Rev. Fr Zacharias Kuzhiparambil (1937-1999)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Rev. Fr Zacharias Kuzhiparambil (1937-1999)

കർമ്മവേദികളെ ഉജ്ജ്വലമാക്കിയ പുരോഹിതൻ, ഫാ. സഖറിയ കുഴിപ്പറമ്പിൽ…

പത്തനംതിട്ട ജില്ലയിലെ മലയോര പ്രദേശമായ കോന്നി പൂങ്കാവിൽ കുഴിപ്പറമ്പിൽ വീട്ടിൽ സഖറിയയുടെയും അന്നമ്മയുടെയും ഒമ്പത് മക്കളിൽ എട്ടാമനായി 1936 നവംബർ 22ന് സഖറിയ ജനിച്ചു.

കോന്നി ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സഖറിയ പുരോഹിതനാകണമെന്നുള്ള വലിയ അഭിവാജ്ഞയോടെ പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. മൈനർ സെമിനാരിയിലെ പരീക്ഷകൾ ഉയർന്ന മാർക്കോടെ പാസായ ബ്രദർ സഖറിയായെ തുടർ പരിശീലനത്തിനും പഠനത്തിനുമായി വിദേശികളായ ജസ്യൂട്ട് വൈദികരുടെ ചുമതലയിലുള്ള പൂനെ പേപ്പൽ സെമിനാരിയിലേക്ക് അധികാരികളയച്ചു. ഉന്നതമായ വിജയത്തോടെ സെമിനാരി പഠനം പൂർത്തിയാക്കി 1963 സെപ്റ്റംബർ 21ന് പേപ്പൽ സെമിനാരിയിൽ വച്ച് അന്നത്തെ പൂനെ ബിഷപ്പ് ആൻഡ്രൂ (Andrew Alexis D’Souza) മെത്രാപ്പോലീത്തയിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു.

ആദ്യ നിയമനം അസിസ്റ്റന്റ് വികാരിയായി അവിഭക്ത തിരുവനന്തപുരം അതിരൂപതയുടെ തെക്കുള്ള, ഇന്നത്തെ മാർത്താണ്‌ഡം രൂപതയുടെ പ്രദേശങ്ങളിലായിരുന്നു; മരിയാഗിരി, മേക്കോട്, അരുവാൻകോട്, മങ്കാട്, ആദിച്ചവിളാകം (1964-66) ഇടവകകളിൽ. 1966-1967ൽ വികാരിയായി കരമന, തമലം, പാപ്പനംകോട്, നെല്ലിയോട്, ഊക്കോട്, മുട്ടത്തറ എന്നീ ഇടവകകളിലെ സേവനത്തിന് ശേഷം അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ചെയ്ത മരിയാഗിരി, മേക്കോട്, അരുവാൻകോട് പള്ളികളിൽ (1967-1969) വികാരിയായുള്ള ശുശ്രൂഷ. 1969-1970 ൽ നടക്കാവ്, കോയിക്കത്തോപ്പ്, കുളപ്പുറം, പുഷ്പഗിരി എന്നീ ഇടവകകളിലും 1970 മുതൽ 1975 വരെ ചെല്ലംകോണം, പൂന്തുറ ഇടവകകളിലും 1975-1980 ൽ സൂരിയകോട്, മങ്കാട്, ആദിച്ചവിളാകം എന്നീ ഇടവകകളിലിലും 1982-1983 കാലത്ത് സൂരിയകോട്, ആദിച്ചവിളാകം ഇടവകകളിലും 1983ൽ ചെല്ലംകോണം, പൂങ്കര, കാട്ടുവിള എന്നിവിടങ്ങളിലും 1996 മുതൽ ഇലന്തൂർ ഇടവകയിലും അച്ചൻ വികാരിയായി സേവനമനുഷ്ഠിച്ചു.

ഇടവക ശുശ്രൂഷയുടെ നാളുകളിൽ തന്നെ
അച്ചൻ മാർ ഈവാനിയോസ് കോളേജിൽ നിന്നു ബിരുദവും മാർ തെയോഫിലോസ് കോളേജിൽ നിന്നു ബി.എഡും കരസ്ഥമാക്കി. പഠനത്തിലെ മികവും അധ്യാപന ശുശ്രൂഷയിലെ അർപ്പണവും തിരിച്ചറിഞ്ഞതിനാൽ 1980ൽ ഉന്നത പഠനത്തിനായി അമേരിക്കയിലേക്കയച്ചു, ന്യൂയോർക്കിൽ നിന്നു ബിരുദാനന്തര ബിരുദം കരസ്ഥമാക്കി 1982ൽ തിരിച്ചെത്തിയ അച്ചൻ മധുര യൂണിവേഴ്സിറ്റിയിൽ നിന്നു എം.എഡും ഉന്നത വിജയത്തോടെ സ്വന്തമാക്കി.

ഇടവക ശുശ്രൂഷയോടൊപ്പം വിവിധ വിദ്യാലയങ്ങളിൽ അധ്യാപകനായും പ്രധാന അധ്യാപകനായും എല്ലാം സ്ത്യുതർഹമായ സേവനം കാഴ്ചവെക്കാൻ അച്ചനായി. സൂരിയക്കോട് സെന്റ് എഫ്രേം ഹൈസ്കൂളിൽ അധ്യാപകനായും പ്രധാന അധ്യാപകനായും ചെല്ലംകോണം സെന്റ് ജോസഫ്സ് സ്കൂളിന്റെയും അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിന്റെയും പ്രധാന അധ്യാപകനായും അച്ചൻ ശുശ്രൂഷ ചെയ്തിട്ടുണ്ട്. അടൂർ സ്കൂളിന്റെ ചുമതല വഹിച്ചിരുന്ന നാളുകളിൽ അന്തിച്ചിറ ഇടവകവികാരിയുമായിരുന്നു.

സ്കൂളിൽ അച്ചടക്കവും കൃത്യനിഷ്ഠയും പാലിക്കുന്നതിൽ കണിശതയുണ്ടായിരുന്ന അച്ചൻ അധ്യാപകരും വിദ്യാർത്‌ഥികളും ഒന്നുപോലെ ആ നിഷ്ഠ പുലർത്തുന്നതിൽ ജാഗരൂകനുമായിരുന്നു. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിൽ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്ന ഈ അധ്യാപകൻ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകമായി ശ്രദ്ധിച്ച് അവർക്കായി ക്ളാസുകൾ നൽകിയിരുന്നു, ഒപ്പം പ്രവർത്തിക്കുന്ന അധ്യാപകരെല്ലാവരും ഈ കാര്യത്തിൽ സവിശേഷമായി ശ്രദ്ധ പുലർത്താനായി ആവശ്യപ്പെട്ടിരുന്നു, അതിനാൽ തന്നെ അച്ചൻ പ്രവർത്തിച്ചിരുന്ന വിദ്യാലയങ്ങളിലെല്ലാം തന്നെ വിജയശതമാനം ഉയർന്നുവന്നു. കണിശക്കാരനായിരുന്നെങ്കിലും തന്റെ വിദ്യാർത്ഥികളെ അങ്ങേയറ്റം സ്നേഹിക്കുവാനും കുട്ടികളുടെ മാതാപിതാക്കളുമായി ആത്മബന്‌ധം പുലർത്തുവാനും അച്ചൻ ശ്രദ്ധിച്ചിരുന്നു. പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർവ്വോത്മുഖമായ വളർച്ചയെ ലക്ഷ്യം വെച്ചുകൊണ്ട് സ്കൂളുകളിൽ കളിക്കളങ്ങൾ സ്ഥാപിക്കുകയും കുഞ്ഞുങ്ങൾക്ക് കായികപരിശീലനം നൽകാനായി അധ്യാപകരെയും ക്രമപ്പെടുത്തി.
ഹൈസ്കൂളുകൾ ഹയർസെക്കൻഡറി സ്കൂളുകളായി ഉയർത്തുന്ന കാലയളവിൽ അതിനാവശ്യമായ കെട്ടിടങ്ങളും ലാബുകളും അനുബന്ധ ക്രമീകരണങ്ങളുമൊരുക്കാൻ നേതൃത്വം നൽകിയിരുന്നു.
സ്കൂൾ നയിക്കാനുള്ള അച്ചന്റെ സവിശേഷമായ കഴിവുകൾ തിരിച്ചറിഞ്ഞ സിറിൾ മാർ ബസേലിയോസ് പിതാവ് ബത്തേരി രൂപതയിലേക്ക് അച്ചനെ ക്ഷണിക്കുകയും ശൈശവദശയിലായിരുന്ന അവിടുത്തെ സെന്റ് ജോസഫ് സ്കൂളിന്റെ ചുമതല അച്ചനെയേൽപ്പിക്കുകയും ചെയ്തു.

വൈദികരുടെ സൗഹൃദവും കൂട്ടായ്മയും എപ്പോഴും വിലമതിച്ചിരുന്ന അതിൽ സന്തോഷിച്ചിരുന്ന സഖറിയാസ് അച്ചൻ ‘A priest can go only to a priest’ എന്ന് എപ്പോഴും എടുത്തു പറഞ്ഞിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് അച്ചന്റെ കരുതലും ആതിഥ്യവും അനുഭവിച്ച മാത്യു ആലുംമൂട്ടിലച്ചൻ അനുസ്മരിക്കുന്നു.

ശുശ്രൂഷിച്ച ദേവാലയങ്ങളിൽ നിന്നെല്ലാം ദൈവവിളികളെ പ്രോത്സാഹിപ്പിച്ചിരുന്ന അച്ചൻ പിതൃസഹജമായ സ്നേഹത്തോടെയും വാൽസല്യത്തോടെയും അവരെ വൈദിക സന്യസ്ത ദൈവവിളികളെ ചേർത്തു നിർത്തി വളർത്തിയിരുന്നു.

വ്യക്തി ജീവിതത്തിലും താൻ ശുശ്രൂഷ ചെയ്തിരുന്ന ഇടങ്ങളിലുമെല്ലാം കാർക്കശ്യം പുലർത്തിയിരുന്ന അച്ചൻ മുഖം നോക്കാതെ എല്ലാവരെയും ഒന്നു പോലെ കരുതി ചേർത്തു നിർത്തി സ്നേഹിച്ചു. തനിക്ക് സത്യമെന്ന് ബോധ്യമുളള കാര്യങ്ങളിൽ എത്ര എതിർപ്പുകൾ അഭിമുഖീകരിക്കേണ്ടി വന്നാലും സുദൃഢമായ തീരുമാനങ്ങളെടുത്തിരുന്നു.

ആഴ്ച്ചയിലെ 7 ദിവസങ്ങളിലും സ്കൂളിലും പള്ളിയിലുമായി ഒന്നുപോലെ കർമ്മനിരതനായിരുന്ന വ്യക്തിയായിരുന്ന അച്ചൻ തന്റെ ഇടവകസമൂഹത്തെ അതിരറ്റ് സ്നേഹിച്ചിരുന്ന ഒരു ഇടയനായിരുന്നു. കത്തോലിക്കാ വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ ആഴമേറിയ അറിവുകൾ ഇടവകജനത്തിന് നൽകുന്നതിനായി അവരെ ഒരുമിച്ചു കൂട്ടി ക്ളാസ്സുകൾ എടുത്തിരുന്നു. ഇലന്തൂർ പള്ളിയോട് ചേർന്ന് വൈദിക മന്ദിരം പണി കഴിപ്പിച്ചത് അച്ചൻ വികാരിയായിരുന്ന കാലത്താണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ മറ്റാരുമറിയാതെ സഹായിക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

ഇലന്തൂർ പള്ളിയിൽ ശുശ്രൂഷ ചെയ്തുവരവെ ഹൃദയാഘാതത്തെ തുടർന്ന് 1999 ജനുവരി 5ന് അച്ചൻ നിര്യാതനായി, മാതൃ ദേവാലയമായ പൂങ്കാവ് പള്ളിയിൽ അച്ചനെ കബറടക്കി.

സത്യത്തിനും നീതിക്കുമായി ഉറച്ച നിലപാടുകളെടുത്ത ഈ ഇടയൻ, സ്നേഹനിധിയായ കാർക്കശ്യകാരനായ ഈ അധ്യാപകൻ അനേകരുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു.

✍️ ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Advertisements

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Advertisements
Advertisements

Leave a comment