നോമ്പുകാല വചനതീർത്ഥാടനം 32

നോമ്പുകാല വചനതീർത്ഥാടനം – 32

1 കോറിന്തോസ് 13 : 5
” സ്നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലർത്തുന്നില്ല.”

ബൈബിളിൽ സ്നേഹത്തെ ദ്യോതിപ്പിക്കുന്ന ഒട്ടേറെ പദങ്ങളുണ്ട്. എന്നാൽ, ക്രിസ്തീയസ്നേഹത്തെ സൂചിപ്പിക്കാൻ ‘ അഗാപ്പെ ‘(Agape) എന്ന പദമാണ് സർവ്വസാധാരണമായി ഉപയോഗിക്കുന്നത്. സ്നേഹത്തിന്റെ ഏറ്റം ശ്രേഷ്ഠമാതൃകയായി ക്രിസ്ത്യാനികൾ കാണുന്നത് യേശുവിന്റെ കുരിശിലെ ബലിയർപ്പണത്തെയാണ്. സ്നഹിക്കപ്പെടുന്നവർ അതിനു യോഗ്യരാണോ എന്നു നോക്കാതെ സ്നേഹിക്കുന്നയാളോട് ക്രിസ്തുവിനെപ്രതി തോന്നുന്ന ബഹുമാനമാണ് ‘ അഗാപ്പെ ‘യുടെ അടിസ്ഥാനം. സ്നേഹിക്കപ്പെടുന്നയാളിന്റെ നേട്ടമല്ലാതെ തനിക്കായി ഒന്നും പ്രതീക്ഷാക്കാതെ നൽകുന്ന ഈ സ്നേഹത്തെക്കുറിച്ചാണ് അപ്പസ്തോലനായ വി.പൗലോസ് ഇവിടെ വാചാലനാകുന്നത്. സ്നേഹത്തിന്റെ സർവ്വാതിശായിത്വം സ്ഥാപിച്ചുകൊണ്ടും എല്ലാ ആത്മീയദാനങ്ങൾക്കും ഉപരിയായി അതിനെ പ്രതിഷ്ഠിച്ചുകൊണ്ടുമാണ് സ്നേഹത്തെക്കുറിച്ചുള്ള വിവരണം അദ്ദേഹം അവസാനിപ്പിക്കുന്നത്.
സ്നേഹത്തിന്റെ പതിനഞ്ചുസവിശേഷതകൾ ഒന്നിനു പിറകെ ഒന്നായി ഉപയോഗിച്ചുകൊണ്ടാണ് സ്നേഹത്തിന്റെ നിർവ്വചനം അപ്പസ്തോലൻ നൽകുന്നത്. തിന്മയോട് സഹകരിച്ചും സ്വകാര്യനേട്ടങ്ങൾക്കായി പക്ഷംചേർന്നും പെരുമാറിയ കോറിന്തോസിലെ സഭാംഗങ്ങളെ മുന്നിൽ കണ്ടുകൊണ്ടാണ് പൗലോസ് പറഞ്ഞത്, സ്നേഹം ഒരിക്കലും അനുചിതമായി പെരുമാറുന്നില്ലായെന്ന്. സ്വന്തംകാര്യം വേണ്ടെന്നുവച്ചും മറ്റുളളവരോട് പരിഗണന കാട്ടുന്നതുമായിരിക്കണം സ്നേഹത്തിന്റെ ശൈലിയെന്ന് ഇതുവഴി പൗലോസ് വ്യക്തമാക്കുന്നു. അതുപോലെ സ്വന്തം സ്വാതന്ത്ര്യവും അവകാശവും ത്യജിക്കുന്നതാണ് സ്വാർത്ഥം അന്വേഷിക്കാത്ത സ്നേഹമായി പൗലോസ് വ്യാഖ്യാനിക്കുന്നത്. സ്നേഹം കോപിക്കുന്നില്ല എന്നു പറയുമ്പോൾ സ്നേഹമുള്ളയാൾ മറ്റുള്ളവരുടെ പെരുമാറ്റത്തിൽ പ്രകോപിതനാകുന്നില്ല എന്നാണ് അർത്ഥമാക്കുന്നത്. തന്നെ കുരിശിൽ തറച്ചവരോട് ആത്മാർത്ഥമായി ക്ഷമിച്ച യേശുവിന്റെ മാതൃകയാണ് സ്നേഹം വിദ്വേഷം പുലർത്തുന്നില്ല എന്നു പറയുമ്പോൾ പൗലോസ് ചൂണ്ടിക്കാട്ടുന്നത്. ചുരുക്കത്തിൽ ക്രിസ്തീയസ്നേഹംനിറഞ്ഞ വ്യക്തി സുവിശേഷാനുസൃതമായ ജീവിതത്തിൽ സന്തോഷിക്കുന്നവനും താനുമായി പൊരുത്തപ്പെടാത്തവർക്കുപോലും കരുണയും നീതിയും ലഭിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവനുമാണ്. ഇതിൻപ്രകാരമുള്ള ഒരു ജീവിതശൈലിയിലേക്ക് രൂപാന്തരപ്പെടുവാനുള്ള അവസരമാണ് ഈ നോമ്പുകാലം.

ഫാ.ആന്റണി പൂതവേലിൽ
02.04.2022.

Advertisements

Leave a comment