Spirituality

യേശു ഏകരക്ഷകൻ: മെയ് 1

🙏🔥🙏 യേശുവിന് ഉന്നതസ്ഥാനം നല്‍കാതെ വരുമ്പോള്‍ ലോകം അപകടസ്ഥിതിയിലാകുന്നു.

“അന്ധകാരത്തിൽ സ്ഥിതിചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപ്തി ഉദയം ചെയ്തു.” (മത്തായി 4:16)

യേശു ഏകരക്ഷകൻ: മെയ് 1
മനുഷ്യകുലത്തെ രക്ഷിക്കുവാന്‍ ദൈവത്തിന്റെ ഇടപെടല്‍ അത്യാവശ്യമായിരിന്നു. അതുകൊണ്ടാണ് അവിടുന്ന് തന്റെ എകജാതനായ യേശുക്രിസ്തുവിനെ ലോകത്തിലേക്കയച്ചത്. യേശുവിലൂടെ ദൈവം മാനുഷികമുഖം സ്വീകരിക്കുകയും മനുഷ്യര്‍ക്ക് ദൃശ്യനാവുകയും ചെയ്തു. ഈ ഉന്നതമായ സത്യം തിരിച്ചറിഞ്ഞുകൊണ്ട് ലോകം ക്രിസ്തുവിന് ഒന്നാം സ്ഥാനം നൽകേണ്ടിയിരിക്കുന്നു. എവിടെയെല്ലാം ക്രിസ്തുവിന് ഒന്നാം സ്ഥാനം നല്‍കാതെ വരുന്നോ, അവിടെയെല്ലാം മനുഷ്യമഹത്വം അപകടസ്ഥിതിയിലാകുന്നു.

ലോകചരിത്രത്തില്‍ നിരവധി മഹത് വ്യക്തികള്‍ ജനിക്കുകയും മരിക്കുകയും ചെയ്തിട്ടുണ്ട്; സോക്രട്ടീസിന്റെ ജീവിതവും മരണവും ഒരു ജ്ഞാനിയുടെ ജീവിതവും മരണവുമാണ്. എന്നാല്‍ ക്രിസ്തുവിന്റെ ജീവിതവും മരണവും മനുഷ്യനായി പിറന്ന ദൈവത്തിന്റെ ജീവിതവും മരണവുമാണ്. അവിടുന്ന് മാത്രമേ മരണത്തെ പരാജയപ്പെടുത്തിക്കൊണ്ട് ഉത്ഥാനം ചെയ്തിട്ടുള്ളൂ.

മനുഷ്യന് ദൈവത്തെ സ്നേഹിക്കുവാന്‍ സാധിക്കുന്നതിനു വേണ്ടി സംരക്ഷണമാര്‍ഗ്ഗമില്ലാതെ ശിശുവായി അവിടുന്ന് ലോകത്തിലേക്കു വന്നു. ഇപ്രകാരം ചെറുതാക്കാൻ കഴിയത്തക്കവിധം ദൈവം ശക്തനാണ് എന്ന സത്യം ക്രിസ്തുവിന്റെ ജീവിതത്തിലൂടെയും നമ്മുക്കു മനസ്സിലാക്കുവാൻ സാധിക്കും. അതിനാല്‍ ലോകം അടിയന്തരമായി ക്രിസ്തുവിലേക്ക് കൂടുതല്‍ അടുക്കേണ്ടതായിട്ടുണ്ട്.

“ദൈവത്തിനു ഏറ്റവും ഉന്നതപദവിയുടെ ബഹുമതിയില്ലാത്തിടത്ത് മനുഷ്യമഹത്വം അപകടസ്ഥിതിയിലാണ്. അതുകൊണ്ട് യേശുക്രിസ്തുവില്‍ സ്വയം വെളിപ്പെടുത്തിയ ദൈവത്തിന്റെ യഥാര്‍ത്ഥമുഖം വീണ്ടും കണ്ടെത്താന്‍ നമ്മുടെ സമകാലികരെ നയിക്കുക എന്നത് അടിയന്തരമായ ഒരു ആവശ്യമാണ്.” (ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, 28/08/2005)

🔥വിചിന്തനം
ക്രിസ്തുവിന് നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം എന്താണ്? ക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ യഥാര്‍ത്ഥമുഖം വീണ്ടും കണ്ടെത്തുവാനും അത് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുവാനും നമ്മുക്ക് എന്തു ചെയ്യാന്‍ സാധിക്കും. യേശുക്രിസ്തുവിലൂടെ ദൈവം സ്വയം വെളിപ്പെടുത്തിയിട്ടും, ആ മുഖം തിരിച്ചറിയാതെ അനേകര്‍ ഇന്നും വിഗ്രഹങ്ങളെ ആരാധിച്ചുകൊണ്ട് മതങ്ങള്‍ തോറും ദൈവത്തെ തേടി അലയുന്നു. അവരെല്ലാവരും ഏകരക്ഷകനും ലോകരക്ഷകനുമായ യേശുവിനെ തിരിച്ചറിയുവാനും, അങ്ങനെ ദൈവത്തിന്റെ യഥാർത്ഥ മുഖം കണ്ടെത്തുവാനും വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

🔥ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന

“ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ”. (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.

Advertisements

Categories: Spirituality

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s