ഇസ്രായേല്‍ക്കാരായ മേല്‍നോട്ടക്കാര്‍ ഫറവോയെ സമീപിച്ച് ഇങ്ങനെ പരാതിപ്പെട്ടു: അങ്ങയുടെ ദാസന്‍മാരോട് എന്താണ് ഇപ്രകാരം പെരുമാറുന്നത്?16 അങ്ങയുടെ ദാസന്‍മാര്‍ക്ക് അവര്‍ വയ്‌ക്കോല്‍ തരുന്നില്ല; എങ്കിലും ഇഷ്ടികയുണ്ടാക്കുവിന്‍ എന്ന് അവര്‍ കല്‍പിക്കുന്നു; അങ്ങയുടെ ദാസന്‍മാരെ പ്രഹരിക്കുന്നു. എന്നാല്‍, കുറ്റം അങ്ങയുടെ ജനത്തിന്‍േറതാണ്.17 ഫറവോ മറുപടി പറഞ്ഞു: നിങ്ങള്‍ അലസരാണ്. അതുകൊണ്ടാണു കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ ഞങ്ങള്‍ പോകട്ടെ എന്നു നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.18 പോയി ജോലി ചെയ്യുവിന്‍, നിങ്ങള്‍ക്കു വയ്‌ക്കോല്‍ തരുകയില്ല. എന്നാല്‍, ഇഷ്ടികയുടെ എണ്ണം കുറയുകയുമരുത്.19 അനുദിനം ഉണ്ടാക്കുന്ന ഇഷ്ടികയുടെ എണ്ണത്തില്‍ കുറവു വ രാന്‍ പാടില്ലെന്നു കേട്ടപ്പോള്‍ ഇസ്രായേല്‍ക്കാരായ മേലാളന്‍മാര്‍ ധര്‍മസങ്കടത്തിലായി.20 ഫറവോയുടെ അടുക്കല്‍നിന്നു മടങ്ങിയെത്തുമ്പോള്‍ മോശയും അഹറോനും തങ്ങളെ കാത്തുനില്‍ക്കുന്നത് അവര്‍ കണ്ടു.21 അവര്‍ മോശയോടും അഹറോനോടും പറഞ്ഞു: കര്‍ത്താവു നിങ്ങളുടെ പ്രവൃത്തി കണ്ടു നിങ്ങളെ വിധിക്കട്ടെ. ഫറവോയുടെയും അവന്റെ സേവകരുടെയും മുന്‍പില്‍ നിങ്ങള്‍ ഞങ്ങളെ അവജ്ഞാപാത്രങ്ങളാക്കി. ഞങ്ങളെ വധിക്കാന്‍ നിങ്ങള്‍ അവരുടെ കൈയില്‍ വാള്‍ കൊടുത്തിരിക്കുന്നു.22 അപ്പോള്‍ മോശ കര്‍ത്താവിനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങ് എന്തിനാണ് ഈ ജനത്തോട് ഇത്ര ക്രൂരമായി പെരുമാറുന്നത്? എന്തിനാണ് അങ്ങ് എന്നെ ഇങ്ങോട്ടയച്ചത്?23 ഞാന്‍ അങ്ങയുടെ നാമത്തില്‍ ഫറവോയോടു സംസാരിക്കാന്‍ വന്നതുമുതല്‍ അവന്‍ ഈ ജനത്തെ കഷ്ടപ്പെടുത്തുകയാണ്; അങ്ങ് അങ്ങയുടെ ജനത്തെ മോചിപ്പിക്കുന്നുമില്ല.

The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Exodus
Advertisements
Advertisements

Leave a comment