Easter Tuesday 

🔥 🔥 🔥 🔥 🔥 🔥 🔥

19 Apr 2022

Easter Tuesday 

Liturgical Colour: White.

പ്രവേശകപ്രഭണിതം
cf. പ്രഭാ 15:3-4

അവന്‍ അവര്‍ക്ക് ജ്ഞാനത്തിന്റെ ജലം കുടിക്കാന്‍ കൊടുത്തു;
അതവരില്‍ സുദൃഢമാകുകയും ചഞ്ചലമാകാതിരിക്കുകയും ചെയ്യും.
അത് അവരെ എന്നേക്കും ഉയര്‍ത്തും, അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, സ്വര്‍ഗീയദാനത്താല്‍
അങ്ങേ ജനത്തെ പരിപോഷിപ്പിക്കാന്‍
അങ്ങു ഞങ്ങള്‍ക്ക് പെസഹാ ഔഷധം നല്കിയല്ലോ.
അങ്ങനെ, അവര്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം പ്രാപിച്ച്
ഇപ്പോള്‍ ഭൂമിയില്‍ അനുഭവിക്കുന്ന സന്തോഷം
സ്വര്‍ഗത്തിലും അനുഭവിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 2:36-41
നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍.

പന്തക്കുസ്താദിനം പത്രോസ് എഴുന്നേറ്റു നിന്ന് ഉച്ചസ്വരത്തില്‍ യഹൂദരോടു പറഞ്ഞു: നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി എന്ന് ഇസ്രായേല്‍ ജനം മുഴുവനും വ്യക്തമായി അറിയട്ടെ.
ഇതു കേട്ടപ്പോള്‍ അവര്‍ ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ് അപ്പോസ്തലന്മാരോടും ചോദിച്ചു: സഹോദരന്മാരേ, ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്? പത്രോസ് പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ് തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്. അവന്‍ മറ്റു പല വചനങ്ങളാലും അവര്‍ക്കു സാക്ഷ്യം നല്‍കുകയും ഈ ദുഷിച്ച തലമുറയില്‍ നിന്നു നിങ്ങളെത്തന്നെ രക്ഷിക്കുവിന്‍ എന്ന് ഉപദേശിക്കുകയുംചെയ്തു. അവന്റെ വചനം ശ്രവിച്ചവര്‍ സ്‌നാനം സ്വീകരിച്ചു. ആദിവസം തന്നെ മൂവായിരത്തോളം ആളുകള്‍ അവരോടു ചേര്‍ന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 33:4-5,18-19,20,22

കര്‍ത്താവിന്റെ കാരുണ്യം കൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.
or
അല്ലേലൂയ!

കര്‍ത്താവിന്റെ വചനം സത്യമാണ്;
അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.
അവിടുന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു.
കര്‍ത്താവിന്റെ കാരുണ്യം കൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.

കര്‍ത്താവിന്റെ കാരുണ്യം കൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.
or
അല്ലേലൂയ!

ഇതാ! തന്നെ ഭയപ്പെടുന്നവരെയും
തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെയും
കര്‍ത്താവു കടാക്ഷിക്കുന്നു.
അവിടുന്ന് അവരുടെ പ്രാണനെ
മരണത്തില്‍ നിന്നു രക്ഷിക്കുന്നു;
ക്ഷാമത്തില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നു.

കര്‍ത്താവിന്റെ കാരുണ്യം കൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.
or
അല്ലേലൂയ!

നാം കര്‍ത്താവിനു വേണ്ടി കാത്തിരിക്കുന്നു,
അവിടുന്നാണു നമ്മുടെ സഹായവും പരിചയും.
കര്‍ത്താവേ, അങ്ങേ കാരുണ്യം ഞങ്ങളുടെ മേല്‍ ചൊരിയണമേ!
ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നു.

കര്‍ത്താവിന്റെ കാരുണ്യം കൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.
or
അല്ലേലൂയ!


അനുക്രമഗീതം


വഴിതെറ്റി നശിക്കാറായ ആടുകളെ
കുഞ്ഞാട് വീണ്ടെടുത്തു;
പാപികളായ നമ്മെ നിഷ്കളങ്കനായ ക്രിസ്തു
പിതാവുമായി രമ്യപ്പെടുത്തി.

മരണവും ജീവനും തമ്മില്‍ നടന്ന സമരം;
എത്ര വിചിത്രമായൊരു മല്ലയുദ്ധം

ജീവന്റെ നായകന്‍ മരിച്ചു,
മരണം കൊണ്ട് മരണത്തെ ജയിച്ചു;
ഇനിയെന്നും ജീവനോടെ വാഴുന്നു.

ഹാ മറിയമേ, നില്‍ക്കുക;
നീ പോകുംവഴി എന്തുകണ്ടെന്നു പറയുക.

ജീവിച്ചിരിക്കുന്നവന്റെ കല്ലറ ഞാന്‍ കണ്ടു.
ഉയിര്‍ത്തെഴുന്നെല്‍ക്കുന്ന
ക്രിസ്തുവിന്റെ കല്ലറ ഞാന്‍ കണ്ടു.

സാക്ഷ്യം വഹിക്കുന്ന മാലാഖമാരെ കണ്ടു;
തിരുമുഖം മറച്ചയുറുമാലും
തിരുമേനി പൊതിഞ്ഞ ശീലയും ഞാന്‍ കണ്ടു.

ക്രിസ്തു ഉയിര്‍ത്തിരിക്കുന്നു;
എന്റെ പ്രത്യാശ ജീവിച്ചിരിക്കുന്നു;
അവിടന്നു നിങ്ങള്‍ക്കു മുമ്പേ
ഗലീലിക്കു പുറപ്പെട്ടുപോകും.

ക്രിസ്തു ഉയിര്‍ത്തുവെന്നു ഞങ്ങള്‍ക്കറിയാം;
അവിടന്നു മരിച്ചവരില്‍ നിന്നുയിര്‍ത്തു
എന്നു ഞങ്ങള്‍ക്കറിയാം;

ഹാ! ജയശാലിയായ മഹാരാജന്‍!
ഞങ്ങളില്‍ കനിയുക.
ഞങ്ങളെ രക്ഷിക്കുക! ആമേന്‍.

സുവിശേഷ പ്രഘോഷണവാക്യം

സങ്കീ.118/24

അല്ലേലൂയ!അല്ലേലൂയ!

കർത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്ന് സന്തോഷിച്ചുല്ലസിക്കാം.

അല്ലേലൂയ!

സുവിശേഷം

യോഹ 20:11-18
ഞാന്‍ കര്‍ത്താവിനെ കണ്ടു അവന്‍ ഇക്കാര്യങ്ങള്‍ എന്നോടു പറഞ്ഞു.

മറിയം കല്ലറയ്ക്കു വെളിയില്‍ കരഞ്ഞുകൊണ്ടു നിന്നു. അവള്‍ കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കുനിഞ്ഞു കല്ലറയിലേക്കു നോക്കി. വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാര്‍ യേശുവിന്റെ ശരീരം വച്ചിരുന്നിടത്ത്, ഒരുവന്‍ തലയ്ക്കലും ഇതരന്‍ കാല്‍ക്കലുമായി ഇരിക്കുന്നത് അവള്‍ കണ്ടു. അവര്‍ അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണു നീ കരയുന്നത്? അവള്‍ പറഞ്ഞു: എന്റെ കര്‍ത്താവിനെ അവര്‍ എടുത്തുകൊണ്ടുപോയി; അവര്‍ അവനെ എവിടെയാണു വച്ചിരിക്കുന്നത് എന്ന് എനിക്കറിഞ്ഞുകൂടാ. ഇതു പറഞ്ഞിട്ട് പുറകോട്ടു തിരിഞ്ഞപ്പോള്‍ യേശു നില്‍ക്കുന്നത് അവള്‍ കണ്ടു. എന്നാല്‍, അത് യേശുവാണെന്ന് അവള്‍ക്കു മനസ്സിലായില്ല. യേശു അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്? അതു തോട്ടക്കാരനാണെന്നു വിചാരിച്ച് അവള്‍ പറഞ്ഞു: പ്രഭോ, അങ്ങ് അവനെ എടുത്തുകൊണ്ടു പോയെങ്കില്‍ എവിടെ വച്ചു എന്ന് എന്നോടു പറയുക. ഞാന്‍ അവനെ എടുത്തുകൊണ്ടു പൊയ്‌ക്കൊള്ളാം. യേശു അവളെ വിളിച്ചു: മറിയം! അവള്‍ തിരിഞ്ഞ് റബ്‌ബോനി എന്ന് ഹെബ്രായ ഭാഷയില്‍ വിളിച്ചു വേഗുരു എന്നര്‍ഥം. യേശു പറഞ്ഞു: നീ എന്നെ തടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരന്മാരുടെ അടുത്തുചെന്ന് അവരോട് ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക. മഗ്ദലേനമറിയം ചെന്ന് ഞാന്‍ കര്‍ത്താവിനെ കണ്ടു എന്നും അവന്‍ ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരെ അറിയിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കുടുംബത്തിന്റെ കാണിക്കകള്‍
കാരുണ്യപൂര്‍വം സ്വീകരിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, അങ്ങേ സംരക്ഷണത്തിന്റെ സഹായത്താല്‍ സ്വീകരിച്ചവ,
അവര്‍ നഷ്ടപ്പെടുത്താതിരിക്കാനും
നിത്യമായ ദാനങ്ങളിലേക്ക് എത്തിച്ചേരാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

കൊളോ 3:1-2

ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍,
ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന
ക്രിസ്തു വസിക്കുന്ന ഉന്നതങ്ങളിലുള്ളവ അന്വേഷിക്കുവിന്‍,
ഉന്നതത്തിലുള്ളവയെപ്പറ്റി ചിന്തിക്കുവിന്‍, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
നിത്യാനന്ദം പ്രാപിക്കാന്‍ യോഗ്യരാകേണ്ടതിന്,
ജ്ഞാനസ്‌നാനത്തിന്റെ സമ്പൂര്‍ണ കൃപാവരം
അങ്ങേ കുടുംബത്തിന്റെ മേല്‍ അങ്ങ് ചൊരിഞ്ഞുവല്ലോ.
ഞങ്ങളെയും അങ്ങേ കുടുംബത്തിന്റെ
ഹൃദയാഭിലാഷങ്ങളെയും അങ്ങ് ശ്രവിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a comment