നോമ്പുകാല വചനതീർത്ഥാടനം 27

നോമ്പുകാല
വചനതീർത്ഥാടനം – 27

ഫിലിപ്പിയർ 1 : 27
” എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്.”

വിശുദ്ധ പൗലോസ് ശ്ലീഹായുടെ ആദർശനിഷ്ഠമായ ആദ്ധ്യാത്മികജീവിതത്തിന്റെ സൗരഭ്യംപേറുന്ന അർത്ഥവത്തായ വാക്കുകളാണിത്. മരണത്തെ മുഖാമുഖംകണ്ട് കാരാഗൃഹത്തിൽ കഴിയുമ്പോഴും അടിപതറാതെ ക്രിസ്തുവിലുളള തന്റെ ഉറച്ച വിശ്വാസവും അതു നൽകുന്ന ആന്തരികമായ സന്തോഷവും വിളംബരം ചെയ്യുന്ന വാക്കുകൾകൂടിയാണിത്. സാധാരണഗതിയിൽ എല്ലാവരും മരണത്തെ ഒരു വൻനഷ്ടമായി കരുതുമ്പോൾ പൗലോസാകട്ടെ ആ അനുഭവത്തെ ലാഭകരമായാണ് കാണുന്നത്. തനിക്ക് ജീവിക്കുകയെന്നത് ക്രിസ്തുവിനുവേണ്ടി ജീവിക്കുക എന്നതായതുകൊണ്ടാണ് മരണത്തെ ലാഭകരമായി ചിന്തിക്കുവാൻ പ്രേരണയായത്. നേരേമറിച്ച് ജീവിതം സമ്പത്തിനുവേണ്ടിയോ ലൗകികനേട്ടങ്ങൾക്കുവേണ്ടിയോ ആയിരുന്നെങ്കിൽ മരണം തീർച്ചയായും വൻനഷ്ടമായി അനുഭവപ്പെടുമായിരുന്നു. വി. ലൂക്കായുടെ സുവിശേഷത്തിൽ വിവരിക്കുന്ന ഭോഷനായ ധനികന്റെയും ധനവാനായ മനുഷ്യന്റെയും കഥകൾ ഇത്തരുണത്തിൽ അനുസ്മരിക്കാവുന്നതാണ്
തനിക്ക് ജീവിതം ക്രിസ്തുവാണെന്നു പറയുമ്പോൾ പൗലോസ് നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് മൂന്നു കാര്യങ്ങളാണ്. ഒന്ന്, തന്റെ ജീവിതത്തിന്റെ ആരംഭം ക്രിസ്തുവിലാണ് എന്നുള്ളതാണ്. മാനസാന്തരത്തിലൂടെ ഒരു പുതിയ സൃഷ്ടിയായിത്തീർന്നതു മുതലാണ് പൗലോസ് യഥാർത്ഥത്തിൽ അർത്ഥപൂർണ്ണമായ ഒരു ജീവിതം തുടങ്ങിയതുതന്നെ. രണ്ട്, തന്റെ ജീവിതം നിരന്തരമായി ക്രിസ്തു സംസർഗ്ഗത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന ബോധ്യമാണ്. ക്രിസ്തുവിൽനിന്നു വേർപെട്ടുകൊണ്ടുള്ള ഒരു ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന് സങ്കല്പിക്കാനേ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് പൗലോസ് പറഞ്ഞുവെച്ചത്,
” ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നതെന്ന്”(ഗലാത്തി 2:20). മൂന്ന്, പൗലോസിന്റെ ജീവിതത്തിന്റെ ലക്ഷ്യവും അന്ത്യവും ക്രിസ്തുതന്നെയായിരുന്നു. മരണാനന്തരം പുനരുത്ഥാനത്തിലൂടെ ക്രിസ്തുവുമായി താൻ അനുരൂപപ്പെടുമെന്ന വിശ്വാസമായിരുന്നു ഇതിന് ആധാരമായി അദ്ദേഹം കണ്ടത്.
മരണത്തെ ഒരു നേട്ടമായി കരുതാൻ പൗലോസിനു തന്റേതായ ന്യായങ്ങളുണ്ടായിരുന്നു. മരണശേഷം ക്രിസ്തുവിനോട് കൂടുതൽ സജീവമായ സംസർഗ്ഗത്തിലേക്കാണ് താൻ പ്രവേശിക്കുന്നത് എന്ന ശക്തമായ ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. ജീവിതം മരണത്തോടെ അവസാനിക്കുന്നില്ലെന്നും മരണാനന്തരം ജീവിതസൗഭാഗ്യം ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. മാത്രമല്ല, നാമോരോരുത്തരും മരണാനന്തരം സകലവിശുദ്ധരുമായുളള കൂട്ടായ്മയിലേക്കും നമ്മുടെ ശാശ്വതവസതിയിലേക്കുമാണ് പ്രവേശിക്കുന്നതെന്ന സന്തോഷകരമായ വിശ്വാസവുമാണ് മരണത്തെ ഒരു നേട്ടമായി കരുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. നമ്മുടെ നോമ്പുകാല ചിന്തയും ആ വഴിയിലൂടെതന്നെയാവട്ടെ.

ഫാ. ആന്റണി പൂതവേലിൽ
28.03.2022.

Advertisements

Leave a comment