Wednesday of the 2nd week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥

27 Apr 2022

Wednesday of the 2nd week of Eastertide 

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. സങ്കീ 18:50; 22:23

കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാനങ്ങയെ ഏറ്റുപറയുകയും
അങ്ങേ നാമം എന്റെ സഹോദരരോട്
പ്രഘോഷിക്കുകയും ചെയ്യും, അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, ആണ്ടുതോറുമുള്ള ദിവ്യരഹസ്യങ്ങള്‍ അനുസ്മരിച്ചുകൊണ്ട്
അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഈ രഹസ്യങ്ങള്‍ വഴിയാണല്ലോ
നവീകരിക്കപ്പെട്ട ആദിമഹത്ത്വത്തിലൂടെ
മനുഷ്യപ്രകൃതി ഉത്ഥാനത്തിന്റെ പ്രത്യാശ കൈവരിച്ചത്.
അങ്ങനെ, വിശ്വാസത്താല്‍ ഞങ്ങള്‍ ആഘോഷിക്കുന്നത്
നിത്യമായ സ്‌നേഹത്താല്‍ സ്വീകരിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 5:17-26
നിങ്ങള്‍ കാരാഗൃഹത്തിലടച്ച മനുഷ്യര്‍ ദേവാലയത്തില്‍ നിന്നുകൊണ്ടു ജനങ്ങളെ പഠിപ്പിക്കുന്നു.

പ്രധാനപുരോഹിതനും അവനോടു ചേര്‍ന്നു നിന്നിരുന്ന സദുക്കായ വിഭാഗവും അസൂയ നിറഞ്ഞ് അപ്പോസ്തലന്മാരെ പിടിച്ച് ബന്ധിച്ച് പൊതുകാരാഗൃഹത്തിലടച്ചു. രാത്രി കര്‍ത്താവിന്റെ ദൂതന്‍ കാരാഗൃഹവാതിലുകള്‍ തുറന്ന് അവരെ പുറത്തു കൊണ്ടുവന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ ദേവാലയത്തില്‍ ചെന്ന് എല്ലാ ജനങ്ങളോടും നവജീവന്റെ ഈ വചനം പ്രസംഗിക്കുവിന്‍.
അവര്‍ ഇതുകേട്ട് പ്രഭാതമായപ്പോള്‍ ദേവാലയത്തില്‍ പ്രവേശിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു. പ്രധാനപുരോഹിതനും അനുചരന്മാരും ഒന്നിച്ചുകൂടി ന്യായാധിപസംഘത്തെയും, ഇസ്രായേലിലെ എല്ലാ ജനപ്രമുഖന്മാരെയും, വിളിച്ചുകൂട്ടുകയും തടവുകാരെ കൊണ്ടുവരാന്‍ ജയിലിലേക്ക് ആളയയ്ക്കുകയും ചെയ്തു. ആ സേവകര്‍ കാരാഗൃഹത്തില്‍ ചെന്നപ്പോള്‍ അവരെ അവിടെ കണ്ടില്ല. അവര്‍ തിരിച്ചുചെന്നു വിവരമറിയിച്ചു: കാരാഗൃഹത്തിന്റെ വാതിലുകള്‍ ഭദ്രമായി ബന്ധിക്കപ്പെട്ടിരിക്കുന്നതും പടയാളികള്‍ കാവല്‍ നില്‍ക്കുന്നതും ഞങ്ങള്‍ കണ്ടു. എന്നാല്‍, വാതില്‍ തുറന്നപ്പോള്‍ അകത്ത് ആരെയും കണ്ടില്ല. ഇതു കേട്ടപ്പോള്‍ ദേവാലയസേനാധിപനും പുരോഹിതപ്രമുഖന്മാരും ഇതിന്റെ പര്യവസാനം എന്തായിരിക്കുമെന്നു ചിന്തിച്ച്, അവരെപ്പറ്റി സംഭ്രാന്തരായി. അപ്പോള്‍ ഒരാള്‍ വന്ന് അവരോടു പറഞ്ഞു: ഇതാ, നിങ്ങള്‍ കാരാഗൃഹത്തിലടച്ച മനുഷ്യര്‍ ദേവാലയത്തില്‍ നിന്നുകൊണ്ടു ജനങ്ങളെ പഠിപ്പിക്കുന്നു. അപ്പോള്‍ സേനാധിപന്‍ സേവകരോടുകൂടെച്ചെന്ന് ബലപ്രയോഗം കൂടാതെ തന്നെ അവരെ കൂട്ടിക്കൊണ്ടുവന്നു. കാരണം, ജനങ്ങള്‍ തങ്ങളെ കല്ലെറിയുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 34:1-8

എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു.
or
അല്ലേലൂയ!

കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും,
അവിടുത്തെ സ്തുതികള്‍ എപ്പോഴും എന്റെ അധരങ്ങളിലുണ്ടായിരിക്കും.
കര്‍ത്താവില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു;
പീഡിതര്‍ കേട്ട് ആനന്ദിക്കട്ടെ!

എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു.
or
അല്ലേലൂയ!

എന്നോടൊത്തു കര്‍ത്താവിനെ മഹത്വപ്പെടുത്തുവിന്‍;
നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കാം.
ഞാന്‍ കര്‍ത്താവിനെ തേടി, അവിടുന്ന് എനിക്കുത്തരമരുളി.

എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു.
or
അല്ലേലൂയ!

അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി,
അവര്‍ ലജ്ജിതരാവുകയില്ല.
ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു;
എല്ലാ കഷ്ടതകളിലും നിന്ന് അവനെ രക്ഷിക്കുകയും ചെയ്തു.

എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു.
or
അല്ലേലൂയ!

കര്‍ത്താവിന്റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച്
അവരെ രക്ഷിക്കുന്നു.
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍;
അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

കർത്താവ് ഉത്ഥാനം ചെയ്യുകയും തൻ്റെ രക്തത്താൽ വീണ്ടെടുത്ത നമ്മെ പ്രകാശിപ്പിക്കുകയും ചെയ്തു.

അല്ലേലൂയ!

സുവിശേഷം

യോഹ 3:16-21
ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്.

യേശു നിക്കൊദേമോസിനോട് പറഞ്ഞു: അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്.
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്മ നിറഞ്ഞതായിരുന്നു. തിന്മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല. സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, ഈ ബലിയുടെ ഭക്ത്യാദരങ്ങളോടെയുള്ള വിനിമയത്താല്‍
ഏകപരമോന്നത ദൈവപ്രകൃതിയില്‍
ഞങ്ങളെ പങ്കുകാരാക്കാന്‍ അങ്ങ് ഇടയാക്കിയല്ലോ.
അങ്ങനെ, അങ്ങേ സത്യം ഞങ്ങളറിയുന്നപോലെതന്നെ,
അനുയുക്തമായ ജീവിതശൈലിയിലൂടെ
ഞങ്ങള്‍ പ്രാപിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. യോഹ 15:16,19

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നിങ്ങളെ ലോകത്തില്‍ നിന്ന് തിരഞ്ഞെടുത്തു.
നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും
നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനും വേണ്ടി
ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, കാരുണ്യപൂര്‍വം
അങ്ങേ ജനത്തോടുകൂടെ ആയിരിക്കണമെന്നും
സ്വര്‍ഗീയ രഹസ്യങ്ങളാല്‍ അങ്ങ് പ്രചോദിപ്പിച്ച അവരെ
പഴയ ജീവിതശൈലിയില്‍ നിന്ന് നവജീവിതത്തിലേക്കു
കടന്നുവരാന്‍ അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a comment