നോമ്പുകാല വചന തീർത്ഥാടനം 44

*നോമ്പുകാല*
.*വചനതീർത്ഥാടനം – 44*



വി.മത്തായി 27 : 42
” ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്തന്നെ രക്ഷിക്കാൻ ഇവനു സാധിക്കുന്നില്ല. ഇവൻ ഇസ്രായേലിന്റെ രാജാവാണല്ലോ, കുരിശിൽ നിന്നിറങ്ങിവരട്ടെ . ഞങ്ങൾ ഇവനിൽ വിശ്വസിക്കാം.”

*ക്രിസ്തുവിന്റെ* സഹനത്തിന്റെയും മരണത്തിന്റെയും സ്മരണ പുതുക്കുമ്പോൾ, നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുക ഗാഗുൽത്തായിലെ മരക്കുരിശാണ്. അറുതിയില്ലാത്ത വേദനയുടെയും ത്യാഗത്തിന്റെയും പ്രതീകമായിട്ടാണ് കുരിശിനെ നാം പൊതുവെ മനസ്സിലാക്കുന്നത്. കുറ്റവാളികളെ കുരിശേറ്റാനുളള ഗാഗുൽത്തായിലെ ശാപഭൂമി ക്രിസ്തുവിനു മരണശയ്യ ഒരുക്കിയതിലൂടെ വിശുദ്ധഭൂമിയായി രൂപാന്തരപ്പെടുകയാണുണ്ടായത്. മാത്രമല്ല, പുതിയൊരു ചിന്താധാരതന്നെ അവിടെനിന്നു ഉറവെടുക്കുകയുണ്ടായി. അതായത്, മനുഷ്യപാപത്തിന്റെ ഭീകരതയും ദൈവസ്നേഹത്തിന്റെ വശ്യതയും അതിന്റെ ഉച്ചസ്ഥായിയിൽ അവിടെ വെളിപ്പെട്ടു. പാപഭാരവുമായി കുരിശിൻ ചുവട്ടിലേക്കു വരുന്ന മനുഷ്യൻ അവിടെനിന്ന് ഇറങ്ങുന്നത് രക്ഷയുടെ ആനന്ദവുമായിട്ടാണ്.
കാൽവരിക്കുന്നിലെ കുരിശിൻചുവട്ടിൽ ധ്യാനനിമഗ്നമായ മനസ്സോടെ നിൽക്കുമ്പോൾ ക്രിസ്തുവിന്റെ കുരിശാരോഹണത്തിനു ദൃക്സാക്ഷികളായ പലരെയും അവരുടെ പ്രതികരണങ്ങളെയും വിലയിരുത്തേണ്ടതുണ്ട്. റോമൻ പടയാളികളാണ് ആദ്യമേ നമ്മുടെ ദൃഷ്ടിയിൽപ്പെടുന്നത്. തങ്ങളെ ഏൽപ്പിച്ച ജോലി നിർവ്വികാരതയോടെ നിറവേറ്റാൻ വിധിക്കപ്പെട്ടവരാണവർ. യേശുവിന്റെ മഹത്വവും തേജസ്സും അവിടുത്തെ മുഖഭാവങ്ങളിൽ നിഴലിച്ചിട്ടും അതു് തിരിച്ചറിയാൻ കഴിയാതെപോയ ഹതഭാഗ്യരാണവർ. കരങ്ങളിലും കാലുകളിലും ആണി തറച്ചപ്പോൾ, പിതാവേ, ഇവർ ചെയ്യുന്നതു് എന്തെന്ന് ഇവർ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ എന്ന പ്രാർത്ഥനയോടെ സഹനത്തെ സ്വയം ഏറ്റെടുത്തപ്പോഴും ഉദാസീനമായി യേശുവിന്റെ വസ്ത്രം ചിട്ടിയിട്ടെടുക്കാനുളള തത്രപ്പാടിലായിരുന്നു അവർ. പലരേയും കുരിശിലേറ്റിയ കർമ്മത്തിന്റെ ആവർത്തനവിരസതയാൽ അർത്ഥഗൗരവം തിരിച്ചറിയാൻ കഴിയാതെപോയതിന്റെ ദുരന്തഫലമാണിത്. കുരിശിൽ ക്രിസ്തുവിന്റെ മഹത്വം കാണാൻ കഴിയാതെ നിർവ്വികാരതയോടെ നിലകൊള്ളുന്നവർക്കെല്ലാം വന്നു ഭവിക്കുന്ന ദുരന്തമാണിത്. യഹൂദ മതത്തിന്റെ ചുക്കാൻ പിടിക്കുന്ന മത നേതൃത്വമാണ് കുരിശിന്റെ സമീപം നിൽക്കുന്ന രണ്ടാമത്തെ വിഭാഗം. കുരിശിൽ കിടന്നു പിടയുന്ന യേശുവിനെ കണ്ടിട്ട് സഹതാപമല്ല, പരിഹാസത്തിന്റെ കൂരമ്പുകൾ എയ്യുവാനാണ് അവർ വെമ്പൽകൊണ്ടതു്. തന്നെത്തന്നെ രക്ഷിക്കാനാവാത്തവൻ ഇസ്രായേലിന്റെ രാജാവാണെങ്കിൽ കുരിശിൽനിന്നിറങ്ങി വരട്ടെയെന്ന് പറഞ്ഞ് ആക്ഷേപിച്ചവരാണിവർ. മനുഷ്യന്റെയും മതനേതൃത്വത്തിന്റെയും ക്രൂരത അതിന്റെ സമസ്ത രൗദ്രഭാവത്തോടെ ഇവരിലൂടെ വെളിപ്പെടുകയായിരുന്നു. മതബോധത്തിന്റെ അന്തസ്സത്ത നീതിയും കരുണയും ക്ഷമയുമാണെന്ന കാര്യം വിസ്മരിച്ചുകൊണ്ട് സ്വന്തം സുരക്ഷിതത്വത്തിനുവേണ്ടി മതത്തെ കരുവാക്കുന്നിടത്തൊക്കെ ദൈവപുത്രൻ ക്രൂശിക്കപ്പെടുകയാണ്. ഒരുപറ്റം സ്ത്രീകളാണ് കുരിശിൽനിന്നു അല്പം അകലം പാലിച്ചു നിൽക്കുന്ന മൂന്നാമത്തെ കൂട്ടർ. ഭയത്തെ അതിലംഘിക്കുന്ന സ്നേഹമാണ് അവരെ കുരിശിൽചുവട്ടിൽ നിൽക്കാൻ പ്രേരിപ്പിക്കുന്നത്. മായിച്ചാലും മായാത്ത സ്മരണകളാണ് അവർക്ക് യേശുവിനെക്കുറിച്ചുളളത്. യേശു ഒരപരാധവും ചെയ്തിട്ടല്ല കുരിശിലേറ്റപ്പെട്ടതെന്ന് അവർക്ക് നന്നായി അറിയാം. അവരുടെ ഗണത്തിൽ ചേർക്കാവുന്ന മൂന്നുപേരാണ് മാനസാന്തരപ്പെട്ട കള്ളനും ശതാധിപനും അരിമത്തിയാക്കാരൻ ജോസഫും. ഇവർ കുരിശിൻ ചുവട്ടിൽ യേശുവിന്റെ മഹത്വം കണ്ട് സാക്ഷ്യപ്പെടുത്തിയവരാണ്. ഇവരെപ്പോലെ നമുക്കും കുരിശിന്റെ സഹനവഴികളിലൂടെ സഞ്ചരിച്ച് കുരിശിൻ ചുവട്ടിലെത്തി ആത്മ സമർപ്പണത്തിന്റെ സ്നേഹഭാവങ്ങൾ പ്രകടമാക്കാം.


*ഫാ. ആന്റണി പൂതവേലിൽ*
16.04.2022.

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s