എനിക്ക് മനസ്സുണ്ട്

കഷ്ടപ്പെട്ട് ബസിൽ കേറി. ഉള്ളിൽ നോക്കിയപ്പോൾ ശോകം.ഒരു സീറ്റ് പോലും ഒഴിവില്ല. അങ്ങനെ കൊറേ നേരം പോസ്റ്റായി അവ്ടെ നിന്നു.

ഔ, ഒരാൾ എണീക്ക്ണ്ട്. ന്നാലും കാര്യല്ല്യ. അയാൾടെ അടുത്ത് നിൽക്കുന്ന ആള് എന്നെക്കാൾ മുൻപ് ബസിൽ കേറീതാ.

പക്ഷെ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. നിന്നിരുന്ന ആൾ എന്നോട് അവ്ടെ ഇരുന്നോളാൻ പറഞ്ഞ് കൈകാട്ടി വിളിച്ചു.താങ്ക്സ് പറഞ്ഞ് കിട്ടിയ താപ്പിന് ഞാൻ ചാടിക്കേറി ഇരുന്നു. ന്നാലും ഇയാളെന്തേ ഇരിക്കാഞ്ഞേ? ചെലപ്പോ അടുത്ത സ്റ്റോപ്പിൽ ഇറങ്ങാനായിരിക്കും. ഞാനെന്റെ ഫോണെടുത്ത് സ്ക്രോൾ ചെയ്ത് റിലാക്സ് ആയി ഫേസൂക്കിന്റെ ലോകത്ത് അങ്ങനിരുന്നു.

പക്ഷെ അടുത്ത സ്റ്റോപ്പെത്തീട്ടും അയാളെറങ്ങീല്യ. പിന്നെയും അതെന്നെ ചെയ്തോണ്ടിരുന്നു. അയാൾക്ക് കിട്ടുന്ന സീറ്റൊക്കെ വേറെ ആളുകളെ വിളിച്ചുകൊടുത്തു. ആളെ കാണുമ്പോ ഒരു സാധാരണക്കാരൻ. ഒരു ദിവസത്തെ പണി കഴിഞ്ഞ് വീട്ടിലേക്കു പോവാന്ന് തോന്നുന്നു. കയ്യിൽ ഒരു സഞ്ചിയിൽ കുറച്ചു സാധനങ്ങളുണ്ട് . അയ്യോ, അത് പിടിക്കണോ എന്നുപോലും ഞാൻ ചോദിച്ചില്ല. ഫോണിൽ കുത്തിയിരുന്നാൽ ഇതാണ് പ്രശ്നം. കാണേണ്ടതൊന്നും കാണൂല. അല്ലേലും കൊറോണക്കാലം വന്നേൽപിന്നെ ഈ വക സഹായങ്ങളൊന്നും ഇല്ലല്ലോ.

അങ്ങനെ ലാസ്‌റ് സ്റ്റോപ്പായി.അയാളും ഞാനും ഇറങ്ങി നടന്നു. വേഗത്തിൽ നടക്കുന്ന അയാളുടെ ഒപ്പമെത്തിയ ഞാൻ കൊറെ നേരായിട്ട് ഉള്ളിൽ കെട്ടിനിന്ന ചോദ്യം ചോദിച്ചു, “എന്തെ കിട്ടിയ സീറ്റിലൊന്നും ഇരിക്കാതെ വേറെ ആൾക്കാർക്ക് കൊടുത്തെ? ഇത്രേം ദൂരം നിക്കേണ്ടി വന്നില്ലെ ?

അയാളുടെ ഉത്തരം എന്നെ മൊത്തത്തിലൊന്നു കുലുക്കി.

അയാൾ പറഞ്ഞു, “മ്മളീ പഠിപ്പും അറിവും ഒന്നുല്ല്യാത്ത ആളാണെ. ആകെ അറിയൺത്‌ കൂലിപ്പണി. ആരേം പൈസ കൊടുത്ത് സഹായിക്കാനൊന്നും മ്മക്ക് കുട്ട്യേക്കൂടില്ല. അപ്പൊ ഞാനെന്നും ഇങ്ങന്യങ്ക്ട് ചെയ്യും.ഇതിനിപ്പോ വേറെ പ്രത്യേകിച്ച് ചെലവൊന്നൂല്ല്യല്ലാ.

ഒരു ദിവസം ഫുള്ള് പണിയെട്ത്താ വരണേന്ന്ണ്ടെങ്കിലും എനിക്ക് കൊറച്ച് നേരം നിക്കണോണ്ട് വെല്യ കൊഴ്പ്പൊന്നില്ല്യ. ഞാൻ സീറ്റ് തന്നപ്പോ ങ്ങള് താങ്ക്സ് പറഞ്ഞില്ലേ ? അപ്പൊ എനിക്ക് തോന്നി ഞാനും ആർക്കേലും ഒക്കെ എന്തേലും കൊടുത്തൂന്ന്.ഞാനെന്നും ഇങ്ങനെന്ന്യാ ചെയ്യണേ . വീട്ടില്ക്ക് പോവുമ്പോ നല്ലൊരു മനസ്സുഖാ.എന്നെക്കൊണ്ട് പറ്റണ നന്മ ഞാനും ചെയ്യ്ണ്ടല്ലോ. ആൾക്കാര്‌ ഹാപ്പ്യാവ്ണ്ടല്ലോ ഞാൻ കാരണം. അപ്പൊ ഞാനും ഹാപ്പി”.

ഒന്നും പറയാൻ പറ്റാതെ, അയാളുടെ പിന്നാലെ ഞാൻ പതിയെ നടന്നു”…..

ഗോഡ്ഫാദർ സിനിമയിൽ ജഗദീഷിന്റെ കഥാപാത്രമായ മായിൻകുട്ടി കോളേജിലെ പരിപാടിക്ക് പിരിവെടുക്കുന്ന ഒരു സീന്ണ്ട്. ‘മേഴ്‌സീ, ഞങ്ങളോട് കുറച്ച് മേഴ്സി കാണിക്കൂ’ ന്ന് പറയുമ്പോ മേഴ്സി പറയും ‘ഇല്ല , ഒന്നൂല്ല’. അപ്പൊ തിരിച്ചൊരു ചോദ്യം. ‘മനസ്സില്ലെന്നാണോ കാശില്ലെന്നാണോ?’

കാശില്ലാത്തോർക്കും മനസ്സുണ്ടെങ്കിൽ സഹായിക്കാനും കൊടുക്കാനും പറ്റും…

മ്മടെ കർത്താവും പറഞ്ഞട്ടുണ്ട് ‘എനിക്ക് മനസ്സുണ്ട്’.

നിങ്ങക്ക് മനസ്സ്ണ്ടോ? കാശ് വേണ്ട, മനസ്സ് മതീന്നെ ലിഫ്റ്റിൽ കൂടെയുള്ളവരുടെ മുഖം നോക്കാനോ ഒന്ന് ചിരിക്കാനോ പോലും കഴിയാത്തവരുടെ ഈ ലോകത്തിൽ കുറച്ചു മാറ്റം ഒക്കെ വരുത്താൻ. നിങ്ങളുടെ ഹൃദയം തുറന്നുള്ള ഒരു പുഞ്ചിരിക്ക് പോലും വേദന ഉണക്കാനുള്ള കഴിവുണ്ട്. അപ്പൊ ഒന്ന് ശ്രമിച്ചു നോക്ക്യേ . മനസ്സ് തുറന്ന്, കഴിവുള്ള നന്മ നമ്ക്കങ്ക്ട് ചെയ്യാന്നെ.

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment