പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഒമ്പതാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഒമ്പതാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

“യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍”
(യോഹന്നാന്‍ 19:26).

പരിശുദ്ധ കന്യകയുടെ വിവാഹം
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

പരിശുദ്ധ കന്യക യൗവ്വനയുക്തയാകുന്നതുവരെ ദേവാലയത്തില്‍ പരിത്യാഗത്തിലും പ്രാര്‍ത്ഥനയിലും ജീവിതം നയിച്ചു പോന്നു. കൂട്ടത്തില്‍ വസിച്ചിരുന്നവരോടു സ്‌നേഹാദരങ്ങളോടു കൂടിയാണ് അവള്‍ പെരുമാറിയിരുന്നത്. അക്കാലത്ത് യൗവ്വന പ്രായമായവര്‍ ദേവാലയത്തില്‍ വസിക്കുക അഭിലഷണീയമല്ലായിരുന്നതിനാല്‍ മേരി യൗവ്വനയുക്തയായപ്പോള്‍ അവളെ വിവാഹം കഴിച്ചയയ്ക്കാന്‍ ദേവാലയ അധികൃതര്‍ തീരുമാനിച്ചു.

ബാഹ്യമായ സൌന്ദര്യം കൊണ്ടും ആദ്ധ്യാത്മികമായ സമ്പത്ത് കൊണ്ടും സമ്പന്നയായ മേരിക്ക് അനുരൂപനായ ഒരു വരനെ ലഭിക്കേണ്ടത് അവരെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരിന്നു. യഹൂദനിയമമനുസരിച്ച് സ്വഗോത്രത്തിലുള്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹമാണ് പ്രോത്സാഹിപ്പിച്ചിരുന്നത്. ഗോത്രത്തിന്റെ് ആചാരങ്ങള്‍ പരിരക്ഷിക്കുന്നതിനായിരിക്കാം ഇപ്രകാരം നിര്‍ദ്ദേശിച്ചിരുന്നത്.

മേരി ദാവീദ് ഗോത്രജയായിരുന്നതിനാല്‍ പ്രസ്തുത ഗോത്രത്തിലുള്ള യുവാക്കന്മാരെ മാത്രമായിരിക്കാം വിവാഹത്തിനുള്ള ഉദ്ദേശമറിയിച്ചത്. എന്നാല്‍ വരുവാനിരിക്കുന്ന ലോകപരിത്രാതാവിന്റെ് മാതാവിന് അനുരൂപനായ ഒരു വരനെ കണ്ടുപിടിക്കുക ദേവാലയ അധികൃതര്‍ക്കു ദുഷ്‌കരമായിരിക്കണം. തന്നിമിത്തം ദൈവ പ്രചോദനത്താല്‍ അവര്‍ അത്ഭുതകരമായി ഒരാളെ തെരഞ്ഞെടുക്കുവാനാണ് തീരുമാനിച്ചത്.

യഹൂദ പാരമ്പര്യമനുസരിച്ച് ഒരു സ്ത്രീ വിവാഹിതയാകാതിരിക്കുന്നത് അപമാനമായിട്ടാണ് കരുതുക. അതുകൊണ്ട് പരിശുദ്ധ കന്യകയും യഹൂദാചാരപ്രകാരം വിവാഹിതയായി എന്നനുമാനിക്കുന്നതില്‍ തെറ്റില്ല. കൂടാതെ പരിശുദ്ധ കന്യക പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ ദൈവസുതന്റെ മാതാവായാലും, അവളുടെ അഭിമാനം സംരക്ഷിക്കുന്നതിനും വിവാഹം ആവശ്യമായിരുന്നു. ഇക്കാരണത്താലാണ് പ. കന്യകയും വി.യൗസേപ്പും തമ്മിലുള്ള വിവാഹം നടന്നത്.

വിവാഹാനന്തരം വി.യൗസേപ്പും പ. കന്യകയും യഹൂദാചാര വിധികള്‍ക്കനുസരണമായി വിവാഹ ധര്‍മ്മാനുഷ്ഠാനമൊഴിച്ച് ഒരു മാതൃകാ കുടുംബ ജീവിതമാണ് നയിച്ചിരുന്നത്. എല്ലാ ക്രിസ്തീയ കുടുംബങ്ങളുടെയും പ്രതീകമാണ് നസ്രത്തിലെ തിരുക്കുടുംബം. രണ്ടു ക്രിസ്ത്യാനികള്‍ വിവാഹിതരാവുന്നത് വിശുദ്ധി പ്രാപിക്കുവാനായിട്ടാണല്ലോ. പ.കന്യകയുടെയും വി,യൗസേപ്പിന്റെയും മാതൃക അനുകരിച്ച് കൊണ്ട് വേണം നമ്മുടെ കുടുംബങ്ങളെ ക്രൈസ്തവമാക്കി തീര്‍ക്കാന്‍.

സംഭവം
🔷🔷🔷🔷

കുടുംബ സമാധാനം ലഭിക്കുന്നതിനു പ.കന്യകയുടെ നേരെയുള്ള ഭക്തി വളരെ സഹായകമാകുന്നതാണ്. ഫാ. പാട്രിക് വെയ്റ്റര്‍ പ്രസിദ്ധനായ ജപമാല പ്രേഷിതനാണ്. 1965ല്‍ ഫിലിപ്പൈന്‍സില്‍ ജപമാല പ്രചാരണത്തിനായിട്ടു അദ്ദേഹം ചെന്നു. തദവസരത്തില്‍ അവിടെ ഒരു വലിയ ജപമാല റാലി സംഘടിപ്പിക്കപ്പെട്ടു. ഫിലിപ്പൈന്‍സിലെ ഒരു പ്രൊവിന്‍സിന്റെ ഗവര്‍ണ്ണറാണ് അതിനു നേതൃത്വം കൊടുത്തത്. ഗവര്‍ണ്ണറുടെ മൂത്തപുത്രന്‍ മദ്യപാനവും അസന്മാര്‍ഗ്ഗിക ജീവിതവും വഴി ഗവര്‍ണര്‍ക്ക് അപമാനം വരുത്തിവച്ചിട്ട് വീട്ടില്‍ നിന്നും പുറപ്പെട്ടു പോയിരുന്നു.

അതിനാല്‍ ജപമാലയുടെ പരിസമാപ്തിയില്‍ അദ്ദേഹത്തിന്റെ പുത്രനും അദ്ദേഹത്തോടൊന്നിച്ച് ജപമാല ജപിക്കുവാന്‍ ഇടയാക്കണമെന്ന് ഗവര്‍ണര്‍ മാതാവിനോടപേക്ഷിച്ചു. ഗവര്‍ണറും കുടുംബാംഗങ്ങളും ജപമാല ജപിച്ചു കൊണ്ടു നില്ക്കുമ്പോള്‍ അത്ഭുതമെന്നോണം അദ്ദേഹത്തിന്റെു മൂത്തപുത്രനും അവരോടൊത്ത് ജപമാലയില്‍ പങ്കുകൊണ്ടു. ജപമാല റാലിക്കു ശേഷം ഗവര്‍ണ്ണര്‍ തന്നെ ഇതു പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി.

പ്രാര്‍ത്ഥന
🔷🔷🔷🔷🔷

പ.കന്യകയെ അവിടുന്ന്‍ വി. യൗസേപ്പുമായിട്ടു വിവാഹിതയായിക്കൊണ്ട് കുടുംബ ജീവിതത്തിന്‍റെ മാഹാത്മ്യവും അതിന്‍റെ പരിശുദ്ധിയും ഞങ്ങളെ മനസ്സിലാക്കി. ഞങ്ങളുടെ ക്രിസ്തീയ കുടുംബങ്ങള്‍ നസ്രത്തിലെ തിരുക്കുടുംബത്തിന്‍റെ പ്രതീകങ്ങളായി തീരുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. വിവാഹ ജീവിതം വിശുദ്ധിയ്ക്കുള്ള ഒരു ആഹ്വാനമാണെന്നു മനസ്സിലാക്കി ഇന്നത്തെ ദമ്പതികള്‍ അവരുടെ വൈവാഹിക ജീവിതത്തെ പവിത്രീകരിക്കട്ടെ. കുടുംബങ്ങളില്‍ സമാധാനവും സേവന സന്നദ്ധതയും പുലര്‍ത്തട്ടെ. ഞങ്ങളുടെ ഭൗമികമായ ജീവിതം സ്വര്‍ഗീയ ജീവിതത്തിന്‍റെ മുന്നാസ്വാദാനമാക്കി തീര്‍ക്കുവാന്‍ ആവശ്യമായ അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്കു പ്രാപിച്ചു തരണമേ. അങ്ങുതന്നെ ക്രിസ്തീയ കുടുംബങ്ങളില്‍ രാജ്ഞിയായി ഭരണം നടത്തണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

  • ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍ .

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ .

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

സുകൃതജപം
🔷🔷🔷🔷🔷🔷

അറിവിന്റെ ദര്‍പ്പണമായ ദൈവമേ, ദൈവിക കാര്യങ്ങളില്‍ ഞങ്ങളെ അറിവുള്ളവരാക്കേണമ
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Advertisements
Mother Mary
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s