Good Friday Homily / Sermon / Message | ദുഃഖവെള്ളി പ്രസംഗം

ഈശോ എന്ന 33കാരൻ തന്നിൽ മിശിഹാ എന്ന ചിത്രം വരയ്ക്കുന്നത് കുരിശിന്റെ നിഴൽ കൊണ്ടാണ്.
ക്രൂശിതനിൽ ഏറെ സ്നേഹിക്കപ്പെടുന്ന സഹോദരരേ,

ലോകസാഹിത്യത്തിലെ ഏറ്റവും മനോഹരമായ പ്രണയകാവ്യം വിശുദ്ധ ഗ്രന്ഥത്തിലെ ഉത്തമഗീതമാണ്. ഗ്രന്ഥകാരൻ പ്രണയത്തെ വിശേഷിപ്പിക്കുന്നത് പ്രണയം മരണം പോലെ ശക്തമാണ് എന്ന്. ദൈവത്തിന് മനുഷ്യനോടുള്ള പ്രണയം മരണത്തേക്കാൾ ശക്തമാണെന്ന് കുരിശിലൂടെ ലോകത്തിനു വെളിപ്പെടുത്തിയ പുണ്യ ദിനത്തിന്റെ ഓർമ്മകൾക്ക് നടുവിലാണ് നാം ഇന്ന്. സ്നേഹത്തിന്റെ പൂർണ്ണത കുരിശിലൂടെ കാണിച്ചുതന്ന രക്ഷാകരമായ ഈ ദിനത്തിന്റെ പ്രാർത്ഥനാശംസകൾ ഏറെ സ്നേഹത്തോടെ നേരുന്നു.

ഈശോയുടെ പീഡാനുഭവ ചരിത്രം ആരംഭിക്കുന്നത് ഒരു തോട്ടത്തിൽ വച്ചാണ് എന്നത് ഏറെ ചിന്തനീയമാണ്. മനുഷ്യന്റെ പധന കഥ ആരംഭിച്ചത് പറുദീസയിലെ ഏദൻതോട്ടത്തിൽ വച്ചായിരുന്നു എങ്കിൽ, ദൈവ തിരുമനസ്സിന് സ്വയം കീഴ്‌വഴങ്ങിക്കൊണ്ട് അനുസരണം വരിച്ച ക്രിസ്തുവിലൂടെ മാനവരാശിയുടെ വിജയഗാഥ ആരംഭിക്കുന്നത് ഗത്സമെൻ തോട്ടത്തിൽ വച്ചാണ്. അനുസരണക്കേട് കാണിച്ച ആദത്തിന് ദൈവം ശിക്ഷ നൽകുന്നത് ഉല്പത്തി പുസ്തകം മൂന്നാം അദ്ധ്യായം 17 മുതൽ 19 വരെ ഉള്ള വാക്യങ്ങളിൽ നാം കാണുന്നു. “നീ മൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്‌കാലം മുഴുവന്‍ കഠിനാധ്വാനംകൊണ്ട്‌ നീ അതില്‍നിന്നു കാലയാപനം ചെയ്യും. അതു മുള്ളും മുള്‍ച്ചെടികളും നിനക്കായി മുളപ്പിക്കും. വയലിലെ സസ്യങ്ങള്‍ നീ ഭക്‌ഷിക്കും. മണ്ണില്‍നിന്ന്‌ എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയര്‍പ്പുകൊണ്ടു ഭക്‌ഷണം സമ്പാദിക്കും. നീ പൊടിയാണ്‌, പൊടിയിലേക്കുതന്നെ നീ മടങ്ങും“. ഈശോ തന്റെ പീഡാസഹനത്തിൽ മുൾക്കിരീടം ധരിച്ചുകൊണ്ട് ആദ ത്തിന്റെ ശിക്ഷ സ്വയം ഏറ്റെടുക്കുന്നു. ഇനിമുതൽ നീ നെറ്റിയിലെ വിയർപ്പുകൊണ്ട് ഭക്ഷണം സമ്പാദിക്കണം എന്ന് ആദത്തിനോട് ദൈവം പറഞ്ഞെങ്കിൽ പുതിയനിയമത്തിൽ ക്രിസ്തുവിലൂടെ ദൈവം തന്നെ ഭക്ഷണമായി മാറി. നീ പൊടിയാണ് പൊടിയിലേക്ക് തന്നെ മടങ്ങുമെന്ന മുന്നറിയിപ്പ് ആദത്തിന് ദൈവം കൊടുത്തെങ്കിൽ, പൊടിയിലേക്ക് മടങ്ങാതെ രണ്ടാം ആദമായ ക്രിസ്തു മരണത്തെ കീഴടക്കി. പാപം മൂലം എന്തെല്ലാം ശിക്ഷ മനുഷ്യന് കൈവന്നോ അതെല്ലാം ക്രിസ്തുവിലൂടെ കരുണ കൊണ്ട് വീണ്ടെടുക്കുന്ന ദൈവം.
നഗ്നത മറയ്ക്കാൻ അത്തി ഇലകൾകൊണ്ട് അവർ തന്നെ ഉണ്ടാക്കിയ വസ്ത്രം മാറ്റി, തോലുകൊണ്ട് ഉടയാട ഉണ്ടാക്കി ആദത്തെയും ഹവ്വയെയും ധരിപ്പിക്കുന്ന ദൈവം, ഇതാ കുരിശിൽ നഗ്നത മറയ്ക്കാൻ ഒരു തുണ്ട് വസ്ത്രം പോലും ഇല്ലാതെ ദൈവപുത്രൻ.. പരിഹാര ബലി അതിന്റെ പൂർണ്ണതയിൽ നിർവഹിക്കുന്നു. വെളിപാട് പുസ്തകം രേഖപ്പെടുത്തുന്നതു പോലെ നാം ശുഭവസ്ത്രം ധരിക്കാൻ (3:5).

കെദ്രോൻ അരുവിയുടെ അക്കരെ ആണ് ഗത്സമെൻതോട്ടം. 2സാമൂവേൽ 15 അധ്യായത്തിൽ, ഉറ്റ സുഹൃത്തിനാൽ ഒറ്റു കൊടുക്കപ്പെട്ട ദാവീദ് വേദനയാൽ മുഖംപൊത്തി നഗ്നപാദനായി കരഞ്ഞുകൊണ്ട് കെദ്രോൻ അരുവി കടന്ന് ഒലിവ് മല കയറുന്നത് നാം വായിക്കുന്നുണ്ട്. ദാവീദിനെ പുത്രനായ ഈശോ അതിലും രൂക്ഷമായ വേദനയാൽ കെദ്രോൻ അരുവി കടന്ന് ഗത്സമേനിയിൽ എത്തുന്നു. ഇരുളിന്റെ കനത്ത നിശബ്ദതയിൽ പ്രിയശിഷ്യൻ ചുംബനം കൊണ്ട് ഒറ്റിക്കൊടുത്തു ചിരിക്കുന്ന നെറികേടിന്റെ പൂർണ്ണതയാണ് ഗത്സമെനി. അരുമ ശിഷ്യർ സ്വന്തം പ്രാണനേക്കാളും വലുതല്ല തന്റെ ഗുരുവും സുവിശേഷവും എന്ന് പ്രഖ്യാപിച്ചു ഓടി അകലുന്ന ഭൂമിയാണ് ഗത്സമെനി… ഒറ്റലും ഒറ്റപ്പെടുത്തലും ഒന്നുചേരുമ്പോഴാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഗത്സമെനി രൂപംകൊള്ളുന്നത്. പ്രതീക്ഷ അർപ്പിച്ചവരുടെ പിന്മാറ്റവും കരുതൽ ആകുമെന്ന് കരുതിയവരുടെ കാലുവാരലും തീർക്കുന്ന കണ്ണീര് കണ്ണിൽ നിന്നല്ല ഹൃദയത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഗത്സമെനിയിൽ ക്രിസ്തുവിന്റെ ഏകാന്ത ദുഃഖം അവന്റെ ഹൃദയധമനികളിൽ പോലും വിള്ളൽ വീഴ്ത്തുന്നത്തിന്റെ കാരണമിതാണ്.
ഗത്സമെൻ നമുക്ക് നൽകുന്ന പാഠം, ജീവിതത്തിലെ ഒരുപാട് സഹനങ്ങളിൽ നാം ഒറ്റക്ക് നിന്നെ മതിയാവു… ആരെയും പ്രതീക്ഷിക്കാനാവാത്ത ചില ഒറ്റപ്പെടലുകളും, ആരും മനസ്സിലാക്കാത്ത ചില കുറ്റപ്പെടുത്തലുകളും, ആരും അറിയാത്ത ചില തേങ്ങലുകളും, ആരും കാണാത്ത ചില മുറിപ്പാടുകളും, ജീവിതത്തിന്റെ അനിവാര്യതയാണെന്ന് ഗത്സമെൻ നമ്മെ പഠിപ്പിക്കുന്നു..

സമൂഹത്തിലോ കുടുംബത്തിലോ ഒക്കെ നാം ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടെങ്കിൽ, ആരോടും പങ്കുവയ്ക്കാൻ പറ്റാത്ത വേദനകളുണ്ടെങ്കിൽ, ആശ്രയിക്കാൻ ജീവിതത്തിൽ ആരുമില്ല എന്ന തോന്നൽ ഉണ്ടെങ്കിൽ, തിരിച്ചറിയുക ഇത് ഞാൻ നേരിടേണ്ട ഗത്സമെൻ അനുഭവമാണ്. നമ്മുടെ ഗത്സമെൻ അനുഭവങ്ങളിൽ നാം തനിച്ചല്ല, നമുക്ക് മുൻപേ ഇതിലും വേദനാജനകമായ അവസ്ഥയിലൂടെ കടന്നു പോയ ക്രിസ്തുവിന്റെ മനോഭാവം നമുക്കും സ്വന്തമാക്കാം.
പിതാവേ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം നിറവേറട്ടെ.. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതിന്റെയെല്ലാം പിന്നിൽ ദൈവത്തിന്റെ തിരുഹിതം ഉണ്ട് എന്ന് തിരിച്ചറിയുന്ന ഓരോ വ്യക്തിയും തങ്ങളുടെ ഗത്സമെൻ അനുഭവത്തെ വിജയകരമാക്കി മാറ്റുന്നവരാണ്. സഹനത്തെ ദൈവഹിതം ആയി കണ്ട് പറുദീസ സ്വന്തമാക്കിയ വ്യക്തിയെ സുവിശേഷം പരിചയപ്പെടുത്തുന്നുണ്ട്. ആ ദുഃഖവെള്ളിയാഴ്ച ക്രിസ്തുവിന്റെ കൈയെത്തുംദൂരത്ത് കാൽവരിയിൽ അവനുണ്ട്. കൂടുതൽ ഒന്നും അറിഞ്ഞുകൂടാ, പേരോ, അവന്റെ പഴയകാല ജീവിതമോ, കുടുംബപശ്ചാത്തലമോ ഒന്നും വേദഗ്രന്ഥം രേഖപ്പെടുത്തുന്നില്ല. ഏതൊരുവനെയും പോലെ ഇടർച്ചയുടെ ഇരുണ്ട താളുകൾ അവനും ഉണ്ടാവാം. സമർഥൻ അല്ലാത്തതുകൊണ്ട് മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ടവർ, മരണ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കവർച്ചക്കാരൻ, ഒടുവിൽ കുരിശിൽ നഗ്നനായി കിടന്ന് മരണത്തിന്റെ ഇരുൾഇടങ്ങളിലേക്ക് മടങ്ങുംമുൻപ് അവൻ മൊഴിഞ്ഞ വാക്കുകൾ.. അവൻ മരിച്ചിട്ടും ആ വാക്കുകൾക്ക് ഇന്നും ജീവനുണ്ട്. “യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ!” (ലൂക്കാ 23 : 42). ഓർക്കണമേ എന്ന് മാത്രമാണ് അവന്റെ യാചന. ജോസഫിനെ തടവറയിൽ ഓർത്തവനാണ് ദൈവം, ഈജിപ്തിലെ അടിമത്വത്തിൽ ഇസ്രായേലിനെ ഓർത്തവനാണ് ദൈവം, ഒരിക്കൽ കൂടി എന്നെ നീ ഓർക്കണമേ എന്ന സാംസന്റെ നിലവിളി കേട്ടവനാണ് ദൈവം, ദാവീദിനെയും അവൻ സഹിച്ച കഷ്ടപ്പാടുകളെയും ഓർത്തവനാണ് ദൈവം, നല്ല കള്ളനും തന്റെ വേദനയിൽ യാചിക്കുന്നു ക്രിസ്തുവേ എന്നെയും ഓർക്കണമേ.. അവന്റെ യാചനക്കു പ്രതുത്തരമായി നീ ഇന്ന് എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും എന്നാണ് നല്ല കള്ളന് ക്രിസ്തു നൽകുന്ന വാഗ്ദാനം. നല്ല കള്ളന് ഈ പറുദീസ ഭാഗ്യം കിട്ടിയത്, തന്റെ ജീവിതത്തിലെ സഹനങ്ങൾക്ക് ദൈവീകമായ അർത്ഥമുണ്ടെന്ന് ആ മനുഷ്യൻ തിരിച്ചറിയുക മാത്രമല്ല, തന്റെ സഹനത്തിൽ താൻ ഏകനല്ല, തന്നോടൊത്ത് തന്നെ രക്ഷകനും നാഥനുമായ ഈശോയും സഹിക്കുന്നുണ്ട് എന്ന് ബോധ്യം കിട്ടിയപ്പോൾ ആ സഹനം അവന് പറുദീസ സ്വന്തമാക്കുന്ന അനുഭവമായി മാറി.സഹനത്തെ രക്ഷാകരമാക്കുന്നത് എങ്ങനെയാണെന്ന് നല്ല കള്ളൻ നമ്മെ പഠിപ്പിച്ചു തരുന്നുണ്ട്. ഞാൻ സഹിക്കുന്ന വേദനകൾക്കൊപ്പം എന്റെ തമ്പുരാൻ കൂടെയുണ്ട്, എന്റെ കുരിശിൽ ഞാൻ ഏകനല്ല, എന്റെ കുരിശിന്റെ ചാരെ, എന്റെ കൈയ്യെത്തുംദൂരത്ത് എന്റെ രക്ഷകൻ സഹിച്ചു എന്ന അവബോധം ആ നല്ല കള്ളന്റെ സഹനത്തെ സൗഭാഗ്യമാക്കിത്തീർത്തു. അന്ത്യ നിമിഷത്തിലും ദൈവ കാരുണ്യത്തിന് മനുഷ്യനെ എത്തിപ്പിടിക്കാൻ സാധിക്കും എന്ന സത്യത്തിന്റെ ആൾരൂപമാണ് നല്ല കള്ളൻ.ഗതകാല പാപങ്ങളുടെ ഭീകരതയിൽ മനസ്സ് തളർത്തുന്നതിൽ അർത്ഥമില്ല. സകല പാപ ഭീകരതകളും കുരിശിൽ നിർവീര്യമാകുന്നു. കുരിശിൽ നിന്ന് ഒഴുകുന്നത് കരുണ മാത്രമാണ്. അതുകൊണ്ടാണ് ഇന്നും കുരിശിനെ നോക്കുന്നവരൊക്കെ രക്ഷപ്രാപിക്കുന്നത്.
“Don’t panic one the thieves was redeemed. Don’t presume; one of the thieves was condemned” “നിങ്ങൾ ഒരു കാരണവശാലും പേടിക്കരുത്, കള്ളന്മാരിൽ ഒരുവൻ രക്ഷപ്പെട്ടു. എന്ന് കരുതി നിങ്ങൾ പേടിക്കാതെ ഇരിക്കരുത്, കള്ളൻമാരിൽ ഒരാൾ ശിക്ഷിക്കപ്പെട്ടു.” St. Augustine

എല്ലാവരും കള്ളന്മാരാണ് ശിക്ഷിക്കപ്പെടാനും രക്ഷിക്കപ്പെടാനും സാധ്യതയുള്ള കള്ളന്മാർ. എവിടെ കിടക്കുന്നു എന്നതിനാണ് പ്രാധാന്യം. നിങ്ങൾ വലതുവശത്ത് കിടക്കുന്ന കള്ളനോ അതോ ഇടതുവശത്തു കിടക്കുന്ന കള്ളനോ?. ഇടതുവശത്ത് കിടക്കുന്ന കള്ളന്മാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് സഭ ഇന്ന് കടന്നു പോകുന്നത്. പത്ര മാധ്യമങ്ങളിലും, അന്തിചർച്ചകളിലും, സൈബർ ഇടങ്ങളിലെല്ലാം, ക്രിസ്തുവിനെയും സഭയെയും ദുഷിച്ചു പറയുന്നവരുടെ മുൻപിൽ യഥാർത്ഥ ക്രൈസ്തവ ജീവിതത്തിന്റെ മാതൃകയായി നിലകൊള്ളുകയാണ് നല്ല കള്ളൻ. കാൽവരിയിൽ കുരിശു നാട്ടപ്പെട്ട അന്നു മുതൽ ഇങ്ങോട്ട് കുരിശിനെ അനുഗമിക്കുന്നവർ എല്ലാം സഹനങ്ങളെ നേരിട്ടിട്ടുണ്ട്. റോമാ സാമ്രാജ്യത്തിലെ നീറോയുടെയും, ഡോമീഷ്യന്റെയും ക്രൂരമായ മത പീഡനവും, അതിജീവിച്ച് രക്തസാക്ഷികളുടെ ചുടുനിണത്താൽ വളർന്ന സഭ ഇന്ന് ലോകം മുഴുവൻ ക്രിസ്തുവിന്റെ കുരിശിലെ സ്നേഹം പ്രഘോഷിക്കുമ്പോൾ ക്രിസ്തു കടന്നുപോയ അതെ സഹനങ്ങളുടെ നിമിഷങ്ങളിലൂടെ അവനെ അനുഗമിക്കുന്നവരും കടന്നുപോകുന്നുണ്ട്. ഭാരതത്തിലെ സഭയും ഇതേ സഹനത്തിലൂടെ കടന്നുപോയിട്ടുണ്ട്.

മതേതര ഭാരതത്തിന്റെ ആത്മാവിന് ഏറ്റ വലിയ മുറിവ് ഒറീസയിലെ കാണ്ടമാനിൽ നടന്ന നിരപരാധികളും നിസ്സഹായമായ ക്രൈസ്തവരുടെ പീഡന ചരിത്രമാണ്. ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ വേട്ടയാണ്. 2007 December ൽ ഒറീസയിലെ ഒരു ക്രൈസ്തവ ഗ്രാമത്തിൽ രാത്രി അതിക്രമിച്ച് എത്തിയ വർഗീയവാദികൾ, അവർക്ക് കയ്യിൽ കിട്ടിയത് ആ ഗ്രാമത്തിലെ ദേവാലയത്തിലെ ശുശ്രൂഷിയെയാണ്. അയാളുടെ ഏക മകനെ മണ്ണെണ്ണയൊഴിച്ച് നടുമുറ്റത്തിട്ട് ആ അപ്പനോട് ഈ വർഗ്ഗീയവാദികൾ പറയുകയാണ് നീ ആരാധിക്കുന്ന യേശുവിനെ തള്ളി പറയുകയാണെങ്കിൽ, നിന്റെ വീടിന്റെ പ്രധാനവാതിലിൽ സ്ഥാപിച്ചിരിക്കുന്ന തിരുഹൃദയ രൂപത്തിൽ കാർക്കിച്ചു തുപ്പുകയാണെങ്കിൽ മകനെ ഞങ്ങൾ കൊല്ലാതെ വിടാം. ആ മനുഷ്യൻ ഈ അക്രമകാരികളോട്, സ്വന്തം മകനെ പച്ചക്ക് കത്തിക്കുവാൻ കാത്തിരിക്കുന്നവരോട് പറയുകയാണ്, നിങ്ങൾ എന്റെ മകനെ കത്തിച്ചാൽ ഞാൻ വിശ്വസിക്കുന്ന യേശുവിന് അവനെ ഉയർപ്പിക്കുവാൻ കഴിയും. അവന്റെ ജീവനുവേണ്ടി, ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശുവിനെ തള്ളി പറയുവാൻ ഞാൻ ഒരുക്കമല്ല. അപ്പന്റെ കൺമുൻപിൽ ഇട്ടാണ് ആ മകനെ അവർ പച്ചയ്ക്ക് കത്തിക്കുന്നത്. ആ മനുഷ്യൻ ഇന്നും ജീവിക്കുന്ന വിശ്വാസ സാക്ഷ്യം ആണ്. ഈശോ എന്റെ ദൈവമാണെന്നോ, ഞാനൊരു ക്രിസ്ത്യാനി ആണെന്നോ പറയുവാൻ മടി കാണിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്ന ഈ കാലത്തെ ക്രൈസ്തവരുടെ മുൻപിൽ ഇങ്ങനെയും ചില വിശ്വാസ സാക്ഷ്യങ്ങൾ ഉണ്ടെന്നും, ദൈവ വിശ്വാസം കാലഹരണപ്പെട്ടിട്ടില്ലെന്നും ഈ സംഭവം നമ്മെ ഓർമിപ്പിക്കുന്നു.

ആത്മത്യാഗത്തിന്റെ കാൽവരിയേക്കാൾ ലളിതമായ ഒരു മാർഗം തിരഞ്ഞെടുക്കാമായിരുന്നില്ലെ അവന്, ബെത്‌ലഹേമിലെ കലിത്തൊഴുത്തിൽ പിറക്കാതെ, ഗത്സ്തമേനിയിൽ രക്തം വിയർക്കാതെ, യൂദാസിന്റെ ചുംബന ക്ഷതമേൽക്കാതെ, പത്രോസിന്റെ തള്ളിപറയലിന്റെ പ്രഹരമേൽക്കാതെ, കുരിശിന്റെ ജെറുസലേം വഴികളിലൂടെയുള്ള യാത്രകൾ ഇല്ലാതെ, ഒടുവിലത്തെ സഹന ബലി ഇല്ലാതെതന്നെ വേണമെങ്കിൽ അവന് ലോകത്തെ മറ്റൊരു പ്രളയമഴ കൊണ്ട് ശുദ്ധീകരിക്കാമായിരുന്നു. നമ്മുടേത് പോലെയുള്ള ലാഭത്തിന്റെ കണക്ക് പുസ്തകങ്ങൾ അവന് ഇല്ലാത്തതുകൊണ്ട് അവസാനതുള്ളി ഹൃദയരക്തം കൂടി ഒഴുക്കിക്കളഞ്ഞു കൊണ്ടാണ് അവൻ ലോകത്തെ വിമലീകരിച്ചത്. ഒന്നും ബാക്കിവയ്ക്കാതെ പൂർണമായി എല്ലാം കൊടുത്തുകൊണ്ടാണ് “എല്ലാം പൂർത്തിയായി” എന്ന അന്ത്യ വചനം ഉരുവിട്ടത്.
അതെ, ഈശോ എന്ന 33കാരൻ തന്നിൽ മിശിഹാ എന്ന ചിത്രം വരയ്ക്കുന്നത് കുരിശിന്റെ നിഴൽ കൊണ്ടാണ്.

പ്രിയമുള്ള സഹോദരങ്ങളെ,
നമ്മുടെ ഏവരുടെയും ജീവിതത്തിൽ നാം കടന്നു പോകുന്ന ഗത്സമൻ അനുഭവങ്ങളെ ദൈവഹിതത്തോട് ചേർത്തു വയ്ക്കുവാനും, നല്ല കള്ളൻന്റെ മനോഭാവത്തോടെ വൈകിയ വേളയിലും പറുദീസ സ്വന്തമാക്കുവാൻ നമുക്ക് ദൈവകരുണയാൽ സാധിക്കുമെന്നും, സഹനങ്ങളെ ഈശോയോട് ചേർന്നുനിന്നുകൊണ്ട് സ്വീകരിക്കുവാനും, വിശുദ്ധ കുരിശിന് അവസാനശ്വാസംവരെ സാക്ഷ്യം നൽകുവാനുള്ള കൃപ ഈ ദുഃഖവെള്ളി നമുക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കാം….

– Rijomon Cherupuzhpam MCBS

Advertisements

One thought on “Good Friday Homily / Sermon / Message | ദുഃഖവെള്ളി പ്രസംഗം

Leave a reply to Nelson Cancel reply