നോമ്പുകാല
വചനതീർത്ഥാടനം – 36
2 തിമോത്തേയോസ് 2 : 23
” മൂഢവും ബാലിശവുമായ വാദപ്രതിവാദത്തിൽ ഏർപ്പെടരുത്. അവ കലഹങ്ങൾക്കിടയാക്കും”
വിശുദ്ധ പൗലോസ് ശ്ലീഹായുടെ അജപാലനപരമായ മൂന്നു ലേഖനങ്ങളിൽ രണ്ടാമതായി വരുന്നതാണ് തിമോത്തേയോസിനെഴുതിയ രണ്ടാം ലേഖനം. ശ്ലീഹായുടെ പ്രേഷിതയാത്രകളിൽ സഹായികളായിരുന്നവരിൽ ഒരാളായിരുന്നു തിമോത്തേയോസ് . ദൈവജനത്തെ നയിക്കാനൊരുങ്ങുന്നവൻ അവശ്യം അറിഞ്ഞിരിക്കുകയും പാലിക്കുകയും ചെയ്യേണ്ട മൂന്നു കാര്യങ്ങളെക്കുറിച്ച് പിതൃസ്ഥാനീയനായി ക്കൊണ്ട് പൗലോസ് തന്റെ സഹായിയായ തിമോത്തേയോസിനു നൽകുന്ന മുന്നറിയിപ്പുകളും നിർദ്ദേശങ്ങളുമടങ്ങുന്നതാണ് സാഹചര്യം. സ്വന്തം ജീവിതാനുഭവത്തിൽനിന്ന് അനുമാനിച്ചെടുത്തിട്ടുള്ളതാണ് ഈ കാര്യങ്ങളത്രയും തന്നെ( അപ്പ.17 : 2 ,17 ) ആദ്യമായി, തന്നെത്തന്നെ വിശ്വാസത്തിലും വിശ്വസ്തതയിലുമുള്ള ജീവിതത്തിനൊരുക്കുക, തന്നെ ഭരമേൽപ്പിച്ചിരിക്കുന്നവരെ അതേ വിശ്വാസത്തിലും വിശ്വസ്തയിലും ജീവിക്കാൻ പഠിപ്പിക്കുക, സഭയെ തളർത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന അബദ്ധസിദ്ധാന്തങ്ങളോടും തിന്മകളോടും പോരാടുക എന്നിവയാണ് ആ മൂന്നു കാര്യങ്ങൾ . ആദിമസഭയിൽ ഉണ്ടായിരുന്നതും അനേകരെ വഴിതെറ്റിച്ചതുമായ അബദ്ധസിദ്ധാന്തങ്ങളെ മുന്നിൽ കണ്ടുകൊണ്ടാണു ഈ നിർദ്ദേശങ്ങൾ നൽകിയത്. സുവിശേഷ പ്രഘോഷണം നടത്തുമ്പോൾ അബദ്ധസിദ്ധാന്തങ്ങളുമായി വരുന്നവരും അവരുടെ പ്രബോധനങ്ങളിൽ ആകൃഷ്ടരാകുന്നവരും, വിശ്വാസികൾക്ക് നേതൃത്വം കൊടുക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരോട് തർക്കിക്കാനിടയുണ്ടെന്ന കാര്യം പൗലോസിന് നന്നായി അറിയാമായിരുന്നു. ആ തർക്കങ്ങളുടെ സ്വഭാവത്തെ
” വാക്കുകളെച്ചൊല്ലിയുള്ള തർക്കം “, (വാ.14),” ലൗകികമായ വ്യർത്ഥഭാഷണം”(വാ.16),
” മൂഢവും ബാലിശവുമായ തർക്കം”(വാ.23) എന്നീ വിശേഷണങ്ങൾകൊണ്ടാണ് പൗലോസ് വിശദീകരിക്കുന്നത്. സന്ദേശത്തെ അവഗണിച്ച് കേവലം വാക്കുകളിൽ മാത്രം ഒതുങ്ങിപ്പോകുന്ന തർക്കം കേൾവിക്കാരെ നശിപ്പിക്കുകയേയുള്ളൂ ! അതുപോലെ വ്യർത്ഥമായ ഭാഷണം കേൾവിക്കാരുടെ വിശ്വാസത്തെ പരിപോഷിപ്പിക്കുന്നതിനു പകരം ശോഷിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് കർത്താവിന്റെ ദാസൻ കലഹത്തിലേക്ക് നയിക്കുംവിധം മൂഢവും ബാലിശവുമായ തർക്കവിതർക്കങ്ങളിൽ ഏർപ്പെടാൻ പാടില്ല. ഏതു വാദഗതിയുടെ മുമ്പിലും അവൻ അപാരമായ ക്ഷമയും സൗമ്യതയും പുലർത്തിക്കൊണ്ടും അക്ഷോഭ്യമായ മനസ്സോടെ നിലയുറപ്പിച്ചുകൊണ്ടും തന്റെ അധ്യാപനധർമ്മം നിർവ്വഹിക്കണം. ഈ കാലഘട്ടത്തിൽ ജീവിക്കുന്ന എല്ലാ അജപാലകരും പൗലോസ് ശ്ലീഹായുടെ മേൽപ്പറഞ്ഞ ഉപദേശം നിർബന്ധമായും ധ്യാനവിഷയമാക്കേണ്ടതാണ്.
ഫാ. ആന്റണി പൂതവേലിൽ
06.04.2022
Categories: Lent