നോമ്പുകാല
വചനതീർത്ഥാടനം – 34
വി.മത്തായി 12 : 37
” നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാൽ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.”
യേശു പിശാചുക്കളെ ബഹിഷ്ക്കരിക്കുന്നത് ബേൽസബൂലിനെക്കൊണ്ടാണെന്ന ഫരിസേയരുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അവിടുന്നു പുറപ്പെടുവിക്കുന്ന വിധിവാചകമാണിത്. യേശു പ്രവർത്തിച്ച അത്ഭുതങ്ങളിൽ പരിശുദ്ധാത്മാവിന്റെ ശക്തി പ്രകടമായിക്കണ്ടിട്ടും അതിനെ അന്ധമായി എതിർത്തുകൊണ്ട് ഫരിസേയർ അവരുടെ ഹൃദയകവാടങ്ങൾ നിർബന്ധബുദ്ധിയോടെ അടച്ചുകളയുകയാണുണ്ടായത്. യേശുവാകുന്ന പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യൻ ബോധപൂർവ്വം പ്രകാശത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണുണ്ടായത്. ഇതുപോലെതന്നെ പരിശുദ്ധാത്മാവിന്റ സാന്നി ദ്ധ്യം തിരിച്ചറിഞ്ഞിട്ടും അവിടുത്തെ അന്ധമായി വെറുക്കുന്നതിനാണ് ഫരിസേയർ ശ്രമിച്ചത്. അവർ അതുവഴി ദൈവത്തിന്റെ ശിക്ഷാവിധിയിൽനിന്ന് രക്ഷപ്പെടുവാനുള്ള പഴുത് അടച്ചുകളഞ്ഞു. ഒരു വ്യക്തിയുടെ തനിമ വെളിപ്പെടുന്നത് അവൻ സംസാരിക്കുന്ന വാക്കുകളിലൂടെയാണ്. ആ വാക്കുകളാകട്ടെ അവന്റെ ആന്തരികസ്വഭാവത്തെ വ്യക്തമാക്കിക്കൊണ്ട് അവന്റെ ഹൃദയത്തിൽ നിന്നു ബഹിർഗ്ഗമിക്കുന്നതാണ്. അതിനാലാണ്
‘ഹൃദയത്തിന്റെ നിറവിൽനിന്നാണല്ലോ അധരം സംസാരിക്കുന്നതെന്നും, നല്ല മനുഷ്യൻ നന്മയുടെ ഭണ്ഡാരത്തിൽനിന്നു നന്മ പുറപ്പെടുവിക്കുന്നെന്നും ദുഷ്ടൻ തിന്മയുടെ ഭണ്ഡാരത്തിൽനിന്നു തിന്മ പുറപ്പെടുവിക്കുന്നെന്നും പറയാനിടയായത്. ചുരുക്കത്തിൽ, നമ്മുടെ സംസാരത്തിലൂടെ വെളിപ്പെടുന്ന വാക്കുകളാണ് നമ്മുടെ രക്ഷയ്ക്കോ ശിക്ഷയ്ക്കോ കാരണമാകുന്നത്.
നമുക്കു സംസാരിക്കാൻ കഴിയണമെങ്കിൽ ഉണ്ടായിരിക്കണ്ടതും ഉണ്ടായിരിക്കാൻ പാടില്ലാത്തതുമായ ഒരു കാര്യമെന്നു പറയുന്നതു സ്വരമാണ്. സ്വരമില്ലാതെ സംസാരം നടക്കില്ല. എന്നാൽ മൗനമില്ലാതെ സ്വരം മാത്രമായാലും പ്രശ്നമാണ്. അതുകൊണ്ട്, വേണ്ടനേരത്തു്, വേണ്ടകാര്യം, വേണ്ടതുപോലെ പറയാനാവുക; വേണ്ടാത്തനേരത്തു്, വേണ്ടാത്തകാര്യങ്ങൾ മിണ്ടാതിരിക്കാനുമുള്ള വൈഭവമാണ് നമുക്കാവശ്യം. നമ്മെ നശിപ്പിക്കാൻ കെണിയൊരുക്കി പതിയിരിക്കുന്നവരുടെ മുമ്പിൽ ചെന്നുവീഴാതിരിക്കണമെങ്കിൽ വാക്കുകൾ എപ്പോഴും അളന്നുതൂക്കി മാത്രമേ ഉപയോഗിക്കാവൂ.! സമൂഹത്തിൽ നില നിൽക്കുന്ന ഒരു പൊതുതത്വമുണ്ട്. അതായത് , ‘ ഒരു കാര്യം ശരിയാകണമെങ്കിൽ അതിലെ എല്ലാ ചേരുവകളും ശരിയായിത്തന്നെ ഒത്തുവരണം. തെറ്റണമെങ്കിലോ, ഏതെങ്കിലുമൊന്നു പിഴച്ചാൽ മതി.’ ഈ തത്ത്വം നമ്മുടെ സംസാരത്തെക്കുറിച്ചും അങ്ങേയറ്റം പരമാർത്ഥമാണ്. അതിനാൽ നമ്മൾ സംസാരിക്കുന്ന വാക്കുകൾ നമ്മുടെ നീതീകരണത്തിനും രക്ഷയ്ക്കും കാരണമാകണമെങ്കിൽ എപ്പോഴും ദൈവവിശ്വാസത്തിലധിഷ്ഠിതമായ വീണ്ടുവിചാരത്തോടെയും വിവേകത്തോടെയുമായിരിക്കട്ടെ. സത്യം എന്തെന്ന് തിരിച്ചറിഞ്ഞിട്ടും അസത്യ ജടിലമായി സംസാരിച്ച് ശിക്ഷാവിധി ഏറ്റുവാങ്ങാതിരിക്കാൻ നമുക്ക് ശ്രമിക്കാം.
ഫാ. ആന്റണി പൂതവേലിൽ
04.04.2022.
Categories: Lent