തളർന്ന മനസ്സുകള്‍ ജ്വലിക്കുന്ന എമ്മാവൂസ് വഴി

First Come, Then Go…. തളർന്ന മനസ്സുകള് ജ്വലിക്കുന്ന എമ്മാവൂസ് വഴി

‘എന്തൊക്കെ പ്രതീക്ഷകളായിരുന്നു. ജനം ഓശാന പാടി ഗുരുവിനെ എതിരേൽക്കുന്നത്‌ കൂടെ കണ്ടപ്പോൾ ലൈഫ് സെറ്റായെന്നോർത്തതാ. ശിഷ്യരാണെന്നും പറഞ്ഞ് ഞെളിഞ്ഞ് നടന്നതാ.എന്നിട്ടിപ്പോ’ …
‘എല്ലാം തീർന്നില്ലേ. എല്ലാവരുടെയും വിധിയാളൻ ആവുമെന്ന് വിചാരിച്ചവൻ ഇത്ര നിഷ്ഠൂരമായി വിധിക്കപ്പെട്ട് മണ്മറഞ്ഞില്ലേ. അതും കുരിശുമരണം. അതിൽപ്പരം ഒരു നാണക്കേടുണ്ടോ? ദൈവപുത്രൻ ആണെങ്കിൽ ഇറങ്ങിവാന്നും പറഞ്ഞ് അവരൊക്കെ വെല്ലുവിളിച്ചപ്പോഴെങ്കിലും ഒന്ന് ഇറങ്ങിവരാൻ മേലാർന്നോ ? നമ്മുടെ കാര്യം എന്താവുമെന്ന് പോലും ഗുരു ഓർത്തില്ലല്ലോ. ഇനിയിപ്പോ ജറുസലേമിൽ നിന്നിട്ടെന്തിനാ? പോകാം ന്നേ . എവിടേക്കെങ്കിലും’.
ഇങ്ങനെയൊക്കെ പതംപറഞ്ഞ് സങ്കടഭാരത്തോടെ തളർന്ന ഹൃദയവുമായി എമ്മാവൂസിലേക്ക് നടന്നുനീങ്ങുന്ന ശിഷ്യർ.തങ്ങളുടെ കൂടെ നടക്കുന്നവൻ ഈശോ ആണെന്ന് തിരിച്ചറിയുന്നില്ല അവർ. നമ്മുടെ പോലെയൊക്കെ തന്നെ. ജീവിതത്തിൽ കനത്ത തിരിച്ചടികൾ ഉണ്ടാവുമ്പോൾ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. കൂടെയുള്ള ദൈവത്തെ കാണില്ല .ശരിയായ തീരുമാനം എടുക്കാൻ കഴിയില്ല.സർവ്വത്ര ദുഃഖം. അവർ നമ്മളോരോരുത്തരുമാണ്.
ഇസ്രയേലിനെ മോചിപ്പിക്കാനുള്ളവൻ അവനാണെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്ന് പറയുമ്പോൾ നമുക്ക് മനസ്സിലാക്കാം പ്രതീക്ഷ ഇപ്പോൾ അശേഷമില്ലെന്ന് . കണക്കുകൂട്ടലിന് വിപരീതമായി എന്തേലും സംഭവിക്കുമ്പോൾ അവിടെ തീരും നമ്മുടെ പോസിറ്റിവിറ്റി. ശൂന്യമായ കല്ലറക്കും ശിഷ്യരുടെ ഉള്ളിലെ ശൂന്യത തീർക്കാൻ കഴിഞ്ഞില്ല. അവിടെയുണ്ടായിരുന്ന കുറച്ചു ശിഷ്യർ പണ്ടെന്നോ ഉപേക്ഷിച്ചിരുന്ന വഞ്ചിയും വലയും ഒക്കെ കയ്യിലെടുത്തപ്പോൾ , ഇവിടെ ഇവർ ദാ നാടുവിട്ടുപോകുന്നു. പാവം ഈശോയ്ക്ക് ആണ് ചങ്കുപൊടിയേണ്ടത്. മൂന്നു കൊല്ലം രാപ്പകൽ കൊണ്ടുനടന്ന് പഠിപ്പിച്ചിട്ട് എല്ലാവരും ഇതാ ഓരോ വഴിക്കാകുന്നു.
 
ഈശോ അവരുടെ പ്രശ്നം എന്താണെന്ന് കാരുണ്യപൂർവ്വം കേട്ടു. എന്താണ് സംഭവിക്കുന്നതെന്നു അവർക്ക് മനസ്സിലാകാത്തതിൽ അവരെ ചെറുതായി ശകാരിച്ചുകൊണ്ട് വിശുദ്ധലിഖിതങ്ങൾ അവർക്ക് വ്യാഖ്യാനിച്ചുകൊടുത്തു. നമ്മുടെ മനസ്സിലെ മൂടുപടം, ക്രിസ്തുവിലേക്ക് തിരിയുമ്പോൾ – കർത്താവിൻറെ ആത്മാവ് വരുമ്പോൾ നീക്കപ്പെടുന്നു എന്ന് വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞിരിക്കുന്നത് പോലെ അവരുടെ ഹൃദയം പതിയെ ജ്വലിക്കാൻ തുടങ്ങി. ദൈവകൃപയിൽ ആയിരിക്കുമ്പോൾ അതായത് ദൈവത്തിന്റെ ആത്മാവ് നമ്മളിലുള്ളപ്പോൾ, തിരുലിഖിതങ്ങൾ വായിക്കുമ്പോൾ ഈ ഹൃദയജ്വലനം നമുക്കും അനുഭവിക്കാൻ കഴിയും.
 
ഈശോയെ തിരിച്ചറിയാൻ കാഴ്ചയോ അവനെപ്പറ്റിയുള്ള ചർച്ചയോ മതിയാവില്ല, അതിന് വിശ്വാസത്തിന്റെ കണ്ണ് തന്നെ വേണം . അതുകൊണ്ടാണ് അപ്പത്തിലും വീഞ്ഞിലുമുള്ള ഈശോയുടെ സാന്നിധ്യം പലർക്കും അനുഭവവേദ്യമാകാത്തത്‌.
അപരിചിതൻ വചനത്താൽ തങ്ങളെ ഉല്ബോധിപ്പിച്ചത് കേട്ട് ആവേശഭരിതരായ ശിഷ്യർ , യാത്ര തുടരാൻ പോവുകയാണെന്ന് ഭാവിച്ച ഈശോയെ അവരുടെ കൂടെ താമസിക്കാൻ വിളിച്ചു. അപ്പം മുറിച്ചു തന്നെത്തന്നെ ഈശോ മുറിച്ചുവിളമ്പിയപ്പോൾ അവരുടെ കണ്ണുകൾ തുറന്നു, ഈശോയെ തിരിച്ചറിഞ്ഞു. ഈശോ അപ്രത്യക്ഷനായെങ്കിലും അവരുടെ ദൗത്യത്തെപ്പറ്റി ധാരണ വന്ന ക്ലെയോപാസും മറ്റേ ശിഷ്യനും ജെറുസലേമിലേക്ക് തിരിച്ചുപോയി അവരുടെ സാക്ഷ്യം പറഞ്ഞു.
തിരുവചനങ്ങൾ വായിച്ച് ഹൃദയമെരിഞ്ഞും കുർബ്ബാനയിൽ പങ്കെടുത്ത് ഈശോയെ സ്വീകരിച്ചും മറ്റുള്ളവർക്ക് സാക്ഷ്യമാകേണ്ടവരാണ് നമ്മൾ. ഓരോ വിശുദ്ധ കുർബ്ബാനയും ഓരോ എമ്മാനൂസ് അനുഭവങ്ങളാവണം. മദർ തെരേസയെപോലുള്ള എത്രയോ വിശുദ്ധരാണ് ദിവ്യകാരുണ്യത്തിൽ നിന്ന് ഊർജ്ജം സംഭരിച്ചിരുന്നവർ. എപ്പോൾ ഹൃദയം മന്ദീഭവിക്കുന്നുവോ, തളർന്നുപോകുന്നുവോ , ഈ വിധമാണ് നമ്മൾ ഊർജ്ജം വീണ്ടെടുക്കേണ്ടത്. ക്രിസ്തുവിന്റെ നല്ല പടയാളികളാവേണ്ടത് .തിരുവചനം വായിച്ചും കുർബ്ബാനയിൽ മുടങ്ങാതെ സംബന്ധിച്ചും ഈശോയെപ്പറ്റി പറയേണ്ടപ്പോൾ മൗനം ഭജിക്കാതെ അവനു സാക്ഷ്യം വഹിച്ചും നമുക്കും അവന്റെ യഥാർത്ഥ ശിഷ്യരാകാം.
 
ബിഷപ്പ് ഫുൾട്ടൺ J ഷീൻ പറയുന്ന പോലെ… First Come, Then Go….
 
ഈശോയുടെ പരസ്യജീവിതകാലത്തെ ആദ്യത്തെ വാക്കെന്തായിരുന്നു ? “Come and See” – വന്നുകാണുക( വി. യോഹന്നാന്റെ സുവിശേഷത്തിൽ,അവൻ എവിടെയാണ് വസിക്കുന്നതെന്നു ചോദിച്ച ശിഷ്യർക്ക് കൊടുത്ത ഉത്തരം )
നമ്മൾ അവനിലേക്ക് വരുന്നു, തീ പിടിക്കുന്നു, ദൈവികസത്യങ്ങൾ ഉൾകൊള്ളുന്നു, ആത്മാവിനാൽ നിറയപ്പെടുന്നു, ദിവ്യകാരുണ്യം എങ്ങനെയാണ് ലോകം മുഴുവനിലേക്കും മനുഷ്യമാംസത്തിൽ വ്യാപിക്കുന്നത് എന്ന് മനസ്സിലാക്കുന്നു.അങ്ങനെ ആദ്യം നമ്മൾ അവനിലേക്ക് ‘വരുന്നു’.
ഈശോയുടെ പരസ്യജീവിതത്തിലെ അവസാനവാക്ക് നമുക്കറിയാം “Go”-ലോകമെങ്ങും പോവുക. ഇപ്പോൾ നമ്മൾ പോവാൻ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.കഴിഞ്ഞ അനേകം വർഷങ്ങളായി ‘പോയ’ കുറേപേർ നമുക്കുണ്ടായി , പക്ഷെ അവർ ‘വന്നിട്ടില്ലായിരുന്നു’ …. എന്നാണ് ബിഷപ്പ് ഫുൾട്ടൺ J ഷീൻ പറയുന്നത്.
നമുക്ക് അവനിലേക്ക് വരാം , തീ പിടിക്കാം , അവനിൽ തന്നെ ആയിരിക്കാം … അവനായി പോകാം …
 
ജിൽസ ജോയ്
Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s