നോമ്പുകാല വചനതീർത്ഥാടനം – 21
വി.മത്തായി 6 : 15
” മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല. “
കർതൃപ്രാർത്ഥനയുടെ
തുടർച്ചയെന്നോണമാണ് ക്ഷമാശീലത്തെക്കുറിച്ച് യേശു പഠിപ്പിക്കുന്നത്. ദൈവം നമ്മുടെ തെറ്റുകൾ ക്ഷമിക്കുന്നതിനാൽ നമ്മൾ മറ്റുളളവരുടെ തെറ്റുകളും ക്ഷമിക്കാൻ ബാധ്യസ്ഥരാണ്. ദൈവകാരുണ്യത്തിനു നന്ദിയായിട്ടാണ് നമ്മൾ മറ്റുളളവരോട് ക്ഷമിക്കേണ്ടത്. മനുഷ്യരായ നമ്മൾ തമ്മിൽ ത്തമ്മിൽ ചെയ്യുന്ന തെറ്റുകളും ദൈവത്തിനെതിരായ തെറ്റുകൾതന്നെയാണ്. നമ്മുടെ തെറ്റുകൾ ക്ഷമിക്കുന്നതിനും ആന്തരികമായ സൗഖ്യം നൽകുന്നതിനും റെ ദൈവത്തിന് തന്റെ പുത്രനെ മരണത്തിനു വിട്ടുകൊടുക്കേണ്ടിവന്നു. നമ്മൾ സഹോദരനോട് ക്ഷമിക്കുമ്പോൾ യേശുവിനെപ്പോലെ ത്യാഗത്തിന്റെ പാതയിലൂടെ ചരിക്കേണ്ടിവരും. ദൈവപുത്രൻ പാപികളുടെയടുക്കലേക്ക് ഇറങ്ങിവന്നതുപോലെ ക്ഷമിക്കുന്നവൻ തനിക്കെതിരെ തിന്മ ചെയ്യുന്നവന്റെ പക്കലേക്ക് ഇറങ്ങിചെല്ലേണ്ടിയിരിക്കുന്നു. അതാണ് രമ്യതയിലെത്തുവാൻ പിതാവായ ദൈവം കാണിച്ചുതരുന്ന മാർഗ്ഗം. മറ്റുളളവരോട് നമ്മൾ ക്ഷമിക്കുമ്പോഴാണ് ദൈവം നമ്മളോട് കാണിക്കുന്ന വലിയ ക്ഷമയുടെ അർത്ഥം ഗ്രഹിക്കുവാൻ കഴിയുക.
എന്താണ് ‘ക്ഷമ’ എന്ന പദംകൊണ്ട് നമ്മൾ അർത്ഥമാക്കേണ്ടത്? കോപിക്കാതിരിക്കാൻ നമ്മെ ശക്തരാക്കുന്ന മനസ്സിന്റെ പ്രശാന്തമായ അവസ്ഥയാണത്.” എന്റെ ക്ഷമയറ്റു; ക്ഷമിച്ചു ക്ഷമിച്ചു ഞാൻ മടുത്തു; ഇനിയുമെനിക്ക് ക്ഷമിക്കാനാവില്ലെ”ന്നും” എനിക്ക് ദ്വേഷ്യം സഹിക്കാൻ കഴിയുന്നില്ല; എങ്കിലും ഞാൻ ക്ഷമിക്കുകയാണ്” എന്നിങ്ങനെയൊക്കെ പ്രതികരിക്കുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ടാകാം. അതെല്ലാം ക്ഷമിക്കാനുള്ള തങ്ങളുടെ കഴിവില്ലായ്മയെയും കോപിച്ചാൽ ഉണ്ടാകാവുന്ന ആപത്തൊഴിവാക്കാൻവേണ്ടി തന്ത്രപൂർവ്വം തട്ടിമൂളിക്കുന്ന വാചക കസർത്തുകൾ മാത്രമാണ്. ഒരുവന്റെ തെറ്റുമൂലം അപരനുണ്ടായ വേദനയിൽപ്പോലും അക്ഷോഭ്യനായി നിലകൊള്ളുന്നതാണ് ക്ഷമയുടെ ഉജ്ജ്വലമായ പ്രകാശനം. തെറ്റുകുറ്റങ്ങളിൽ ഏർപ്പെടുന്നവരെ സൗമ്യതയോടെ തിരുത്തിക്കൊടുത്തുകൊണ്ട് അവരെ വീണ്ടെടുക്കുന്നതാണ് ഏറ്റവും ആദരവ് പിടിച്ചു പറ്റുന്ന ക്ഷമയുടെ പ്രകൃതം. അതുകൊണ്ടാണ് നമ്മൾ പാടുന്നതു്, ക്ഷമിക്കുന്ന സ്നേഹം ദൈവീകഭാവം, നാഥൻ കൊതിക്കും സ്വഭാവമെന്ന്. ഈ നോമ്പുകാലത്തിൽ ഒരു പരിത്യാഗപ്രവൃത്തിയെന്നോ ണം നമുക്ക് ക്ഷമയെന്ന സുകൃതം ഒരു ശീലമാക്കാൻ ശ്രമിക്കാം.
ഫാ. ആന്റണി പൂതവേലിൽ
22.03.2022.