നോമ്പുകാല വചനതീർത്ഥാടനം 42

നോമ്പുകാല
വചനതീർത്ഥാടനം – 42

1 യോഹന്നാൻ 2 : 2
” അവൻ നമ്മുടെ പാപങ്ങൾക്ക് പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങൾക്ക് .”

പുതിയനിയമത്തിലെ ഏഴ് കാതോലികലേഖനങ്ങളിൽ( സഭയയ്ക്ക് മുഴുവനുംവേണ്ടി എഴുതപ്പെട്ടത്) ഒന്നാണ് വി.യോഹന്നാന്റെ പേരിൽ അറിയപ്പെടുന്ന ഒന്നാം ലേഖനം. ദൈവവും മനുഷ്യനുമായ ചരിത്രത്തിലെ യേശുവിനെ അറിഞ്ഞും അനുഭവിച്ചും ജീവിക്കുക എന്നത് ഏതൊരു ക്രൈസ്തവന്റെയും ധർമ്മമാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു. മൂന്നു വ്യത്യസ്ത വിശേഷണങ്ങളിലൂടെയാണ് വി.യോഹന്നാൻ ദൈവത്തെ അവതരിപ്പിക്കുന്നത്. ഒന്ന്, ദൈവം പ്രകാശമാണ്.(1:5). രണ്ട്, ദൈവം സ്നേഹമാണ്.(4:8). മൂന്ന്, ദൈവം അരൂപിയാണ്.(Jn.4:24). ദൈവത്തെ പ്രകാശമായി അവതരിപ്പിക്കുമ്പോൾ അവിടുത്തെ പരിശുദ്ധിയുടെ സ്വയം വെളിപ്പെടുത്തലായാണ് നമ്മൾ മനസ്സിലാക്കേണ്ടതു്. ആ പരിശുദ്ധിയുടെ മുമ്പിൽ മനുഷ്യൻ തന്റെ അശുദ്ധിയെക്കുറിച്ച് ബോധവാനാകുക സ്വാഭാവികമാണ്. അതുകൊണ്ടാണ് ഒരു മനുഷ്യനും തന്നിൽ പാപമില്ലെന്നും, താൻ പാപം ചെയ്തിട്ടില്ലെന്നും പറയാൻ സാധിക്കാത്തത് . അഥവാ അപ്രകാരം പറഞ്ഞാൽ അത് ആത്മവഞ്ചനയും വ്യാജവുമാകും. മാത്രമല്ല, നമ്മൾ ഒരിക്കലും പാപം ചെയ്തിട്ടില്ല എന്നു പറയുന്നതുതന്നെ ദൈവത്തിന്റെ രക്ഷാകര പദ്ധതിയെ നിഷേധിക്കുന്നതിനു തുല്യമാണ്. ദൈവപുത്രനായ ഈശോയുടെ തിരുരക്തമാണ് എല്ലാ പാപങ്ങളിൽനിന്ന് നമ്മെ ശുദ്ധീകരിക്കുന്നത്.(1:7) പാപപരിഹാരത്തിനു വേണ്ടിയുള്ള ഈശോയുടെ കുരിശിലെ ബലിയർപ്പണത്തെയാണ് രക്തത്താൽ വിശുദ്ധീകരിക്കപ്പെടുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആരെങ്കിലും പാപം ചെയ്യാനിടയായാൽത്തന്നെ ദൈവപിതാവിന്റെ സന്നിധിയിൽ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നത് ഈശോ യാണ്. കാരണം,” അവൻ നമ്മുടെ പാപങ്ങൾക്ക് പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല, ലോകം മുഴുവന്റെയും പാപങ്ങൾക്ക്”(1യോഹ.2:2). ഈശോയുടെ തിരുരക്തം ആരെയും യാന്ത്രികമായി വിശുദ്ധീകരിക്കുകയില്ല. പ്രകാശമായ മിശിഹായുടെ വചനം സ്വീകരിച്ചുകൊണ്ട് വിശ്വാസത്തിന്റെ വെളിച്ചത്തിൽ ഒരുവൻ ജീവിക്കുമ്പോഴാണ് മിശിഹായുടെ പാപപരിഹാരബലിയർപ്പണം അവനിൽ ഫലമുളവാക്കുന്നത്. ഈശോയുടെ കുരിശിലെ ബലിയർപ്പണം അവിടുത്തെ സ്നേഹത്തിന്റെ വെളിപ്പെടുത്തലായിരുന്നു. അതിനാൽ ഈശോയുടെ ബലിയർപ്പണത്തിന് വിശ്വാസംവഴി മനുഷ്യൻ നൽകുന്ന പ്രത്യുത്തരമാണ് രക്ഷയും വിശുദ്ധീകരണവും കൈവരുത്തുന്നത്. ഈശോയുടെ പീഢാസഹനങ്ങളോട് വിശ്വാസപൂർവ്വം പ്രതികരിച്ചുകൊണ്ട് ഈ നോമ്പാചരണം നമുക്ക് രക്ഷാകരമായ ഒരനുഭവമാക്കിത്തീർക്കാം.

ഫാ.  ആന്റണി പൂതവേലിൽ 14.04.2022

Advertisements

Leave a comment