നോമ്പുകാല
വചനതീർത്ഥാടനം – 41
2 കോറിന്തോസ് 4 : 10
” യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങൾ എല്ലായിപ്പോഴും ശരീരത്തിൽ സംവഹിക്കുന്നു.”
സഹന ങ്ങളിലൂടെയുളള ജീവിതസാക്ഷ്യമാണ് ക്രിസ്തീയജീവിതത്തിന്റെ ചാലകശക്തി. വി.പൗലോസ് അപ്പസ്തോലൻ സ്വന്തം ജീവിതാനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടുള്ള കാര്യമാണിത്. സുവിശേഷമെന്നത് യേശുവിലൂടെയുളള ദൈവത്തിന്റെ വെളിപാടാണ്. ഈ വെളിപാടിലൂടെ പ്രകാശിതമാകുന്ന മഹത്ത്വമേറിയ സന്ദേശം ബലഹീനരായ മനുഷ്യരിലൂടെയാണ് പ്രഘോഷിക്കപ്പെടുന്നത്. ദൈവത്തിന്റെ ഈ സന്ദേശം ക്രിസ്തു എപ്രകാരമാണോ പകർന്നു കൊടുത്തത് അതുപോലെയാണ് അപ്പസ്തോലന്മാരും പകർന്നുകൊടുത്തത്. പീഡനങ്ങളും സഹനങ്ങളും ഏറ്റുവാങ്ങിക്കൊണ്ടാണ് സുവിശേഷസന്ദേശവാഹകരായ അപ്പസ്തോലന്മാർ ക്രിസ്തുവിന്റെ ജീവൻ തങ്ങളുടെ ശരീരത്തിൽ സംവഹിച്ചത്. യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ ജീവിതംതന്നെയാണ് അപ്പ സ്തോലന്മാരിലൂടെ പ്രത്യക്ഷമാകുന്നത്. തീക്ഷണമതിയായ ഒരു അപ്പസ്തോലൻ ക്രിസ്തുവിന്റെ ജീവിതത്തിന്റെയും മരണത്തിന്റെയും സാക്ഷാത്ക്കാരമാണ്. തങ്ങളിലുള്ള ക്രിസ്തുവിന്റെ ജീവനെ മൺപാത്രത്തിലെ നിധിക്ക് സമാനമായിട്ടാണ് പൗലോസ് വിശേഷിപ്പിക്കുന്നത്. കാരണം, തങ്ങളുടെ സുവിശേഷപ്രഘോഷണം സ്വന്തം ശക്തിയാലല്ലെന്നും ദൈവികശക്തിയാലാണെന്നും അദ്ദേഹത്തിന് നല്ല ബോദ്ധ്യമുണ്ടായിരുന്നു. ഇതിനു ഉപോദ്ബലകമായി നാലുകാര്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അതായതു്,” ഞങ്ങൾ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകർക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല.”(4:8,9)
ഇപ്രകാരമാണ് അപ്പസ്തോലന്മാരുടെ സഹനത്തിലൂടെ കോറിന്തോസുകാരിൽ യേശുവിന്റെ ജീവൻ നിലനിർത്താനായത്. ചുരുക്കത്തിൽ, പീഡനങ്ങളുടെയും സഹനത്തിന്റെയും പാതയിലൂടെ നമുക്ക് നമ്മുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നതു വിശ്വാസം നിമിത്തമാണ്. മരണത്തിനപ്പുറമുള്ള ഉയിർപ്പിലാണ് ക്രിസ്തീയ ജീവിതത്തിന്റെ സഹനങ്ങളുടെ അർത്ഥം കണ്ടെത്താനാവുക. അവിടേക്കുള്ള നമ്മുടെ പ്രാർത്ഥനാനിർഭരമായ യാത്രയാണ് ഈ നോമ്പുകാലംകൊണ്ട് നമ്മൾ ചെയ്യുന്നതും ചെയ്യേണ്ടതും.
ഫാ.ആന്റണി പൂതവേലിൽ
12.04.2022.