Jilsa Joy

ഡോൺ ഡോലിൻഡോക്ക് ഈശോ തന്നെ പറഞ്ഞുകൊടുത്ത നൊവേന

(ഈശോ തന്നെ പറഞ്ഞുകൊടുത്തെന്നു പറയപ്പെടുന്ന ഒരു നൊവേന മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണിത് . നൊവേന ചൊല്ലാൻ പറ്റാത്തവർ ഒരു പ്രാവശ്യം ഇത് വായിക്കുകയെങ്കിലും ചെയ്യുന്നത് പ്രാർത്ഥനയെപ്പറ്റിയുള്ള ഈശോയുടെ മനോഭാവം അറിയാൻ വളരെ സഹായിക്കും)

ആമുഖം

“ധൈര്യമായിരിക്കുവിൻ,ഞാനാണ് ; ഭയപ്പെടേണ്ട!”

ഗലീലിക്കടലിൽ കൊടുങ്കാറ്റിനെ അതിജീവിക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്ന ശിഷ്യർ അവരുടെ നേരെ നടന്നടുക്കുന്ന ഈശോയെകണ്ട് ഭയന്നു കരഞ്ഞപ്പോൾ അവരെ ധൈര്യപ്പെടുത്താനായി ഈശോ പറഞ്ഞതാണീ വാക്കുകൾ. ഇതുപോലെ വീശിയടിക്കുന്ന ചില കൊടുങ്കാറ്റുകൾ, മാനുഷികമായ നമ്മുടെ കഴിവുകൾ കൊണ്ട് ഒരു പരിഹാരവും കാണാനാവാത്ത ഇതുപോലുള്ള ചില നിമിഷങ്ങൾ, കൂടിയോ കുറഞ്ഞോ നമ്മുടെ ജീവിതത്തിലും ഉണ്ടാവാറില്ലേ ? പ്രത്യേകിച്ച് കുറച്ചു കാലമായി വലിയ ഉത്കണ്ഠയും അനിശ്ചിതത്വവുമാണ് എല്ലാ ഭൂഖണ്ഡങ്ങളിലും പകർച്ചവ്യാധി കാരണം ഉണ്ടായിരിക്കുന്നത്. നമുക്ക് അപ്പസ്തോലന്മാരിൽ നിന്ന് പഠിക്കാം.

സുവിശേഷത്തിൽ, പതിനാലാം അദ്ധ്യായത്തിൽ,വിശുദ്ധ മത്തായി കർത്താവ് എങ്ങനെയാണ് തൻറെ ശിഷ്യരെ രക്ഷിക്കാൻ വന്നതെന്ന് വിവരിക്കുന്നു. ‘പത്രോസ് അവനോട് പറഞ്ഞു,”കർത്താവേ , അങ്ങാണെങ്കിൽ ഞാൻ ജലത്തിന് മീതേക്കൂടി അങ്ങയുടെ അടുത്തേക്ക് വരാൻ കല്പിക്കുക” “വരൂ” അവൻ പറഞ്ഞു. പത്രോസ് വഞ്ചിയിൽ നിന്നിറങ്ങി വെള്ളത്തിന് മുകളിലൂടെ യേശുവിന്റെ അടുത്തേക്ക് നടന്നുചെന്നു’. തൻറെ ഗുരുവും കർത്താവുമായവനിൽ അവൻ കാണിച്ച ആഴമായ വിശ്വാസം ഒരു അത്ഭുതം പ്രവർത്തിക്കാനുള്ള വഴി തെളിച്ചു. കൊടുങ്കാറ്റിനെയും തിരമാലകളെയും ശ്രദ്ധിക്കാതെ യേശുവിനെ മാത്രം നോക്കിക്കൊണ്ട് അപ്പസ്തോലൻ നടന്ന നേരമത്രയും അവന് വെള്ളത്തിനു മുകളിലൂടെ നടക്കാൻ സാധിച്ചു. പക്ഷെ എപ്പോഴാണോ അവന്റെ ശ്രദ്ധ യേശുവിൽ നിന്ന് മാറി ശക്തിയേറിയ കാറ്റിൽ പതിഞ്ഞത്, ഒരിക്കൽ കൂടി ഭയം അവനെ കീഴടക്കി. വെള്ളം ഇപ്പോൾ അവനെ താങ്ങുന്നില്ലെന്നു കണ്ട് അവൻ നിലവിളിച്ചു, “കർത്താവേ , രക്ഷിക്കണേ”. ഉടനെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ട് പറഞ്ഞു,” അല്പവിശ്വാസീ, നീ സംശയിച്ചതെന്ത്?”

അങ്ങനെയൊരു കൊടുങ്കാറ്റുണ്ടായ സമയത്തും ധൈര്യപൂർവ്വം ബോട്ടിനു പുറത്തേക്കിറങ്ങിയ ആളോടാണ് ഇത് പറഞ്ഞതെന്നുള്ളത് അത്ഭുതപ്പെടുത്തുന്നതാണ്. പക്ഷെ ഇതുപോലുള്ള വലിയ കൊടുങ്കാറ്റുകളിൽ നിന്ന് നമ്മെ രക്ഷിക്കാൻ നേരം, ദൈവം നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്ന ആഴമേറിയ ശരണപ്പെടലിനെ ഇത് വ്യക്തമായി കാണിച്ചു തരുന്നു.

നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ സമയവും ഇതുപോലെ കടലിലുള്ള കൊടുങ്കാറ്റിനോട് താരതമ്യപ്പെടുത്താമെന്നിരിക്കെ , പ്രിയപ്പെട്ട കൂട്ടുകാരെ , സഭയുടെ ആത്മീയനിധിയിൽ നിന്നൊരു രത്നത്തെ നിങ്ങൾക്ക് സമ്മാനിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പരിധിയില്ലാത്ത ഈ ശരണപ്പെടലും വിശ്വാസവും അത് നമ്മെ പഠിപ്പിക്കട്ടെ. വിശുദ്ധനായ ഒരു ഇറ്റാലിയൻ പുരോഹിതനായ ഡോൺ ഡൊലിൻഡോ റൊത്തോളോക്ക് ഈശോ തന്നെ പറഞ്ഞുകൊടുത്ത വാക്കുകളാണ് ഈ നൊവേനയിലുള്ളത്.

ഡോൺ ഡോലിൻഡോ റോത്തോളോ

(1882-1970)

“സ്വർഗ്ഗം മുഴുവൻ നിങ്ങളുടെ ആത്മാവിലുണ്ട് “,1953 ഒക്ടോബർ 16 ന് സാൻ ജോവാനി റൊതോണ്ടോയിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ വിശുദ്ധ പാദ്രെ പിയോ, ഡോൺ ഡൊലിൻഡോ റോത്തോളോയോട് പറഞ്ഞ വിസ്മയകരമായ വാക്കുകളാണിവ, കാരണം ഈ പുരോഹിതനിൽ രൂഢമൂലമായിരുന്ന ആത്മീയമഹത്വം ദൈവികപ്രകാശത്തിൽ അദ്ദേഹത്തിന് കാണാൻ കഴിഞ്ഞു. അതുകൊണ്ട് തൻറെ ഉപദേശത്തിനായി നേപ്പിൾസിൽ നിന്ന് വന്നവരെയൊക്കെ ഇങ്ങനെ പറഞ്ഞുകൊണ്ട് പാദ്രെ പിയോ തിരിച്ച് വീട്ടിലേക്കയച്ചു,”എന്തിനാണ് നിങ്ങൾ ഇങ്ങോട്ട് വരുന്നത്‌ ? നിങ്ങൾക്ക് അവിടെ ഡോൺ ഡൊലിൻഡോയുണ്ട് ,ആളുടെ അടുത്തേക്ക് പോകൂ, അദ്ദേഹമൊരു വിശുദ്ധനാണ്”.

ദൈവദാസനായ ഡോൺ ഡൊലിൻഡോ വിശുദ്ധ പാദ്രെ പിയോയുടെയത്ര പ്രസിദ്ധനായിരുന്നില്ല കാരണം പുറത്തു കാണാവുന്ന തരത്തിൽ പഞ്ചക്ഷതങ്ങളോ രോഗസൗഖ്യം കൊടുക്കുന്ന അത്ഭുതങ്ങളോ അദ്ദേഹത്തിന് കാണിക്കാനുണ്ടായിരുന്നില്ല. പകരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും അനീതിയും അധിക്ഷേപങ്ങളും അദ്ദേഹം വളരെയധികം സഹിക്കേണ്ടി വന്ന മനുഷ്യനായിരുന്നു അദ്ദേഹം . ദൈവത്തിന് പ്രായശ്ചിത്തമായി അർപ്പിച്ച തൻറെ ജീവിതം കൊണ്ട് ഈ പുരോഹിതൻ എണ്ണമില്ലാത്ത ആത്മാക്കളുടെ ആത്മീയോപദേഷ്ടാവായി , അവർക്ക് സഹായവും ആശ്വാസവുമായിത്തീർന്നു.

ഈ ദിവസം വരേയ്ക്കും ലൊകമെമ്പാടുമുള്ള വിശ്വാസികൾ നേപ്പിൾസിലുള്ള സാൻ ജൂസെപ്പെ ദേയ് വേക്കി ദേവാലയത്തിൽ ഈ വിശുദ്ധനായ വൈദികന്റെ മാർബിൾ കല്ലറയിൽ ഒന്ന് തൊട്ട് സഹായം അഭ്യർത്ഥിക്കാനായി വന്നുകൊണ്ടിരിക്കുന്നു കാരണം ഡോൺ ഡൊലിൻഡോ വാക്ക് കൊടുത്തിരുന്നു ,” എന്റെ കല്ലറയിൽ വന്ന് മുട്ടിവിളിക്കു, ഞാൻ നിങ്ങൾക്ക് ഉത്തരം തരും”.

വിസ്മയകരമാം വിധം സമ്പന്നമായ ഒരു ആത്മീയപൈതൃകം ഡോൺ ഡൊലിൻഡോ ബാക്കിവെച്ചു. 33 വാല്യങ്ങളായി ബൈബിളിനെയും ദൈവശാസ്ത്രവും, മിസ്റ്റിക്കൽ സാഹിത്യങ്ങളെയുമൊക്കെ അടിസ്ഥാനമാക്കി ഒരു തത്സമയവിവരണം പോലെ ക്രോഡീകരിച്ചുണ്ടാക്കി. പ്രബുദ്ധനായ ആത്മീയഡയറക്ടറും ഇടയനുമാവാൻ അദ്ദേഹത്തിന് ലഭിച്ച കൃപ എണ്ണമറ്റ കത്തുകളിൽ തെളിഞ്ഞുകാണാം.

പക്ഷെ അദ്ദേഹത്തിന്റേതായുള്ള എല്ലാ പ്രബന്ധങ്ങളിലും വെച്ച് രത്നം എന്ന് വിളിക്കാവുന്നത് ഈശോ തന്നെ വെളിപ്പെടുത്തിക്കൊടുത്ത ‘സമർപ്പണപ്രകരണം’ ആണ് . അത് വെളിപ്പെടുത്തിയത് ഈശോ തന്നെ ആണെന്നതിനാൽ വിവരിക്കാൻ കഴിയാത്തത്ര ആശ്വാസവും ആന്തരികസമാധാനവും തരുന്ന ഒന്നാണത്. ഞങ്ങൾ അതിനെ ഒൻപത് ദിവസത്തെ നൊവേനയാക്കി വിഭജിച്ചിട്ടുണ്ട്.

നൊവേന ചൊല്ലേണ്ട രീതി

ഈശോ ആത്മാവിനോട് പറയുന്ന വാക്കുകളുടെ അനുദിന വായന കഴിഞ്ഞുള്ള ധ്യാനത്തിന് ശേഷം ശിശുക്കളുടേത് പോലുള്ള വിശ്വാസത്തോടു കൂടി ഈശോയിൽ ശരണപ്പെട്ടുകൊണ്ട് 10 പ്രാവശ്യം ഇതേറ്റുപറയണം,

‘ഓ ഈശോയെ , ഞാനെന്നെതന്നെ അങ്ങേക്ക് സമർപ്പിക്കുന്നു, ഇതേറ്റെടുക്കണമേ’

Day 1

നിന്നെ മുഴുവനായും എനിക്ക് സമർപ്പിക്കുക

( ഈശോ ആത്മാവിനോട് സംസാരിക്കുന്നു )

അസ്വസ്ഥയായി നിന്നെത്തന്നെ പര്യാകുലയാക്കുന്നതെന്തിന് ? കാര്യങ്ങളെല്ലാം എനിക്ക് വിട്ടുതരിക എങ്കിൽ എല്ലാം ശരിയാകും. സത്യമായി ഞാൻ പറയുന്നു ആത്മാർത്ഥതയോടെ, അന്ധമായി, പൂർണ്ണമായി, എനിക്ക് വിട്ടുതരുന്ന ഓരോ പ്രവൃത്തിയും വഴി നിങ്ങൾ ആഗ്രഹിക്കുന്നത്‌ ലഭിക്കുകയും മുള്ള് നിറഞ്ഞ എല്ലാ സാഹചര്യങ്ങൾക്കും പരിഹാരമാവുകയും ചെയ്യും.

എനിക്ക് വിട്ടുതരുന്നത് , നിങ്ങൾ ചിന്താക്കുഴപ്പത്തിലാവാനോ ആശങ്കപ്പെടാനോ നിരാശപ്പെട്ടിരിക്കാനോ വേണ്ടിയല്ല മറിച്ചു് നിങ്ങളുടെ അസ്വസ്ഥത നിറഞ്ഞ പ്രാർത്ഥനകൾ എനിക്ക് സമർപ്പിക്കുമ്പോൾ ഞാൻ നിങ്ങളുടെ കൂടെ വരികയും നിങ്ങളുടെ വിഷമങ്ങളെല്ലാം പ്രാർത്ഥനകളായി മാറുകയും ചെയ്യും. നിങ്ങളെത്തന്നെ സമർപ്പിക്കുക എന്നത്‌ അർത്ഥമാക്കുന്നത് നിങ്ങളുടെ ആത്മാവിന്റെ കണ്ണുകൾ സമാധാനത്തോടെ അടക്കുക, നിങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള ചിന്തകൾ അകറ്റുക എന്നിട്ട് ‘ഇതേറ്റെടുക്കുക’ എന്നുപറഞ്ഞുകൊണ്ട് നിങ്ങളെ എനിക്ക് തരിക അപ്പോൾ പിന്നെ ഞാൻ മാത്രം അതിനെല്ലാം വേണ്ടി വേലയെടുത്താൽ മതിയാകും.

‘ഓ ഈശോയെ , ഞാനെന്നെതന്നെ അങ്ങേക്ക് സമർപ്പിക്കുന്നു, ഇതേറ്റെടുക്കണമേ’ (10)

Day 2

എന്നിൽ വിശ്രമിക്കൂ

വിട്ടുതരുന്ന കാര്യത്തെപ്പറ്റി ഓർത്ത് പിന്നെയും വിഷമിക്കുന്നതും ആശയക്കുഴപ്പത്തിലാവുന്നതും അതിന്റെ അനന്തരഫലങ്ങൾ എന്താവുമെന്നൊക്കെ ചിന്തിക്കുന്നതും തീർത്തും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. അമ്മ തങ്ങളുടെ ആവശ്യങ്ങളിൽ ശ്രദ്ധ വെക്കുന്നുണ്ടെങ്കിലും തങ്ങൾ തന്നെയാണ് എല്ലാം ചെയ്യുന്നതെന്ന മട്ടിൽ അവരുടെ വേണ്ടാത്ത ചിന്തകൾ കൊണ്ടും ബാലിശമായ ചാപല്യങ്ങൾ കൊണ്ടും അമ്മയുടെ പണിയെ തടസ്സപ്പെടുത്തുന്ന കുഞ്ഞുങ്ങൾ ഉണ്ടാക്കുന്ന ആശയക്കുഴപ്പം പോലെയാണത്. നിന്റെ കണ്ണുകളടച്ച് എന്റെ കൃപയുടെ ഒഴുക്കിൽ നീ പൊയ്ക്കൊണ്ടിരിക്കുക , നിന്റെ കണ്ണുകളടച്ച് എന്നെ ജോലി ചെയ്യാൻ അനുവദിക്കുക , നിന്റെ കണ്ണുകളടച്ച് അപ്പോഴത്തെ നിമിഷങ്ങളെപറ്റി കൂലങ്കഷമായി ചിന്തിക്കാതെയിരിക്കുക, ഭാവിയെപ്പറ്റിയുള്ള ചിന്തയെ ഒരു പ്രലോഭനമെന്നപോലെ മാറ്റിക്കളയുക, എന്റെ നന്മയിൽ ശരണം വെച്ച് എന്നിൽ വിശ്രമിക്കുക. എന്നിട്ട് ‘ഇതേറ്റെടുക്കുക’ എന്ന മനോഭാവത്തിൽ എന്നോട് പറഞ്ഞാൽ, എന്റെ സ്നേഹത്തെപ്രതി ഞാൻ ശപഥം ചെയ്യുന്നു , നിനക്ക് വേണ്ടി ഞാനത് ഏറ്റെടുക്കും,നിന്നെ ആശ്വസിപ്പിക്കും , നിന്നെ മോചിപ്പിക്കും , നിന്നെ നയിക്കും.

‘ഓ ഈശോയെ , ഞാൻ എന്നെതന്നെ അങ്ങേക്ക് സമർപ്പിക്കുന്നു. ഇതേറ്റെടുക്കണമേ’ (10)

Day 3

ഞാൻ എന്റെ കരങ്ങളിൽ നിന്നെ വഹിക്കും

നീ കാണുന്നതിൽ നിന്നും വ്യത്യസ്തമായ ദിശയിലേക്കാണ് നിന്നെ നയിക്കേണ്ടതെങ്കിൽ , ഞാൻ നിന്നെ പരിശീലിപ്പിക്കും , എന്റെ കൈകളിൽ നിന്നെ വഹിക്കും , അമ്മയുടെ കരങ്ങളിൽ ഉറങ്ങുന്ന കുഞ്ഞിനെപ്പോലെ സുരക്ഷിതമായി മറുതീരത്തെത്തുന്നത് നീ കാണും. നിന്റെ തന്നെ ന്യായവാദങ്ങളും അഭിപ്രായങ്ങളും ഏതുവിധേനയും നിന്റെ കാര്യങ്ങൾ ശരിയാക്കാനുള്ള നിന്റെ ആഗ്രഹങ്ങളുമൊക്കെയാണ് നിന്നെ ഏറ്റവും അധികമായി ബാധിക്കുന്നതും ഉപദ്രവിക്കുന്നതും പീഡിപ്പിച്ചുകൊണ്ടിരിക്കുന്നതുമൊക്കെ. ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾക്കുവേണ്ടി എന്റെ നേർക്ക് തിരിയുന്ന ,എന്നെ നോക്കുന്ന , ‘ഇത് ഏറ്റെടുക്കു’ എന്ന് പറയുന്ന, പിന്നെ കണ്ണടച്ച് വിശ്രമിക്കുന്ന ആത്മാവിനുവേണ്ടി ഞാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യുമെന്നോ!

‘ഓ ഈശോയെ, ഞാൻ എന്നെത്തന്നെ അങ്ങേക്ക് സമർപ്പിക്കുന്നു. ഇതേറ്റെടുക്കണമേ’ (10)

Day 4

അങ്ങയുടെ നാമം പൂജിതമാകണമേ

നിന്റെ പരിശ്രമങ്ങൾ കൊണ്ട് തന്നെ കൃപകൾ നേടിയെടുക്കുമെന്നു നീ നിർബന്ധം പിടിച്ചാൽ നിനക്ക് അധികമൊന്നും ലഭിക്കാൻ പോകുന്നില്ല,എന്നാൽ, എന്നിലുള്ള ശരണമാണ് നിന്റെ പ്രാർത്ഥനകളിൽ നിറഞ്ഞുനിൽക്കുന്നതെങ്കിൽ വളരെയധികം കൃപകൾ നീ നേടിയെടുക്കും. നിനക്ക് സങ്കടങ്ങളുണ്ടാകുമ്പോൾ ഞാൻ ഇടപെടണമെന്ന് നീ ആഗ്രഹിക്കുന്നെങ്കിൽ , നിന്റെ വിശ്വാസം പോലെ തന്നെ ഞാൻ വരുന്നതാണ്. പക്ഷെ നീ എന്നിലേക്ക് തിരിയാതെ, നീ കണ്ടെത്തുന്ന പരിഹാരമാർഗ്ഗങ്ങളോട് ഞാൻ യോജിക്കണമെന്നാഗ്രഹിക്കുന്നു.രോഗം മാറാൻ ഡോക്ടറോട് മരുന്ന് ആവശ്യപ്പെടുമെങ്കിലും ആ മരുന്നെന്താകണമെന്ന് അങ്ങോട്ട് പറഞ്ഞുകൊടുക്കുന്ന രോഗിയെപ്പോലെ അല്ലെ നീ ?

അങ്ങനെ ചെയ്യരുത് , പകരം ‘സ്വർഗ്ഗസ്ഥനായ പിതാവ് ‘ പ്രാർത്ഥനയിൽ ഞാൻ പഠിപ്പിച്ച പോലെ പറയണം, ‘അങ്ങയുടെ നാമം പൂജിതമാകണമേ’ അത് അർത്ഥമാക്കുന്നത് എന്റെ ഈ ആവശ്യത്തിൽ അങ്ങ് മഹത്വപ്പെടണമെന്നാണ് . ‘അങ്ങയുടെ രാജ്യം വരണമേ’ എന്നതിന്റെ അർത്ഥം ഞങ്ങളിലും ലോകത്തിലുമുള്ള അങ്ങയുടെ രാജ്യത്തിന്റെ വിസ്തൃതിയിലേക്ക് ഇതെല്ലാം കൂട്ടിച്ചേർക്കപ്പെടട്ടെ എന്നാണ്. ‘അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപോലെ ഭൂമിയിലുമാകട്ടെ’ എന്നതിന്റെ അർത്ഥം , ഞങ്ങളുടെ നിത്യജീവീതത്തിനും ഈലോകജീവിതത്തിനും ഗുണമായി വരത്തക്കവിധം എന്താണോ അങ്ങേക്ക് ഏറ്റവും നല്ലതായി തോന്നുന്നത് , അതുപോലെ എല്ലാം ക്രമീകരിക്കണമേ എന്നാണ്. ‘അങ്ങ് ഇതേറ്റെടുക്കണമേ’ എന്ന അതേ അർത്ഥത്തിൽ ‘അങ്ങയുടെ തിരുമനസ്സ് പോലെയാകണമേ’ എന്ന് നീ എന്നോട് ആത്മാർത്ഥമായി പറയുമ്പോൾ ഞാൻ എന്റെ സർവ്വശക്തിയോടും കൂടെ ഇടപെട്ട് ഏറ്റവും അസാധ്യമായ സാഹചര്യങ്ങൾക്ക് പോലും പരിഹാരം കണ്ടെത്തുന്നു.

‘ഓ ഈശോയെ, ഞാൻ എന്നെത്തന്നെ അങ്ങേക്ക് സമർപ്പിക്കുന്നു . ഇതേറ്റെടുക്കണമേ’ (10)

Day 5

അങ്ങയുടെ തിരുവിഷ്ടം പോലെയാകട്ടെ

നോക്കൂ, രോഗം ഭേദമാകുന്നതിന് പകരം അത് കൂടുതൽ മോശമായ അവസ്ഥയിലേക്കല്ലേ പോകുന്നത് ? ആശങ്കപ്പെടേണ്ട ; കണ്ണുകളടച്ച് വർദ്ധിച്ച ശരണത്തോടെ എന്നോട് പറയു,”അങ്ങേ തിരുവിഷ്ടം പോലെയാകട്ടെ, ഈശോയെ, ഇതേറ്റെടുക്കണമേ”.

ഞാൻ നിന്നോട് പറയുന്നു, ഞാനതിൽ ശ്രദ്ധ വെക്കും , ഒരു ഡോക്ടറിനെപ്പോലെ ഞാനതിൽ ഇടപെട്ട് , ആവശ്യമെന്നു വന്നാൽ അത്ഭുതം പോലും പ്രവർത്തിക്കും. രോഗിയുടെ അവസ്ഥ വഷളാകുന്നത്‌ നീ കാണുന്നില്ലേ? അസ്വസ്ഥമാകേണ്ട, കണ്ണടച്ചുകൊണ്ട് ഇങ്ങനെ പറയു,” ഇതേറ്റെടുക്കണമേ”. ഞാൻ പറയുന്നു , ഞാനതേറ്റെടുത്തിരിക്കും. പിന്നെ, എന്റെ സ്നേഹത്തോടെയുള്ള ഇടപെടലിനേക്കാൾ ശക്തിയുള്ള ഒരു മരുന്നുമില്ല. നീ കണ്ണടച്ചാൽ മാത്രമേ ഞാനത് ചെയ്യൂ എന്ന് മാത്രം.

‘ഓ ഈശോയെ, ഞാൻ എന്നെത്തന്നെ അങ്ങേക്ക് സമർപ്പിക്കുന്നു. ഇതേറ്റെടുക്കണമേ’ (10)

Day 6

നിന്റെ സമ്പൂർണ്ണസമർപ്പണത്തിന്റെ അളവനുസരിച്ചാണ് ഞാൻ അത്ഭുതം പ്രവർത്തിക്കുന്നത്

നിനക്ക് ഉറങ്ങാൻ കഴിയുന്നില്ല , നീ എല്ലാം വിലയിരുത്തുന്നു, സൂക്ഷ്മനിരീക്ഷണം നടത്തുന്നു, എല്ലാറ്റിനെപ്പറ്റിയും ചിന്തിച്ചുകൊണ്ടിരിക്കുന്നു അങ്ങനെ മാനുഷികമായ മാർഗ്ഗങ്ങളിലേക്ക് ഒതുങ്ങുന്നു പിന്നീട് അതിലും മോശമായി , മനുഷ്യരുടെ ഇടപെടൽ ആഗ്രഹിച്ചുകൊണ്ട് അവരിലേക്കും പോകുന്നു. ഇതാണ് എന്റെ വാക്കുകളെയും പ്രവൃത്തികളെയും തടസ്സപ്പെടുത്തുന്നത്. ഓ , നിന്നെ സഹായിക്കാനായി , നീ എന്നിൽ ശരണപ്പെടണമെന്ന് ഞാൻ എത്ര ആഗ്രഹിക്കുന്നു ! അതുപോലെതന്നെ നിന്റെ അസ്വസ്ഥത കാണുന്നത് എന്നെ വിഷമിപ്പിക്കുന്നു. ഇതാണ് സാത്താൻ ലക്‌ഷ്യം വെക്കുന്നത്. അവൻ ഞാൻ പ്രവർത്തിക്കുന്നതിൽ നിന്ന് എന്നെ തടയാനായി നിന്നെ അസ്വസ്ഥപ്പെടുത്തുന്നു, മനുഷ്യർ തുടങ്ങിവെക്കുന്ന കാര്യങ്ങൾക്കു നിന്നെ ഇരയായി വിടുന്നു. അതുകൊണ്ട് എന്നെ മാത്രം വിശ്വസിക്കു, എന്നിൽ മാത്രം വിശ്രമിക്കു, എല്ലാ കാര്യങ്ങളിലും നിന്നെത്തന്നെ എനിക്ക് സമർപ്പിക്കു. എന്നോടുള്ള നിന്റെ പൂർണ്ണസമർപ്പണത്തിന് ആനുപാതികമായാണ് ഞാൻ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്, നീ നിന്നെപ്പറ്റി ഒന്നും ചിന്തിക്കാത്തപ്പോൾ.

‘ഓ ഈശോയെ , ഞാൻ എന്നെത്തന്നെ അങ്ങേക്ക് സമർപ്പിക്കുന്നു . ഇതേറ്റെടുക്കണമേ’ (10)

Day 7

നീ ഏറ്റവും ദരിദ്രനാവുമ്പോൾ ഞാൻ കൃപയുടെ നിധികളൊഴുക്കുന്നു

നീ ഏറ്റവും വലിയ ദരിദ്രനാകുമ്പോഴാണ് ഞാൻ കൃപകളുടെ നിധികൾ ചൊരിയുന്നത്. കുറച്ചാണെങ്കിലും ശരി, നിനക്ക് നിന്റേതായ ഉപാധികളുള്ളപ്പോൾ, അല്ലെങ്കിൽ നീ നിന്റേതായ മാർഗ്ഗങ്ങൾ അന്വേഷിക്കുമ്പോൾ നീ സ്വാഭാവിക അവസ്ഥയിലാണ്, അങ്ങനെ നീ സ്വാഭാവികരീതിയിലുള്ള വഴികൾ തേടുന്നു, മിക്കവാറും സാത്താന്റെ കയ്യിൽ അകപ്പെടുന്നു. ഒരാളും, വിശുദ്ധർ പോലും, ന്യായവാദങ്ങൾ കൊണ്ടും ആലോചന കൊണ്ട് തല പുണ്ണാക്കിയും അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടില്ല. ദൈവികവേലകൾ ചെയ്തിട്ടുള്ളത് ദൈവത്തിന് തന്നെത്തന്നെ സമർപ്പിച്ചിട്ടുള്ളവരാണ്. കാര്യങ്ങൾ ദുർഘടം പിടിച്ചതാണെന്ന് നിനക്ക് തോന്നുമ്പോൾ , ആത്മാവിന്റെ കണ്ണടച്ചുകൊണ്ട് ഇങ്ങനെ പറയൂ, ‘ഈശോയെ, ഇതേറ്റെടുക്കണമേ’ .

‘ഓ ഈശോയെ , ഞാൻ എന്നെത്തന്നെ അങ്ങേക്ക് സമർപ്പിക്കുന്നു. ഇതേറ്റെടുക്കണമേ’ (10)

Day 8

വലിയ സമാധാനവും സമൃദ്ധമായ ഫലവും നീ കൊയ്തെടുക്കും

നിന്നിൽ നിന്നും പിന്തിരിയൂ, കാരണം നിന്റെ മനസ്സ് മൂർച്ചയേറിയതായതുകൊണ്ട് തിന്മയെ തിരിച്ചറിയുന്നത് നിനക്ക് ബുദ്ധിമുട്ടാണ്. നിന്നിൽ നിന്ന് പിന്തിരിഞ്ഞുകൊണ്ട് എന്നിൽ ശരണപ്പെടൂ. നിന്റെ എല്ലാ ആവശ്യങ്ങൾക്കും ഇങ്ങനെ ചെയ്യൂ ; എല്ലാവരും തന്നെ ഇങ്ങനെ ചെയ്യൂ ; എങ്കിൽ നിങ്ങൾ തുടരെത്തുടരെ, വലിയ, നിശബ്ദമായ അത്ഭുതങ്ങൾ കാണും. എന്റെ സ്നേഹത്തെപ്രതി ഞാൻ ശപഥം ചെയ്യുന്നു. ഞാൻ എല്ലാം ഏറ്റെടുക്കും, ഞാൻ ഉറപ്പ് തരുന്നു.

ഈ സമർപ്പണമനോഭാവത്തോടുകൂടി എപ്പോഴും പ്രാർത്ഥിച്ചാൽ നിനക്ക് വലിയ സമാധാനവും സമൃദ്ധമായ ഫലവും അനുഭവിക്കാം, പശ്ചാത്താപത്തിന്റെയും,സഹനം ഉൾകൊള്ളുന്ന സ്നേഹത്തിന്റെയും കൃപ ഞാൻ നിനക്ക് തന്നാൽ പോലും. ഇത് അസാധ്യമായി നിനക്ക് തോന്നുന്നുണ്ടോ ? കണ്ണുകളടച്ച് നിന്റെ മുഴുഹൃദയവും കൊണ്ട് പറയൂ , ‘ഈശോയെ , ഇതേറ്റെടുക്കണമേ’

‘ഓ ഈശോയെ , ഞാൻ എന്നെത്തന്നെ അങ്ങേക്ക് സമർപ്പിക്കുന്നു. ഇതേറ്റെടുക്കണമേ’ (10)

Day 9

ഭയപ്പെടേണ്ട

ഭയപ്പെടേണ്ട, ഞാനിതേറ്റെടുക്കും, നിന്നെത്തന്നെ എളിമപ്പെടുത്തുന്നതിലൂടെ നീ എന്റെ നാമത്തെ വാഴ്ത്തും.ആയിരം പ്രാർത്ഥനകൾ പോലും ഒരൊറ്റ സമർപ്പണപ്രകരണത്തിന്റെ അത്രക്കും മൂല്യമില്ലാത്തതാണ് ; അത് ഓർമ്മയിൽ വെച്ചോളൂ. ഒരു നൊവേനയും ഇതിനേക്കാൾ ഫലമുള്ളതല്ല.

*******

പ്രാർത്ഥിക്കുന്നവൻ സായുധനത്രെ

ശക്തനും അജയ്യനുമാണവൻ

കാരണമെന്താകാം ?

മാനുഷിക, പൈശാചിക പദ്ധതികള്‍

ചിതറുന്നു പ്രാർത്ഥനയിൽ.

ദൈവത്തെപ്പോലും ചലിപ്പിക്കുന്നീ പ്രാർത്ഥന

സ്നേഹകരുണയാൽ ചെയ്യുമവൻ

പുതുകാര്യങ്ങൾ നിനക്കായ് .

വിശാലമാം സ്തുത്യർഹമാം

ശക്തിയെഴും പ്രാർത്ഥന

ആത്മീയ – ഭൗതിക മേഖലയിൽ

പ്രഭാവമെഴും പ്രാർത്ഥന

സൃഷ്ടികളെ , സൃഷ്ടാവിനെ

ചലിപ്പിക്കുന്നു ഈ പ്രാർത്ഥന .

ഡോൺ ഡൊലിൻഡോ റോത്തോളോ

(വിവർത്തനം : ജിൽസ ജോയ് )

Advertisements
Advertisements

Categories: Jilsa Joy, Novena

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s