The Book of Exodus, Chapter 37 | പുറപ്പാട്, അദ്ധ്യായം 37 | Malayalam Bible | POC Translation

പുറപ്പാട് പുസ്തകം, അദ്ധ്യായം 37

സാക്ഷ്യപേടകം

1 ബസാലേല്‍ കരുവേലത്തടികൊണ്ടു പേടകമുണ്ടാക്കി. അതിന്റെ നീളം രണ്ടര മുഴം ആയിരുന്നു; വീതിയും ഉയരവും ഒന്നര മുഴം വീതവും.2 തനി സ്വര്‍ണം കൊണ്ട് അതിന്റെ അകവും പുറവും പൊതിഞ്ഞു. അതിനുചുറ്റും സ്വര്‍ണം കൊണ്ടുള്ള ഒരു അരികുപാളി പിടിപ്പിച്ചു.3 നാലു സ്വര്‍ണവളയങ്ങളുണ്ടാക്കി, നാലു മൂലകളില്‍ ഘടിപ്പിച്ചു; ഒരുവശത്തു രണ്ടും മറുവശത്തു രണ്ടും.4 അവന്‍ കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.5 പേടകം വഹിക്കുന്നതിന് അതിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ തണ്ടുകള്‍ കടത്തി.6 തനി സ്വര്‍ണംകൊണ്ട് കൃപാസനം നിര്‍മിച്ചു. അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവുമായിരുന്നു.7 കൃപാസനത്തിന്റെ രണ്ടഗ്രങ്ങളില്‍ സ്ഥാപിക്കാന്‍ സ്വര്‍ണത്തകിടുകൊണ്ട് രണ്ടു കെരൂബുകളെ നിര്‍മിച്ചു.8 രണ്ടഗ്രങ്ങളിലും ഒന്നുവീതം കൃപാസനത്തോട് ഒന്നായിച്ചേര്‍ത്താണ് അവയെ നിര്‍മിച്ചത്.9 കെരൂബുകള്‍ മുകളിലേക്കു ചിറകുകള്‍ വിരിച്ച് കൃപാസനത്തെ മൂടിയിരുന്നു. കൃപാസനത്തിലേക്കു തിരിഞ്ഞ് അവ മുഖാഭിമുഖം നിലകൊണ്ടു.

തിരുസാന്നിദ്ധ്യ അപ്പത്തിന്റെ മേശ

10 കരുവേലത്തടികൊണ്ട് അവന്‍ മേശയുണ്ടാക്കി. അതിനു രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നരമുഴം ഉയരവുമുണ്ടായിരുന്നു.11 തനി സ്വര്‍ണംകൊണ്ട് അതു പൊതിയുകയും മുകള്‍ഭാഗത്തു ചുറ്റിലും സ്വര്‍ണംകൊണ്ട് അരികുപാളി പിടിപ്പിക്കുകയും ചെയ്തു.12 അതിനുചുറ്റും കൈപ്പത്തിയുടെ വീതിയില്‍ ഒരു ചട്ടവും ചട്ടത്തിനു ചുറ്റും സ്വര്‍ണംകൊണ്ട് അരികുപാളിയും പിടിപ്പിച്ചു.13 അവന്‍ നാലു സ്വര്‍ണവളയങ്ങള്‍ നിര്‍മിച്ച് അവ മേശയുടെ നാലു കാലുകളില്‍ ഘടിപ്പിച്ചു.14 മേശ വഹിക്കാനുള്ള തണ്ടുകള്‍ കടത്തിയിരുന്ന വളയങ്ങള്‍ ചട്ടത്തോടു ചേര്‍ന്നതായിരുന്നു.15 ഈ തണ്ടുകള്‍ അവന്‍ കരുവേലത്തടികൊണ്ടുണ്ടാക്കി, സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.16 മേശപ്പുറത്തേക്കുള്ള ഉപകരണങ്ങള്‍ – താലങ്ങള്‍, തട്ടങ്ങള്‍, കലശങ്ങള്‍, പാനീയബലിക്കുള്ള ചഷകങ്ങള്‍ എന്നിവ – തനി സ്വര്‍ണംകൊണ്ടു നിര്‍മിച്ചു.

വിളക്കുകാല്‍

17 തനി സ്വര്‍ണംകൊണ്ടു വിളക്കുകാല്‍ ഉണ്ടാക്കി. അതിന്റെ അടിത്തട്ട്, തണ്ട്, ചഷകങ്ങള്‍, മുകുളങ്ങള്‍, പുഷ്പങ്ങള്‍ എന്നിവ ഒരേ സ്വര്‍ണത്തകിടിലാണ് പണിതത്.18 വിളക്കുകാലിന് ഓരോ വശത്തും മൂന്നുവീതം രണ്ടു വശങ്ങളിലായി ആറു ശാഖകളുണ്ടായിരുന്നു.19 വിളക്കുകാലിന്റെ ആറു ശാഖകളിലോരോന്നിലും ബദാംപൂവിന്റെ ആകൃതിയിലുളളതും മുകുളങ്ങളോടും പുഷ്പദലങ്ങളോടും കൂടിയതുമായ മൂന്നു ചഷകങ്ങള്‍വീതം ഉണ്ടായിരുന്നു.20 വിളക്കുകാലിന്റെ തണ്ടിന്‍മേല്‍ ബദാംപൂവിന്റെ ആകൃതിയിലുള്ളതും മുകുളങ്ങളോടും പുഷ്പദലങ്ങളോടും കൂടിയതുമായ നാലു ചഷകങ്ങള്‍ ഉണ്ടായിരുന്നു.21 വിളക്കുകാലില്‍നിന്നു പുറപ്പെടുന്ന ഓരോ ജോടി ശാഖകളുടെയും ചുവട്ടില്‍ വിളക്കുകാലിന്റെ തണ്ടിനോട് ഒന്നായിച്ചേര്‍ന്ന് ഒരു മുകുളം വീതമുണ്ടായിരുന്നു.22 മുകുളങ്ങളും ശാഖകളും വിളക്കുകാലിനോട് ഒന്നായിച്ചേര്‍ന്നിരുന്നു. എല്ലാം തനി സ്വര്‍ണത്തകിടുകൊണ്ട് പണിതതായിരുന്നു.23 അവന്‍ അതിന്റെ ഏഴു വിളക്കുകളും തിരിയണയ്ക്കാനുപയോഗിക്കുന്ന കത്രികകളും തട്ടങ്ങളും തനി സ്വര്‍ണംകൊണ്ടു നിര്‍മിച്ചു.24 വിളക്കുകാലും അതിന്റെ എല്ലാ ഉപകരണങ്ങളും ഒരു താലന്ത് തനി സ്വര്‍ണംകൊണ്ടാണു നിര്‍മിച്ചത്.

ധൂപപീഠം

25 കരുവേലത്തടികൊണ്ട് അവന്‍ ഒരു ധൂപപീഠം പണിതു. അത് ഒരു മുഴം നീള വും ഒരു മുഴം വീതിയുമുള്ള സമചതുരമായിരുന്നു; ഉയരം രണ്ടു മുഴം. അതിന്റെ കൊമ്പുകള്‍ അതിനോട് ഒന്നായിച്ചേര്‍ന്നിരുന്നു.26 തനി സ്വര്‍ണംകൊണ്ട് അവന്‍ അതിന്റെ മുകള്‍ഭാഗവും വശങ്ങളും കൊമ്പുകളും പൊതിഞ്ഞു. അതിനു മുകള്‍വശത്തായി ചുറ്റും സ്വര്‍ണംകൊണ്ടുള്ള അരികുപാളി പിടിപ്പിച്ചു.27 അതു വഹിക്കുന്നതിനുള്ള തണ്ടുകള്‍ കടത്തുന്നതിന് അരികുപാളിയുടെ താഴെ മൂലകളിലായി ഒരു വശത്തു രണ്ടും മറുവശത്തു രണ്ടും സ്വര്‍ണവളയങ്ങള്‍ ഘടിപ്പിച്ചു.28 കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി, സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.29 സുഗന്ധതൈലങ്ങള്‍ നിര്‍മിക്കുന്ന വിദഗ്ധനെപ്പോലെ അവന്‍ വിശുദ്ധമായ അഭിഷേകതൈലവും ധൂപത്തിനുള്ള പരിമളവ സ്തുക്കളും സജ്ജീകരിച്ചു.

The Book of Exodus | പുറപ്പാട് | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Exodus
Advertisements
Advertisements

Leave a comment