നോമ്പുകാല
വചനതീർത്ഥാടനം – 37
1 കോറിന്തോസ് 1 : 18
” നാശത്തിലൂടെ ചരിക്കുന്നവർക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രെ.”
ഗ്രീക്കു തത്ത്വചിന്തയുടെ പിൻബലത്തിൽ കോറിന്തോസുകാർ ലോകവിജ്ഞാനത്തിന് വലിയ മൂല്യവും മഹത്വവും കല്പിച്ചു പോന്ന പശ്ചാത്തലത്തിലാണ് പൗലോസ് ശ്ലീഹ കുരിശിന്റെ ഭോഷത്തത്തെക്കുറിച്ച് സംസാരിക്കുന്നത്. പൗലോസിന്റെ കാഴ്ചപ്പാടിൽ ലോകത്തിൽ രണ്ടുതരത്തിലുളള മനുഷ്യരാണുള്ളത്. നശിച്ചു കൊണ്ടിരിക്കുന്നവരും രക്ഷയുടെ വഴിയിൽ ചരിക്കുന്നവരും. ദൈവവുമായുള്ള സഹവാസവും കൂട്ടായ്മയും നഷ്ടപ്പെട്ടവരാണ് ആദ്യത്തെ കൂട്ടർ. അവർക്ക് കുരിശിന്റെ സന്ദേശം വെറും ഭോഷത്തമാണ്. ആത്മീയ കാര്യങ്ങളോട് ഏറെ വിലമതിപ്പുളളവരാണ് രണ്ടാമത്തെ കൂട്ടർ. അവർ സുവിശേഷത്തിന്റെ മഹത്ത്വം കണ്ടെത്തി ജീവിക്കുന്നവരാണ്. എന്നാൽ, നാശത്തിന്റെ പാതയിലുള്ളവർ സുവിശേഷം കാണാനും കേൾക്കാനും കഴിയാത്തവിധം അന്ധരും ബധിരരുമായിത്തീർന്നവരാണ്. സുവിശേഷമെന്നത് കേവലം നവീനമായ ഒരു വിജ്ഞാനമോ പ്രബോധനമോ അല്ലെന്നും അതു ദൈവത്തിന്റെ ശക്തിയാണെന്നും പൗലോസ് ഉദ്ബോധിപ്പിക്കുന്നു. രക്ഷയെന്നുള്ളത് യാന്ത്രികമായി നേടിയെടുക്കാവുന്നതോ അവസാനനാളിൽ മാത്രം സ്വീകരിക്കുന്നതോ ആയ ഒരു സമ്മാനമല്ലെന്നും അനുദിനം ക്രിസ്തുവിനുചേർന്നവിധം ജീവിച്ചുകൊണ്ട് നേടിയെടുക്കേണ്ട സ്വത്താണെന്നും പൗലോസ് വ്യക്തമാക്കുന്നു. മാത്രമല്ല, സുവിശേഷം ദൈവത്തിന്റെ ശക്തി പ്രകടമാക്കികൊണ്ട് നമ്മിൽ വിശ്വാസം ജനിപ്പിക്കുകയും മാനസാന്തരത്തിലൂടെ ദൈവത്തിന്റെ ജ്ഞാനവും നീതിയും വിശുദ്ധിയും രക്ഷയും നൽകുന്ന ഒരു യാഥാർത്ഥ്യവുമാണ്. സുവിശേഷം പ്രത്യക്ഷത്തിൽ ഭോഷത്തമായും യേശുവിന്റെ കുരിശും കുരിശിലെ അവിടുത്തെ മരണവും പരാജയമായും ബലഹീനതയായും തോന്നാമെങ്കിലും ക്രൂശിതനായ യേശുവിലാണ് പൗലോസ് ദൈവത്തിന്റെ ശക്തി കാണുന്നത്. ആ ക്രൂശിക്കപ്പെട്ട യേശുവിനെയാണ് അപ്പസ്തോലന്മാർ അവരുടെ പ്രബോധനവിഷയമാക്കിയത്. കാരണം, കുരിശുമരണത്തോളം ദൈവം ചെറുതായപ്പോഴാണ് അവിടുത്തെ യഥാർത്ഥ ശക്തിയും ജ്ഞാനവും വെളിപ്പെട്ടത്. അതുകൊണ്ട് സ്വയം ഒന്നുമല്ലാതായിത്തീർന്ന ക്രൂശിതനിലേക്ക്, തോറ്റുകൊടുക്കലിന്റെയും നഷ്ടപ്പെടുത്തലിന്റെയും ചിഹ്നമായിത്തീർന്ന് ഒടുവിൽ രക്ഷയുടെ അനുഭവത്തിലേക്കു നമ്മെ കൈപിടിച്ചുയർത്തിയ ആ രക്ഷകനിലേക്ക് നമുക്ക് നമ്മുടെ ഹൃദയങ്ങളെ ഉയർത്താം.
ഫാ. ആന്റണി പൂതവേലിൽ
07.04.2022.
Categories: Lent