സഭക്ക് വേണ്ടി എന്റെ ജീവൻ ബലിയായി സ്വീകരിക്കേണമേ

തുളച്ചുകയറുന്ന കണ്ണുകളും , പകരുന്ന പുഞ്ചിരിയും കൂട്ടിനുള്ള, 20 വയസ്സ് വരെ നിരക്ഷരയായിരുന്ന ഒരു സ്ത്രീ .. പക്ഷെ അവളുടെ ഉപദേശത്തിന് കാത്തുനിന്നത് മാർപ്പാപ്പമാരും രാജാക്കന്മാരും രാജ്ഞികളും പോലുള്ളവർ. വേറെ വേറെ ആളുകൾക്കുള്ള കത്തുകൾ ശരവേഗത്തിൽ എഴുതുന്ന മൂന്നു സെക്രട്ടറിമാർക്ക് ഊഴമനുസരിച്ചു എഴുതാനുള്ളത് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നവൾ. വിശുദ്ധ, മിസ്റ്റിക് ,വേദപാരംഗത, പഞ്ചക്ഷതധാരി, ഡാന്റെയുടെ ‘ഡിവൈൻ കോമഡി യോട് കിടപിടിക്കുന്ന മിസ്റ്റിക് കൃതികളുടെ രചയിതാവ്… ഇനിയും വിശേഷണങ്ങൾ ഒരുപാടുണ്ട് സിയന്നയിലെ വിശുദ്ധ കാതറിന്.
 
ഈ വിശുദ്ധയുടെ ജീവിതം ചുരുക്കിപ്പറയുക എന്നത് ഒട്ടും എളുപ്പമല്ല. പ്രസിദ്ധനായ നോർവീജിയൻ എഴുത്തുകാരൻ സിഗ്രിഡ് ഉൺസെറ്റിന്റെ അഭിപ്രായത്തിൽ , അസ്സീസിയിലെ വിശുദ്ധ ഫ്രാന്സിസിനൊപ്പം ഇറ്റലിയുടെ മധ്യസ്ഥയായി ഉയർന്ന ഈ വിശുദ്ധയുടെ ജീവിതകഥ, ദൈവകൃപയുടെ പ്രഭാവത്തിൻ കീഴിൽ അനിതരസാധാരണമായി വികാസം പ്രാപിച്ച, ഇതുവരെ കേട്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും ആകർഷകമായി തോന്നിയ ഒന്നാണ് എന്നായിരുന്നു.
 
1347 മാർച്ച് 25 ന് മംഗളവാർത്തദിനത്തിൽ ആണ് സിയന്നയിൽ, ഇപ്പോഴും സംരക്ഷിച്ചു പോരുന്ന വലിയൊരു വീട്ടിൽ കാതറിൻ ബെനിൻകാസ ജനിച്ചത്. അവളുടെ മാതാപിതാക്കളുടെ 25 മക്കളിൽ ഇരുപത്തിമൂന്നാമത്തവൾ ആയി , ജോവാന്ന എന്ന ഒരു ഇരട്ടസഹോദരിയുടെ ഒപ്പം അവൾ ജനിച്ചു. പക്ഷെ ജനിച്ചു കുറച്ചാവുമ്പോഴേക്ക് ജീവൻ പൊലിഞ്ഞ അവളുടെ കുറച്ചു സഹോദരരെപ്പോലെ തന്നെ ജോവാനയും ദൈവസന്നിധിയിലേക്ക്‌ വളരെ പെട്ടെന്ന് യാത്രയായി. വളർന്നുവരുമ്പോൾ, പ്രായത്തിൽ കവിഞ്ഞ പക്വതയും പുഞ്ചിരിയോടെയുള്ള നിഷ്കളങ്ക സംസാരവും അവളെ എല്ലാവരുടെയും കണ്ണിലുണ്ണിയാക്കി. ഗ്രീക്ക് ഭാഷയിൽ സന്തോഷം എന്നർത്ഥം വരുന്ന യൂഫ്രസിൻ എന്ന വിളിപ്പേര് വീണു അവൾക്ക്. കാരണം അവൾ വീട്ടുകാരുടെയും അയൽക്കാരുടേയുമൊക്കെ സന്തോഷമായിരുന്നു.
 
ചെറുപ്പം മുതലേ സ്‌നേഹത്തിലും ഭക്തിയിലും മക്കളെ വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിച്ചത് കൊണ്ട് കാതറിന് കുഞ്ഞിലേ മാതാവിനോട് അസാധാരണഭക്തിയുണ്ടായിരുന്നു.കുഞ്ഞിപാദങ്ങൾ വെച്ചു ഗോവണി കയറുമ്പോൾ ഓരോ പടിയിലും മുട്ടുകുത്തി അവൾ ‘നന്മ നിറഞ്ഞ മറിയമേ’ ചൊല്ലി. ഒരിക്കൽ ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് വീഴുന്ന അവളെ മാലാഖമാർ വന്നു താങ്ങിയതിനു അവളുടെ അമ്മ സാക്ഷിയായെന്ന് പറയപ്പെടുന്നു.
 
ആറ്‌ വയസ്സ് പ്രായമുള്ളപ്പോൾ സഹോദരൻ സ്റ്റീഫനൊത്ത് ചേച്ചിയുടെ വീട്ടിലേക്ക് നടന്നുപോകവേ കുന്നുകൾക്കിടയിൽ വിശുദ്ധ ഡൊമിനിക്കിന്റെ മനോഹരദേവാലയം അവളുടെ ശ്രദ്ധയിൽ പെട്ടു. പെട്ടെന്ന് , സ്വർഗ്ഗവാസികളുടെ മദ്ധ്യേ നിന്ന് തൻറെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് പുഞ്ചിരി തൂകി തൃക്കരം നീട്ടി അവളെ അനുഗ്രഹിക്കുന്ന ഈശോയുടെ ഒരു ദർശനമുണ്ടായി അവൾക്ക്. വളരെനേരം അവിടെത്തന്നെ അവള് തറഞ്ഞു നിന്നു. ആ ദൈവിക അനുഭവം അത്ര ചെറുപ്പത്തിൽ തന്നെ അവളുടെ ദൈവവിളി ഉറപ്പിച്ചു.താൻ എന്നേക്കും ഈശോയുടെ മാത്രം സ്വന്തമായിരിക്കും എന്നവൾ ഉറപ്പിച്ചു. ഈശോയല്ലാതെ മറ്റൊരാളും തൻറെ മണവാളനാവില്ലെന്നും ജീവിതാന്ത്യം വരെ അവളെ അവനായി ഒരു കറയും പുരളാതെ കാത്തുസൂക്ഷിക്കുമെന്ന ഒരു രഹസ്യവ്രതം ഒരു കൊല്ലത്തിന് ശേഷം അവളെടുത്തു. പ്രാർത്ഥനയും പരിഹാരകൃത്യങ്ങളും ഏകാന്തവാസവും അവൾ ഇഷ്ടപ്പെട്ടു.
 
നന്നേ ചെറുപ്പത്തിൽ തന്നെ പ്രാർത്ഥനയിൽ അവൾ മണിക്കൂറുകൾ ചിലവഴിച്ചു. ഇഷ്ടങ്ങൾ നിയന്ത്രിക്കാൻ പരിശീലിച്ചു.ഈശോ അവളുടെ ജീവിതത്തിന്റെ കേന്ദ്രമായി. അവളുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ ഈശോ അവളോട് സംസാരിച്ചു, ” എന്നെപ്പറ്റി ചിന്തിക്കൂ” ഈശോ ഒരിക്കൽ പറഞ്ഞു,” അപ്പോൾ ഞാൻ നിന്നെപ്പറ്റിയും ചിന്തിച്ചുകൊണ്ടിരിക്കും” ആ മനോഹരനിർദ്ദേശം അതിനുശേഷം അവളെപ്പോഴും പ്രാവർത്തികമാക്കി.അവളുടെ ശക്തിസ്രോതസ്സ് ഈശോയായിരുന്നു.
 
കൗമാരത്തിലേക്ക് കടന്നപ്പോഴേക്കും അവൾക്ക് നല്ലൊരു വരനെ കണ്ടെത്തണമെന്ന ഉദ്ദേശത്തോടെ മോടിപിടിപ്പിച്ച വസ്ത്രങ്ങളും ആഭരണങ്ങളും അണിയാൻ അമ്മയും സഹോദരിമാരും അവളെ നിർബന്ധിച്ചു. കുറച്ചൊക്കെ അനുസരിച്ചെങ്കിലും അതോർത്ത് അവൾ പിന്നീട് വിഷമിച്ചു. താൻ ഒരിക്കലും വിവാഹത്തിന് സമ്മതിക്കില്ലെന്ന് അവൾ തീർത്തുപറഞ്ഞു. എന്നിട്ടും പിന്തിരിയാതെ വിവാഹത്തിന് അവർ നിർബന്ധിച്ചപ്പോൾ തൻറെ നീണ്ട് ഇടതൂർന്ന സ്വർണ്ണതലമുടി അവൾ മുറിച്ചു കളഞ്ഞു. ദേഷ്യം പിടിച്ച അപ്പനും അമ്മയും,അവളുടെ മുറിയിൽ തനിച്ചുള്ള ഇരിപ്പും ദീർഘനേരത്തെ പ്രാർത്ഥനയും കാരണമാണിതൊക്കെ എന്ന് പറഞ്ഞ് മുറിയിൽ നിന്ന് പുറത്തിറക്കി വേലക്കാർക്കു പകരം വീട്ടുജോലി ചെയ്യാൻ ഏൽപ്പിച്ചു. അവൾക്ക് തനിച്ചിരിക്കാൻ പറ്റാത്ത വിധം ആളുകളുടെ ഇടയിൽ കഠിനജോലികളെടുക്കേണ്ടി വന്നപ്പോഴും അവൾക്ക് പരാതിയില്ലായിരുന്നു.പിൽക്കാലത്ത് അവളെഴുതിയ ‘ സംവാദങ്ങൾ’ എന്ന പുസ്തകത്തിൽ, അവളുടെ ഹൃദയമാകുന്ന കോവിലിലെ മുറിയിൽ എങ്ങനെ തനിച്ച് ഈശൊക്കൊത്ത് ആയിരിക്കാം എന്ന് ഈശോ പഠിപ്പിച്ചതിനെ പറ്റി പറഞ്ഞിട്ടുണ്ട്. അവളുടെ ആത്മീയഗുരു ഫാ. റെയ്മണ്ട് കപ്പുവക്കും അവൾ ഈ രീതി പഠിപ്പിച്ചു കൊടുത്തിരുന്നു. തനിക്ക് ചുറ്റും തിരുക്കുടുംബമാണെന്ന് അവൾ സങ്കൽപ്പിച്ചു. തന്റെ പിതാവിനെ യൗസേപ്പിതാവായും അമ്മയെ പരിശുദ്ധ അമ്മയായും മറ്റുള്ളവരെ ഈശോയുടെ ശിഷ്യന്മാരായും ഒക്കെ കണ്ടുകൊണ്ട് സന്തോഷത്തോടെ അവൾ പണിയെടുത്തു.
സാവധാനം അവളുടെ പിതാവിന്റെ നിലപാടിൽ മാറ്റമുണ്ടായി. സ്നേഹത്തോടെ അവളെ അടുത്തുവിളിച്ച് ജാക്കോമോ പറഞ്ഞു, ” പൊന്നുമോളെ, ദൈവത്തിന്റെ ഇഷ്ടത്തിനെതിരായി നിലകൊള്ളുന്നതിൽ നിന്ന് അവൻ തന്നെ ഞങ്ങളെ കാക്കട്ടെ. ബാലിശമായ വാശിയല്ല, പരിശുദ്ധാത്മാവാണ് നിന്നെ നിയന്ത്രിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായി. അതുകൊണ്ട് ദൈവനാമത്തിൽ നീയെടുത്ത നിന്റെ വ്രതം അനുഷ്ഠിച്ച് , ആത്മാവ് പറയുന്ന പോലെ ചെയ്തുകൊള്ളുക, ഞങ്ങളിനി നിന്നെ തടയില്ല. ഒരു കാര്യം മാത്രം. ഞങ്ങളെ എന്നും നിന്റെ പ്രാർത്ഥനയിൽ ഓർക്കുക”.
ഒരിക്കൽ പ്രാർത്ഥനയിൽ മുഴുകിയിരിക്കുമ്പോൾ അവൾക്ക് ഒരു ദര്ശനമുണ്ടായി. സ്വർഗ്ഗത്തിൽ അനേകം സഭാസ്ഥാപകരെയും പിതാക്കന്മാരെയും അവൾ കണ്ടു. ലില്ലിപ്പൂ പിടിച്ച നിലയിൽ വിശുദ്ധ ഡൊമിനിക്കിനെയും കണ്ടു. അവൾ ഡൊമിനിക്കൻ സന്യാസഭയിലായിരിക്കും ചേരുന്നത് എന്ന് അദ്ദേഹം അവൾക്കുറപ്പ് കൊടുത്തത് അവളെ സന്തോഷഭരിതയാക്കി.
 
അടുത്ത മൂന്നു കൊല്ലം അവളൊരു ചെറിയ മുറിയിൽ പ്രാർത്ഥനയും ഉപവാസവുമായി ചിലവഴിച്ചു. രണ്ടു മണിക്കൂറിൽ കുറവാണ് ഉറങ്ങിയിരുന്നത്. അവളുടെ കുമ്പസ്സാരക്കാരനോട് മാത്രം സംസാരിച്ചു. പതിനേഴാം വയസ്സിൽ ഡൊമിനിക്കൻ സമൂഹത്തിന്റെ സഭാവസ്ത്രം അവൾ സ്വീകരിച്ചു. മാൻഡെലേറ്റ് എന്നാണ് അവളെപ്പോലുള്ളവർ അറിയപ്പെട്ടത്. വെളുത്ത ശിരോവസ്ത്രവും കറുത്ത മേലങ്കിയും അവൾ ധരിച്ചു. വിശുദ്ധ ഡൊമിനിക്കിന്റെ ദേവാലയത്തിൽ പോകാൻ മാത്രം പുറത്തിറങ്ങി. അവിടെ അവൾ ചാരിയിരുന്ന നിലയിലുള്ള ചിത്രങ്ങൾ ഇപ്പോഴും ദേവാലയത്തിൽ സന്ദർശകരെ കാണിക്കാറുണ്ട്.
 
ദൈവിക അറിവിൽ ഏറ്റവും മുന്പിലാണെങ്കിലും സമപ്രായക്കാരെപ്പോലെ എഴുതാനും വായിക്കാനും അറിയാത്തതിൽ അവൾക്ക് വിഷമമായിരുന്നു. യാമപ്രാർത്ഥനകൾ ചൊല്ലാനും വിശുദ്ധ ലിഖിതങ്ങൾ വായിക്കാനും അവളാഗ്രഹിച്ചു. അങ്ങനെ സഹോദരിമാരുടെ കയ്യിൽ നിന്ന് അക്ഷരമാല വാങ്ങി അവള് പഠിച്ചു തുടങ്ങി. ദിവ്യനാഥനോട് ആഗ്രഹം അറിയിച്ചത് വഴി അവിശ്വസനീയമാം വിധം വേഗത്തിൽ അവൾ വായിക്കാൻ പഠിച്ചു. പക്ഷെ എഴുതാൻ പഠിച്ചില്ലെന്നു പറയുന്നു. പിൽക്കാലത്ത് അവളുടെ കൃതികളും കത്തുകളുമൊക്കെ അവളുടെ അനുയായികളാണ് എഴുതിയിരുന്നത്.
അവളുടെ മുറിയിൽ ദൈവസാന്നിധ്യവും സ്വർഗ്ഗീയഗീതങ്ങളും നിറഞ്ഞുനിന്നു.
 
ദേവാലയത്തിലെ പ്രാർത്ഥനാമണി അവൾക്ക് കേൾക്കാം. പ്രഭാതമാകുന്നതുവരെ, എല്ലാവരും ഉറങ്ങുമ്പോൾ അവൾ പ്രാർത്ഥിക്കും. പ്രഭാതമണി മുഴങ്ങുമ്പോൾ , ഇനി തൻറെ നാഥനെ സ്തുതിക്കാൻ മറ്റുള്ളവരുണ്ടല്ലോ എന്നുപറഞ്ഞ് ഇത്തിരി നേരം കിടന്നുറങ്ങും. ഒരിക്കൽ ഒരു യാചകൻ അവളുടെ അടുത്തുവന്ന് ഭിക്ഷ യാചിച്ചു. അവളുടെ കയ്യിൽ അപ്പോൾ കൊന്തയിലെ ഒരു വെള്ളിക്കുരിശ് മാത്രമേ ഉണ്ടായുള്ളൂ. അതവൾ കൊടുത്തു. പിറ്റേദിവസം ആ വെള്ളിക്കുരിശ് പിടിച്ചു നിൽക്കുന്ന രീതിയിൽ ഈശോയെ അവൾ പള്ളിയിൽ വെച്ചു കണ്ടു.
 
പ്രലോഭനങ്ങളും പ്രതിബന്ധങ്ങളുമായി സാത്താൻ അവളെ എപ്പോഴും ശല്യപ്പെടുത്തിയിരുന്നു. അവളുടെ ജീവിതം മുഴുവൻ ദുരിതപൂർണ്ണമാക്കുമെന്നു പറഞ്ഞ് കൂട്ടത്തോടെ അവർ ആക്രമിച്ചു.ദിവ്യനാഥനോടുള്ള സ്നേഹത്തെപ്രതി ഇതെല്ലാം താൻ സഹിക്കുമെന്നുള്ള അവളുടെ മറുപടി കേട്ട് അവ മറഞ്ഞുപോയി. ഈശോ പ്രത്യക്ഷപ്പെട്ട് അവളെ ആശ്വസിപ്പിച്ചു.തന്റെ അത്രക്കൊന്നും അവൾ ഇനിയും സഹിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോൾ താനിത്രയും ഉപദ്രവം സഹിക്കുമ്പോൾ എവിടെയായിരുന്നെന്ന് ഈശോയോട് അവൾ നിഷ്കളങ്കതയോടെ ചോദിച്ചു. ‘ഞാൻ നിന്റെ ഹൃദയത്തിൽ തന്നെ ഉണ്ടായിരുന്നെന്ന്’ ഈശോ പറഞ്ഞു.
 
അവൾക്ക് ഇരുപത് വയസ്സുള്ളപ്പോൾ ഒരിക്കൽ അവളുടെ മുറി അഭൗമികപ്രകാശത്താൽ നിറഞ്ഞു. അത്ഭുതസ്തബ്ധയായ കാതറിൻ ചുറ്റും നോക്കിയപ്പോൾ ആ പ്രകാശത്തിനുള്ളിൽ ഈശോയും പരിശുദ്ധ അമ്മയും പ്രിയപ്പെട്ട ശ്ലീഹന്മാരും ഒക്കെ നിൽക്കുന്നത് കണ്ടു. അലൗകിക സംഗീതം അലയടിക്കവേ ദൈവമാതാവ് കാതറീന്റെ കരം പിടിച്ച് തൻറെ പുത്രനേൽപ്പിച്ചു കൊടുത്തു . ഈശോ കയ്യിലിരുന്ന വെട്ടിത്തിളങ്ങുന്ന മോതിരം അവളുടെ വിരലിലിട്ടിട്ട് പറഞ്ഞു ,” നോക്കൂ,നിന്നെ എന്റെ മണവാട്ടിയായി ഞാൻ സ്വീകരിച്ചിരിക്കുന്നു.ഞാൻ നിന്റെ നാഥനും രക്ഷകനുമായിരിക്കും”. മറ്റാർക്കും കാണാൻ കഴിയില്ലെങ്കിലും ജീവിതാവസാനം വരെ അവൾക്ക് അത് കാണാമായിരുന്നു. മിസ്റ്റിക്കൽ വിവാഹത്തോടെ, അവളുടെ ഏകാന്തജീവിതം അവസാനിപ്പിച്ച് പാവങ്ങൾക്കിടയിലേക്കിറങ്ങി പ്രവര്ത്തിക്കാനുള്ള സമയമായി.
ഈശോ പറഞ്ഞു, ” ഞാൻ ആവശ്യപ്പെടുന്ന അത്രക്കുള്ള സ്നേഹം എനിക്ക് തരാൻ നിനക്ക് സാധിക്കില്ല. പക്ഷെ എനിക്ക് ചെയ്ത് തരാൻ സാധിക്കാത്ത കാര്യങ്ങൾ ചെയ്യാനായി നിനക്ക് ഞാൻ അയൽക്കാരെ തന്നിട്ടുണ്ട്. ലോകത്തിന്റേതായ ചിന്തയില്ലാതെ, ഒരു ലാഭവും നേട്ടവും പ്രതീക്ഷിക്കാതെ, അവരെ സ്നേഹിക്കണം . നീ അവർക്ക് വേണ്ടി ചെയ്യുന്നതെല്ലാം എനിക്കായെന്ന പോലെ ആയിരിക്കും ഞാൻ കാണുക”.
 
കാതറീൻ പുറത്തേക്കിറങ്ങി കാരുണ്യ്പ്രവൃത്തികൾ ചെയ്യാൻ ആരംഭിച്ചു. ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, യേശുവിന് മുപ്പത് കൊല്ലം രഹസ്യജീവിതവും മൂന്നു കൊല്ലം പരസ്യജീവിതവുമായിരുന്നെങ്കിൽ , കാതറിൻ മൂന്നു കൊല്ലത്തെ തൻറെ രഹസ്യജീവിതത്തിനു ശേഷം പുറത്തേക്കിറങ്ങുന്നു, ഈശോയെപ്പോലെ മുപ്പത്തിമൂന്നാം വയസ്സിലാണ് അവൾ മരിച്ചത്.
 
കാതറിൻ പാവങ്ങളെ സഹായിച്ചു, അത്ഭുതപ്രവൃത്തികൾ ചെയ്തു, തടവുകാരെ സന്ദർശിച്ചു. പാവങ്ങൾക്ക് എത്രമാത്രം ഭക്ഷണവും വീഞ്ഞും അവൾ കൊടുത്താലും വീണ്ടും വീണ്ടും പത്തായങ്ങളും വീഞ്ഞുപാത്രവുമൊക്കെ ചിലപ്പോൾ നിറഞ്ഞുവരുന്നത് കാണാമായിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട , അനുതപിക്കാതെ വെറുപ്പ് ഉള്ളിൽ നിറച്ച്, കുമ്പസാരിപ്പിക്കാൻ വന്നവരെ ഓടിച്ച, കുറ്റവാളികൾ പോലും അവളുടെ സംസാരത്തിൽ പശ്ചാത്താപവിവശരായി. തിക്കും തിരക്കും കാരണം മൂന്നു ഡൊമിനിക്കൻ പുരോഹിതരെങ്കിലും ആളുകളെ കുമ്പസാരിപ്പിക്കാനായി അവളെ അനുധാവനം ചെയ്യേണ്ടി വന്നു. ആളുകളുടെ മനസ്സ് വായിക്കാൻ കഴിഞ്ഞിരുന്ന അവൾ വളരെപ്പേരെ മാനസാന്തരപ്പെടുത്തി.
രോഗികൾക്ക് സേവനം ചെയ്യുമ്പോഴത്തെ അവളുടെ ക്ഷമ അവർണ്ണ്യമാണ്‌.
 
കുഷ്ഠരോഗിയായ ഒരു സ്ത്രീയെ ശുശ്രൂഷിക്കാൻ ആരുമില്ലെന്ന് കേട്ട് പരിശുദ്ധകുർബ്ബാനക്ക് ശേഷം അവൾ ആശുപത്രിയിൽ പോയി ആ സ്ത്രീക്ക് വേണ്ടതെല്ലാം ചെയ്യാൻ തുടങ്ങി. തുണികൾ കഴുകി, കുളിപ്പിച്ചു, ഭക്ഷണം തയ്യാറാക്കിക്കൊടുത്തു. രോഗത്തിന്റെ ഭീകരത അറിയാവുന്ന കാതറീന്റെ അമ്മ അതുകേട്ടു പരിഭ്രാന്തയായി. ആദ്യമൊക്കെ നന്ദിയോടെ കണ്ടിരുന്ന കുഷ്ഠരോഗിയായ സ്ത്രീ പോകെപ്പോകെ അത് അവകാശമായി കണ്ട് കാതറീനെ തൊട്ടതിനും പിടിച്ചതിനും ശകാരിക്കാൻ തുടങ്ങി. കാതറിൻ ആണെങ്കിൽ സമചിത്തതയോടെ എല്ലാം നിശബ്ദയായി സഹിച്ചു.ആ സ്ത്രീയുടെ മരണം വരെ അവൾ വേണ്ടതെല്ലാം ചെയ്തുകൊടുത്തു. കുഷ്ഠരോഗലക്ഷണങ്ങൾ കാതറീന്റെ കൈയിൽ കണ്ടെന്നറിഞ്ഞ് അമ്മ ലോപ്പ വാവിട്ടുകരഞ്ഞു. ആരും സഹായിക്കാൻ വരാത്തതിനാൽ കാതറിൻ തന്നെ ആ സ്ത്രീയെ സംസ്കരിച്ചു. കുഷ്ഠരോഗലക്ഷണങ്ങൾ അവളുടെ കയ്യിൽ നിന്ന് അത്ഭുതകരമായി മാഞ്ഞു പോയി .
 
കാൻസർ രോഗിയായ സിസ്റ്റർ ആൻഡ്രിയ, കാതറീന്റെ ശുശ്രൂഷ സ്വീകരിക്കുമ്പോഴും ഉള്ളിൽ അസൂയയും ദുഷ്ചിന്തയും വെച്ച് അവളെപ്പറ്റി അപവാദങ്ങൾ പറഞ്ഞു പരത്തി. അതറിഞ്ഞ് തന്റെ അമ്മ വിലക്കിയിട്ടും അവൾ ആ സിസ്റ്ററിനു നന്മ ചെയ്യുന്നത് നിർത്തിയില്ല. ശത്രുക്കളോട് ക്ഷമിച്ച ക്രിസ്തുസ്നേഹം അവൾ ജീവിച്ചു കാണിച്ചു. സിസ്റ്റർ ആൻഡ്രിയയുടെ മാനസാന്തരത്തിനു വേണ്ടി അവൾ തൻറെ മനോവേദന കാഴ്ചവെച്ചു.ആ സിസ്റ്റർ പശ്ചാത്തപിച്ചു മാപ്പുചോദിച്ച് പരിഹാരങ്ങൾ ചെയ്താണ് മരിച്ചത് .
 
അപവാദങ്ങളും കുറ്റാരോപണങ്ങളും ഏറെ നേരിടേണ്ടി വന്നവൾക്ക്. ദിവ്യകാരുണ്യശേഷം പാരവശ്യത്തിലാണ്ടു പോകുന്നതിനും അഭിനയമാണെന്നു പഴി കേൾക്കേണ്ടിവന്നു. എന്നിരുന്നാലും അവളുടെ വൈശിഷ്ട്യം കണ്ടറിഞ്ഞ് അവളുടെ ശിഷ്യരാവാൻ ഇറങ്ങിപുറപ്പെട്ടവർ വളരെയുണ്ടായിരുന്നു. അവൾ അവരെ ആത്മീയ കുടുംബം എന്നുവിളിച്ചു. അവർ അവളെ ‘അമ്മ’ എന്നും. 1374 ൽ ‘ black death’ എന്നറിയപ്പെട്ടിരുന്ന പ്ളേഗ് പടർന്നുപിടിച്ചപ്പോൾ കാതറിനും അവളുടെ അനുയായികളും രോഗികളെ ഓടിനടന്നു ശുശ്രൂഷിച്ചു. മരിച്ചവരെ സംസ്കരിച്ചു.
 
ഇങ്ങനെ, വളരെയേറെ പറയാനുണ്ട് ഒരു നേട്ടവും പ്രതീക്ഷിക്കാതെയുള്ള കാതറീന്റെ ജീവകാരുണ്യപ്രവൃത്തികളെ പറ്റി.
പ്ളേഗ് മാറിപ്പോയി കഴിഞ്ഞപ്പോൾ സഭയെ ശുദ്ധീകരിക്കാനും നവീകരിക്കാനുമായി ഈശോ അവളെ ക്ഷണിച്ചു. “ഭയപ്പെടാതെ പോകൂ , നീ പൂർത്തീകരിക്കേണ്ടതായിട്ടുള്ള ഒരു ദൗത്യം എനിക്ക് നിന്നെ ഏൽപ്പിക്കാനുണ്ട്. നീ എവിടെ പോയാലും ഞാൻ കൂടെ ഉണ്ടായിരിക്കും. നിന്നെ ഒരിക്കലും കൈവിടാതെ ,നീ ചെയ്യുന്നതെല്ലാം ഞാൻ നിയന്ത്രിക്കും”.
‘അവിഞ്ഞോൺ വിപ്രവാസം’ എന്നറിയപ്പെട്ടിരുന്ന ഒരു കാലഘട്ടം 72 കൊല്ലത്തേക്ക് സഭയിലുണ്ടായിരുന്നു. മാർപ്പാപ്പാമാർ കത്തോലിക്കാസഭയുടെ ആസ്ഥാനം റോമിൽ നിന്ന് ഫ്രാൻസിലെ അവിഞ്ഞോണിലേക്ക് മാറ്റിയതുകൊണ്ടായിരുന്നു ഇത്. റോമിലേക്ക് തിരിച്ചുപോവാൻ പറഞ്ഞ് കാതറിൻ ഗ്രിഗറി പതിനൊന്നാമൻ പാപ്പക്ക് കത്തുകൾ അയച്ചു. പക്ഷെ അനുയായികളുടെ നിസ്സഹകരണവും റോമിലേക്ക് വന്നാൽ അപകടം പറ്റുമെന്ന കിംവദന്തികളും കാരണം പാപ്പ മടങ്ങിവരാൻ സമ്മതിച്ചില്ല . സഭയുടെ ജീർണ്ണതയുടെയും അസ്ഥിരതയുടെയും ആ കാലത്ത് കാതറിൻ പ്രതീക്ഷ കൈവിടാതെ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു.
 
ഒരു ധീരനായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ക്രിസ്‌തുവിന്റെ സഭക്ക് സഹനങ്ങൾ കൂടുമെന്നുള്ള ഗൗരവമായ മുന്നറിയിപ്പ് അവളുടെ കത്തിലൂടെ കാതറിൻ പാപ്പയെ അറിയിച്ചു. അവൾ സ്നേഹത്തോടെ ക്രിസ്തുവിൽ പ്രിയ പിതാവേ എന്ന് അദ്ദേഹത്തെ സംബോധന ചെയ്തപ്പോൾ സ്വയം വിളിച്ചത് ദൈവത്തിന്റെ ദാസന്റെ ദാസിയും അനുരഞ്ജകയും എന്നാണ്. ദൈവമഹത്വത്തിനായും അവന്റെ സൃഷ്ടികളുടെ രക്ഷക്കായും ആയിരം വട്ടം ജീവൻ കൊടുക്കുന്ന നല്ലൊരു ഇടയാനാകാൻ അവൾ പിതാവിനെ ഉത്‌ബോധിപ്പിച്ചു. ബഹുമാനത്തോടെ, പക്ഷെ തീപാറുന്ന വാക്കുകളാണ് അവൾ കത്തിൽ ഉപയോഗിച്ചത് ..നാമഹേതുക വിശുദ്ധനായ വി . ഗ്രിഗറിയെ അനുകരിക്കാൻ പറഞ്ഞ കാതറിൻ , അദ്ദേഹവും പോപ്പിനെപ്പോലെ ഒരു മനുഷ്യനായിരുന്നെന്നും അന്നത്തെ ദൈവത്തിനും മാറ്റമൊന്നുമില്ലെന്നു പറഞ്ഞു. അയൽക്കാരന്റെ രക്ഷക്ക് വേണ്ടിയുള്ള വിശപ്പിന്റെയും ധൈര്യത്തിന്റെയും കുറവേ നമുക്കുള്ളൂ എന്ന് കൂട്ടിച്ചേർത്തു.
ഇതുകൊണ്ടൊന്നും പോപ്പ് റോമിലേക്ക് മടങ്ങാതിരുന്നപ്പോൾ അവൾ അവിഞ്ഞോണിലേക്ക് പോയി പോപ്പിനെ കണ്ടു .എന്താണ് ദൈവത്തിന്റെ ഇഷ്ടമെന്ന് പറയാൻ അവളോട് ആവശ്യപ്പെട്ടപ്പോൾ ‘പിതാവിനല്ലാതെ വേറെ ആർക്കാണ് അത് ഏറ്റവും നന്നായി അറിയുക’ എന്ന് ചോദിച്ചു . ‘പിതാവല്ലേ കർത്താവിനു വാക്ക് കൊടുത്തത് എന്നിട്ടിപ്പോൾ തെറ്റിച്ചു കൊണ്ടിരിക്കുന്നതും?’ . അത് കേട്ടപ്പോൾ പോപ്പിന് അത്ഭുതമായി.അദ്ദേഹം ഒരു കർദ്ദിനാൾ ആയിരിക്കെ ,പോപ്പ് ആവുകയാണെങ്കിൽ റോമിലേക്ക് മടങ്ങുന്നതായിരിക്കും എന്ന് ദൈവതിരുമുൻപിൽ പ്രതിജ്ഞ ചെയ്തിരുന്നു. അത് വേറെയാർക്കും അറിയില്ലായിരുന്നു. അവളിലുള്ള ദൈവിക ഇടപെടലിനെക്കുറിച്ചു ബോധ്യം വന്ന പിതാവ് 72 കൊല്ലങ്ങൾക്കു ശേഷം റോമിലേക്ക് മടങ്ങി.പിന്നീടും വളരെക്കാര്യങ്ങളിൽ അവളുടെ ഉപദേശം പോപ്പ് ആരാഞ്ഞിരുന്നു .ഒരിക്കൽ അവളെ കണ്ട് ഉപദേശം ചോദിക്കാനായി ഒരു സാധാ വൈദികന്റെ വേഷത്തിൽ പരിവാരങ്ങൾ ആരുമില്ലാതെ അവളുടെ താമസസ്ഥലത്തേക്ക് പോവുകയുമുണ്ടായി എന്ന് പറയുന്നു.
 
ഗ്രിഗറി പതിനൊന്നാമൻ പാപ്പ കാതറിനെ ഫ്ലോറൻസ് നഗരത്തിന്റെ പ്രതിനിധിയായി നിയമിച്ചു. കുറേക്കാലമായി അവിടെ അരാജകത്വവും കലാപവും നിലനിന്നിരുന്നു. ഗവൺമെന്റുമായി ചർച്ചകൾ നടത്തുന്നതിനിടയിൽ ഒരു വിഭാഗം ജനം അക്രമാസക്തരായി അവളെ വകവരുത്താൻ വേണ്ടി പുറപ്പെട്ടു വന്നു. അവൾ പതറാതെ മുന്നോട്ടുവന്നു. പക്ഷെ അവർക്ക് വാളെടുത്തു ഒന്നും ചെയ്യാൻ കഴിയാതെ പിന്തിരിഞ്ഞോടേണ്ടി വന്നു. കാതറീന്റെ നിരന്തര പ്രാർത്ഥനയുടെയും ശ്രമങ്ങളുടെയും ഫലമായി 1378 ൽ ഫ്ളോറന്സിൽ ശാന്തിയും സമാധാനവും തിരികെ വന്നു.
 
ഗ്രിഗറി പതിനൊന്നാമൻ പാപ്പക്ക് ശേഷം വന്ന ഊർബൻ അഞ്ചാമൻ പാപ്പയുടെ സമീപനരീതികൾ സഭയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കണ്ട് കാതറിൻ പാപ്പയോട് സ്വാർത്ഥത വെടിഞ്ഞ് എളിമയിലും നന്മയിലും ഉറച്ചുനിൽക്കാൻ പറഞ്ഞെങ്കിലും പാപ്പ അത് തിരസ്കരിച്ചു. പിന്നീട് സഭയിൽ ശീശ്മയുദെ കാലഘട്ടമായിരുന്നു. കർദ്ദിനാളന്മാർ പാപ്പാക്കെതിരായി. ക്ലമന്റ് ഏഴാമൻ എന്ന പേരിൽ സ്വയം പ്രഖ്യാപിത പാപ്പ വന്നു. ആകെ കലുഷിതമായ സാഹചര്യം. കാതറിന് അതെല്ലാം ഹൃദയഭേദകമായിരുന്നു. ഉർബൻ പാപ്പ ഒറ്റപ്പെട്ടു. എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയ പാപ്പ കാതറിനോട് എത്രയും പെട്ടെന്ന് റോമിലെത്താൻ പറഞ്ഞു. സമാധാനദൂതുമായി പുറപ്പെട്ട കാതറിൻ വലിയൊരു സദസ്സിൽ കർദ്ദിനാളുമാരെ അഭിസംബോധന ചെയ്തു. സഭയോടും ക്രിസ്തുവിന്റെ വികാരിയോടും ഉണ്ടായിരിക്കേണ്ട ആദരവിനെക്കുറിച്ചും അവരുടെ ഉത്തരവാദിത്വത്തെ കുറിച്ചുമൊക്കെ പറഞ്ഞ ആ വിനീതകന്യകയുടെ ജ്വലിക്കുന്ന തീക്ഷ്ണതയും പൊള്ളുന്ന വാക്കുകളും അവരുടെ മനസ്സുമാറ്റി. അവളുടെ ധൈര്യവും തീക്ഷ്ണതയും കണ്ട് പോപ്പ് അത്ഭുതപ്പെട്ടു. ശക്തരായവരെ നിന്നെപ്പോലുള്ള ദുർബലരായ എന്റെ ഉപകരണങ്ങളെക്കൊണ്ട് ഞാൻ ലജ്ജിപ്പിക്കും എന്ന് ഈശോ പറഞ്ഞത് അക്ഷരം പ്രതി യാഥാർഥ്യമായി. അടുത്ത വസന്തകാലത്ത് ഉർബൻ പാപ്പ വത്തിക്കാനിലെ വസതിയിൽ പ്രവേശിച്ചു. വിനീതനായി നിഷ്പാദുകനായി ആണ് അദ്ദേഹം അതിനായി പോയത്.
 
ഇതിനിടയിൽ കാതറീന്റെ പിതാവ് മരിച്ചപ്പോൾ അദ്ദേഹത്തിനായി സഹനങ്ങൾ ഏറ്റെടുത്തുകൊണ്ട് നേരിട്ടുള്ള സ്വർഗ്ഗപ്രാപ്തി അവൾ നേടിക്കൊടുത്തു. പക്ഷെ അവളുടെ അമ്മ ഒട്ടും അനുതാപമില്ലാതെ കുമ്പസാരിക്കാതെ മരിച്ചത് അവൾക്ക് വലിയ ദുഖത്തിന് കാരണമായി. അവളുടെ യാചനാഫലമായി അമ്മക്ക് ജീവൻ തിരിച്ചുകിട്ടി. പിന്നീട് അവളുടെ ശിഷ്യയായി തീർന്ന അമ്മ പശ്ചാത്തപിച്ച് പരിഹാരങ്ങൾ ചെയ്ത് സ്വർഗ്ഗപ്രാപ്തിക്കര്ഹയായി.
1375 ൽ പിസയിലെ പള്ളിയിൽ ദിവ്യകാരുണ്യസ്വീകരണത്തിന് ശേഷം പ്രാർത്ഥനയിൽ മുഴുകി ക്രൂശിതരൂപത്തെ നോക്കിയിരിക്കുമ്പോൾ രക്തനിറമുള്ള അഞ്ചു രശ്മികൾ അതിൽ നിന്ന് വന്ന് കാതറിന് പഞ്ചക്ഷതങ്ങളുണ്ടാക്കി. കഠിനവേദനയാൽ അവൾ ബോധരഹിതയായി. ജീവിതകാലത്ത് അവൾക്ക് മാത്രം ദൃശ്യമായിരുന്ന മുറിവുകൾ മരണശേഷം മറ്റുള്ളവർക്ക് കാണാൻ സാധിച്ചു.
 
സഭയിൽ സമാധാനവും ഐക്യവും നിലനിൽക്കാൻ കാതറിൻ അവളുടെ ജീവൻ ദൈവത്തിന് സമർപ്പിക്കാനാഗ്രഹിച്ചു. “ഓ നിത്യദൈവമേ , അങ്ങേ മൗതികശരീരമാകുന്ന പരിശുദ്ധ സഭക്ക് വേണ്ടി എന്റെ ജീവൻ ബലിയായി സ്വീകരിക്കേണമേ “
കാതറീന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയായ ‘സംവാദം’ ( The Dialogue of St. Catherine) നാല് ദിവസം കൊണ്ട്, മരണത്തോടടുക്കാറായപ്പോൾ അവളുടെ അനുയായികളെക്കൊണ്ട് പൂർത്തിയാക്കിച്ചതാണെന്ന് പറയുന്നു. ദൈവത്തിലേയ്ക്കുയരുന്ന മനുഷ്യാത്മാവും ദൈവവുമായുള്ള സംഭാഷണത്തിന്റെ രൂപത്തിൽ എഴുതപ്പെട്ടതാണ് അത്.കാതറീന്റെ കത്തുകൾ ആദ്യകാല ടസ്കൻ സാഹിത്യത്തിലെ മഹത്തായ രചനകളായാണ് കണക്കാക്കപ്പെടുന്നത്.തൻറെ ആത്മീയ പിതാവായ കപ്പുവായിലെ ഫാ. റെയ്മണ്ടിനും ഫ്രാൻസിലേയും ഹംഗറിയിലേയും രാജാക്കന്മാർക്കും ഇറ്റലിയിൽ നേപ്പിൾസിലെ രാജ്ഞിക്കുമെല്ലാം അവൾ കത്തുകളെഴുതിയിരുന്നു.
അവസാനവർഷങ്ങളിൽ ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ചുകൊണ്ടാണ് കാതറിൻ ജീവൻ നിലനിർത്തിയത് . 1380 ന്റെ തുടക്കത്തിൽ സഭയാകുന്ന നൗക അവളെ ഞെരിക്കുന്നതായി അവൾക്ക് ദർശനമുണ്ടായി. അവൾ പൂർണ്ണമനസ്സോടെ തന്നെത്തന്നെ ബലിയായി അർപ്പിച്ചു. തുടർന്ന് അവൾ രോഗബാധിതയായി. ഏപ്രിൽ 21നു പക്ഷാഘാതത്താൽ അരക്കു കീഴ്പ്പോട്ട് ശരീരം തളർന്നു. ഏപ്രിൽ 21ന് മുപ്പത്തിമൂന്നാം വയസ്സിൽ, തൻറെ ദൗത്യം പൂർത്തിയാക്കി അവൾ തൻറെ മണവാളന്റെ അടുത്തേക്ക് പോയി.
 
1461-ൽ പീയൂസ് രണ്ടാമൻ മാർപ്പാപ്പ കാതറീനെ വിശുദ്ധയായി പ്രഖ്യാപിച്ചു. 1940 മേയ് 5-ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ, അസീസിയിലെ വിശുദ്ധ ഫ്രാൻസീസിനൊപ്പം കാതറീനെ ഇറ്റലിയുടെ മദ്ധ്യസ്ഥയായ വിശുദ്ധയാക്കി. 1970-ൽ പോൾ ആറാമൻ മാർപ്പാപ്പ അവളെ ആവിലായിലെ അമ്മത്രേസ്യായോടൊപ്പം വേദപാരംഗതയായി പ്രഖ്യാപിച്ചു.
സഭക്ക് വേണ്ടി ഒരു ബലിയായി തന്നെത്തന്നെ സമർപ്പിക്കാനാഗ്രഹിച്ച , സഭാചരിത്രത്തിലെ ഏറ്റവും മികച്ച മിസ്റ്റിക്കുകളിലൊരാളായ വിശുദ്ധ കാതറിൻ ഓഫ് സിയന്നയുടെ തിരുന്നാൾ ആശംസകൾ എല്ലാവർക്കും നേരുന്നു.
 
ജിൽസ ജോയ് ✍️
Advertisements
Advertisements
Advertisements

One thought on “സഭക്ക് വേണ്ടി എന്റെ ജീവൻ ബലിയായി സ്വീകരിക്കേണമേ

Leave a comment