Good Friday Readings

🔥 🔥 🔥 🔥 🔥 🔥 🔥

15 Apr 2022

Good Friday 

Liturgical Colour: Red.

There is no Mass today. The readings given here are used in the afternoon celebration of the Lord’s Passion.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കാരുണ്യം സ്മരിക്കുകയും
നിത്യമായ സംരക്ഷണത്താല്‍
അങ്ങേ ദാസരെ വിശുദ്ധീകരിക്കുകയും ചെയ്യണമേ.
ഇവര്‍ക്കു വേണ്ടിയാണല്ലോ അങ്ങേ പുത്രനായ ക്രിസ്തു
രക്തംചിന്തി പെസഹാരഹസ്യം സ്ഥാപിച്ചത്.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
അഥവാ:
ദൈവമേ, എല്ലാ തലമുറകള്‍ക്കും ഓഹരിയായിക്കിട്ടിയ
ആദിപാപത്തിന്റെ പിന്തുടര്‍ച്ചയായ മരണത്തെ,
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ
ക്രിസ്തുവിന്റെ പീഡാസഹനത്താല്‍ അങ്ങു സംഹരിച്ചുവല്ലോ.
അങ്ങനെ, അവിടത്തോട് അനുരൂപരായി തീര്‍ന്നുകൊണ്ട്,
ഭൗതികമനുഷ്യന്റെ പ്രതിരൂപം പ്രകൃതിനിയമത്താല്‍
ഞങ്ങള്‍ സംവഹിക്കുന്നപോലെ,
കൃപയുടെ വിശുദ്ധീകരണത്താല്‍
സ്വര്‍ഗീയപ്രതിരൂപം ഞങ്ങള്‍ കൈവരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 52:13-53:12
അവന്‍ നമ്മുടെ അകൃത്യങ്ങള്‍ക്കു വേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു.

എന്റെ ദാസനു ശ്രേയസ്സുണ്ടാവും. അവന്‍ അത്യുന്നതങ്ങളിലേക്ക് ഉയര്‍ത്തപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യും. അവനെ കണ്ടവര്‍ അമ്പരന്നുപോയി; മനുഷ്യനെന്നു തോന്നാത്തവിധം അവന്‍ വിരൂപനായിരിക്കുന്നു. അവന്റെ രൂപം മനുഷ്യന്റെതല്ല. അവന്‍ അനേക ജനതകളെ പരിഭ്രാന്തരാക്കും. രാജാക്കന്മാര്‍ അവന്‍ മൂലം നിശ്ശബ്ദരാകും. അവരോടു പറഞ്ഞിട്ടില്ലാത്തവ അവര്‍ കാണും; കേട്ടിട്ടില്ലാത്തവ മനസ്സിലാക്കുകയും ചെയ്യും.
നമ്മള്‍ കേട്ടത് ആരു വിശ്വസിച്ചു? കര്‍ത്താവിന്റെ കരം ആര്‍ക്കു വെളിപ്പെട്ടിട്ടുണ്ട്? തൈച്ചെടിപോലെ, വരണ്ട ഭൂമിയില്‍ നില്‍ക്കുന്ന മുളപോലെ, അവന്‍ അവിടുത്തെ മുന്‍പില്‍ വളര്‍ന്നു. ശ്രദ്ധാര്‍ഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല. അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു.
അവന്‍ നിന്ദിക്കപ്പെട്ടു; നാം അവനെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ്‌ യഥാര്‍ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയും ചെയ്‌തെന്നു നാം കരുതി. നമ്മുടെ അതിക്രമങ്ങള്‍ക്കു വേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കു വേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു. ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്റെ മേല്‍ ചുമത്തി. അവന്‍ മര്‍ദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെ പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെ പോലെയും അവന്‍ മൗനം പാലിച്ചു. മര്‍ദ്ദനത്തിനും ശിക്ഷാവിധിക്കും അധീനനായി അവന്‍ എടുക്കപ്പെട്ടു. എന്റെ ജനത്തിന്റെ പാപം നിമിത്തമാണ് അവന്‍ പീഡനമേറ്റ് ജീവിക്കുന്നവരുടെ ഇടയില്‍ നിന്നു വിച്‌ഛേദിക്കപ്പെട്ടതെന്ന് അവന്റെ തലമുറയില്‍ ആരു കരുതി? അവന്‍ ഒരു അതിക്രമവും ചെയ്തില്ല; അവന്റെ വായില്‍ നിന്നു വഞ്ചന പുറപ്പെട്ടുമില്ല. എന്നിട്ടും, ദുഷ്ടരുടെയും ധനികരുടെയും ഇടയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു. അവനു ക്ഷതമേല്‍ക്കണമെന്നത് കര്‍ത്താവിന്റെ ഹിതമായിരുന്നു. അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്. പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്സു പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. തന്റെ കഠിനവേദനയുടെ ഫലം കണ്ട് അവര്‍ സംതൃപ്തനാകും. നീതിമാനായ എന്റെ ദാസന്‍ തന്റെ ജ്ഞാനത്താല്‍ അനേകരെ നീതിമാന്മാരാക്കും; അവന്‍ അവരുടെ തിന്മകളെ വഹിക്കുകയും ചെയ്യും. മഹാന്മാരോടൊപ്പം ഞാന്‍ അവന് അവകാശം കൊടുക്കും. ശക്തരോടുകൂടെ അവന്‍ കൊള്ളമുതല്‍ പങ്കിടും. എന്തെന്നാല്‍, അവന്‍ തന്റെ ജീവനെ മരണത്തിന് ഏല്‍പ്പിച്ചുകൊടുക്കുകയും പാപികളോടുകൂടെ എണ്ണപ്പെടുകയും ചെയ്തു. എന്നിട്ടും അനേകരുടെ പാപഭാരം അവന്‍ പേറി; അതിക്രമങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 31:1,5,11-12,14-15,16,24

പിതാവേ, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.

കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ അഭയം തേടുന്നു,
ലജ്ജിക്കാന്‍ എനിക്കിടവരുത്തരുതേ!
നീതിമാനായ അങ്ങ് എന്നെ രക്ഷിക്കണമേ!
അങ്ങേ കരങ്ങളില്‍
എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു;
കര്‍ത്താവേ, വിശ്വസ്തനായ ദൈവമേ,
അവിടുന്ന് എന്നെ രക്ഷിച്ചു.

പിതാവേ, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.

ശത്രുക്കള്‍ക്കു ഞാന്‍ പരിഹാസപാത്രമായി,
അയല്‍ക്കാര്‍ക്കു ഞാന്‍ ഭീകരസത്വമാണ്;
പരിചയക്കാര്‍ എന്നെ കണ്ടു നടുങ്ങുന്നു,
തെരുവില്‍ എന്നെ കാണുന്നവര്‍ ഓടിയകലുന്നു.
മൃതനെപ്പോലെ ഞാന്‍ വിസ്മൃതനായിരിക്കുന്നു;
ഞാന്‍ ഉടഞ്ഞു ചിതറിയ പാത്രം പോലെയായിത്തീര്‍ന്നു.

പിതാവേ, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.

കര്‍ത്താവേ, ഞാനങ്ങയില്‍ ആശ്രയിക്കുന്നു;
അങ്ങാണ് എന്റെ ദൈവമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.
എന്റെ ഭാഗധേയം അങ്ങേ കൈകളിലാണ്;
ശത്രുക്കളുടെയും പീഡകരുടെയും കൈകളില്‍ നിന്ന്
എന്നെ മോചിപ്പിക്കണമേ!

പിതാവേ, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.

അങ്ങേ ദൃഷ്ടി ഈ ദാസന്റെ മേല്‍ പതിക്കണമേ!
അങ്ങേ കാരുണ്യത്താല്‍ എന്നെ രക്ഷിക്കണമേ!
കര്‍ത്താവിനെ കാത്തിരിക്കുന്നവരേ,
ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍.

പിതാവേ, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.

രണ്ടാം വായന

ഹെബ്രാ 4:14-16,5:7-9
ക്രിസ്തു സഹനത്തിലൂടെ അനുസരണം അഭ്യസിച്ചു തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി.

പ്രിയ സഹോദരരേ, സ്വര്‍ഗത്തിലേക്കു കടന്നുപോയ ശ്രേഷ്ഠനായ ഒരു പ്രധാന പുരോഹിതന്‍, ദൈവപുത്രനായ യേശു, നമുക്കുള്ളതുകൊണ്ടു നമ്മുടെ വിശ്വാസത്തെ നമുക്കു മുറുകെപ്പിടിക്കാം. നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍ . അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.
തന്റെ ഐഹികജീവിതകാലത്ത് ക്രിസ്തു, മരണത്തില്‍ നിന്നു തന്നെ രക്ഷിക്കാന്‍ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടും കൂടെ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്റെ ദൈവഭയം മൂലം അവന്റെ പ്രാര്‍ഥന കേട്ടു. പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു. പരിപൂര്‍ണനാക്കപ്പെട്ടതു വഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.

കർത്താവ് തന്നെത്തന്നെ താഴ്ത്തി മരണത്തോളം, അതെ കുരിശുമരണത്തോളം അനുസരണയുള്ളവനായിത്തീർന്നു. ആകയാൽ ദൈവം അവിടുത്തെ ഉയർത്തി; സകല നാമങ്ങളേക്കാളും ശ്രേഷ്ടമായ നാമം അവിടുത്തേയ്ക്കു നൽകി.
കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.


സുവിശേഷം

യോഹ 18:1-19:42
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പീഡാനുഭവചരിത്രം.

( ✠ യേശു, C വ്യാഖ്യാതാവ്, S ഒരു വ്യക്തി, G ഒന്നിലധികം പേര്‍ )

C യേശു ശിഷ്യന്മാരോടുകൂടെ കെദ്രോണ്‍ അരുവിയുടെ അക്കരെയെത്തി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു. അവനും ശിഷ്യന്മാരും അതില്‍ പ്രവേശിച്ചു. അവനെ ഒറ്റിക്കൊടുത്ത യൂദാസിനും ആ സ്ഥലം അറിയാമായിരുന്നു. കാരണം, യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ അവിടെ സമ്മേളിക്കാറുണ്ടായിരുന്നു. യൂദാസ് ഒരുഗണം പടയാളികളെയും പുരോഹിത പ്രമുഖന്മാരുടെയും ഫരിസേയരുടെയും അടുക്കല്‍ നിന്നു സേവകരെയും കൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമായി അവിടെയെത്തി. തനിക്കു സംഭവിക്കാനിരിക്കുന്നതെല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു വന്ന് അവരോടു ചോദിച്ചു:
✠ നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്?
C അവര്‍ പറഞ്ഞു:
G നസറായനായ യേശുവിനെ.
C യേശു പറഞ്ഞു:
✠ അതു ഞാനാണ്.
C അവനെ ഒറ്റിക്കൊടുത്ത യൂദാസും അവരോടുകൂടെ ഉണ്ടായിരുന്നു. ഞാനാണ് എന്ന് അവന്‍ പറഞ്ഞപ്പോള്‍ അവര്‍ പിന്‍വലിയുകയും നിലംപതിക്കുകയും ചെയ്തു. അവന്‍ വീണ്ടും ചോദിച്ചു:
✠ നിങ്ങള്‍ ആരെ അന്വേഷിക്കുന്നു?
C അവര്‍ പറഞ്ഞു:
G നസറായനായ യേശുവിനെ.
C യേശു പ്രതിവചിച്ചു:
✠ ഞാനാണ് എന്നു നിങ്ങളോടു പറഞ്ഞുവല്ലോ. നിങ്ങള്‍ എന്നെയാണ് അന്വേഷിക്കുന്നതെങ്കില്‍ ഇവര്‍ പൊയ്‌ക്കൊള്ളട്ടെ.
C നീ എനിക്കു തന്നവരില്‍ ആരെയും ഞാന്‍ നഷ്ടപ്പെടുത്തിയില്ല എന്ന് അവന്‍ പറഞ്ഞവചനം പൂര്‍ത്തിയാകാന്‍ വേണ്ടിയായിരുന്നു ഇത്. ശിമയോന്‍ പത്രോസ് വാള്‍ ഊരി പ്രധാന പുരോഹിതന്റെ ഭൃത്യനെ വെട്ടി അവന്റെ വലത്തുചെവി ഛേദിച്ചുകളഞ്ഞു. ആ ഭൃത്യന്റെ പേര് മല്‍ക്കോസ് എന്നായിരുന്നു. യേശു പത്രോസിനോടു പറഞ്ഞു:
✠ വാള്‍ ഉറയിലിടുക. പിതാവ് എനിക്കു നല്‍കിയ പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ?
C അപ്പോള്‍ പടയാളികളും അവരുടെ അധിപനും യഹൂദരുടെ സേവകരും കൂടി യേശുവിനെ പിടിച്ചു ബന്ധിച്ചു. അവര്‍ അവനെ ആദ്യം അന്നാസിന്റെ അടുക്കലേക്കു കൊണ്ടുപോയി. കാരണം, അവന്‍ ആ വര്‍ഷത്തെ പ്രധാനപുരോഹിതനായ കയ്യാഫാസിന്റെ അമ്മായിയപ്പനായിരുന്നു. ജനങ്ങള്‍ക്കുവേണ്ടി ഒരാള്‍ മരിക്കുന്നതു യുക്തമാണെന്നു യഹൂദരെ ഉപദേശിച്ചതു കയ്യാഫാസാണ്.
ശിമയോന്‍ പത്രോസും മറ്റൊരു ശിഷ്യനും യേശുവിനെ അനുഗമിച്ചിരുന്നു. ആ ശിഷ്യനെ പ്രധാനാചാര്യനു പരിചയമുണ്ടായിരുന്നതിനാല്‍ അവന്‍ യേശുവിനോടുകൂടെ പ്രധാന പുരോഹിതന്റെ കൊട്ടാരമുറ്റത്തു പ്രവേശിച്ചു. പത്രോസാകട്ടെ പുറത്തു വാതില്‍ക്കല്‍ നിന്നു. അതിനാല്‍ പ്രധാന പുരോഹിതന്റെ പരിചയക്കാരനായ മറ്റേ ശിഷ്യന്‍ പുറത്തുചെന്നു വാതില്‍ക്കാവല്‍ക്കാരിയോടു സംസാരിച്ച് പത്രോസിനെയും അകത്തു പ്രവേശിപ്പിച്ചു. അപ്പോള്‍ ആ പരിചാരിക പത്രോസിനോടു ചോദിച്ചു:
S നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിലൊരുവനല്ലേ?
C അവന്‍ പറഞ്ഞു:
S അല്ല.
C തണുപ്പായിരുന്നതിനാല്‍ ഭൃത്യരും സേവകരും തീ കായുകയായിരുന്നു. പത്രോസും അവരോടൊപ്പം തീ കാഞ്ഞുകൊണ്ടിരുന്നു.
പ്രധാനപുരോഹിതന്‍ യേശുവിനെ അവന്റെ ശിഷ്യരെയും പ്രബോധനത്തെയും കുറിച്ചു ചോദ്യംചെയ്തു. യേശു മറുപടി പറഞ്ഞു:
✠ ഞാന്‍ പരസ്യമായിട്ടാണു ലോകത്തോടു സംസാരിച്ചത്. എല്ലാ യഹൂദരും ഒരുമിച്ചുകൂടുന്ന സിനഗോഗിലും ദേവാലയത്തിലുമാണ് എപ്പോഴും ഞാന്‍ പഠിപ്പിച്ചിട്ടുള്ളത്. രഹസ്യമായി ഞാന്‍ ഒന്നും സംസാരിച്ചിട്ടില്ല. എന്നോടു ചോദിക്കുന്നതെന്തിന്? ഞാന്‍ പറഞ്ഞതെന്താണെന്ന് അതു കേട്ടവരോടു ചോദിക്കുക. ഞാന്‍ എന്താണു പറഞ്ഞതെന്ന് അവര്‍ക്കറിയാം.
C അവന്‍ ഇതു പറഞ്ഞപ്പോള്‍ അടുത്തു നിന്നിരുന്ന സേവകന്മാരിലൊരുവന്‍ യേശുവിന്റെ കരണത്തടിച്ചുകൊണ്ടു ചോദിച്ചു:
S ഇങ്ങനെയാണോ പ്രധാനപുരോഹിതനോടു മറുപടി പറയുന്നത്.
C യേശു അവനോടു പറഞ്ഞു:
✠ ഞാന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കില്‍ എന്തിനു നീ എന്നെ അടിക്കുന്നു?
C അപ്പോള്‍ അന്നാസ് യേശുവിനെ ബന്ധിച്ചു കയ്യാഫാസിന്റെ അടുക്കലേക്കയച്ചു.
ശിമയോന്‍ പത്രോസ് തീ കാഞ്ഞുകൊണ്ടു നില്‍ക്കുകയായിരുന്നു. അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു:
S നീയും അവന്റെ ശിഷ്യന്മാരില്‍ ഒരുവനല്ലേ?
C അവന്‍ നിഷേധിച്ചുകൊണ്ട് പറഞ്ഞു:
S അല്ല.
C പ്രധാനപുരോഹിതന്റെ ഭൃത്യരിലൊരുവനും പത്രോസ് ചെവി ഛേദിച്ചവന്റെ ചാര്‍ച്ചക്കാരനുമായ ഒരുവന്‍ അവനോടു ചോദിച്ചു:
S ഞാന്‍ നിന്നെ അവനോടുകൂടെ തോട്ടത്തില്‍ കണ്ടതല്ലേ?
C പത്രോസ് വീണ്ടും തള്ളിപ്പറഞ്ഞു. ഉടനെ കോഴി കൂവി.
യേശുവിനെ അവര്‍ കയ്യാഫാസിന്റെ അടുത്തുനിന്നു പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോള്‍ പുലര്‍ച്ചയായിരുന്നു. അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാല്‍ അവര്‍ പ്രത്തോറിയത്തില്‍ പ്രവേശിച്ചില്ല. അതിനാല്‍ പീലാത്തോസ് പുറത്ത് അവരുടെ അടുക്കല്‍ വന്നു ചോദിച്ചു:
S ഈ മനുഷ്യനെതിരേ എന്താരോപണമാണു നിങ്ങള്‍ കൊണ്ടുവരുന്നത്?
C അവര്‍ പറഞ്ഞു:
G ഇവന്‍ തിന്മ പ്രവര്‍ത്തിക്കുന്നവനല്ലെങ്കില്‍ ഞങ്ങള്‍ ഇവനെ നിനക്ക് ഏല്‍പിച്ചു തരുകയില്ലായിരുന്നു.
C പീലാത്തോസ് പറഞ്ഞു:
S നിങ്ങള്‍തന്നെ അവനെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചുകൊള്ളുവിന്‍.
C അപ്പോള്‍ യഹൂദര്‍ പറഞ്ഞു:
G ആരെയും വധിക്കുന്നതിന് നിയമം ഞങ്ങളെ അനുവദിക്കുന്നില്ല.
C ഏതു വിധത്തിലുള്ള മരണമാണു തനിക്കു വരാനിരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ടു യേശു പറഞ്ഞ വചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്. പീലാത്തോസ് വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച് യേശുവിനെ വിളിച്ച് അവനോടു ചോദിച്ചു:
S നീ യഹൂദരുടെ രാജാവാണോ?
C യേശു പ്രതിവചിച്ചു:
✠ നീ ഇതു സ്വയമേവ പറയുന്നതോ, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ?
C പീലാത്തോസ് പറഞ്ഞു:
S ഞാന്‍ യഹൂദനല്ലല്ലോ; നിന്റെ ജനങ്ങളും പുരോഹിത പ്രമുഖന്മാരുമാണ് നിന്നെ എനിക്കേല്‍പിച്ചു തന്നത്. നീ എന്താണു ചെയ്തത്?
C യേശു പറഞ്ഞു:
✠ എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല.
C പീലാത്തോസ് ചോദിച്ചു:
S അപ്പോള്‍ നീ രാജാവാണ് അല്ലേ?
C യേശു പ്രതിവചിച്ചു:
✠ നീ തന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും – സത്യത്തിനു സാക്ഷ്യം നല്‍കാന്‍. സത്യത്തില്‍ നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു.
C പീലാത്തോസ് അവനോടു ചോദിച്ചു:
S എന്താണു സത്യം?
C ഇതു ചോദിച്ചിട്ട് അവന്‍ വീണ്ടും യഹൂദരുടെ അടുത്തേക്കു ചെന്ന് അവരോടു പറഞ്ഞു:
S അവനില്‍ ഒരു കുറ്റവും ഞാന്‍ കാണുന്നില്ല. എന്നാല്‍ പെസഹാദിവസം ഞാന്‍ നിങ്ങള്‍ക്കൊരുവനെ സ്വതന്ത്രനായി വിട്ടുതരുന്ന പതിവുണ്ടല്ലോ; അതിനാല്‍ യഹൂദരുടെ രാജാവിനെ ഞാന്‍ നിങ്ങള്‍ക്കു വിട്ടുതരട്ടെയോ?
C അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:
G ഈ മനുഷ്യനെ അല്ല, ബറാബ്ബാസിനെ മതി.
C ബറാബ്ബാസ് കൊള്ളക്കാരനായിരുന്നു.
പീലാത്തോസ് യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു. പടയാളികള്‍ ഒരു മുള്‍ക്കിരീടമുണ്ടാക്കി അവന്റെ തലയില്‍ വച്ചു; ഒരു ചെമന്ന മേലങ്കി അവനെ അണിയിച്ചു. അവര്‍ അവന്റെ അടുക്കല്‍ വന്ന് പറഞ്ഞു:
G യഹൂദരുടെ രാജാവേ, സ്വസ്തി!
C ഇങ്ങനെ പറഞ്ഞു കൈകൊണ്ട് അവനെ പ്രഹരിച്ചു. പീലാത്തോസ് വീണ്ടും പുറത്തു വന്ന് അവരോടു പറഞ്ഞു:
S ഒരു കുറ്റവും ഞാന്‍ അവനില്‍ കാണുന്നില്ല എന്നു നിങ്ങള്‍ അറിയാന്‍ ഇതാ, അവനെ നിങ്ങളുടെ അടുത്തേക്കു കൊണ്ടുവരുന്നു.
C മുള്‍ക്കിരീടവും ചെമന്ന മേലങ്കിയും ധരിച്ച് യേശു പുറത്തേക്കു വന്നു. അപ്പോള്‍ പീലാത്തോസ് അവരോടു പറഞ്ഞു:
S ഇതാ, മനുഷ്യന്‍!
C അവനെക്കണ്ടപ്പോള്‍ പുരോഹിതപ്രമുഖന്മാരും സേവകരും വിളിച്ചുപറഞ്ഞു:
G അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക!
C പീലാത്തോസ് പറഞ്ഞു:
S നിങ്ങള്‍തന്നെ അവനെ കൊണ്ടുപോയി ക്രൂശിച്ചുകൊള്ളുവിന്‍; എന്തെന്നാല്‍, ഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല.
C യഹൂദര്‍ പറഞ്ഞു:
G ഞങ്ങള്‍ക്കൊരു നിയമമുണ്ട്. ആ നിയമമനുസരിച്ച് ഇവന്‍ മരിക്കണം. കാരണം, ഇവന്‍ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു.
C ഇതു കേട്ടപ്പോള്‍ പീലാത്തോസ് കൂടുതല്‍ ഭയപ്പെട്ടു. അവന്‍ വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച് യേശുവിനോടു ചോദിച്ചു:
S നീ എവിടെനിന്നാണ്?
C യേശു മറുപടിയൊന്നും പറഞ്ഞില്ല. പീലാത്തോസ് ചോദിച്ചു:
S നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക് അധികാരമുണ്ടെന്ന് അറിഞ്ഞുകൂടെ?
C യേശു പ്രതിവചിച്ചു:
✠ ഉന്നതത്തില്‍ നിന്നു നല്‍കപ്പെട്ടില്ലായിരുന്നുവെങ്കില്‍ എന്റെ മേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാല്‍, എന്നെ നിനക്കേല്‍പിച്ചു തന്നവന്റെ പാപം കൂടുതല്‍ ഗൗരവമുള്ളതാണ്.
C അപ്പോള്‍ മുതല്‍ പീലാത്തോസ് അവനെ വിട്ടയ്ക്കാന്‍ ശ്രമമായി. എന്നാല്‍, യഹൂദര്‍ വിളിച്ചുപറഞ്ഞു:
G ഇവനെ മോചിപ്പിക്കുന്നപക്ഷം നീ സീസറിന്റെ സ്‌നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്ന ഏവനും സീസറിന്റെ വിരോധിയാണ്.
C ഈ വാക്കുകള്‍ കേട്ടപ്പോള്‍ പീലാത്തോസ് യേശുവിനെ പുറത്തേക്കു കൊണ്ടുവന്ന്, കല്‍ത്തളം – ഹെബ്രായ ഭാഷയില്‍ ഗബ്ബാത്ത – എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത്‌ ന്യായാസനത്തില്‍ ഇരുന്നു. അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവന്‍ യഹൂദരോടു പറഞ്ഞു:
S ഇതാ, നിങ്ങളുടെ രാജാവ്!
C അവര്‍ വിളിച്ചുപറഞ്ഞു:
G കൊണ്ടുപോകൂ, അവനെ കൊണ്ടുപോയി കുരിശില്‍ തറയ്ക്കൂ.
C പീലാത്തോസ് അവരോടു ചോദിച്ചു:
S നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമെന്നോ?
C പുരോഹിത പ്രമുഖന്മാര്‍ പറഞ്ഞു:
G സീസറല്ലാതെ ഞങ്ങള്‍ക്കു വേറെ രാജാവില്ല.
C അപ്പോള്‍ അവന്‍ യേശുവിനെ ക്രൂശിക്കാനായി അവര്‍ക്കു വിട്ടുകൊടുത്തു.
അവര്‍ യേശുവിനെ ഏറ്റുവാങ്ങി. അവന്‍ സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം – ഹെബ്രായ ഭാഷയില്‍ ഗൊല്‍ഗോഥാ – എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി. അവിടെ അവര്‍ അവനെ ക്രൂശിച്ചു; അവനോടൊപ്പം മറ്റു രണ്ടുപേരെയും; യേശുവിനെ മധ്യത്തിലും അവരെ ഇരുവശങ്ങളിലായും. പീലാത്തോസ് ഒരു ശീര്‍ഷകം എഴുതി കുരിശിനു മുകളില്‍ വച്ചു. അത് ഇങ്ങനെയായിരുന്നു: ‘നസറായനായ യേശു, യഹൂദരുടെ രാജാവ്.’ യേശുവിനെ ക്രൂശിച്ച സ്ഥലം പട്ടണത്തിനു സമീപമായിരുന്നതിനാല്‍ യഹൂദരില്‍ പലരും ആ ശീര്‍ഷകം വായിച്ചു. അത് ഹെബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടിരുന്നു. യഹൂദരുടെ പുരോഹിത പ്രമുഖന്മാര്‍ പീലാത്തോസിനോടു പറഞ്ഞു:
G യഹൂദരുടെ രാജാവ് എന്നല്ല, യഹൂദരുടെ രാജാവു ഞാനാണ് എന്ന് അവന്‍ പറഞ്ഞു എന്നാണ് എഴുതേണ്ടത്.
C പീലാത്തോസ് പറഞ്ഞു:
S ഞാനെഴുതിയത് എഴുതി.
C പടയാളികള്‍ യേശുവിനെ ക്രൂശിച്ചതിനുശേഷം അവന്റെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ചു – ഓരോ പടയാളിക്കും ഓരോ ഭാഗം. അവന്റെ അങ്കിയും അവര്‍ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകള്‍മുതല്‍ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു. ആകയാല്‍, അവര്‍ പരസ്പരം പറഞ്ഞു:
G നമുക്ക് അതു കീറേണ്ടാ; പകരം, അത് ആരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം.
C എന്റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു. എന്റെ അങ്കിക്കുവേണ്ടി അവര്‍ കുറിയിട്ടു എന്ന തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് പടയാളികള്‍ ഇപ്രകാരം ചെയ്തത്. യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.
യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു:
✠ സ്ത്രീയേ, ഇതാ, നിന്റെ മകന്‍ .
C അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു:
✠ ഇതാ, നിന്റെ അമ്മ.
C അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.
അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍ വേണ്ടി യേശു പറഞ്ഞു:
✠ എനിക്കു ദാഹിക്കുന്നു.
C ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവര്‍ വിനാഗിരിയില്‍ കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടില്‍ വച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു. യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു:
✠ എല്ലാം പൂര്‍ത്തിയായിരിക്കുന്നു.
C അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു.
(ഇവിടെ എല്ലാവരും അല്‍പസമയം മുട്ടുകുത്തുന്നു)
C അത് സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍ വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കംചെയ്യാനും യഹൂദര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു. അതിനാല്‍ പടയാളികള്‍ വന്ന് അവനോടു കൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകള്‍ തകര്‍ത്തു. അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്റെ കാലുകള്‍ തകര്‍ത്തില്ല. എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍ നിന്നു രക്തവും വെള്ളവും പുറപ്പെട്ടു. അതു കണ്ടയാള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിനു താന്‍ സത്യമാണു പറയുന്നതെന്ന് അവന്‍ അറിയുകയും ചെയ്യുന്നു. ‘അവന്റെ അസ്ഥികളില്‍ ഒന്നുപോലും തകര്‍ക്കപ്പെടുകയില്ല’ എന്ന തിരുവെഴുത്തു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതു സംഭവിച്ചത്. മറ്റൊരു തിരുവെഴുത്തു പറയുന്നു: ‘തങ്ങള്‍ കുത്തി മുറിവേല്‍പിച്ചവനെ അവര്‍ നോക്കിനില്‍ക്കും.’
യഹൂദരോടുള്ള ഭയം നിമിത്തം യേശുവിന്റെ രഹസ്യശിഷ്യനായി കഴിഞ്ഞിരുന്ന അരിമത്തിയാക്കാരന്‍ ജോസഫ് യേശുവിന്റെ ശരീരം എടുത്തു മാറ്റാന്‍ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നല്‍കി. അവന്‍ വന്ന് ശരീരം എടുത്തു മാറ്റി. യേശുവിനെ ആദ്യം രാത്രിയില്‍ ചെന്നുകണ്ട നിക്കോദേമോസും അവിടെയെത്തി. മീറയും ചെന്നിനായകവും ചേര്‍ന്ന ഏകദേശം നൂറു റാത്തല്‍ സുഗന്ധദ്രവ്യവും അവന്‍ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അവര്‍ യേശുവിന്റെ ശരീരമെടുത്തു യഹൂദരുടെ ശവസംസ്‌കാരരീതിയനുസരിച്ചു സുഗന്ധദ്രവ്യങ്ങളോടുകൂടെ കച്ചയില്‍ പൊതിഞ്ഞു. അവന്‍ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു. യഹൂദരുടെ ഒരുക്കത്തിന്റെ ദിനം ആയിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവര്‍ യേശുവിനെ അവിടെ സംസ്‌കരിച്ചു.

കർത്താവിന്റെ സുവിശേഷം.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
അങ്ങേ ക്രിസ്തുവിന്റെ ധന്യമായ മരണവും ഉത്ഥാനവുംവഴി,
ഞങ്ങളെ അങ്ങ് പുനരുദ്ധരിച്ചുവല്ലോ.
അങ്ങേ കാരുണ്യത്തിന്റെ പ്രവൃത്തി ഞങ്ങളില്‍ നിലനിര്‍ത്തണമേ.
അങ്ങനെ, ഈ രഹസ്യങ്ങളിലുള്ള പങ്കാളിത്തം വഴി
നിരന്തരം ഞങ്ങള്‍ ഭക്തിയില്‍ ജീവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ പുത്രന്റെ ഉത്ഥാനത്തിലുള്ള പ്രത്യാശയില്‍,
അവിടത്തെ മരണം ആചരിച്ച അങ്ങേ ജനത്തിന്റെമേല്‍
സമൃദ്ധമായ അനുഗ്രഹം ചൊരിയുകയും
പാപപ്പൊറുതി സംലബ്ധമാക്കുകയും
സമാശ്വാസം നല്കുകയും
പാവനമായ വിശ്വാസം കൈവളര്‍ത്തുകയും
നിത്യരക്ഷ ഉറപ്പാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a comment