Daily Saints

വിശുദ്ധ ഡൊമിനിക്ക് സാവിയോ St. Dominic Savio, May 6

⚜️⚜️⚜️⚜️ May 0️⃣6️⃣⚜️⚜️⚜️⚜️
വിശുദ്ധ ഡൊമിനിക്ക് സാവിയോ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

വടക്കന്‍ ഇറ്റലിയിലെ പിഡ്‌മോണ്ട് പ്രവിശ്യയിലെ ചിയേരി പട്ടണത്തിനടുത്തുള്ള റിവാ എന്ന ഗ്രാമത്തില്‍ 1842 ഏപ്രില്‍ 2നാണ് വിശുദ്ധ ഡൊമിനിക്ക് സാവിയോ ജനിച്ചത്. ദരിദ്രരും കഠിനാദ്ധ്വാനികളും ദൈവഭക്തരുമായിരുന്ന ചാള്‍സ്, ബ്രിജിഡ്‌ ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമത്തവനായിരുന്നു വിശുദ്ധന്റെ ജനനം. ഒരു കൊല്ലപ്പണിക്കാരനായിരുന്നു വിശുദ്ധന്റെ പിതാവായിരുന്ന ചാള്‍സ്. വിശുദ്ധ ഡോണ്‍ ബോസ്കോ രചിച്ച വിശുദ്ധന്റെ ജീവചരിത്രം വഴിയും, ഡൊമിനിക്ക് സാവിയോയുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ വഴിയുമാണ് വിശുദ്ധനെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക്‌ ലഭ്യമായത്.

ഡൊമിനിക്ക് വളരെ സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. ദിവസംതോറും ഏതാണ്ട് 12 മൈലുകളോളം സഞ്ചരിച്ചായിരുന്നു വിശുദ്ധന്‍ സ്കൂളില്‍ പോയിരുന്നത്. തന്റെ കോപത്തിലും മറ്റ് വികാരങ്ങളിലും വിശുദ്ധനു അപാരമായ നിയന്ത്രണം ഉണ്ടായിരുന്നു. ഡൊമിനിക് തന്റെ ഏഴാമത്തെ വയസ്സില്‍ തന്നെ ആദ്യകുര്‍ബ്ബാന സ്വീകരിച്ചു. തന്റെ ആദ്യകുര്‍ബ്ബാന സ്വീകരണത്തിന്റെ ദിവസം അടുത്തപ്പോള്‍ വിശുദ്ധന്‍ നാല് ദൃഡപ്രതിജ്ഞകള്‍ എഴുതിവെച്ചു.

(1) ദൈവം എന്നെ കുമ്പസാരിക്കാന്‍ അനുവദിക്കുന്നിടത്തോളം കാലം ഞാന്‍ കുമ്പസാരിക്കുകയും വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുകയും ചെയ്യും.

2) ഞായറാഴ്ചകളും കടപ്പെട്ട അവധി ദിനങ്ങളും ഞാന്‍ പ്രത്യേകമായി ആചരിക്കും.

(3) യേശുവും, മറിയവുമായിരിക്കും എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍.

( 4) മരിക്കേണ്ടി വന്നാലും ഞാന്‍ പാപം ചെയ്യുകയില്ല. ഇവയായിരുന്നു ആ ആ തീരുമാനങ്ങള്‍.

7 വയസ്സ് മാത്രം പ്രായമുള്ള ഒരു ബാലന്റെ പ്രായത്തില്‍ കവിഞ്ഞ പക്വതയേയാണ് ആ തീരുമാനങ്ങള്‍ വെളിവാക്കിയത്. ഈ തീരുമാനങ്ങള്‍ കര്‍ശനമായി അനുസരിച്ചായിരുന്നു വിശുദ്ധന്‍ പിന്നീട് ജീവിച്ചത്. ചെറുപ്പകാലത്ത് വിശുദ്ധനിലുണ്ടായിരിന്ന എളിമയുടേയും, ദയയുടേയും അഗാധത വെളിവാക്കുന്ന ഒരു സംഭവം- ഒരിക്കല്‍ ഡൊമിനിക്കന്റെ സ്കൂളിലെ സഹപാഠിയായ വിദ്യാര്‍ത്ഥി ഒരു ഗുരുതരമായ തെറ്റ് ചെയ്യുകയും ആ കുറ്റം വിശുദ്ധനില്‍ ആരോപിക്കുകയും ചെയ്തു. അദ്ധ്യാപകന്‍ വിശുദ്ധനെ സ്കൂളില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. ക്ലാസിന്റെ മുന്‍പില്‍ വെച്ച് അദ്ധ്യാപകര്‍ വിശുദ്ധനെ കഠിനമായി ശകാരിച്ചു. വിശുദ്ധന്‍ ഒരക്ഷരവും മിണ്ടാതെ തലകുമ്പിട്ട് നിന്നുകൊണ്ട് അവയെല്ലാം കേട്ടു.

പിന്നീട് കുറ്റക്കാരനെ കണ്ടെത്തിയ അദ്ധ്യാപകന്‍, വിശുദ്ധനെ താന്‍ ശകാരിച്ചതില്‍ കുറ്റബോധം തോന്നുകയും വിശുദ്ധനോട് താന്‍ എന്തുകൊണ്ടാണ് തന്റെ നിരപരാധിത്വം വെളിപ്പെടുത്താതിരുന്നതെന്ന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം കൊടുത്ത മറുപടി ഇപ്രകാരമായിരിന്നു, “മറ്റ് ചില കാരണങ്ങള്‍ മൂലം ആ കുട്ടി ഇതിനോടകം തന്നെ കുഴപ്പത്തിലാണ് എന്ന കാര്യം എനിക്കറിയാമായിരുന്നു. നമ്മുടെ രക്ഷകനായ യേശു അന്യായമായി കുറ്റാരോപിതനായ കാര്യം ഞാന്‍ ഓര്‍ത്തു. ഞാന്‍ നിശബ്ദനായി നില്‍ക്കുകയാണെങ്കില്‍ അത് അവന് മറ്റൊരു അവസരം കൂടി നല്‍കും.” ഇയിരുന്നു വിശുദ്ധന്റെ മറുപടി. ഈ സംഭവം നടക്കുമ്പോള്‍ വിശുദ്ധനു വെറും 11 വയസ്സ് മാത്രമായിരുന്നു പ്രായം. 1854 ഒക്ടോബറിന്റെ ആരംഭത്തില്‍ ഡൊമിനിക്ക് സാവിയോ, വിശുദ്ധ ഡോണ്‍ബോസ്‌കോയുടെ ടൂറിനിലുള്ള വിശുദ്ധ ഫ്രാന്‍സിസ്‌ ഡി സാലെസ്‌ സ്കൂളില്‍ ചേര്‍ന്നു.

ഡൊമിനിക്കിന്റെ ജീവിതത്തിലെ മറ്റൊരു സംഭവം:- 1854 ഡിസംബര്‍ 8ന് പിയൂസ്‌ ഒമ്പതാമന്‍ പാപ്പാ ‘മാതാവിന്റെ അമലോത്ഭവ ഗര്‍ഭധാരണമെന്ന’ സിദ്ധാന്തം പ്രഖ്യാപിച്ചു. വിശുദ്ധ ഡോണ്‍ബോസ്‌കോയും, സലേഷ്യന്‍ സന്യാസിമാരും, ഡൊമിനിക്ക് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളും ആ ദിവസത്തിന്റെ ആഘോഷത്തിനായി നല്ല രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്തി. മുഴുവന്‍ സമൂഹവും ദേവാലയത്തില്‍ ഒന്നിച്ച് കൂടുകയും, പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും അവര്‍ തങ്ങളെ തന്നെ പരിശുദ്ധ അമ്മയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്തു. ആ അവസരത്തില്‍ ഡൊമിനിക്ക് തന്റെ ആദ്യകുര്‍ബ്ബാന സമയത്ത് താന്‍ ചെയ്ത തീരുമാനങ്ങളെ കുറിച്ച് ഓര്‍ക്കുകയും അവയെ പുതുക്കുകയും ചെയ്തു. “ആ ദിവസം മുതല്‍, ഡൊമിനിക്ക് നന്മയില്‍ വളരെയേറെ പുരോഗമിച്ചു, അവനെ കുറിച്ച് ഞാന്‍ ശ്രദ്ധിച്ചകാര്യങ്ങളെല്ലാം ഞാന്‍ എഴുതിവെക്കുക പതിവായിരുന്നു”. വിശുദ്ധ ഡോണ്‍ ബോസ്കോയുടെ വാക്കുകളാണിവ.

1855-ലെ നോമ്പ് കാലത്തെ രണ്ടാം ഞായറാഴ്ച, വിശുദ്ധ ഡോണ്‍ബോസ്‌കോ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പാകെ വിശുദ്ധന്‍മാരെ കുറിച്ചൊരു പ്രഭാഷണം നടത്തി. ആ പ്രഭാഷണം ഡൊമിനിക്ക് സാവിയോയുടെ മനസ്സില്‍ പതിയുകയും ഒരു വിശുദ്ധനായി തീരണമെന്ന ആഗ്രഹം അവനില്‍ ഉദിക്കുകയും ചെയ്തു. ഒരു വിശുദ്ധനാകണമെന്ന ലക്ഷ്യത്തോടു കൂടി അവന്‍ തന്റെ ദൗത്യങ്ങളെല്ലാം വളരെയേറെ സന്തോഷത്തോടും കൃത്യമായും നിര്‍വഹിച്ചു.

തന്റെ സഹപാഠികള്‍ക്കെല്ലാം വിശുദ്ധന്‍ ഒരു മാതൃകയായിരുന്നു. ക്രിസ്തുവിനു വേണ്ടി സഹനം അനുഭവിക്കുന്നതിനായി വിശുദ്ധന്‍ തന്റെ കിടക്കയില്‍ കൂര്‍ത്ത പാറകഷണങ്ങളും, ലോഹ കഷണങ്ങളും വിതറിയിട്ടായിരുന്നു ഉറങ്ങിയിരുന്നത്. വിശുദ്ധ ഡോണ്‍ബോസ്‌കോയുടെ സ്കൂളിലെ വിദ്യാഭ്യാസം വിശുദ്ധനെ വളരെയേറെ പക്വതയില്‍ വളരുവാന്‍ സഹായിച്ചു. അധികം താമസിയാതെ ഡൊമിനിക്ക് വിശുദ്ധ ഡോണ്‍ബോസ്‌കോയുടെ യൂത്ത് മിനിസ്ട്രിയില്‍ അംഗമായി ഒരു യുവ പ്രേഷിതനായി മാറി.

ഒരിക്കല്‍ വിശുദ്ധന്‍ പഠിക്കുന്ന സ്കൂളിലെ രണ്ട് കുട്ടികള്‍ തമ്മില്‍ ഒരു വാക്ക്‌ തര്‍ക്കമുണ്ടാവുകയും, അക്കാലത്തെ പതിവനുസരിച്ചു പരസ്പരം കല്ലെറിഞ്ഞുള്ള യുദ്ധം വഴി തങ്ങളുടെ തര്‍ക്കത്തിന് പരിഹാരം കണ്ടെത്തുവാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതറിഞ്ഞ ഡൊമിനിക്ക് അവരോടു അപ്രകാരം ചെയ്യരുതെന്നപേക്ഷിച്ചെങ്കിലും അവര്‍ അത് ചെവികൊണ്ടില്ല. തുടര്‍ന്ന് പരസ്പരം കല്ലെറിയുവാന്‍ തയ്യാറായി നില്‍ക്കുന്ന അവരുടെ മധ്യത്തില്‍ ക്രൂശിതരൂപവും കയ്യില്‍ പിടിച്ചുകൊണ്ട് വിശുദ്ധന്‍ നിലയുറപ്പിച്ചു. അവരോടു തന്റെ കയ്യില്‍ പിടിച്ചിരിക്കുന്ന ക്രൂശിതരൂപത്തില്‍ നോക്കികൊണ്ട് ആദ്യത്തെ കല്ല്‌ തനിക്ക്‌ നേരെയെറിയുവാന്‍ വിശുദ്ധന്‍ ആവശ്യപ്പെട്ടു.

അതിന് കഴിയാത്ത ആ കുട്ടികള്‍ തങ്ങളുടെ വൈരാഗ്യം മറന്നു പരസ്പരം സ്നേഹത്തിലായി. ആ കുട്ടികളില്‍ ഒരാള്‍ പിന്നീട് ഇപ്രകാരം പറയുകയുണ്ടായി, “ആ നിമിഷതില്‍, എന്റെ എല്ലാ ധൈര്യവും ചോര്‍ന്ന്‍ പോയി, ഒരു കുളിരനുഭവപ്പെട്ടു. ഡൊമിനിക്ക് അത്തരമൊരു പ്രവര്‍ത്തി ചെയ്യുവാന്‍ കാരണമായതിനാല്‍ ഞാന്‍ ലജ്ജിച്ചു. എന്നെ അധിക്ഷേപിച്ച ആ കുട്ടിക്ക്‌ ഞാന്‍ മാപ്പ് നല്‍കുകയും, ഡൊമിനിക്കിനോട് തന്റെ കുമ്പസാരം കേള്‍ക്കുവാന്‍ ഒരു നല്ല പുരോഹിതനെ കാണിച്ചു തരുവാന്‍ അവശ്യപ്പെടുകയും ചെയ്തു.”

മാതാവിന്റെ അമലോത്ഭവ ഹൃദയത്തോടു വിശുദ്ധന് ഒരു പ്രത്യേക സ്നേഹം വെച്ചു പുലര്‍ത്തിയിരുന്നു. “മറിയമേ ഞാന്‍ എപ്പോഴും നിന്റെ മകനായിരിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്റെ വിശുദ്ധിക്ക് എതിരായി ഒരു ചെറിയ പാപമെങ്കിലും ചെയ്യേണ്ടി വരികയാണെങ്കില്‍, അതിന് പകരം എന്നെ മരിക്കുവാന്‍ അനുവദിക്കുക.” പരിശുദ്ധ അമ്മയോട് വിശുദ്ധന്‍ പ്രാര്‍ത്ഥിച്ചിരുന്നത് ഇങ്ങനെയായിരിന്നു.

എല്ലാ വെള്ളിയാഴ്ചകളിലും വിശുദ്ധന്‍ ദേവാലയത്തില്‍ പോയി പ്രാര്‍ത്ഥിക്കുമായിരുന്നു. മാതാവിനോടുള്ള വിശുദ്ധന്റെ ഭക്തിയെകുറിക്കുന്ന ഒരു സംഭവം ഇവിടെ കുറിക്കുന്നു. ഡൊമിനിക്കിന്റെ കിടപ്പ്മുറിയിലെ കുട്ടികള്‍ എല്ലാവരും കൂടി മെയ്‌ മാസത്തില്‍ മാതാവിനെ വണങ്ങുവാനായി മാതാവിന്റെ ഒരു ചെറിയ കോവില്‍ പണിയുവാന്‍ തീരുമാനിച്ചു. വിശുദ്ധന്‍ ഇതില്‍ വളരെയേറെ ആവേശഭരിതനായിരുന്നു. എന്നാല്‍ ഒരു ചില്ലികാശ് പോലും അതിന്റെ നിര്‍മ്മാണത്തിനായി നല്‍കുവാന്‍ തന്റെ കയ്യില്‍ ഇല്ലെന്ന് മനസ്സിലാക്കിയ വിശുദ്ധന്‍ ആരോ തനിക്ക്‌ സമ്മാനമായി നല്‍കിയ ഒരു പുസ്തകം സംഭാവനയായി നല്‍കിയിട്ട് പറഞ്ഞു “ഇപ്പോള്‍ മറിയത്തിനായി ഞാന്‍ എന്റെ പങ്കും നല്‍കി. ഈ പുസ്തകം സ്വീകരിക്കുകയും, വില്‍ക്കുകയും ചെയ്യുക.”

ഈ പ്രവര്‍ത്തി മറ്റ് കുട്ടികള്‍ക്ക്‌ ഒരുപാട്‌ ഇഷ്ടമാവുകയും അവരും തങ്ങളുടെ കയ്യിലെ പുസ്തകങ്ങള്‍ സംഭാവനയായി നല്‍കുകയും ചെയ്തു. എന്നാല്‍ പരിശുദ്ധ അമ്മയുടെ തിരുനാളിനു മുന്‍പായി അതിന്റെ അലങ്കാര പണികള്‍ തീര്‍ക്കുവാന്‍ തങ്ങള്‍ക്ക്‌ കഴിയുകയില്ലെന്ന് തോന്നിയപ്പോള്‍ ആ രാത്രിമുഴുവന്‍ ഉറക്കമിളച്ചുകൊണ്ടു അത് അലങ്കരിച്ചു തീര്‍ക്കുവാന്‍ ഡൊമിനിക്ക് തയ്യാറായി. എന്നാല്‍ ക്ഷയ രോഗത്തെ തുടർന്ന് അവന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ മറ്റുള്ള കുട്ടികള്‍ ഡോമിനിക്കിനോട് ഉറങ്ങുവാന്‍ ആവശ്യപ്പെട്ടു. “പക്ഷേ നിങ്ങള്‍ പണിഞ്ഞു കഴിയുമ്പോള്‍ എന്നെ വിളിച്ചെഴുന്നേല്‍പ്പിക്കണം, മാതാവിനായി നാം പണിയുന്ന കോവില്‍ ആദ്യമായി കാണുന്ന ആള്‍ ഞാനായിരിക്കണം” എന്നു പറഞ്ഞുകൊണ്ടാണ് വിശുദ്ധന്‍ ഉറങ്ങുവാന്‍ പോയത്‌.

ഇതിനോടകം തന്നെ വിശുദ്ധനെ ക്ഷയം രോഗം കൂടുതലായി ബാധിച്ചിരുന്നു. ഓരോ ദിവസവും മുന്നോട്ട് പോകും തോറും വിശുദ്ധന്റെ രോഗാവസ്ഥ കൂടുതലായി മൂർഛിച്ചു കൊണ്ടിരുന്നു.1857 ൽ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ വിശുദ്ധ ഡൊമിനിക്ക് സാവിയോ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1954 ൽ പിയൂസ് 12മൻ ഡോമിനിക്കിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. റോമായിലെ ബെനദിക്താ

2. ലിന്‍ടിസുഫാനിലെ എയാഡ്ബെര്‍ട്

3. ഹംഗറിയിലെ എലിസബത്ത് ജൂനിയര്‍

4. അന്തിയോക്യായിലെഎവോഡിയൂസ്

5. ആഫ്രിക്കക്കാരായ ഹെലിയോ ഡൊറൂസും വെനുസ്തൂസും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
St. Dominic Savio
Advertisements
St Dominic Savio
Advertisements

Categories: Daily Saints, Saints

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s